നമ്മുടെ കുട്ടികൾ വഴിതെറ്റുന്നുവോ?

കൊച്ചിനഗരത്തിലെ ഒരു സ്‌കൂളിലെ ചില കുട്ടികളുടെ കയ്യിൽ, സ്‌കൂളിൽ പോകുമ്പോൾ ഒരു ജോഡി കാഷ്വൽ വസ്‌ത്രങ്ങളും രഹസ്യമായി അവർ കരുതുന്നു. സ്‌കൂൾ വിട്ടുകഴിഞ്ഞാൽ ഹോട്ടലുകളിൽ അലയാനായിട്ടാണ്‌ ഈ പരിപാടി. പെൺകുട്ടികൾ ഇതിൽ മുൻകൈ എടുക്കുന്നുവത്രെ! ഈ സന്തോഷം തേടിയുളള വിനോദവിശ്രമവേളകളിൽ അതിരുവിട്ടുളള സ്‌നേഹപ്രകടനങ്ങളുമുണ്ടത്രേ!

ഇപ്പോൾ വിനോദസംഘങ്ങളോട്‌ സ്‌കൂൾ അധികൃതരുടെ അഭ്യർത്ഥന ഇതാണ്‌. നിങ്ങൾ യാത്ര പിരിഞ്ഞുപോകുന്ന സമയത്ത്‌ കൈകൊടുത്തു യാത്ര പറഞ്ഞാൽ മതിയാകും. അല്ലാതെ //sHugging (കെട്ടിപുണർന്നുകൊണ്ടുളള യാത്രാമൊഴി) ഒന്നും വേണ്ട കേട്ടോ.

കുട്ടികൾ അനുസരിക്കാൻ തയ്യാറില്ല. “ജീവിക്കാൻ ഉളളതാണ്‌ ജീവിതം. നിങ്ങൾ അധ്യാപകർ ഞങ്ങളെ പഠിപ്പിച്ചാൽ മാത്രം മതി. വലിയ ഉപദേശങ്ങളും മറ്റും വേണ്ട.” ഇതാണ്‌ ഇന്നത്തെ തലമുറയുടെ നിലപാട്‌. അത്‌ അവർ വ്യക്തമാക്കി കഴിഞ്ഞു.

പഴമക്കാരേയും വെല്ലുന്ന ജീവിതാനുഭവങ്ങളാണ്‌ ഇന്നത്തെ തലമുറയുടേത്‌. ഇത്രത്തോളം സ്വാതന്ത്ര്യം അനുഭവിച്ചിട്ടും മതിവരാതെ നമ്മുടെ സംസ്‌കൃതിയ്‌ക്ക്‌ കടകവിരുദ്ധമായ പെരുമാറ്റവിശേഷങ്ങളാണ്‌ ഇപ്പോഴത്തെ തലമുറ പ്രദർശിപ്പിക്കുന്നത്‌. നമ്മുടെ സംസ്‌കാരത്തിന്റെ ആഴമോ, അന്തഃസത്തയോ തീർത്തും മനസ്സിലാക്കാതെയുളള വളരെ അപകടകരമായ ഒരു പ്രയാണമാണ്‌ നമ്മുടെ കുട്ടികൾ നടത്തുന്നത്‌. ഈ പ്രവണത അറിവിന്റെ കുറവുകൊണ്ടാണോ ആധിക്യം കൊണ്ടാണോ എന്നത്‌ നമുക്കജ്ഞാതമാണ്‌. ഏതായാലും ചരിത്രാവബോധത്തിന്റെ കുറവ്‌ വളരെ ഗൗരവതരമായി അനുഭവപ്പെടുന്ന ഒരു കാലഘട്ടമാണ്‌ നമ്മുടേത്‌. ഭാരതീയ സംസ്‌കാര സങ്കല്പങ്ങളുടെ കരുത്തും, ഉത്തേജനവും ഉൾക്കൊണ്ട്‌ നമ്മുടെ സാംസ്‌കാരിക നവോത്ഥാനം നിർവ്വഹിച്ച മഹാത്മക്കളുടെ ജീവിതങ്ങളും, സന്ദേശങ്ങളും ഉൾക്കൊളളാൻ ഇപ്പോഴത്തെ തലമുറയ്‌ക്ക്‌ തെല്ലും നേരമില്ല തന്നെ. സാംസ്‌കാരിക മഹിമയുടേയും, സങ്കല്പങ്ങളുടേയും കാലം കഴിഞ്ഞുവെന്നും അതെല്ലാം ഒരു നേരമ്പോക്കു മാത്രമാണെന്നുമാണ്‌ അവരുടെ വിശ്വാസപ്രമാണം. ചാറ്റിംഗിന്റെയും, ഡേറ്റിംഗിന്റെയും മനംമയക്കുന്ന വിസ്‌മയലോക സഞ്ചാരികളാണ്‌ നമ്മുടെ തലമുറയിലെ ഏറെ ഭാഗം വിദ്യാർത്ഥീവിദ്യാർത്ഥിനികളും! അറിവിന്റെയും, സാങ്കേതികതയുടെയും അത്ഭുതലോകത്തിൽ വിഹരിക്കുന്ന വർണ്ണപ്പക്ഷികളാണ്‌ ഇന്ന്‌ നമ്മുടെ യുവതീ യുവാക്കൾ!

