സെൽഫോണും മാനവസുരക്ഷയും – 4

11. പാന്റ്‌സ്‌&ട്ര്സർ പോക്കറ്റിൽ സൂക്ഷിക്കരുത്‌

സെൽഫോൺ കണ്ടുപിടിക്കുന്നതിനു മുമ്പുതന്നെ പുരുഷബീജങ്ങൾ (Male spermatogonia) റേഡിയേഷന്‌ വളരെ സെൻസിറ്റീവ്‌ ആണെന്ന്‌ (Exquisitely sensitive) വൈദ്യശാസ്‌ത്രത്തിന്‌ അറിവുണ്ടായിരുന്നു. എന്നാൽ അണ്ഡവും അണ്ഡാശയവും അത്ര സെൻസിറ്റീവ്‌ അല്ല. ദിവസത്തിൽ 4 മണിക്കൂറിലധികം സെൽഫോൺ ഉപയോഗിക്കുന്നവരിൽ വന്ധ്യതയ്‌ക്ക്‌ സാധ്യത ഏറെയെന്ന്‌ അമേരിക്കൻ സൊസൈറ്റി ഫോർ റിപ്രൊഡക്‌ടീവ്‌ മെഡിസിൻ മുന്നറിയിപ്പ്‌ നൽകുന്നു. യൂറോപ്യൻ സൊസൈറ്റി ഓഫ്‌ ഹുമാൻ റിപ്രൊഡക്‌ടീവ്‌ ആന്റ്‌ എംബ്രിയോളജി നടത്തിയ പഠനങ്ങളിൽ കാന്തികതരംഗങ്ങൾ എലികളിൽ വന്ധ്യത ഉണ്ടാകുമെന്ന്‌ കണ്ടെത്തി. മൈക്രോവേവ്‌ തരംഗങ്ങൾ ഹോർമോൺ പ്രവർത്തനത്തെ ബാധിക്കുമെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. അനേക ഹോർമോണുകളുടെ സമന്വയപ്രവർത്തനങ്ങളിലൂടെ രൂപം കൊള്ളുന്ന സ്‌പേം ശരീരഊഷ്‌മാവായ 37 ഡിഗ്രി സെൽഷ്യസിനും 4 ഡിഗ്രി താഴെയുള്ള ഊഷ്‌മാവിലാണ്‌ സുരക്ഷിതമായിരിക്കുന്നത്‌. വൃക്ഷണങ്ങളിലെ വെരിക്കോസിൽ മൂലമുണ്ടാകുന്ന താപം മൂലം (testicular temperature) സ്‌പേം കൗണ്ട്‌ കുറയുന്നതായി കാണാറുണ്ട്‌. ഇങ്ങനെയുള്ളവരിൽ വെരിക്കോസിൽ സർജ്ജറിക്കുശേഷം കൗണ്ട്‌ കൂടുന്നതായും വന്ധ്യത മാറുന്നതായും കണ്ടുവരുന്നുണ്ട്‌. പോക്കറ്റിൽ നിക്ഷേപിക്കുന്ന സെൽഫോണിലെ തരംഗങ്ങൾ നാഭി പ്രദേശത്തെ(groin) ഊഷ്‌മാവ്‌ വർദ്ധിപ്പിക്കുന്നതും പുരുഷന്മാർടെ വന്ധ്യതയ്‌ക്ക്‌ കാരണമായി പറയപ്പെടുന്നു.

