എന്റെ സിന്ദൂരച്ചെപ്പ്‌

ഇതെന്റെ സ്വന്തം സിന്ദൂരച്ചെപ്പ്‌ ഇതിന്‌ വർണ്ണപകിട്ടുണ്ട്‌. ധവളിമയുണ്ട്‌. എന്റെ ജീവിതത്തിന്റെ സംഗീതധാരയുണ്ട്‌. ദുഃഖമുണ്ട്‌, മോഹങ്ങളും, മോഹഭംഗങ്ങളുമുണ്ട്‌. ഈ ഓർമ്മകൾ വാചാലമാണ്‌. ഇത്‌ ഘട്ടങ്ങളായി തിരിക്കുവാനാണെന്റെ ഉദ്ദേശം.

തൊടുപുഴയാറും, കാളിയാറും, കോതമംഗലയാറും തടിനീ പ്രവാഹമായി വന്ന്‌ കേളി കൊട്ടി സമ്മേളിക്കുന്ന സമ്മോഹന സ്‌ഥലമാണല്ലോ ഈ ത്രിവേണി സംഗമം നടക്കുന്ന മുവാറ്റുപുഴ പട്ടണം. പഴക്കമേറിയവെള്ളൂർക്കുന്നം ക്ഷേത്രം, ശ്രീമൂലം തിരുന്നാൾ ഉത്‌ഘാടനം ചെയ്‌ത മുവാറ്റുപുഴ കച്ചേരിത്താഴം പഴയപാലം (തിരുവിതാംകൂറിലെ മൂന്നാമത്തെ വലിയപാലം) കോടതി സമുച്ചയങ്ങൾ ഇവയെല്ലാം മുവാറ്റുപുഴയുടെ പഴക്കത്തേയും, പ്രൗഢിയേയും വിളിച്ചോതുന്നു. കാവുംപടിയിലുള്ള പ്രസിദ്ധമായ ഭഗവതിക്ഷേത്രം പഴമയുടെ ഒരു പ്രദർശനശാല തന്നെ. തൊടുപുഴ റോഡിൽ കുന്നും പുറത്തുള്ള നിർമ്മലാകോളജ്‌ എന്ന സരസ്വതീക്ഷേത്രം ഞങ്ങൾക്കെല്ലാം സർവ്വകലാശാലബിരുദം നൽകിയ പുണ്യ സ്‌ഥലമാണ്‌.

നഗരത്തിന്റെ പ്രധാനഭാഗത്ത്‌ തലയുയർത്തി നില്‌ക്കുന്ന പഴയ ഗവ. ഇംഗ്ലീഷ്‌ ഹൈസ്‌കൂൾ (മീഡിയം അന്നെല്ലാം ഇംഗ്ലീഷ്‌ ആയിരുന്നു) ഇന്നത്‌ ഗവ. മോഡൽ സ്‌കൂൾ ആയി മാറി. വളരെ കുറച്ചു വിദ്യാർത്ഥികൾ മാത്രമുള്ള പ്രസ്‌തുത സ്‌കൂളിന്റെ ഇന്നത്തെ നില അത്ര ശോഭനമല്ല. അതിന്റെ ക്യാമ്പസിലുള്ള ബി.എഡ്‌. കോളേജാണ്‌ ഇന്ന്‌ പെരുമയോടെ നിലകൊള്ളുന്നത്‌. എം.പി. മന്മഥൻ (അന്തരിച്ച സുപ്രസിദ്ധ ഗാന്ധിയൻ), പ്രസിദ്ധ എഴുത്തുകാരൻ മലയാറ്റൂർ രാമകൃഷ്‌ണൻ തുടങ്ങി പല ബുദ്ധിജീവികളും, സാമൂഹ്യപരിഷ്‌കർത്താക്കളും പഠിച്ചിറങ്ങിയ ഇതേ വിദ്യാലയത്തിൽ തന്നെ പഠിക്കുവാൻ എനിക്കും ഭാഗ്യം ലഭിച്ചു. തികഞ്ഞ അച്ചടക്കത്തിലും, കടുത്ത ശിക്ഷണത്തിലുമാണ്‌ അന്ന്‌ വിദ്യാർത്ഥികളെ വളർത്തിയെടുത്തുകൊണ്ടിരുന്നത്‌. പ്രശസ്‌തരായ എസ്‌. പരമേശ്വരയ്യർ, എം.കെ. രാമൻപിള്ള മുതലായവർ അവരിൽ ചിലരായിരുന്നു. മിഴിവുറ്റ ഭാഷ വൈഭവംകൊണ്ടും, വിജ്ഞാനം കൊണ്ടും സർവ്വസമ്മതനായിരുന്നു ആനകൂട്ടുങ്ങൽ കേശവപിള്ളസാർ. സാറിന്റെ ഹിസ്‌റ്ററി ക്ലാസുകൾ ഞങ്ങളെ കോരിത്തരിപ്പിച്ചിട്ടുണ്ട്‌.