സെക്സിന്റെ അതിപ്രസരമുളള സിനിമ, മതവും മതം നൽകുന്ന അച്ചടക്കവും തീരെ വകവക്കാതെയുളള അപഥസഞ്ചാരം, അപക്വമായ ചിന്തകളുടെ അനുഭവങ്ങളും- ഇതൊക്കെയാണ്‌ കുട്ടികളുടെ ഇടയിലുളള ഈ മൂല്യച്യുതിയുടെ മുഖ്യഹേതുക്കൾ.

ഇവയെ ഫലപ്രദമായ വിധത്തിൽ തടഞ്ഞില്ലെങ്കിൽ നമ്മൾ എത്തിച്ചേരുന്നത്‌ നാശത്തിലേക്കു തന്നെയായിരിക്കും.

വിവാഹം ഭാരതീയ സങ്കല്പത്തിൽ പരിശുദ്ധവും, പരിപാവനവുമാണ്‌. അതെല്ലാം വിട്ട്‌ ഇപ്പോൾ സൗകര്യപ്രദമായ കൂടിത്താമസം (live-in relationship) ആയി മാറിയിട്ടുണ്ട്‌. കൂടാതെ ഹോമോസെക്‌ഷ്വാലിറ്റിയും ലെസ്‌ബിയനിസവും പ്രചുരപ്രചാരത്തിലായി കഴിഞ്ഞു. സ്വവർഗ്ഗസ്‌നേഹികൾ തമ്മിലുളള വിവാഹബന്ധംപോലും ചില രാജ്യങ്ങളിലെങ്കിലും നിയമാനുസൃതമായി നടക്കുന്നു. ഇവയെല്ലാം നൽകുന്ന വികലമായ “അറിവിന്റെ ലോകം” നമ്മുടെ കുട്ടികൾക്കു വ്യക്തമാക്കി കൊടുക്കുന്നുമുണ്ട്‌. ആനന്ദലബ്ധിയ്‌ക്കിനിയെന്തു വേണം? നമ്മുടെ തലമുറയിലെ ഇളമുറക്കാർ ഒരു ആവേശജ്വാലയിലാണ്‌. വിജ്ഞാനകുതുകികൾ എങ്കിലും മൂല്യങ്ങൾക്ക്‌ വളരെ പ്രാധാന്യമൊന്നും കൊടുക്കാതെ വർത്തമാന കാലത്തുമാത്രം ജീവിക്കാനാഗ്രഹിക്കുന്ന ഒരു കൂട്ടം വിജ്ഞാനദാഹികളാണ്‌ നമ്മുടെ യുവതീയുവാക്കൾ. ആഗ്രഹങ്ങളും, ആദർശങ്ങളുമെല്ലാം മാറിക്കഴിഞ്ഞു. വിജ്ഞാനത്തിന്റെ പീഠത്തിൽ സാംസ്‌കാരികമാനങ്ങൾ തേടാൻ അവർക്കാഗ്രഹമില്ല.

ഇന്ന്‌ ഭദ്രമാക്കുന്ന വ്യഗ്രതയിൽ വിലപ്പെട്ട പലതും നഷ്‌ടപ്പെടുത്തിയാണ്‌ അവരുടെ പ്രയാണം. തീഷ്‌ണമായ വിജ്ഞാന ത്വരയും, കൗതുകവും മാത്രമാണ്‌ ഇന്നത്തെ അവരുടെ വിശേഷങ്ങൾ. എങ്ങനെയും ജീവിതത്തെ ധനപരമായി ഭദ്രമാക്കുക എന്നതാണ്‌ അവരുടെ വിശ്വാസപ്രമാണം.

പണമില്ലാത്തവൻ പിണം. എങ്ങനേയും പണമുണ്ടാക്കുക. ‘നോ മണി, നോ ഹണി.’ ഇതൊക്കെയാണ്‌ അവരുടെ ജീവിതത്തെ നയിക്കുന്നത്‌. മഹാത്മാക്കളുടെ ചരിതങ്ങളോ, വിശിഷ്‌ട കൃതികളോ ഇതൊന്നുമല്ല അവരുടെ വായന. സാരഥിയില്ലാതെ സമുദ്രത്തിൽ അലയുന്ന നൗകകളേപോലെയാണ്‌ ഭാരതീയ സംസ്‌കാരം പങ്കിടേണ്ട നമ്മുടെ കുട്ടികൾ.

ഈശ്വരോ രക്ഷതു.

Generated from archived content: essay1_june30_08.html Author: thomasmathew_parakkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English