12. മൊബൈൽ ടവറിൽ നിന്നും 400 മീറ്റർ എങ്കിലും അകലത്തിൽ താമസിക്കുന്നതാണ്‌ സുരക്ഷിതമെന്ന്‌ പഠനങ്ങൾ വെളിപ്പെടുത്തുന്നു. 2007 ഏപ്രിൽ 22 ലെ സൺഡേ ടൈംസിൽ വന്ന ഒരു ലേഖനത്തിൽ ബ്രിട്ടനിലെ വാർവിക്‌ഷെയറിലെ ഒരു തെരുവിൽ മൊബൈൽ ടവറിന്‌ സമീപം താമസിക്കുന്നവരിൽ 31 പേർക്ക്‌ ക്യാൻസർ ബാധിച്ചതായി അറിയിക്കുന്നു. സർവിലും സ്‌റ്റീവാർട്ടിന്റെ 4 പഠനങ്ങളിലും ടവറിൽ നിന്നുള്ള റേഡിയേഷനെക്കുറിച്ചുള്ള ആശങ്കകൾ അറിയിച്ചിട്ടുണ്ട്‌. ന്യൂയോർക്കിലെ അൽബാനിയൂണിവേഴ്‌സിറ്റി (Albany) യുടെ ബയോ ഇനിഷ്യേറ്റിവ്‌ റിപ്പോർട്ടിൽ ടവറിൽ നിന്നും 300 മീറ്റർ അകലത്തിൽ താമസിക്കുന്നതാണ്‌ സുരക്ഷിതമെന്ന്‌ അഭിപ്രായപ്പെടുന്നു.

13. രാസപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന സ്‌ഥലങ്ങൾ റിഫ്യൂവലിംഗ്‌സ്‌റ്റേഷൻ, പെട്രോൾപമ്പ്‌, ആസ്‌പത്രികൾ, കോടതികൾ എന്നിവിടങ്ങളിലും മെഡിക്കൽ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളുടെ സമീപത്തും സെൽഫോൺ ഉപയോഗിക്കരുത്‌ എന്ന ബോർഡ്‌ ഉള്ള സ്‌ഥലങ്ങളിലും സെൽഫോൺ ഓഫ്‌ ആക്കിവക്കണം.

14. ഇടിമിന്നലുകൾ ഉള്ളപ്പോൾ സെൽഫോൺ ഉപയോഗിക്കാം എന്നാണ്‌ അടുത്തകാലംവരെ കരുതിയിരുന്നത്‌. സമീപകാലത്ത്‌ ഇംഗ്ലണ്ടിലെ നോർത്ത്‌ വിക്‌ ആശുപത്രിയിലെ ഡോ. സ്‌പിൻട്രാ എസ്‌പ്രിന്റ്‌ (Dr.Spintra Esprint) തന്റെ പഠനങ്ങളിൽ നിന്നും ഇടിമിന്നലുള്ളപ്പോൾ സെൽഫോൺ ഉപയോഗിക്കരുത്‌ എന്നഭിപ്രായപ്പെടുന്നു. ഇടിമിന്നലേൽക്കുമ്പോൾ ശരീരത്തിന്റെ സ്വയമായുള്ള പ്രതിരോധശേഷി (flash over process) സെൽഫോണോ മറ്റ്‌ ലോഹ ആഭരണങ്ങളോ ശരീരത്തിലുള്ളപ്പോൾ വളരെകുറയുമെന്നതിനാൽ അപകടം കൂടുതൽ തീവ്രമായിരിക്കുമെന്നാണ്‌ അദ്ദേഹം പറയുന്നത്‌.

