പ്രച്‌ഛന്നം

 

 

ഗ്രാമക്കാഴ്‌ചകളോരോന്നിനോടും അനഘ വിട പറഞ്ഞുകൊണ്ടിരുന്നു. അവൾ മൗനമായി അവയോടു പറഞ്ഞു. ‘ഞാൻ നിങ്ങളെ പിരിയുകയാണ്‌. നാളെ കഴിഞ്ഞ്‌ നഗരത്തിൽവച്ച്‌ എന്റെ വിവാഹം നടക്കും. ആദ്യദിവസം ആ കറുമ്പന്റെ വീട്ടിൽ. അതിനു ശേഷം അവനോടൊപ്പം അമേരിക്കയിലേക്ക്‌. പിന്നെ കമ്പ്യൂട്ടറിന്റെ ഗണിതശാസ്‌ത്രങ്ങളിൽ തലപുകച്ച്‌ അവനും ഞാനും പണത്തിനുവേണ്ടി പാടുപെടും. അപ്പായിക്ക്‌ അവനെ ഇഷ്‌ടമായി. അപ്പായിയുടെ ഇഷ്‌ടങ്ങൾ ഒരിക്കലും തെറ്റാവാറില്ല. അതുകൊണ്ട്‌ എനിക്കും അവനെ ഇഷ്‌ടമായി. നാളെ കഴിഞ്ഞ്‌ അവനെ എനിക്കു സ്വന്തമായിക്കിട്ടുമ്പോൾ നിങ്ങളെ എനിക്കു നഷ്‌ടമാവും. ഈ വിവാഹം അപ്പായിയുടെ നിർബന്ധമാണ്‌. ഓരോ നേട്ടങ്ങൾക്കു പിറകിലും ഓരോ നഷ്‌ടം. ഞാൻ പോയിക്കഴിഞ്ഞാൽ അപ്പായി ഇവിടെ ഒറ്റയ്‌ക്കാവും. അപ്പായിയെയും നിങ്ങളെയുമൊക്കെ നാളെ മുതൽ എനിക്കു നഷ്‌ടമാവുകയാണ്‌. അതുകൊണ്ട്‌ നിങ്ങളോരോരുത്തരോടും വിടപറയുകയാണ്‌.’

ഗ്രാമക്കാഴ്‌ചകളോരോന്നും, വൃഥയോടെ അവളുടെ കാഴ്‌ചകൾക്കു മുന്നിൽ മുഖശ്രീ തൂവിനിന്നു. കീഴറ്റത്തുനിന്നും ഉരുകുന്ന ഒരു വലിയ മെഴുകുഗോളം പടിഞ്ഞാറൻ മലമുകളിൽ നിന്നും ഉരുകിവാർന്നു വീണ്‌ ഗ്രാമത്തെ പൊതിഞ്ഞിരിക്കുന്നു. സെവൻഹിൽസ്‌ അണക്കെട്ടും, അണക്കെട്ടു തുടങ്ങുന്നിടത്തെ സ്‌മാരകശിലയും അതിനരികിലെ മാതാവിന്റെ കപ്പേളയും സൂര്യവിഷാദത്തിൽ കുതിർന്നുകിടക്കുന്നു. അശരീരിയായ ഒരാൾ തീരെ മെലിഞ്ഞ ഒരു ഇരുമ്പുചങ്ങല വലിക്കുന്ന സ്വരമുയർത്തി യുക്കാലിപ്‌സുമരങ്ങൾക്കു മുകളിലൂടെ തണുത്ത കാറ്റ്‌ നിരാലംബമായി ഒഴുകിനടക്കുകയാണ്‌. കാറ്റു നൽകിയ അനുഭൂതിയ്‌ക്കു പകരമായി കാറ്റിന്‌ മരം തന്റെ ഇലക്കൊഴുപ്പിന്റെ സുഗന്ധഭരണി തുറന്നുകൊടുത്തു. സൂര്യനോടും കാറ്റിനോടും അവൾ യാത്ര പറഞ്ഞു.

പകലറുതിയുടെ വേദനയിൽ വിങ്ങിനിന്നിരുന്ന ഭൂമിയിൽ, കപ്പേളയ്‌ക്കു മുന്നിൽ ഓർമ്മകളുടേയും പ്രാർത്ഥനകളുടേയും അൾത്താരയിലെ പുരോഹിതയായി അനഘ നിന്നു. അവൾക്കരികിൽ പിതാവും. ഓർമ്മകൾ എവിടെയാണ്‌ ആരംഭിച്ചതെന്നോർത്ത്‌ അനഘ ഒരിക്കലും വിഷമിച്ചിരുന്നില്ല. അത്‌ ഇവിടെ വച്ചാണെന്നും അതൊരു പ്രഭാതത്തിലായിരുന്നുവെന്നും അവൾ വളരെ കൃത്യമായി ഓർക്കുന്നു.

