ഓർമ്മകളുടെ പൂക്കാലം

വാർദ്ധക്യം ഓർമ്മകളെ നമ്മുടെ മനസ്സുകളിലേക്ക്‌ ക്ഷണിച്ചു വരുത്തുന്നു എന്നു പറയാറുണ്ട്‌. ജീവിതം തീരം തേടിയിറങ്ങുമ്പോൾ അലയാഴിയിൽ നിന്നും തിരമാലകൾ പോലെ ജീവിതത്തിലെ അനർഘനിമിഷങ്ങൾ പാഞ്ഞു വരികയായി. ഓർമ്മയുടെ മണിചെപ്പ്‌ തുറക്കുമ്പോൾ മണിമുത്തുകൾ പോലെ, പൂമരങ്ങളിൽ നിന്നും പൊൻ പൂക്കൾ ഉതിരുന്നതുപോലെ പെരുമഴയിലെ വലിയ മഴത്തുള്ളികൾ പോലെ.

ഓർമ്മകളുടെ വേലിയേറ്റം ഒരനുഭവം തന്നെ. ഒരനുഭൂതിയും. മനോഹരമായ ഒരു സ്വപ്‌നംപോലെ പഴയ കാലം അതിന്റെ എല്ലാ മനോഹാരിതയോടും കൂടിതിരിച്ചുവരുന്നു. ബാല്യം ഒരല്ലലും ഇല്ലാതെ അച്ഛന്റെയും, അമ്മയുടേയും കൈകളിൽ തൂങ്ങിനിന്ന കാലം നാളെയേ പറ്റി ഒരുൽക്കണ്‌ഠയുമില്ലാതെ. അന്നൊക്കെ അമ്മ തരുന്ന ആഹാരം ഒരു നിവേദ്യമായിരുന്നു. ജീവിതം ഒരു സായൂജ്യവും.!

നെയ്യിട്ട ചൂടൻ ചോറിൽ ചെറുപയർ ഉപ്പേരി, പപ്പടം ഇവകൾ ചേർത്തു അമ്മ തരുന്ന സ്വർഗ്ഗതുല്യമായ എന്റെ ഇഷ്‌ടഭോജ്യങ്ങൾ. ഇവയെല്ലാം എന്നെ പുണർന്നുകൊണ്ട്‌ വാരിത്തരുന്ന എന്റെ അമ്മ. അനന്തവും, അജ്ഞാതവും, അവർണ്ണനീയവുമായിരുന്നു ആ സ്‌നേഹസുധ. യാതൊരു നിബന്‌ധനകളുമില്ലാത്ത ആ സ്‌നേഹ പ്രവാഹത്തിൽ ഒരു ബിന്ദുവായി ഞാൻ അലിഞ്ഞു. ത്യാഗോജ്ജലമായ ഒരു ജീവിതമായിരുന്നു എന്റെ പിതാവിന്റേത്‌. ഒരു ഉറവ വറ്റാത്ത സ്‌നേഹസ്രോതസ്സായിരുന്നു അദ്ദേഹം. വളരെ തിരക്കുള്ള ഒരഭിഭാഷകനായിരുന്നുവെങ്കിലും കുഞ്ഞുങ്ങളെ സ്‌നേഹിക്കുവാൻ ധാരാളം സമയം കണ്ടെത്തിയ ഒരു സ്‌നേഹനിധി.

എന്റെ മാതാപിതാക്കൾ വളരെ ലളിതമായ ജീവിതമാണ്‌ നയിച്ചിരുന്നത്‌. ഗ്രാമത്തെ സ്‌നേഹിച്ച എന്റെ അമ്മയ്‌ക്ക്‌ വലിയ സ്വപ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. കുടുംബക്ഷേമത്തിനു വേണ്ടി പൂർണ്ണമായി അർപ്പിക്കപ്പെട്ട ഒരു ജീവിതമായിരുന്നു അത്‌. അമ്മയുടെ അർപ്പണബുദ്ധിയും, ത്യാഗവും ഞങ്ങളെ പലപ്പോഴും അത്‌ഭുതപ്പെടുത്തിയിരുന്നു. അമ്മയുടെ ജീവിതത്തിൽ പരിഭവത്തിന്‌ തെല്ലും സ്‌ഥാനമുണ്ടായിരുന്നില്ല.