15. വിമാനങ്ങളിൽ ഉപയോഗിക്കരുത്‌

1995 ജൂൺ 9-ന്‌ ന്യൂസിലാന്റിന്റെ ഒരു വിമാനം ലാന്റ്‌ ചെയ്യുന്നതിന്‌ തൊട്ടു മുമ്പ്‌ അപകടത്തിൽ പെടാൻ കാരണം ആ സമയത്ത്‌ ഒരു യാത്രക്കാരിക്ക്‌ വന്ന ഒരു സെൽഫോൺ കോളായിരുന്നു എന്ന്‌ സംശയിക്കുന്നു. വിമാനത്തിലെ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളെ ഈ തരംഗങ്ങൾ തകരാറുവരുത്തിയതാകാം വിമാനദുരന്തത്തിന്‌ കാരണമെന്ന്‌ അനുമാനിക്കുന്നു. 2010 ജനുവരി 10-ന്‌ സൂറിച്ച്‌ വിമാനത്താവളത്തിൽ നിന്നും ഡ്രെസ്‌ഡെനിലേക്ക്‌ പറന്നുയർന്ന ക്രോസ്‌ എയേഴ്‌സിന്റെ (Cross Airs) വിമാനം ടേക്‌ ഓഫ്‌ ചെയ്‌ത്‌ 2 മിനിറ്റ്‌ കഴിഞ്ഞയുടൻ എയർപോർട്ടുമായി വാർത്താവിനിമയം സാധ്യമാകാതെ (Loss of Radio contact) അപകടത്തിൽപ്പെട്ടു. പൈലറ്റിന്റെ പിഴവാകാം കാരണമെന്ന്‌ ഒരന്വേഷണത്തിലും, ആ സമയത്ത്‌ വിമാനത്തിലെ ഒരു യാത്രക്കാരന്‌ വന്ന എസ്‌.എം.എസും വേറൊരാൾ സ്വീകരിച്ച സെൽഫോൺകോളും ആകാം കാരണമെന്നു മറ്റൊരന്വേഷണത്തിലും കണ്ടെത്തി അതിനുശേഷം വിമാനങ്ങളിൽ സെൽഫോൺ ഉപയോഗം നിരോധിച്ചുകൊണ്ട്‌ വിമാനകമ്പനികൾ മുന്നറിയിപ്പുകൾ നൽകി.

വിമാനത്തിനുള്ളിൽ പ്രത്യേകം വേർതിരിച്ച ക്യാബിനിൽ (Picocell) വിമാനത്തിലെ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളെ ബാധിക്കാത്തവിധത്തിൽ സാറ്റ്‌ലൈറ്റ്‌ ടെക്‌നോളജി ഉപയോഗിച്ച്‌ വാർത്താവിനിമയത്തിനുള്ള സൗകര്യങ്ങൾ വിമാനകമ്പനികൾ ചെയ്‌തുവരുന്നുണ്ട്‌.

16. ഡ്രൈവ്‌ ചെയ്യുമ്പോൾ

ന്യൂ ഇംഗ്ലണ്ടിലെ റോഡ്‌ ഐലന്റ്‌ യൂണിവേഴ്‌സിറ്റി (Rhode Island) നടത്തിയ പഠനങ്ങളിൽ പ്രധാനപ്പെട്ട രണ്ടുകാര്യങ്ങൾ ഓർമ്മപ്പെടുത്തുന്നു.

1. ഡ്രൈവ്‌ ചെയ്യുമ്പോൾ 1.5 സെക്കന്റിലധികസമയം നീണ്ടുനിൽക്കുന്ന മറ്റ്‌ പ്രവൃത്തികൾ കണ്ണുകൾക്ക്‌ കൊടുക്കരുത്‌. റിംഗ്‌ ചെയ്യുന്ന ഫോൺ എവിടെയെന്ന്‌ കണ്ടുപിടിക്കുന്നതിനും, ആരാണ്‌ വിളിച്ചതെന്ന്‌ സ്‌ക്രീനിൽ നോക്കുന്നതിനും, എസ്‌.എം.എസ്‌. വായിക്കുന്നതും പലരും ഡ്രൈവിംഗ്‌ സമയത്ത്‌ ദൃഷ്‌ടികൾ പായിക്കാറുണ്ട്‌. അത്‌ അപകടങ്ങൾ വരുത്തിയേക്കാം.

2. സെൽഫോൺ ഉപയോഗം ടണൽവിഷന്‌ (tunnel vision) ഇടയാക്കും. ഒരു കുഴലിൽക്കൂടി നോക്കുന്നതുപോലെ മാത്രമേ റോഡ്‌ കാണുവാൻ സാധിക്കുകയുള്ളു. സെൽഫോണിലെ സംസാരം അവസാനിപ്പിച്ചാലും ടണൽവിഷൻ കുറെ സമയം കൂടി നിലനിൽക്കും എന്നതും അപകടത്തിന്‌ വഴിയൊരുക്കും.

