സെൽഫോണും മാനവസുരക്ഷയും

അടുത്തകാലത്ത്‌ അമേരിക്കയിൽ സെൽഫോണിനെക്കുറിച്ച്‌ ഒരു അഭിപ്രായ വോട്ടെടുപ്പ്‌ നടന്നു. അതിന്റെ ഫലം ക്രോഡീകരിച്ച്‌ പ്രസിദ്ധീകരിച്ചത്‌ ഇപ്രകാരമായിരുന്നു. ജനങ്ങൾ അങ്ങേയറ്റം വെറുക്കുന്നതും എന്നാൽ ഉപേക്ഷിക്കാൻ വയ്യാത്തതുമായ ഒരു കണ്ടുപിടുത്തം. (It is a single invention which people hate most, but can’t live without it) ആധുനിക മനുഷ്യന്‌ ഉപേക്ഷിക്കാൻ വയ്യാത്ത സന്തത സഹചാരിയായിമാറിക്കഴിഞ്ഞു സെൽഫോൺ. ഇൻഡ്യയിൽ സെൽഫോൺ വരിക്കാരുടെ (Subscribers) എണ്ണം അവിശ്വസിനീയമാംവണ്ണം 62 കോടിയിൽ എത്തിനിൽക്കുന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മാത്രം രണ്ടുകോടി കണക്ഷനുകളാണ്‌ പുതുതായി നൽകിയത്‌. ഇന്നത്തെ ജനസമൂഹം വൈദ്യുത കാന്തിക തരംഗങ്ങളുടെ സമുദ്രത്തിൽ നീന്തിത്തുടിക്കുമ്പോൾ ഈ തരംഗങ്ങൾ മാനവ സുരക്ഷയ്‌ക്ക്‌ ഭിഷണിയാകുമോയെന്ന്‌ ഒരു നിമിഷം ചിന്തിക്കുവാൻ മിക്കവരും മെനക്കെടാറില്ല. ഉടൻ ദർശിക്കാവുന്ന വിപത്തുകളുടെ അഭാവത്താലും ഉദാത്തമായ അവബോധത്തിന്റെ അഭാവത്താലും അശ്രദ്ധയോടെയുള്ള സെൽഫോൺ ഉപയോഗം അനിയന്ത്രിതമായി അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു.

ഇലക്‌ട്രോ മാഗ്നറ്റിക്‌ റേഡിയേഷൻ

തരംഗങ്ങളായോ കണികകളായോ പ്രസരിക്കുന്ന ഊർജ്ജത്തെയാണ്‌ റേഡിയേഷൻ എന്നു പറയുന്നത്‌. (Any form of energy transmitted as waves or particles), പ്രകാശം, ശബ്‌ദം, ആൾഫാ, ബീറ്റ കിരണങ്ങൾ എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. സെൽഫോൺ നമ്മുടെ ശബ്‌ദത്തേയും (Speech) സന്ദേശങ്ങളേയും (Text messages) വൈദ്യുതകാന്തിക തരംഗങ്ങളാക്കി (Electro magnetic waves) സമീപത്തുള്ള ടവറിലേക്ക്‌ (BTS-Base Transceiver Station) അയക്കുകയും ടവറിൽ നിന്നും വരുന്ന വൈദ്യുതകാന്തിക തരംഗങ്ങളെ സ്വീകരിച്ച്‌ നമുക്ക്‌ കേൾക്കാവുന്ന ശബ്‌ദതരംഗങ്ങളോ വായിക്കാവുന്ന സന്ദേശങ്ങളോ ആക്കിമാറ്റുകയും ചെയ്യുന്നു. പ്രകാശവേഗതയിൽ സഞ്ചരിക്കുന്ന അദൃശ്യങ്ങളായ വൈദ്യുതകാന്തിക തരംഗങ്ങളുടെ ഊർജ്ജപ്രസരണത്തെയാണ്‌ ഇലക്‌ട്രോമാഗനറ്റിക്‌ റേഡിയേഷൻ എന്നു പറയുന്നത്‌. ഈ റേഡിയേഷനെ ആർ.എഫ്‌.റേഡിയേഷൻ (Radio Frequency Radiation) !മൈക്രോവേവ്‌ റേഡിയേഷൻ എന്നിങ്ങനേയും വിശേഷിപ്പിക്കാറുണ്ട്‌.

