സെൽഫോണും മാനവസുരക്ഷയും – 3

സെൽഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. സംസാരിക്കുമ്പോൾ സെൽഫോൺ ചെവിയിൽ നിന്നും 1.5 സെ.മീ എങ്കിലും അകലത്തിലായിരിക്കാൻ ശ്രദ്ധിക്കണം. കഴിവതും ഹെഡ്‌സെറ്റ്‌, സ്‌പീക്കർ ഫോൺ എന്നിവ ഉപയോഗിക്കുക. അടുത്ത കാലം വരെ ബ്രിട്ടീഷ്‌ ഗവൺമെന്റ്‌ ബ്ലൂടൂത്ത്‌ ശുപാർശചെയ്‌തിരുന്നെങ്കിലും ഇപ്പോൾ ശുപാർശചെയ്യുന്നില്ല.

2. സിഗ്നൽ നല്ലവണ്ണം ലഭിക്കുന്നിടത്തു മാത്രമേ സെൽഫോൺ ഉപയോഗിക്കാവൂ. സിഗ്നൽ കുറവായിരിക്കുമ്പോൾ ഫോണിലെ ഹൈ പവർ ആർ.എഫ്‌.ആമ്പിളിഫയറിന്റെ ഔട്ട്‌പുട്ട്‌ കൂടുതലായിരിക്കും. ആയതിനാൽ ആന്റിനയിൽ നിന്നും പ്രസരിക്കുന്ന റേഡിയേഷനും വളരെ കൂടുതലായിരിക്കും.

3. സംസാരിക്കുമ്പോൾ ആന്റിനയിൽ സ്‌പർശിക്കരുത്‌. സംസാരത്തിന്റെ സ്‌പഷ്‌ടതകുറയുവാനും സെൽഫോൺ കൂടുതൽ പവറിൽ പ്രവർത്തിക്കുവാനും ഇത്‌ ഇടയാക്കും. ഇപ്പോഴത്തെ സെറ്റുകൾക്ക്‌ പലതിനും പുറത്തേക്ക്‌ നീണ്ടുനിൽക്കുന്നു ആന്റിനയില്ലാത്തതിനാൽ പലപ്പോഴും സെൽഫോൺ ഒരു ആന്റിനയായി വർത്തിക്കുന്നു. ആന്റിനയുടെ സ്‌ഥാനം മിക്കസെൽഫോണുകളിലും പിറകിൽ ബാറ്ററിക്കു മുകളിലുള്ള സ്‌ഥാനത്തായിരിക്കും.

4. ഒരേ സമയം വളരെകുറച്ചുനേരം മാത്രം സംസാരിക്കുവാൻ ശ്രദ്ധിക്കുക. കൂടുതൽ സംസാരിക്കേണ്ടിവരുമ്പോൾ ലാന്റ്‌ ഫോൺ ഉപയോഗിക്കുക. കഴിവതും സംസാരം കുറച്ച്‌ എസ്‌.എം.എസ്‌. അയക്കുക. സംസാരിക്കുമ്പോൾ ചെവികൾ മാറിമാറി ഉപയോഗിക്കുവാനും ലോകാരോഗ്യസംഘടന നിർദ്ദേശിക്കുന്നു.

5. പ്രമുഖ കമ്പനികളുടെ സാർ ലെവൽ വളരെ കുറഞ്ഞ ഫോണുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുവാൻ ശ്രദ്ധിക്കുക. ഇൻഡ്യയിൽ ലഭിക്കുന്ന ഫോണുകളിൽ സാർ അളവുകൾ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അതോടൊപ്പം ലഭിക്കുന്ന മാനുവലിൽ പല കമ്പനികളും സെൽഫോൺ മോഡലിന്റെ സാർ അളവ്‌ രേഖപ്പെടുത്താറുണ്ട്‌.