അമേരിക്കയിൽ സൈക്കോളജി പ്രൊ. ഡേവിഡ്‌ സ്‌ട്രെയർ (University of Utah) നടത്തിയ പഠനങ്ങളിൽ ഡ്രൈവിംഗിനിടയിൽ ഹാൻസ്‌ ഫ്രീകീറ്റ്‌ ഉപയോഗിച്ചുള്ള സംസാരം പോലും അപകടത്തിന്‌ കാരണമാകുമെന്ന്‌ പറയുന്നു. ബ്രേക്ക്‌ ഉപയോഗിക്കുന്നതിൽ മാന്ദ്യതയും മുമ്പിലുള്ള വാഹനവുമായുള്ള അകലം മനസ്സിലാക്കുവാനുള്ള കഴിവുകുറവും ഇക്കൂട്ടരിൽ കണ്ടെത്തി. ഒരു മദ്യപന്റെ ഡ്രൈവിംഗ്‌ പോലെ അപകടകരമാണ്‌ സെൽഫോണിൽ സംസാരിച്ചുകൊണ്ടുള്ള ഡ്രൈവിംഗ്‌ എന്ന്‌ അദ്ദേഹം മുന്നറിയിപ്പു നൽകുന്നു.

കൂടുതൽ റേഡിയേഷൻ എപ്പോൾ?

സിഗ്നൽ സ്‌ട്രങ്ങ്‌ത്‌ വളരെ കുറവായിരിക്കുമ്പോഴും ഡയലിംഗ്‌ സമയത്തും റിംഗ്‌ വരുന്ന സമയങ്ങളിലുമാണ്‌ സെൽഫോൺ കൂടുതൽ റേഡിയേഷൻ ഉളവാക്കുന്നത്‌. കോളുകൾ ഇല്ലെങ്കിലും ഓൺ ആയിരിക്കുന്ന സമയങ്ങളിൽ ഇടക്കിടക്ക്‌ 3 സെക്കന്റ്‌ ദൈർഘ്യമുള്ള സന്ദേശം ടവറിലേക്ക്‌ സെൽഫോൺ അയച്ചുകൊണ്ടിരിക്കും. ഇതിന്‌ സിഗ്നലിംങ്ങ്‌ എന്നു പറയുന്നു. ആയതിനാൽ കോളുകൾ ഇല്ലെങ്കിലും സിഗ്നൽ കുറവായിരിക്കുമ്പോൾ റേഡിയേഷന്റ കൂടുതലായിരിക്കും.