റേഡിയേഷന്റെ സുരക്ഷാ പരിധി (Standards)

സെൽഫോണിൽ നിന്നും സമീപത്തുള്ള മൊബൈൽ ടവറിൽ നിന്നുമാണ്‌ പ്രധാനമായും നമ്മൾ മൈക്രോവേവ്‌ റേഡിയേഷന്‌ വിധേയരാകുന്നത്‌. ഐ.ഇ.ഇ.ഇ. (Institute of Electrical and Electronics Engineers) രൂപം കൊടുത്തതും പിന്നീട്‌ അമേരിക്കൻ നാഷ്‌ണൽ സ്‌റ്റാൻഡേർഡ്‌സ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ (ANSI) അംഗീകരിച്ചതുമായ സുരക്ഷാപരിധിയാണ്‌ എഫ്‌.സി.സി. (Federal Communication Commission) അമേരിക്കയിൽ നടപ്പാക്കിയിട്ടുള്ളത്‌. യൂറോപ്യൻ രാജ്യങ്ങൾ ഐ.സി.എൻ.ഐ.ആർ.പി. (International commission on Non-lonizing Radiation protection) യുടെ ശുപാർശകളെ അടിസ്‌ഥാനമാക്കിയുള്ള സുരക്ഷാപരിധികൾ പാലിച്ചുവരുന്നു. ഈ സുരക്ഷാപരിധികൾ തമ്മിൽ വളരെകുറച്ചു വ്യത്യാസങ്ങളേ ഉള്ളൂ.

1) സെൽഫോണിൽ നിന്നുള്ള (Instrument) റേഡിയേഷന്റെ സുരക്ഷാപരിധി (Safe public exposure standard) 0.2 വാട്ട്‌ മുതൽ 2 വാട്ട്‌സ്‌ വരെ (0.2 watt to 2 watts/Kg of tissue)

2) സെൽഫോണിണിനടുത്ത്‌ സെറ്റിൽ നിന്നുള്ള റേഡിയേഷൻഃ 0.01 മില്ലിവാട്ട്‌&ചതുരസ്ര സെ.മീ.

3) ടവറിൽ നിന്നുമുള്ള റേഡിയേഷൻഃ 900 മെഗാ ഹേഴ്‌സ്‌ ഫ്രീക്വൻസിയുടെ സുരക്ഷാപരിധി ഃ 0.5 വാട്ട്‌ ച.സെമീ.

4) ടവറിൽ നിന്നുള്ള റേഡിയേഷൻ 1800 മെഗാ ഹേഴ്‌സ്‌ ഫ്രിക്വൻസിയുടെ സുരക്ഷാപരിധിഃ 1 വാട്ട്‌&ച.സെ.മീ.

സുരക്ഷിതമെന്ന്‌ ശുപാർശ ചെയ്യപ്പെട്ടിട്ടുള്ള ഈ പരിധി റേഡിയേഷൻ വഴി കോശങ്ങളിൽ ഉണ്ടായേക്കാവുന്ന താപത്തെ മാത്രം (Thermal effect) ആധാരമാക്കിയിട്ടുള്ളതും ജീവജന്തുക്കളിൽ ഉണ്ടാക്കിയേക്കാവുന്ന മറ്റ്‌ വ്യതിയാനങ്ങളെ (Biological effect) പരിഗണിക്കാതെയുള്ളതാകയാൽ ഈ പരിധികൾ (Standards) സുരക്ഷിതമെന്ന്‌ പറയാനാവില്ലെന്നും പലശാസ്‌ത്രജ്ഞന്മാരും അഭിപ്രായപ്പെടുന്നു. ആന്റിനയിൽ നിന്നും ക്ലിപ്‌തസമയ ദൈർഘ്യത്തിൽ കോശങ്ങളിൽകൂടി പ്രസരിക്കുന്ന മൈക്രോവേവ്‌ തരംഗങ്ങളുടെ ഊർജ്ജത്തിന്റെ അളവിനെ സാർ എന്നു പറയുന്നു. (SAR-Specific Absorption Rate, measured in Watts/1kg of tissue)