അന്ന്‌ അപ്പായിയും അമ്മയും കൂടെയുണ്ടായിരുന്നു. കപ്പേളയ്‌ക്കുള്ളിൽ അന്നും കന്യകാമാതാവ്‌ ഇതുപോലെ തന്നെ തന്റെ മകനെ തോളിലേറ്റി നിന്നിരുന്നു. അന്നും ഈ അമ്മയും മകനും പ്രകാശിതരും സ്‌മേരവദനരും ആയിരുന്നു. അവർക്കു മാത്രം വയസ്സാകുന്നില്ലെന്ന്‌ അവൾ ഓർത്തു. അവസരത്തിനിണങ്ങുന്ന ഒരു സിനിമാപ്പാട്ടിന്റെ ഓർമ്മയിൽ അവളുടെ ചുണ്ടുകളിൽ, ലുബ്‌ധതയോടെ വിരിഞ്ഞ ഒരു പുഞ്ചിരിയിൽ പിതാവ്‌ കൗതുകം കൊണ്ടു.

“എന്താണു മകളേ?”

“അനസൂയ മരിച്ചു പ്രിയംവദ മരിച്ചു

ശകുന്തള മാത്രം മരിച്ചില്ല…….നമ്മുടെ മാതാവിനും ഉണ്ണിക്കും മാത്രം വയസ്സായില്ല”.

“അവർക്കു വയസ്സാവാതെയിരിക്കട്ടെ. ഈ ഗ്രമത്തിനു കാവലായും രാത്രിയാത്രക്കാർക്കു ധൈര്യം പകർന്നും അവരവിടെ എന്നുമിരിക്കട്ടെ”. പിതാവു ചിരിച്ചു; മകൾ ഹൃദയം കൊണ്ടും. പിന്നെ അവർ വീണ്ടും അവരുടെ മനോരാജ്യങ്ങളിലേക്കു മടങ്ങിപ്പോയി.

അന്ന്‌ ഗ്രാമത്തിൽ പള്ളിക്കൂടങ്ങളില്ലായിരുന്നു. ഗ്രാമം, കപ്പേള, സ്‌മാരകശില, സെവൻഹിൽസ്‌ അണക്കെട്ട്‌ ഇവകൾ താണ്ടി മേടിറങ്ങി ബസുകയറി വേണമൊയിരുന്നു പള്ളിക്കൂടത്തിലെത്താൻ. ആദ്യമായി പള്ളിക്കൂടത്തിൽ പോയ ദിവസം കപ്പേള വരെ അവളുടെയും അപ്പായിയുടേയും കൂടെ അമ്മയും വന്നതായി അവളോർത്തു. മാതാവിനോടും ഉണ്ണിമിശിഹായോടും പ്രാർത്ഥിക്കുവാൻ പറഞ്ഞ്‌ അമ്മ അവളുടെ കൈ കൂപ്പിക്കൊടുത്തു. മൂവരും പ്രാർത്ഥിച്ചു​‍ു. പ്രാർത്ഥന കഴിഞ്ഞ്‌ മനപൂർവമല്ലാതെ അവൾ പിൻതിരിഞ്ഞുനോക്കിയത്‌ കിഴക്കൻ മലമുകളിലേക്കായിരുന്നു.

അവിടെ, ഉദയരാഗം തൂവിനിൽക്കുന്ന സൂര്യനു മുന്നിൽ ഒരു കാട്ടാനക്കൂട്ടത്തിന്റെ കറുത്ത നിഴൽക്കൂട്ടം. പ്രകൃതിയുടെ വിസ്‌മയക്കാഴ്‌ചയിൽ മറന്നുനിന്ന അവളെ വാത്സല്യം നിറഞ്ഞ ചിരിയോടെ ഉണർത്തിയത്‌ അമ്മയായിരുന്നു. ഓർമ്മകൾ അവിടെ തുടങ്ങുന്നു. അമ്മ പറഞ്ഞുഃ “എന്റെ മക്കളിനി ഇതുപോലെ ഭംഗിയുള്ള എത്രയെത്ര കാഴ്‌ചകൾ കാണാനിരിക്കുന്നു” . വാത്സല്യം തുളുമ്പുന്ന ചിരിയോടെ അമ്മ നെറുകയിൽ പതിപ്പിച്ചുവച്ച ചുംബനം അവിടെത്തന്നെയിരിക്കുന്നതായി അവൾ എന്നും വിശ്വസിച്ചു. കൺമറയുവോളം അമ്മ നോക്കിനിന്നതും അവളുടെ ഓർമ്മയിലുണ്ട്‌. തുടർന്നുവരുന്ന ഓർമകളിൽ അമ്മ അവളിൽ കണ്ണുനീരിന്റെ നോവും നനവും പടർത്തിയിരുന്നു.