ഇവരെല്ലാം ഞങ്ങളെ പഠിപ്പിച്ചത്‌ “മറ്റുള്ളവർക്കുവേണ്ടി” ജീവിക്കുവാനാണ്‌. സ്വഭാവവൈശിഷ്‌ട്യം കൊണ്ടും, അനിതരസാധാരണമായ വ്യക്തിത്വം കൊണ്ടും ഈ അദ്ധ്യാപക വരേണ്യർ ഞങ്ങളെ വളരെയധികം സ്വാധീനിച്ചു. പരിപാവനങ്ങളായ തത്വോപദേശങ്ങൾകൊണ്ട്‌ ഇവർ ഞങ്ങളെ മറ്റുള്ളവർക്കുപകരിക്കുന്ന മനുഷ്യരാക്കി വളർത്തി. അവരെല്ലാംതന്നെ കാലത്തിന്റെ പൂർണ്ണതയിൽ എല്ലാം മണ്ഡലങ്ങളിലും, മേഖലകളിലും തങ്ങളുടെ ദീപ്‌തി പരത്തി.

ജീവിതമെന്ന മഹാ നാടകത്തെ എങ്ങനെ നേരിടണമെന്ന തത്വസംഹിതകൾ അതിന്റെ എല്ലാ വിശകലനങ്ങളോടും കൂടി ഞങ്ങൾക്കുകിട്ടി. സ്വഭാവമഹിമ, ലാളിത്യം, ഹൃദയവിശാലത, ആർജ്ജവം, എല്ലാ മതങ്ങളും സത്യമാണെന്നുള്ള സാരോപദേശം ഇവയെല്ലാം ഞങ്ങൾക്കു ലോപമില്ലാതെ ലഭിച്ചു.

എന്റെ ലളിതമായ സാഹിതീസപര്യയുടെ ആരംഭവും ഈ വിദ്യാലയത്തിൽ പഠിക്കുമ്പോഴാണ്‌. മുവാറ്റുപുഴ കനിഞ്ഞു നൽകിയ പരിശുദ്ധിയുടെ പരിവേഷവും, കർമ്മധീരതയും ജീവിതത്തിൽ വിവിധ മേഖലകളിൽ നിലയുറപ്പിക്കാനും, മുന്നേറുവാനും ഞങ്ങളെ പഠിപ്പിച്ചു.