ചില ശാസ്‌ത്രീയ പഠനങ്ങൾ

മൈക്രോവേവ്‌ റേഡിയേഷന്റെ സുരക്ഷിതത്വത്തെക്കുറിച്ച്‌ നടന്നിട്ടുള്ള പരീക്ഷണങ്ങളിൽ വളരെ ശ്രദ്ധേയമായ ഒന്നാണ്‌ ഡോ. ജോർജ്ജ്‌ കാർലോയുടെ മേൽനോട്ടത്തിൽ നടന്ന ഗവേഷണം. അമേരിക്കയിലെ സി.റ്റി.ഐ.എ. (Cellular Telecommunications Industry Association) രൂപം കൊടുത്ത ഡബ്ല്യു.റ്റി.ആർ. (Wireless Technology Research) 1993-98 കാലഘട്ടത്തിൽ നടത്തിയ പരീക്ഷണങ്ങൾക്ക്‌ നിയോഗിച്ചത്‌ ഈ മേഖലയിലെ ഗവേഷണങ്ങൾക്ക്‌ തികച്ചും അനുയോജ്യനും പണ്ഡിതനും വിശ്വസ്‌തനും ബഹുമാന്യനുമായ ഡോ. കാർലൊയെയായിരുന്നു. അദ്ദേഹത്തിന്റെ ഗവേഷണഫലങ്ങൾ മനുഷ്യരുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ആശങ്കകൾ ഉയർത്തുന്നവയായിരുന്നു. ഈ ഗവേഷണ ഫലങ്ങളെ തുടർഗവേഷണത്തിനു സമർപ്പിച്ചു എങ്കിലും ഫലങ്ങൾ പറുത്തുവന്നിട്ടില്ല. വയർലെസ്സ്‌ ടെക്‌നോളജി റിസേർച്ചിന്റെ ഗവേഷണഫലങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം. 1. മൈക്രോവേവ്‌ റേഡിയേഷൻ മൂലം ജനതിക തകരാറുകൾ (Genetic damage) ഉണ്ടാകുവാൻ സാദ്ധ്യതയുണ്ട്‌. രക്തകോശവിഭജനസമയത്ത്‌ രൂപം കൊള്ളുന്ന മൈക്രോന്യൂക്ലൈ, പിൽക്കാലത്ത്‌ ട്യൂമറുകളും ക്യാൻസറുകളുമായി പരിണമിച്ചേക്കാം. 2. ഹൃദയ സംബന്ധമായ ചില തകരാറുള്ളവർ ഉപയോഗിക്കുന്ന പേസ്‌മേക്കർ, ഡിഫിബ്രിലേറ്റർ (Defibrillator) എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. 3. പല വിധ വിഷാംശങ്ങളിൽ നിന്നും (toxins), ആൽബുമിൻ, ഹാനികരങ്ങളായ ബാക്‌ടീരിയകൾ എന്നിവയിൽ നിന്നും മസ്‌തിഷ്‌കത്തെ സംരക്ഷിക്കുന്ന (Permeable Shield) ബ്ലഡ്‌ ബ്രെയിൻ ബാരിയറിനെ മൈക്രോവേവ്‌ ദോഷകരമായി ബാധിക്കുന്നു. ഡോ.കാർലോ തന്റെ ഗവേഷണ ഫലങ്ങളെ “സെൽഫോൺസ്‌ ഇൻവിസിബിൾ ഹസാൻഡ്‌സ്‌ ഇൻ വയർലെസ്സ്‌ എയ്‌ജ്‌” എന്ന പുസ്‌തകത്തിൽ വിവരിച്ചിട്ടുണ്ട്‌.