6. മുറിക്കുള്ളിൽ നിന്നും സംസാരിക്കുമ്പോൾ, സിഗ്നൽ കുറവാണെങ്കിൽ ജനലുകൾക്കടുത്തോ, പുറത്തുപോയിനിന്നോ സംസാരിക്കുക.

7. കുട്ടികളുടെ, സെൽഫോൺ ഉപയോഗം നിരുത്സാഹപ്പെടുത്തണം. ആധുനികപഠനങ്ങളിൽ കുട്ടികളിൽ നെർവസ്‌ സിസ്‌റ്റം 20 വയസുവരെ വളർന്നുകൊണ്ടിരിക്കുന്നതായും ബ്രെയിനിലെ ഗ്രേമാറ്റർ 20 വയസ്സുവരെ വളർച്ചയുമായി ബന്ധപ്പെട്ട വ്യതിയാനങ്ങൾ കാണിക്കുന്നതായും വെളിപ്പെടുത്തുന്നു.

8. സെൽഫോൺ ശരീരത്തിൽ നിന്നും ചുരുങ്ങിയത്‌ 1.5 സെ.മീ. എങ്കിലും അകലത്തിലായിരിക്കത്തക്കവിധം ബെൽട്ടിലെ പ്ച്ചിലോ ലോഹനിർമ്മിതമല്ലാത്ത കെയ്‌സിനുള്ളിലോ സൂക്ഷിക്കുക.

9. ഗർഭിണികൾ സെൽഫോൺ ഉപയോഗം കഴിവതും ഒഴിവാക്കുക. ദിവസത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം പോലും ഗർഭിണികൾ സെൽഫോൺ ഉപയോഗിച്ചാൽ ജനിക്കുന്ന കുട്ടികൾക്ക്‌ എ.ഡി.എച്ച്‌.ഡി. നുള്ള സാദ്ധ്യത 54% കൂടുതലാണെന്ന്‌ ന്യൂറോ സർജന്മാരായ ലോസ്‌ ഏഞ്ചൽസിലെ ഡോ. കെയ്‌ത്ത്‌ ബ്ലോക്‌, ആസ്‌ട്രേലിയയിലെ ഡോ. വിനിഖുറാന എന്നിവരുടെ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇങ്ങനെ ജനിക്കുന്ന കുട്ടികൾ സെൽഫോൺ ഉപയോഗിക്കുന്ന പക്ഷം ഇവരിൽ എ.ഡി.എച്ച്‌.ഡി. വരുവാനുള്ള സാദ്ധ്യതകൾ വീണ്ടും വർദ്ധിക്കുന്നു. അടങ്ങി ഒതുങ്ങി ഇരിക്കുവാൻ സാധിക്കാതെ ഒന്നിലും ശ്രദ്ധിക്കാൻ പറ്റാതെ മറ്റുകുട്ടികളെ ദ്രോഹിക്കാൻ പ്രവണതകാട്ടുന്ന വൈകാരികമായ അസ്‌ഥിരതയുള്ള ഈ കുട്ടികൾ ഇന്നത്തെ അണുകുടുംബത്തിലെ മാതാപിതാക്കൾക്കും, അധ്യാപകർക്കും, സഹപാഠികൾക്കും ഒരുപോലെ തലവേദന സൃഷ്‌ടിക്കുന്നു.

ക്യാനഡയിൽ നടന്ന ഒരു പഠനത്തിൽ വളരെക്കൂടുതൽ സമയം കാന്തിക മണ്ഡലത്തിന്റെ സാമീപ്യത്തിൽ കഴിയുന്ന ഗർഭിണികളുടെ കുട്ടികൾക്ക്‌ ലുക്കേമിയ രോഗം വരുവാനുള്ള സാധ്യതയുണ്ടെന്ന്‌ അമേരിക്കയിലെ നാഷണൽ ക്യാൻസർ ഇൻസ്‌റ്റിറ്റ്യൂട്ട്‌ പുറത്തിറക്കിയ 2001ലെ ഫാക്‌ട്‌ ഷീറ്റിൽ മുന്നറിയിപ്പ്‌ നൽകുന്നു.

