ദുബായ്‌ സ്വപ്‌നനഗരം – ഒരനുബന്ധം

സ്വപ്‌നമുറങ്ങന്ന മഹാനഗരമായ ദുബായ്‌ മനോഹാരിതയുടെ ഒരു തനി സ്വരൂപം തന്നെ. ലോകത്തിലെ എല്ലാ വലുതുകളുടെയും കേന്ദ്രമായ ദുബായ്‌

നിർമ്മാണ ചരിത്രത്തിൽ നാഴികകല്ലുകൾ പതിച്ചുകൊണ്ട്‌ മുന്നേറുകയാണ്‌. അതേസമയം തന്നെ മഹാനഗരത്തിന്‌ മറ്റൊരു മുഖം കൂടിയുണ്ട്‌. തീവ്രമായ വേദനയുടേയും, തീഷ്‌ണമായ നൊമ്പരങ്ങളുടേയും തീച്ചുളകളിൽകൂടി കടന്നുപോകുന്ന ഒരുപറ്റം മനുഷ്യരുടെ കദനകഥ.

പരമദാരിദ്ര്യത്തിൽ നിന്നും, ചൂഷണത്തിൽ നിന്നും രക്ഷപ്പെടുവാൻ വേണ്ടി ഇന്ത്യാ മഹാരാജ്യം വിട്ട്‌ ഇവിടെ വന്ന്‌ കൂലിപ്പണിയും മറ്റു നമ്മുടെ നാട്ടിലെ നികൃഷ്‌ടമെന്ന്‌ വ്യാഖ്യാനിക്കപ്പെടുന്ന വീട്ടുജോലികളും ചെയ്‌തു ജീവിതത്തെപ്പറ്റി സ്വപ്‌നം മെനയുന്ന മനുഷ്യരുടെ കഥയും ദുബായ്‌ പറയുന്നുണ്ട്‌.

പത്തനംതിട്ട സ്വദേശി ദിവാകരൻ (പേരുകൾ മാറ്റിയിരിക്കുകയാണ്‌) ഒരു ഡ്രൈവറായി ജോലി ചെയ്യുമ്പോൾ ബാബു (തിരുവനന്തപുരം – കാട്ടാക്കട) ഒരു റോഡ്‌ തൊഴിലാളിയായി ജോലി ചെയ്യുന്നു. രണ്ടുപേരുടേയും കുടുംബങ്ങൾ നാട്ടിലാണ്‌. തന്നെ ഭക്ഷണം പാകം ചെയ്‌തു ഒരു ഫ്ലാറ്റിൽ 10 പേർ ഒന്നിച്ച്‌ താമസിക്കുന്നു. രാവിലെ 5 മണിയ്‌ക്ക്‌ ഭവനത്തിൽ നിന്ന്‌ ജോലിക്കിറങ്ങിയാൽ 11 മണി രാത്രിയാണ്‌ ഇരുവരും വീട്ടിൽ തിരിച്ചെത്തുന്നത്‌. എന്തെങ്കിലും ഭക്ഷണം കഴിച്ചുവെന്നാക്കി ഉറങ്ങുന്നു. അതിനുമുമ്പ്‌ പിറ്റേദിവസത്തെ ഭക്ഷണവും തയ്യാറാക്കേണ്ടതുണ്ട്‌. നനച്ച തോർത്തു തലയിൽ കെട്ടിക്കൊണ്ട്‌ ജോലി ചെയ്യുന്നു.

ഗേവിന്ദൻകുട്ടി കാറുകൾ കഴുകുന്ന ജോലിയാണ്‌. ജീവിത രീതി ഇതുതന്നെ. പക്ഷേ മാസം തോറും ഏകദേശം ഒരു 8,000 രൂപ വരെ മാതാപിതാക്കൾക്കയച്ചുകൊടുക്കുന്ന യുവാവ്‌ സംതൃപ്‌തനാണ്‌. അടുത്ത കൊല്ലം നാട്ടിൽ വന്നു വിവാഹിതനാകാണ്‌ സ്വപ്‌നം കാണുന്നത്‌.

ഇതൊക്കെയെങ്കിലും യാതനകളുടേയും, കഷ്‌ടപ്പാടുകളുടേയും നെരിപ്പോടുകളിൽ ജീവിതമെരിയുമ്പോഴും ഇവർ ഒരു വിധത്തിൽ സന്തുഷ്‌ടരാണ്‌. യാതൊരുജോലിയുമില്ലാതെ വിജയവാഡായുടെ തെരുവുകളിൽ അലഞ്ഞുനടന്ന രാമറെഡ്‌ഡിയ്‌ക്ക്‌ ഇന്ന്‌ 14,000 രൂപ പ്രതിമാസവേതനമുണ്ട്‌. അരിവയ്‌പാണ്‌ ജോലി.

ഇങ്ങനെ ഒരു മറുപുറവും മഹാനഗരത്തിനുണ്ട്‌. ആഢംബരത്തിന്റേയും, പ്രൗഡിയുടേയും ഇടയ്‌ക്ക്‌ രക്‌തംം വിയർപ്പാക്കി മാറ്റുന്ന അനേകായിരം മലയാളിതൊഴിലാളികൾ ഗൾഫിൽ ഉടനീളമുണ്ട്‌. എല്ലാവരുടെയും കുടുംബങ്ങൾ കേരളത്തിലാണ്‌ ഏറിയഭാഗവും മലബാർ മേഖലയിൽ നിന്നുള്ളവരാണ്‌.

ഇവർക്കെല്ലാം ദുബായ്‌ ജോലി കൊടുക്കുന്നു. തീറ്റിപ്പോറ്റുന്നു – അതും ഒരു സത്യമാണല്ലോ.

Generated from archived content: essay1_dec14_09.html Author: thomasmathew_parakkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here