സ്വീഡനിലെ ലന്റ്‌ (Lund) യൂണിവേഴ്‌സിറ്റിയിൽ ഡോ. ലീഫ്‌ സാൽഫോഡിന്റെ നേതൃത്വത്തിൽ നടത്തിയ പരീക്ഷണങ്ങളിൽ കുറച്ചുസമയത്തെ സംസാരം പോലും (Short exposure) ബ്ലഡ്‌ ബ്രെയിൻ ബാരിയ റിനെ ദോഷകരമായി ബാധിക്കുമെന്ന്‌ വെളിപ്പെടുത്തുന്നു. ചെറുപ്പത്തിൽ തന്നെ സെൽഫോൺ ഉപയോഗിച്ചു തുടങ്ങിയാൽ അത്‌ അകാല വാർദ്ധക്യത്തിനും ഓർമ്മക്കുറവിനും (early aging and senile dementia) കാരണമായേക്കുമെന്ന്‌ ലന്റ്‌ യൂണിവേഴ്‌സിറ്റിയുടെ പഠനങ്ങൾ വെളിപ്പെടുത്തുന്നു.

രക്തകോശങ്ങളിലെ ജനിതക പദാർത്ഥങ്ങൾക്ക്‌ (DNA,RNA & Protein) മൊബൈൽ ഫ്രിക്വൻസി വ്യതിയാനം വരുത്തുമോ (Structural damage) എന്നറിയാൻ അമേരിക്കയിലെ എഫ്‌.ഡി.എ. (Food And Drug Administration) നടത്തിയ മൈക്രോ ന്യൂക്ലിയസ്സ്‌ അസ്സേ എന്ന ലബോറട്ടറി പരീക്ഷണങ്ങളിൽ, എലികളിൽ മൈക്രോ ന്യൂക്ലൈ രൂപപ്പെട്ടതായി കണ്ടെത്തി. എന്നാൽ ഈ പരീക്ഷണഫലങ്ങൾ മനുഷ്യർക്ക്‌ ദോഷകരമല്ലെന്ന്‌ എഫ്‌.ഡി.എ. വാദിക്കുന്നു. എലികളിലുണ്ടായ ശാരീരികമാറ്റങ്ങൾ മനുഷ്യരിൽ ഉണ്ടാകണമെന്നില്ലെന്നും തുടർച്ചയായി 24 മണിക്കൂർ മൈക്രോവേവ്‌ ഫ്രിക്വൻസിക്ക്‌ വിധേയമായപ്പോൾ മാത്രമെ മൈക്രോ ന്യൂക്ലൈ രൂപപെട്ടുള്ളുവെന്നും സാധാരണയായി മനുഷ്യർ 24 മണിക്കൂർ തുടർച്ചയായി ഉപയോഗിക്കാറില്ലെന്നും എഫ്‌.ഡി.എ. പറയുന്നു. ലബോറട്ടറിയിൽ പരീക്ഷണവിധയമാക്കിയ എലികളെ മുമ്പും ക്യാൻസർ സാദ്ധ്യതാ പഠനത്തിനായി ഉപയോഗിച്ചിട്ടുള്ളവയാകയാലാണ്‌ എലികളിൽ വേഗത്തിൽ ഈ മാറ്റങ്ങൾ സംഭവിച്ചതെന്നും എഫ്‌.ഡി.എ. പറയുന്നു.