ഏപ്രിൽ മെയ്‌ മാസങ്ങളിൽ ദാഹിച്ചു വരളുന്ന ഗ്രാമത്തിന്‌ കുടിനീരും കുളിനീരുമായിത്തീരുന്ന അണക്കെട്ട്‌. അതിലേക്കിറങ്ങുന്ന ഒതുക്കുകല്ലുകൾ. ഒരു സായന്തനത്തിൽ, കുളിക്കുന്നതിനിടെ ആറു വയസുകാരിയുടെ സോപ്പു പതപ്പിക്കലിലുള്ള കമ്പത്തിനിടയിലൊരു കാൽവഴുതിവീഴൽ…. പെറ്റവയറിന്റെ അന്ധവാത്സല്യം മകളെ വിഴുങ്ങുവാൻ വാപിളർത്തിയ കയത്തിൽ നിന്നുമുയർത്തി അവളെ കൽപ്പടവിലെത്തിച്ചു. പിന്നെ, നീന്തലറിയാത അമ്മ മകൾ നോക്കിനില്‌ക്കെ മുങ്ങിപ്പൊങ്ങി ഒടുവിൽ നിലയില്ലാക്കയത്തിലേക്കു താണു താണു പോയി. കുഞ്ഞുടുപ്പും ധരിച്ച്‌ നനഞ്ഞു കുതിർന്നു നിന്ന ആറുവയസ്സുകാരിയുടെ കരച്ചിലിൽ ആദ്യം കൂടെക്കരഞ്ഞത്‌ അക്കരെ നിന്നും അദൃശ്യയായ മറ്റൊരു പെൺകുഞ്ഞായിരുന്നു. അതുകേട്ടു ഭയപ്പെട്ട്‌ വീണ്ടും അവൾ ഉറക്കെ കരഞ്ഞു. അക്കരെ നിന്ന പെൺകുഞ്ഞും ഉറക്കെ കരഞ്ഞു. അതു മാറ്റൊലിയായിരുന്നുവെന്ന്‌ എന്നാണറിഞ്ഞതെന്ന്‌ അവൾ കൃത്യമായി ഓർക്കുന്നില്ല. പിന്നെ ആരൊക്കെയോ ഓടിവന്നു. അന്നു രാത്രി അവളുടെ ‘മുത്ത്‌’ ഉറങ്ങിയത്‌ അണക്കെട്ടിലെ ആഴങ്ങളിലെ കൊടും തണുപ്പിലായിരുന്നു – ഒത്തിരി സ്‌നേഹം തോന്നുമ്പോൾ അവൾ അമ്മയെ ‘മുത്ത്‌’ എന്നാണു വിളിച്ചിരുന്നത്‌. അന്ന്‌ ആ ചിപ്പിയ്‌ക്കുള്ളിൽ ഒരു മുത്തും ഉണ്ടായിരുന്നു. അമ്മ അഞ്ചുമാസം ഗർഭിണിയായിരുന്നു……