ബാറ്ററിയുടെ സുരക്ഷിതത്വം

ജപ്പാനിൽ നടന്ന ഒരു സെമിനാറിൽ ലാപ്‌ടോപ്‌ പൊട്ടിത്തെറിച്ചും തമിഴ്‌നാട്ടിലെ ഈറോഡിലും മലപ്പുറം ഡിസ്‌ട്രിക്‌റ്റിലെ കരുവാരച്ചുണ്ടിലും സെൽഫോണുകൾ പൊട്ടിത്തെറിച്ചും അപകടമുണ്ടായതായി പത്രവാർത്തകൾ വന്നിരുന്നു. ലാപ്‌ടോപ്പിലും സെൽഫോണിലും ഉപയോഗിക്കുന്ന ലിതിയം ബാറ്ററിയാണ്‌ (Lithium-ion) കാരണമെന്ന്‌ കരുതുന്നു. അതിനുശേഷം ചില സീരിയലുകളിലുള്ള ബാറ്ററികൾ കമ്പനി പിൻവലിക്കുകയുണ്ടായി. ലിതിയം ബാറ്ററിയിൽ ഇലക്‌ട്രോളൈറ്റ്‌ ആയി ലിതിയം സോൾട്ട്‌ ആണ്‌ ഉപയോഗിക്കുന്നത്‌. ലാപ്‌ടോപുകൾ കൂടുതൽ അളവിൽ കറന്റ്‌ ബാറ്ററിയിൽ നിന്ന്‌ ഉപയോഗിക്കുമ്പോഴും ബാറ്ററി അധികമായി ചാർജ്ജ്‌ ചെയ്യുമ്പോഴും ബാറ്ററി ചൂടാകുന്നു. നിർമ്മാണ സമയത്ത്‌ ഇലക്‌ട്രോളൈറ്റിൽ ഇംപൂരിറ്റീസ്‌ വളരെ ചെറിയ അളവിലായാലും (Parts per million) കടന്നു കൂടിയിട്ടുണ്ടെങ്കിൽ അത്‌ ഷോർട്ട്‌ സർക്യൂട്ടിനും പൊട്ടിത്തെറിക്കും കാരണമാകാം. അതുകൊണ്ട്‌ ബാറ്ററി അമിതമായി അധികനേരം ചാർജ്ജ്‌ ചെയ്യാതെ സൂക്ഷിക്കുകയും ലാപ്‌ടോപ്‌ കറന്റില്ലാത്തപ്പോൾ കൂടുതൽ സമയം ബാറ്ററിയിൽ പ്രവർത്തിപ്പിക്കാതിരിക്കുകയും ചെയ്യുന്നതാണ്‌ ഇതിനുള്ള സുരക്ഷാമാർഗ്ഗങ്ങൾ. സെൽഫോണും ബാറ്ററികളും ഉപയോഗശൂന്യമാകുമ്പോൾ പൊതുനിരത്തുകളിലേക്ക്‌ വലിച്ചെറിയാതെ കമ്പനികളുടെ ഷോപ്പുകളിൽ തന്നെ തിരിച്ചേൽപ്പിക്കുക.

സെൽഫോൺ നിരോധിക്കുവാനോ, അതിന്റെ അതിശീഘ്രപ്രയാണത്തെ തടയുവാനോ ഒരു അധികാരിക്കും കഴിയുമെന്ന്‌ വിചാരിക്കേണ്ടതില്ല. ആയതിനാൽ അഗ്നിയുടെ അത്യാനന്ദത്താൽ ആകർഷിക്കപ്പെട്ട്‌ സ്വയം ഹോമിക്കപ്പെടുന്ന ഈയ്യാം പാറ്റകളെപ്പോലെ സെൽഫോണിന്റെ അനന്തസൗകര്യങ്ങളാൽ ആകർഷിക്കപ്പെട്ട്‌ അമൂല്യമായ മർത്ത്യജീവിതം ഹോമിക്കപ്പെടരുത്‌. മനുഷ്യന്‌ എന്നെന്നും വിസ്‌മയങ്ങൾ കാഴ്‌ചവച്ചിട്ടുള്ള ശാസ്‌ത്രലോകം ഇന്നല്ലെങ്കിൽ നാളെ സുരക്ഷിതമായ ഒരു സെൽഫോൺ നമുക്ക്‌ കാഴ്‌ചവയ്‌ക്കും എന്ന്‌ പ്രത്യാശിക്കാം. അതുവരേയും നമ്മുടെ പിതാമഹന്മാരുടെ സത്യാന്വേഷണങ്ങളിൽ നിന്നുരുത്തിരിഞ്ഞ ഒരു ആപ്‌തവാക്യം നമുക്ക്‌ മുറുകെ പിടിക്കാം; “സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.”

*SAR – is the level amount of micro wave energy which may Penefrate into the biological tissue during a specified time period.

**GRAY – SI unit of absorbed does of ionizing radiation corresponding to 1 joule/Kg of tissue.

Heavy user – usage of more than one hour per day and 2000 hrs in 10 years (as per sweden’ds National Institute of Working life.)

(കടപ്പാട്‌ – മൂല്യശ്രുതി)

Generated from archived content: essay1_nov15_10.html Author: thomas_pokkamattom

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English