ഡോ. സെൽമാന്റെ അഭിപ്രായത്തിൽ (Dr.Mary Shoman Sherill Sellman, Dept of Nutritional Science, Toronto) മൈക്രോവേവ്‌ ഫ്രിക്വൻസി, പിരിമുറുക്കം (Stress) ഉത്‌കണ്‌ഠ (anxiety) രാസവസ്‌തുക്കൾ, വിഷം എന്നിവയെപ്പോലെ തന്നെ മനുഷ്യരിലെ ഹോർമോൺ പ്രവർത്തനത്തെ ബാധിക്കുന്നു. “Mothers prevent your daughter from getting breast cancer,” “What women must know about hormones” എന്നീ പ്രശസ്‌തകൃതികളുടെ രചയിതാവാണ്‌ ഡോ. സെൽമാൻ. വൈദ്യുത-കാന്തികതരംഗങ്ങൾ ഫ്രീറാഡിക്കലുകളെ നശിപ്പിക്കുന്ന മെലാറ്റിൻ ഉല്‌പാദനത്തെ തടസ്സപ്പെടുത്തുകയും പോഷണോപചയാപചയത്തെ (Metabolism) വിഘ്‌നപ്പെടുത്തി മനുഷ്യരെ രോഗഗ്രസ്‌തരാക്കുകയും ചെയ്യുമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെടുന്നു.

കാന്തിക തരംഗങ്ങൾ 1 ഗ്രേ (Gray) അളവിനേക്കാൾ നൂറിരട്ടി വിനാശകാരിയാണ്‌ 12 മില്ലിഗ്രേ റേഡിയേഷൻ എന്ന്‌ ജപ്പാനിലെ പ്രമുഖ ശാസ്‌ത്രൻ മസാനി ഇഷിഡോ (Institute of Environmental Studies) വെളിപ്പെടുത്തുന്നു. വിഷവസ്‌തുക്കളെ സംബന്ധിച്ച്‌ പറയാറുള്ള “ചെറിയ അളവ്‌ കുഴപ്പമില്ല. കൂടുതലാണ്‌ കുഴപ്പക്കാരൻ” (Less in better,more is worse) എന്ന ചൊല്ലിനെ അദ്ദേഹം വെല്ലുവിളിക്കുന്നു. മെലാറ്റിനിന്റെ ഉല്‌പാദനത്തേയും കാന്തികതരംഗങ്ങൾ തടസ്സപ്പെടുത്തുന്നതായി അദ്ദേഹം അറിയിക്കുന്നു.

ബ്രിട്ടീഷ്‌ ഗവൺമെന്റ്‌ 1999 – 2000 കാലയളവിൽ സർ വില്യം സ്‌റ്റീവാർട്ടിന്റെ മേൽനോട്ടത്തിൽ നടത്തിയ പരീക്ഷണങ്ങളിൽ കുട്ടികൾ മൊബൈൽ ഉപയോഗിക്കുന്നത്‌ നിരുത്സാഹപ്പെടുത്തണമെന്ന്‌ അഭിപ്രായപ്പെടുന്നു. കുട്ടികളുടെ ശരീരകോശങ്ങൾ കൂടുതൽ അളവിൽ മൈക്രോവേവ്‌ ഊർജ്ജം ആഗീരണം ചെയ്യുകയും തലയോട്ടിയുടെ വലിപ്പക്കുറവും മൃദുത്വവും നിമിത്തം കൂടുതൽ ഉള്ളിലേക്ക്‌ റേഡിയേഷൻ പ്രസരിക്കുകയും ചെയ്യും. കുട്ടികളിൽ കോശങ്ങൾ വളരെ വേഗം വിഭജിക്കപ്പെടുന്നതിനാലും വളരെക്കൂടുതൽ കാലം മൊബൈൽ ഉപയോഗിക്കേണ്ടിവരുമെന്നതിനാലും കുട്ടികളിൽ സെൽഫോൺ ഉപയോഗം നിരുത്സാഹപ്പെടുത്തണമെന്ന്‌ അദ്ദേഹം മുന്നറിയിപ്പു നൽകുന്നു. അൾഷിമേഴ്‌സ്‌, പാക്കിൻസൻസ്‌ എന്നീ രോഗങ്ങളും ഉറക്കക്കുറവ്‌, ബധിരത, തലവേദന, ഓർമ്മക്കുറവ്‌ എന്നിവയും അമിത സെൽഫോൺ ഉപയോഗം മൂലം ഉണ്ടാകുവാനുള്ള സാദ്ധ്യതയേറെയാണെന്ന്‌ പല പഠനങ്ങളും വെളിപ്പെടുത്തുന്നു.