പിറ്റേന്ന്‌, അതുവരെ അപ്പന്റേതും അവളുടേതും മാത്രമായിരുന്ന അമ്മ, നാട്ടുകാരുടേതും ആമ്പുലൻസുകാരുടേതും പോലീസുകാരുടേതും ആശുപത്രിക്കാരുടേതുമായി. ആശുപത്രിയില വൈദ്യവിദ്യാർത്ഥികൾക്കു പഠിക്കുന്നതിനുവേണ്ടി അവർ ചിപ്പിപിളർത്തിയിരിക്കും. എന്നിട്ടവർ ചിപ്പിക്കുള്ളിലെ മുത്തിനകത്തെ പൊൻ മുത്തെടുത്ത്‌ തീർച്ചയായും ഒരു ഗ്ലാസ്‌ ട്യൂബിലിട്ടു സൂക്ഷിച്ചിട്ടുണ്ടാവണമെന്നും ഇന്നുണ്ടായിരുന്നുവെങ്കിൽ അവളെ കുഞ്ഞ്ച്ചി എന്നു വിളിക്കുമായിരുന്ന ഒരു കുഞ്ഞനുജൻ, ഒരിക്കലും തുറക്കാത്ത കുഞ്ഞുകണ്ണുകളുമായി ഒരു ഉരുണ്ട ചില്ലുകല്ലറയ്‌ക്കുള്ളിൽ അവനെ ഉരുക്കാത്ത ഇളംമഞ്ഞ ലായിനിയിൽക്കിടന്ന്‌ മുന്നിൽ വരുന്നവരോട്‌ തൊഴുകൈയോടെ എന്തൊക്കെയൊ യാചിച്ച്‌ കുനിക്കൂടിക്കിടക്കുന്നുണ്ടാവും – താൻ കാരണം – എന്നും അവൾ വിശ്വസിച്ചിരുന്നു.

ആശുപത്രിയിൽ നിന്നും വീട്ടിൽ വന്ന്‌ വീട്ടുകാർക്കും നാട്ടുകാർക്കും വേണ്ടി പന്തലിനുള്ളിൽ അനഘയുടെ അമ്മ ഇത്തിരി നേരം കിടന്നു. പിന്നെ, പള്ളിക്കാരുടേതും, ഒടുവിൽ സിമിത്തേരിയുടെ മൗനത്തിന്റേയും സ്വന്തമായി.

അവളുടെ ചിരിയുടെ പേശികൾ അന്നു വലിഞ്ഞു മുറുകിയതാണ്‌. പിന്നെ അത്യപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രമേ ആ പേശികൾ ചലിച്ചിരുന്നുള്ളു. മൃദുലവികാരങ്ങളും പ്രണയവും സമുദ്രാന്തർഭാഗത്തെ അടിയൊഴുക്കുകൾ പോലെ അവളിൽത്തന്നെ ജനിച്ചു പ്രവഹിച്ചു നിലച്ചു.

അവളെ രണ്ടുപ്രാവശ്യം ജനിപ്പിച്ച അമ്മ അവളുടെ പ്രാർത്ഥനകളിലെന്നും വന്നു നിറഞ്ഞു. ആ വേളകളിൽ കുഞ്ഞേച്ചിയെന്നു വിളിച്ച്‌ ഒരു കുഞ്ഞനുജൻ കൂടെ വന്നിരുന്ന്‌ അവളെ കരയിപ്പിച്ചു. അവർ ചിലപ്പോൾ പുഞ്ചിരിയോടെ അവളുടെ സ്വപ്‌നങ്ങളിലും വന്നിരുന്നു.

ഈ വലിയ ഭൂമിയിലെ മഹാവിജനതകളിൽ നിന്നും ഒരു വലിയ ശൂന്യത വന്ന്‌ അവളേയും പിതാവിനേയും പൊതിഞ്ഞു. ഇടയ്‌ക്ക്‌, വാത്സല്യവതികളായ അമ്മായിമാർ വന്ന്‌ അവളെയും അവരുടെ സഹോദരനേയും സ്‌നേഹത്തിന്റെ വിലയറിയിച്ചു കടന്നുപോയി. പലപ്പോഴും നാട്ടുകാർ വീട്ടിൽ വന്നും വഴിയിൽ വച്ചും ആ പിതാവിനേയും മകളേയും സ്‌നേഹപൂർവ്വവും വാത്സല്യപൂർവ്വവും എതിരേറ്റു. അവരുടെ ആവശ്യങ്ങളിൽ അവർ സഹായികളായി. സ്‌നേഹത്തിന്റെ തിരുശേഷിപ്പായ ആ കുടുംബം ഗ്രാമത്തിന്റെ സ്വകാര്യനൊമ്പരമായിരുന്നു. അവരുടെ കുഞ്ഞുങ്ങളെ അക്ഷരം പഠിപ്പിക്കുന്നയാളായും ഗ്രാമത്തിനു വഴികാട്ടിയായും എല്ലാവരാലും ആദരിക്കപ്പെടുന്ന ഒരു മനുഷ്യസ്‌നേഹിയായും അയാൾ ജോൺസാർ എന്ന പേരിൽ ഗ്രാമത്തിൽ നിറഞ്ഞിരുന്നു.