കായിക രംഗത്തും മുവാറ്റുപുഴ സ്‌കൂൾ ഉന്നതനിലവാരം പുലർത്തിയിരുന്നു. ഒരു പക്ഷേ ടെന്നീസ്‌ കോർട്ട്‌ അക്കാലത്തുണ്ടായിരുന്ന ഏക സ്‌കൂൾ ഞങ്ങളുടേതായിരുന്നു. അന്നത്തെ കളിക്കാരാനായ അന്തരിച്ച എന്റെ ഇളയപ്പൻ പി.കെ. ആന്റണി, സി.പി. പോൾ എന്നിവർ പല വ്യക്തിഗത ചാമ്പ്യൻഷിപ്പുകളും നേടിയിട്ടുണ്ട്‌. സെന്റ്‌ മേരീസ്‌ ആലുവായെ പരാജയപ്പെടുത്തി ഞങ്ങൾ പ്രിൻസസ്‌ കാർത്തിക തിരുനാൾ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ്‌ (ആലുവ ഗ്രൂപ്പ്‌) നേടിയതും പിന്നീട്‌ തിരു-കൊച്ചി സ്‌റ്റേറ്റ്‌ സെമിഫൈനലിൽ പള്ളുരുത്തി സെന്റ്‌ സെബാസ്‌റ്റ്യൻ സ്‌കൂളിനോട്‌ പരാജയപ്പെട്ടതും ഞങ്ങളെല്ലാം കരഞ്ഞുകൊണ്ട്‌ എറണാകുളത്തുനിന്നും മുവാറ്റുപുഴയ്‌ക്ക്‌ മടങ്ങിയതുമെല്ലാം എന്റെ ഓർമ്മയിൽ തങ്ങിനിൽക്കുന്നു. ഈ കായികവികസനത്തിന്റെ പിമ്പിൽ പ്രവർത്തിച്ച വന്ദ്യ അദ്ധ്യാപകർ എം.സി.തോമസ്‌, പ്രസിഡന്റിന്റെ അവാർഡു നേടിയ കുര്യാക്കോസ്‌ സാർ എന്നിവരായിരുന്നു.

അന്നത്തെ പ്രസിദ്ധകായിക പ്രതിഭകളായിരുന്നു അന്തരിച്ച സി.പി. പോൾ, കെ.പി. പൗലോസ്‌ കോട്ടക്കുടി, ജോയി കോഴക്കാട്ടുതോട്ടം എന്നിവർ. പിൻനിരക്കാരും മോശക്കാരായിരുന്നില്ല. വി.ജെ.ജോൺ വടക്കൻ, ജേക്കബ്‌ പി.തോമസ്‌ ഐ.പി.എസ്സ്‌ എന്നിവരായിരുന്നു മുവാറ്റുപുഴയുടെ യശസ്സുയർത്തിയത്‌. അക്കാലത്ത്‌ ഫുട്‌ബോൾ മേഖല മദിച്ചുവാണ കുടുംബമായിരുന്നു ചാത്തം കണ്ടം ബ്രദേഴ്‌സ്‌. മറ്റു സ്‌പോർട്‌സ്‌ മേഖലകളിലും അവർ ആധിപത്യം പുലർത്തിയിരുന്നു. കേരള യൂണിവേഴ്‌സിറ്റി ഗോൾമുഖം കാത്ത എസ്‌. അബ്‌ദുൾഖാദർ (കാസിം) അന്നത്തെ ഒരു ഹീറോ ആയിരുന്നു.

ഉത്തമ ഗുരു-ശിഷ്യബന്ധം നിലനിന്നിരുന്ന ആ കാലഘട്ടത്തിന്റെ പിന്തുടർച്ചക്കാരെന്ന നിലയിൽ ജീവിതത്തിലെ നാനാ മേഖലകളിൽ വിജയഗാഥ രചിക്കുവാനും തങ്ങളുടെ വ്യക്തിത്വത്തെ പ്രോജ്ജ്വലിപ്പിക്കുവാനും ഞങ്ങൾക്ക്‌ സാധിച്ചു. അന്തരിച്ച ആ ഗുരുവരന്മാർക്ക്‌ എന്റെ ആത്‌മാവിൽ നിന്നുമുള്ള പ്രണാമങ്ങൾ….

Generated from archived content: ormakalude1.html Author: thomasmathew_parakkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here