1. ഇന്ന്‌ നിലവിലുള്ള ശുപാർശചെയ്യപ്പെട്ടിട്ടുള്ളതുമായ സുരക്ഷാപരിധി, റേഡിയേഷൻ ശരീരകോശങ്ങളിൽ (tissues) വരുത്തുന്ന താപത്തെ Thermal effect മാത്രം ആധാരമാക്കിയിട്ടുള്ളതാകുന്നു. കാന്തിക തരംഗങ്ങൾക്ക്‌ (Magnetic fields) കോശങ്ങളിൽ രാസ-ഭൗതിക മാറ്റങ്ങൾ (Biological effects) ഉണ്ടാക്കുവാൻ സാധിക്കുമെന്ന്‌ ആധുനികപഠനങ്ങൾ തെളിയിക്കുന്നു. ഫിൻലാന്റിലെ റേഡിയേഷൻ ആന്റ്‌ ന്യൂക്ലിയർ സേഫ്‌ടി അതോറിട്ടി നടത്തിയ പരീക്ഷണങ്ങളിൽ മനുഷ്യകോശങ്ങളിലെ (endothelial cells) ഹീറ്റ്‌ ഷോക്ക്‌ പ്രോട്ടീനുകൾക്ക്‌ (hsp 27) തകരാറുണ്ടാക്കുന്നതായും ബ്ലഡ്‌ബ്രയിൻ ബാരിയറിനെ ദോഷകരമായി ബാധിക്കുന്നതായും കണ്ടെത്തി. പരീക്ഷണങ്ങളിലുടനീളം രക്തകോശങ്ങളിലെ താപനില ശരീരോഷ്‌മാവായ 37+0.30 സെൽഷ്യസിൽ നിലനിർത്തിയിരുന്നു. ലൻറ്റ്‌ യൂണിവേഴ്‌സിറ്റിയിൽ ഡോ. സൽഫോഡിന്റെ റിസേർച്ചിലും ഇന്നത്തെ സുരക്ഷാപരിധിയിൽ വളരെക്കുറവായ സാർ (SAR less than 1 milli watt/kg) അളവിൽപോലും ആൽബുമീൻ ലീക്കേജ്‌ കണ്ടെത്തുകയുണ്ടായി. ഇക്കാരണങ്ങളാൽ താപത്തെ മാത്രം ആധാരമാക്കിയുള്ള ഗവേഷണങ്ങളും സുരക്ഷാപരിധികളും ആശങ്കകളുയർത്തുന്നു.