സെൽഫോൺ കാന്തിക മണ്ഡലങ്ങൾ ഗർഭിണികളുടെ ആരോഗ്യത്തിന്‌ ഹാനികരമല്ലെന്നുള്ള റിപ്പോർട്ടുകളും ബ്രിട്ടനിൽ നിന്നും ലഭിക്കുന്നുണ്ട്‌ എന്ന കാര്യം വിസ്‌മരിക്കുന്നില്ല. എന്നിരുന്നാലും ഗർഭിണികളുടെയും കുട്ടികളുടെയും സെൽഫോൺ ഉപയോഗത്തിൽ അതീവ ജാഗ്രത വേണമെന്ന ഇൻഡ്യാ ഗവൺമെന്റിന്റെ മുന്നറിയിപ്പുകളെ നാം വിസ്‌മരിക്കരുത്‌.

10. സെൽഫോൺ ഷർട്ടിന്റ പോക്കറ്റിൽ സൂക്ഷിക്കരുത്‌. ശരീരത്തിൽ പേസ്‌മേക്കർ, ഡിഫിബ്രിലേറ്ററുകൾ എന്നിവ ഘടിപ്പിച്ചിട്ടുള്ളവർ, സെൽഫോൺ ഓൺ കണ്ടീഷനിൽ പോക്കറ്റിൽ സൂക്ഷിക്കരുത്‌. കാന്തികതരംഗങ്ങൾ ഈ ഉപകരണങ്ങളെ ബാധിക്കുകവഴി ഹൃദയത്തിന്റെ പ്രവർത്തനത്തെയും ബാധിക്കും. എന്നാൽ ശരീരത്തിൽ ഇടതുവശത്ത്‌ ഈ ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുള്ളവർ, വലതുഭാഗത്തെ ചെവി ഉപയോഗിച്ചും വലതുവശത്ത്‌ ഘടിപ്പിച്ചിട്ടുള്ളവർ ഇടതു വശത്തെ ചെവി ഉപയോഗിച്ചും സംസാരിക്കാം. ഈ ഉപകരണവും സെൽഫോണും തമ്മിൽ ചുരുങ്ങിയത്‌ 6 ഇഞ്ച്‌ അകലം എങ്കിലും വേണം.

ഹൃദയത്തിൽ ഒരു പേസ്‌ മേക്കർ ഉള്ളതിനാൽ ഹൃദ്രോഗമില്ലാത്തവരും സെൽഫോൺ ഓൺ ആക്കി പോക്കറ്റിൽ സൂക്ഷിക്കരുത്‌. ഹൃദയത്തിന്റെ പേസ്‌മേക്കറാണ്‌ എ.സ്‌.എ. നോഡ്‌ 8 സെക്കൻഡിലൊരിക്കൽ ഇതിൽ സംജാതമാകുന്ന പൾസ്‌, ഹൃദയപേശികളിലെ സ്‌കാർ ടിഷ്യുകളിലും നെക്രോട്ടിക്‌ ടിഷ്യുകളിലും സംജാതമാകുന്ന വൈദ്യുത തരംഗങ്ങളുമായി ചേർന്ന്‌ ഹൃദയപേശികളെ സങ്കോചിപ്പിച്ചാണ്‌ രക്തം വെൻട്രിക്കിളിൽ നിന്നും ആർട്ടറിയിലേക്ക്‌ പമ്പ്‌ ചെയ്യുന്നത്‌. ഈ സമയത്ത്‌ 1.7 ഇലക്‌ട്രോൺ വോൾട്ട്‌ വൈദ്യുതിയാണ്‌ ഹൃദയപേശികൾ സംജാതമാകുന്നത്‌.

Generated from archived content: essay1_oct6_10.html Author: thomas_pokkamattom

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here