എന്റെ മനം കവർന്ന ദുബായ്‌ നഗരം

ദുബായ്‌ നഗരത്തിന്‌ കാണുന്നതിൽ കൂടുതൽ സൗന്ദര്യമുണ്ടെന്ന്‌ ഞാൻ മനസ്സിലാക്കിയത്‌ ഈയിടെയുള്ള എന്റെ സന്ദർശനവേളയിലാണ്‌. ദുബായിലെ എന്റെ രണ്ടാഴ്‌ചത്തെ താമസം ഈ അത്ഭുത നഗരത്തിന്റെ നാനാതുറയിലുള്ള വിപ്ലവകരമായ വളർച്ച അനുഭവിച്ചും, കണ്ടുമറിയാൻ എനിക്ക്‌ ഒട്ടേറെ അവസരങ്ങൾ നൽകി.

ഷാർജയിൽ വിമാനമിറങ്ങിയ എന്നെയും ഭാര്യയേയും ഹഠാദാകർഷിച്ചത്‌ അവിടുത്തെ എയർപോർട്ട്‌ അധികൃതരുടെ മര്യാദയും, സ്‌നേഹോഷ്‌മളമായ വരവേൽപ്പുമായിരുന്നു. തിരക്കുകുറഞ്ഞ ഒരു വിമാനത്താവളം, കഷ്‌ടപ്പെടുത്താത്ത കസ്‌റ്റംസ്‌ പരിശോധന ഇവയും ഞങ്ങളെ ആകർഷിച്ചു.

ഞങ്ങളെ പ്രതീക്ഷിച്ച്‌ നിന്നിരുന്ന മകനും, മരുമകളും ആശ്ലേഷിച്ചുകൊണ്ട്‌ ഞങ്ങളെ സ്വാഗതം ചെയ്‌തു. അധികം ചൂടില്ലാതിരുന്നതുകൊണ്ട്‌ ഷാർജാ – ദുബായ്‌ യാത്ര വളരെ സുന്ദരമായിരുന്നു. ഏകദേശം അരമണിക്കൂർ ദീർഘിച്ച രാത്രിയിലെ കാർയാത്രയ്‌ക്കിടയിൽ ഷാർജയിലെ ദീപോജ്ജ്വലമായ തെരുവ്‌ കാഴ്‌ചകളും മനോഹരമായ മണിമന്ദിരങ്ങളും ഞങ്ങൾക്കേറെ സന്തോഷമേകി. മക്കളുടെ പരിലാളനം കൂടിയായപ്പോൾ ഭൂമിയുടെ നിറുകയിൽ നിൽക്കുന്നതായി ഞങ്ങൾക്ക്‌ തോന്നി.

ലോകത്തിലെ എല്ലാ വലുതും അവിടെത്തന്നെയുണ്ട്‌ “ബുർജ്‌ ദുബായ്‌” എന്ന അത്ഭുത സൗധത്തിന്‌ 135 നിലകളുണ്ട്‌. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സൗധമാണിത്‌ ഇതിന്റെ മനോഹാരിതയും, വാസ്‌തുശില്‌പവും അനേകായിരം സഞ്ചാരികളെ ദിവസേന ആകർഷിക്കുന്നു. പല മലയാളി എഞ്ചിനീയർമാരും ഇതിന്റെ വിഷമകരമായ പലജോലികളിൽ വ്യാപൃതരാണിപ്പോഴും. അവർക്കെല്ലാം തടിച്ച ശമ്പളവും ഉണ്ട്‌. വേറൊരു സുന്ദരസൗധമാണ്‌ “ബുർജ്‌ അൽ ആരബ്‌” ഇത്‌ അറബി വാസ്‌തുശിൽപകലയുടെ ഒരുത്തമോദാഹരണം കൂടിയാണ്‌. ഗതകാല അറേബ്യൻ പ്രതാപത്തിന്റെ കാലത്തേക്ക്‌ നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന പ്രൗഢമായ ഒരു സൗധമാണിത്‌.

അത്ഭുതലോകത്തെ ആലിസിനെപോലെ അലഞ്ഞുനടന്ന ഞങ്ങളുടെ മനം കവർന്ന മറ്റൊരു അത്ഭുതക്കാഴ്‌ചയാണ്‌ ദുബായ്‌ മാൾ എന്നറിയപ്പെടുന്ന ലോകത്തെ ഏറ്റവും വലിയ മാർക്കറ്റ്‌. മൊട്ടുസൂചി മുതൽ മോട്ടോർ വാഹനം വരെ അവിടെ നിങ്ങൾക്കു കാണാം. പക്ഷേ തീ പിടിച്ചവിലയാണ്‌. അതുകൊണ്ട്‌ കാഴ്‌ചകൾ കണ്ടു ഞങ്ങൾ മടങ്ങി. പക്ഷേ മറ്റു “സൂപ്പർമാർക്കറ്റുകളിൽ ന്യായമായ വിലയ്‌ക്ക്‌ നമുക്ക്‌ ഷോപ്പിംഗ്‌ നടത്താവുന്നതേയുള്ളൂ. മലയാളികൾ നടത്തുന്ന ലുലു മാർക്കറ്റ്‌ സെന്ററുകൾ മൂന്നോ നാലോ ഉണ്ട്‌ ദുബായിയിൽ.

ഇനി അറബി ചരിത്രമുറങ്ങുന്ന ”ഷിൻഡേഗാ ഹെറിറ്റേജ്‌ സെന്റർ ദുബായ്‌ ഒരു മീൻ പിടുത്ത ഗ്രാമമായി എങ്ങനെ ജന്മം കൊണ്ടുവെന്നും, കാലക്രമേണ എങ്ങനെ ഒരു വൻനഗരമായി രൂപാന്തരപ്പെട്ടുമെന്നുമുള്ള ഒരു സാമാന്യ വിജ്ഞാനം നമുക്കു തരുന്നു.