2. മൊബൈൽഫോൺ തുടർച്ചയായി 10-15 വർഷം ഉപയോഗിച്ചിട്ടുള്ളവരുടെ എണ്ണം തുലോം കുറവാണ്‌. രാസ-ഭൗതിക മാറ്റങ്ങൾ വഴി ഉണ്ടായേക്കാവുന്ന ജനിതക വൈകല്യങ്ങൾ കണ്ടെത്താൻ അനേകവർഷം തുടർച്ചയായി (10-15 വർഷം) മൊബൈൽ ഉപയോഗിക്കുന്നവരിൽ വർഷങ്ങൾ നീണ്ടുനിൽക്കുന്ന പരീക്ഷണങ്ങൾ ആവശ്യമാണ്‌. ഇപ്പോൾ ചില പരീക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുള്ള മൈക്രോ ന്യൂക്ലൈ, ട്യൂമർ ആയി വളരുവാനും ഒരു പക്ഷെ ക്യാൻസർ ആയി പരിണമിക്കാനും അനേക വർഷങ്ങൾ വേണ്ടിവന്നേക്കാം. വർഷങ്ങൾ നീണ്ടു നിൽക്കുന്ന ഗവേഷണങ്ങളിലൂടെ മാത്രമേ ഭാവിതലമുറകളിൽ വന്നേക്കാവുന്ന ജനിതക തകരാറുകളെ മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ. ഉദാഹരണത്തിന്‌ ഡെന്മാർക്കിലെ കാര്യം തന്നെ എടുക്കാം. രണ്ടുവർഷം തുടർച്ചയായി മൊബൈൽ ഉപയോഗം അക്വാസ്‌റ്റിക്‌ ന്യൂറോമക്ക്‌ കാരണമാവുകയില്ലെന്ന്‌ ഐ.എ.ആർ.എസി. വിധിയെഴുതി. ഡെന്മാർക്കിലെ 53 ലക്ഷം ആളുകളിൽ നിരവധി പേർക്ക്‌ അക്വാസ്‌റ്റിക്‌ ന്യൂറോം കണ്ടെത്തിയിരുന്നു. ബ്രെയിനിൽ നിന്നും നേരിട്ട്‌ ചെവിയുടെ ഉൾഭാഗത്തേക്ക്‌ വരുന്ന ക്രേനിയൽനാഡിക്ക്‌ (Craniel nerve) വരുന്ന ട്യൂമറാണ്‌ അക്വാസ്‌റ്റിക്‌ ന്യൂറോമ. ഇത്‌ മിക്കവാറും ബെനൈൻ (Benign) ആയി മാത്രം കാണപ്പെടുന്നു. അതായത്‌, ക്യാൻസർ ആകാൻ സാധ്യതയില്ലാത്തത്‌, എന്നാൽ സമീപകാലത്ത്‌ സ്വീഡനിലെ കരോലിൻസ്‌ക ഇൻസ്‌റ്റിറ്റ്യൂട്ട്‌ പത്തുവർഷത്തിനു മേൽ സെൽഫോൺ ഉപയോഗിച്ചവരിൽ നടത്തിയ പരീക്ഷണങ്ങളിൽ മൊബൈലിന്റെ അമിതഉപയോഗം അക്വാസ്‌റ്റിക്‌ ന്യൂറോമക്ക്‌ കാരണമാകുമെന്ന്‌ കണ്ടെത്തി.

3. വളരെ ചെലവേറിയതും സങ്കീർണ്ണങ്ങളുമായ പരീക്ഷണങ്ങൾ മിക്കവയും മൊബൈൽ കമ്പനികളോ, കമ്പനികൾ ഉപ്പെടുന്ന അസോസിയേഷനുകളോ നടത്തുന്നവയാണ്‌. ഗവൺമെന്റ്‌ പങ്കാളിത്തമുള്ള ഗവേഷണങ്ങളിൽ പോലും ഫണ്ടിന്റെ സിംഹഭാഗവുംകമ്പനികൾ വഹിക്കുകയും ഗവേഷണങ്ങൾ കമ്പനികളുടെ മേൽനോട്ടത്തിൽ നടത്തപ്പെടുകയും ചെയ്യുന്നു. ബ്രിട്ടനിൽ നടന്നുവരുന്ന ഗവേഷണങ്ങൾക്ക്‌ വേണ്ടിവരുന്നതിൽ പകുതി ചെലവുകളും മൊബൈൽ അസോസിയേഷനുകളാണ്‌ വഹിക്കുന്നത്‌. ഫിഫ്‌ത്ത്‌ ഫ്രെയിം വർക്ക്‌ പ്രോഗ്രാം എന്ന പേരിൽ നടന്ന ഗവേഷണത്തിന്റെ 60% ചെലവുകളും മൊബൈൽ കമ്പനികളാണ്‌ വഹിച്ചത്‌. യൂറോപ്യൻ കമ്മീഷൻ 40% മാത്രമേ വഹിച്ചുള്ളൂ. ഇക്കാരണങ്ങളാൽ ഗവേഷണഫലങ്ങൾ നിഷ്‌പക്ഷവും സത്യസന്ധവുമായിരിക്കുമെന്ന ചിന്ത ജനമനസ്സുകളിൽ ഇല്ലാതെ പോകുന്നു.

തുടരും……

Generated from archived content: essay1_aug31_10.html Author: thomas_pokkamattom

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here