ബാല്യം ചിറകുവിടർത്തിയപ്പോൾ ഞാൻ പ്രകൃതിയുടെ ഭംഗിയിൽ മയങ്ങി. നീലമേഘക്കീറുകളും തെങ്ങോലക്കൂട്ടങ്ങളുടെ കൈകൊട്ടിക്കളിയും എന്നെ ഹഠാദാകർഷിച്ചു. മഴക്കാറിനേയും, മഴവില്ലിനേയും സ്‌നേഹിച്ചു നിന്ന കാലം. അതൊരു പൂക്കാലം തന്നെയായിരുന്നു. കളകളം പാടിപാറക്കെട്ടുകളെ തഴുകിത്തലോടുന്ന അരുവികളും, അവയിൽ ചാടിക്കളിക്കുന്ന കുഞ്ഞുമത്സ്യങ്ങളും, എവിടെനിന്നോ കൂട്ടമായി വരുന്ന പച്ചതത്തകളും എനിക്ക്‌ കുളിരേകി. ജീവിതത്തിലെ വസന്തമായിരുന്നു ആ കാലഘട്ടം.

അന്നെനിക്ക്‌ എന്റെ പ്രിയപ്പെട്ട അദ്ധ്യാപികമാർ (ബഹു. കർമ്മലീത്താ കന്യാസ്‌ത്രികൾ) നൽകിയ തത്വോപദേശങ്ങൾ ഞാനിന്നും നന്ദിയോടെ ഓർക്കുന്നു. അമൃതകുംഭങ്ങളായിരുന്നു അവർ. ത്യാഗത്തിന്റെയും, വാത്സല്യത്തിന്റെയും പ്രകാശ ഗോപുരങ്ങളായിരുന്ന അവരെല്ലാം തന്നെ കാലത്തിന്റെ യവനികയ്‌ക്കുള്ളിൽ മറഞ്ഞു കഴിഞ്ഞു.

പ്രകൃതിയോടുള്ള അഭിനിവേശമായിരുന്ന എന്റെ ആദ്യാനുഭവം, അനുഭൂതിയും. പുൽത്തകിടികളിലും, കാനന ചോലകളിലും അപരിമേയമായ സൗന്ദര്യം ഞാൻ കണ്ടു. ആംഗലേയഭാഷാ സ്‌നേഹത്താൽ പ്രചോദിതനായ എന്റെ ബിരുദാനന്തരപഠനം ഡൽഹി യൂണിവേഴ്‌സിറ്റിയിലായിരുന്നു. മുവാറ്റുപുഴ നിർമ്മലാ കോളേജിലെ ഡിഗ്രിക്കു ശേഷം ഡൽഹിയിലെത്തിയ ഞാൻ അനുഭവങ്ങളുടെ സീമകളിൽക്കൂടി നടന്നു നീങ്ങി. ഡൽഹി ജീവിതത്തിൽ അമിതാബ്‌ ബച്ചൻ (എന്റെ സഹപാഠി) തുടങ്ങി പല പ്രഗത്ഭരുമായി സഹവസിക്കാനും, അനുഭവങ്ങൾ പങ്കുവയ്‌ക്കാനും എനിക്ക്‌ ഭാഗ്യം സിദ്ധിച്ചു. ഡോ. കെ.എൻ രാജ്‌, ഡോ.എം.വി പൈലി, ഡോ.വി.കെ.ആർ.വി റാവു തുടങ്ങിയവർ അവരിൽ ചിലരായിരുന്നു. സാഹിത്യകാരായ ഓംചേരിയും ശ്രീമതി ലീല ഓംചേരിയും ഈ കാലഘട്ടത്തിൽ ഡൽഹിയിലുണ്ടായിരുന്നു. ഞങ്ങളെ ഈണമുള്ള ഓണപ്പാട്ടുകൾ പഠിപ്പിച്ചത്‌ അവരായിരുന്നു.

ഓർമ്മകൾ ഇങ്ങനെ അനവധി. വിസ്‌താരഭയത്താൽ ചുരുക്കുന്നു. അക്ലിഷ്‌ട സുന്ദരമായ ബാല്യം, ഉന്മാദ യൗവനം ഇവയുടെ ഓർമ്മകൾ എന്നെ തികഞ്ഞ ഗൃഹാതുരത്വത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുന്നു.

ആർക്കും മോഷ്‌ടിക്കാനാവാത്ത അമൂല്യനിധിയാണ്‌ ഓർമ്മകൾ!. ഓർമ്മകളുടെ പുഷ്‌പവൃഷ്‌ടി നമ്മെ തികച്ചും മറ്റൊരു സുന്ദരലോകത്തിലേക്ക്‌​‍്‌ കൂട്ടിക്കൊണ്ടുപോകുന്നു, നമ്മെ ധന്യരാക്കിക്കൊണ്ട്‌.

Generated from archived content: essay1_jan5_10.html Author: thomasmathew_parakkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English