ദുബായ്‌ മാളിലുള്ള (Dubai Mall) അകോ​‍്വറിയം കാണാതെ പോന്നാൽ അതൊരു നഷ്‌ടമായിരിക്കും. ഏകദേശം 33,000 സമുദ്ര ജീവികളുള്ള ഈ ജലതടാകം – അതിന്റെ ഗാഭീര്യം നമ്മെ ആകർഷിക്കും.

ഭാഗ്യമെന്നു പറയട്ടേ ഞങ്ങൾക്ക്‌ അവിടുത്തെ മെട്രോ റെയിലിന്റെ ഉൽഘാടനത്തിൽ പങ്കെടുക്കാനും, സവാരി നടത്തുവാനും പറ്റി. ഇതിനെല്ലാം കാരണക്കാരൻ അവിടുത്തെ കഴിവുറ്റ ഭരണാധികാരിയായ ഷെയ്‌ക്ക്‌ മുഹമ്മദ്‌ ആണ്‌. ഇതെന്റെ അഭിപ്രായമല്ല പ്രത്യുത അവിടുത്തെ സാധാരണ ജനങ്ങളോടുള്ള ആശയവിനിമയ വേളകളിൽ ഞങ്ങൾക്ക്‌ വീണുകിട്ടിയ അറിവാണ്‌.

പ്രശസ്‌തങ്ങളായ മറ്റു മാളുകളും (Malls) ദുബായിൽ ഉണ്ട്‌. ചരിത്രകാരനും, സഞ്ചാരിയുമായിരുന്ന ഇബിൻ ബുട്ടുടാ(Ibn Battuta) യുടെ പേരിലുള്ളത്‌ അതിവിശാലവും, മനോഹരവുമായ ഒരു സ്‌ഥലമാണ്‌.

ഇതിനെല്ലാമുപരിയായി ദുബായ്‌ നിവാസികൾ ഭക്ഷണപ്രിയരും വളരെ അധികം മാനസികോല്ലാസം തേടുന്നവരുമാണ്‌. മുന്തിയ ഹോട്ടലുകൾ – ഇന്ത്യൻ ലെബനീസ്‌, പാകിസ്‌ഥാനി ഭക്ഷണം നൽകുന്നവ അനവധിയാണ്‌. മദ്യം ലഭ്യമല്ലാത്ത ആഢംബരസ്‌ഥലങ്ങളാണിവയെല്ലാം. പക്ഷേ മദിരാക്ഷികൾ പലയിടങ്ങളിലും കാണാൻ കഴിഞ്ഞത്‌ ഒരാനന്ദദർശനം തന്നെയായിരുന്നു.

ദുബായ്‌ അംബരചുംബികളുടെ ആസ്‌ഥാനമാണെന്ന്‌ നിസ്സംശയം പറയാം. ചില തെരുവുകൾ കോൺക്രിറ്റ്‌ വനങ്ങൾ തന്നെ. പക്ഷേ നട്ടുനനച്ചു വളർത്തുന്ന ഒട്ടനവധി പുഷ്‌പ വൃക്ഷങ്ങൾ ഷെയ്‌ക്ക്‌ സയിദ്‌ തെരുവിൽ കാണാൻ കഴിഞ്ഞു.

മുഹമ്മദ്‌ ഷെയ്‌ക്കിന്റെ കൊട്ടാരം വളരെ മനോഹരമാണ്‌ അവിടെ ഉദ്യാനങ്ങളിൽ വളർത്തുന്ന മയിലുകൾ ഒരു കാഴ്‌ചതന്നെ ആയിരുന്നു. പല വിദേശ സഞ്ചാരികളും മയിലുകളുടെ തൂവലുകൾ കരസ്‌ഥമാക്കുന്നത്‌ ഒരു കാഴ്‌ചയാണ്‌.

ഈ അത്ഭുതലോകത്തിലെ 2 ആഴ്‌ചകൾ തികച്ചും അവിസ്‌മരണിയമായിരുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ജനങ്ങൾ ഒത്തൊരുമയോടെ വികസനപ്രവർത്തനങ്ങളിൽ മുഴുകി പണിയെടുക്കുന്ന ഉത്തേജകമായ കാഴ്‌ചകളാണ്‌ ഞങ്ങൾ ദുബായിൽ കണ്ടത്‌.

അവിടുത്തെ മലയാളികൾ ഘോഷിച്ച ഓണം ഹൃദയാവർ&?208.കവും വർണ്ണശബളവുമായിരുന്നു. സ്‌നേഹമസൃണമായ പെരുമാറ്റം കൊണ്ട്‌ ഞങ്ങളെ ദുബായ്‌ മലയാളികൾ ആനന്ദചിത്തരാക്കി.

സന്ദർശനം മതിയാക്കി തിരിച്ചു വരുമ്പോൾ ഞങ്ങൾക്ക്‌ വളരെയേറെ സങ്കടം അനുഭവപ്പെട്ടു. സ്‌നേഹംതന്ന ഒരു മഹാനഗരത്തെ വിട്ട്‌ പിരിയുന്ന വ്യാകുലതയോ അതോ മക്കളെ പിരിയുമ്പോൾ അനുഭവപ്പെട്ട വേദനയോ എന്നറിയില്ല.

Generated from archived content: essay1_nov21_09.html Author: thomasmathew_parakkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here