ഇപ്പോൾ മകൾക്കു വേണ്ടിമാത്രം ജീവിക്കുന്ന ആ മനുഷ്യൻ അവരാൽ ഒന്നുകൂടി സ്‌നേഹിക്കപ്പെട്ടു. ചില സാഹചര്യങ്ങളിൽ ആ ഗ്രാമം അദ്ദേഹത്തിന്റെ പേരുകൊണ്ടും അറിയപ്പെട്ടുപോന്നു. ഗ്രാമവാസികൾ അദ്ദേഹത്തെപ്പറ്റി ഓർത്തപ്പോഴെല്ലാം, സദാ കണ്ണട ധരിച്ച, ഇരുനിറത്തിൽ നീണ്ടുമെലിഞ്ഞ ഒരു ജുബ്ബാധാരിയുടെ ചിത്രം അവരുടെ മനസ്സിൽ തെളിഞ്ഞു. ഗ്രാമസൗമ്യതയെ മുറിവേൽപ്പിക്കാതെ നടക്കുന്ന ആ പാവം മനുഷ്യൻ ശീലക്കുടയും കുത്തി നേരെ നോക്കി നടന്നു പോവുന്നു. ഒപ്പം അമ്മ നഷ്‌ടപ്പെട്ട മകളും. ഗൃഹസ്‌ഥനായിരുന്നില്ലെങ്കിൽ ഒരു പുരോഹിതനോ പുണ്യവാളനോ ആയിത്തീരുമായിരുന്നു അദ്ദേഹമെന്നും അവർ വിശ്വസിച്ചിരുന്നു.

അമ്മ നഷ്‌ടപ്പെട്ട പെൺകുഞ്ഞ്‌ അമ്മായിമാരുടെ ഓമനയായിരുന്നു. അവരുടെ സ്‌നേഹത്തിനു വഴങ്ങി അനഘയ്‌ക്ക്‌ പലപ്പോഴും അവരോടൊപ്പം അവരുടെ വീടുകളിലേയ്‌ക്കുപോകേണ്ടിവന്നിരുന്നു. അവിടങ്ങളിൽ പോയാലും അവൾ ഏറെത്താമസിയാതെ അപ്പനെത്തേടി മടങ്ങിവരികയും ചെയ്‌തു. മിക്കവാറും സമയങ്ങളിൽ അവരെ ഒന്നിച്ചല്ലാതെ നാട്ടുകാർ അധികമൊന്നും കണ്ടിട്ടില്ല!

മുത്തൊഴിഞ്ഞ ചിപ്പിപോലെയായിത്തീർന്ന പിതാവിന്റെ ചിരികളിലും കരിന്തിരി പടർന്നു. അയാൾ മകൾക്കു വേണ്ടിമാത്രം ജീവിച്ചു. അതിരാവിലെ ഉണർന്നു. അവൾക്കും അയാൾക്കും വേണ്ടി പാചകം ചെയ്‌തു. കുഞ്ഞായിരുന്ന അവളെ കുളിപ്പിച്ചൊരുക്കി പള്ളിക്കൂടത്തിലേയ്‌ക്കു കൂടെ കൂട്ടി.

ആദ്യമാദ്യം പിതാവു മാത്രവും, പിന്നീട്‌ മകൾക്ക്‌ അറിവു വന്നപ്പോൾ അവളും ചേർന്ന്‌ വീട്ടിലേ പണികൾ തീർത്തു. അധികം ചിരികളികളില്ലാതെ ജീവന്റെ നാൾവഴികളിലൂടെ നിശ്ശബ്‌ദരായി അവർ നടന്നു. അയാൾക്ക്‌ ആരോടും ഒരു പരാതിയുമുണ്ടായിരുന്നില്ല. ആരെയും കുറ്റം വിധിച്ചിരുന്നില്ല. തന്റെ വിധിയുമായി നിശ്ശബ്‌ദം പൊരുത്തപ്പെട്ടു. ഭക്ഷണത്തിന്‌ ഉപ്പുണ്ടോ പുളിയുണ്ടോ മധുരമുണ്ടോ എന്നൊന്നും നോക്കിയില്ല. മുന്നിൽ വന്നതു ഭക്ഷിച്ചു. കിട്ടിയതുടത്തു. പക്ഷെ അതെപ്പോഴും മുണ്ടും ജുബ്ബയും മാത്രമായിരുന്നു. ഇപ്പോൾ അവളാണ്‌ അവ കഴുകി ഇസ്‌തിരിയിട്ടുകൊടുക്കുന്നത്‌. അയാൾ അവൾക്കുള്ള കുപ്പായങ്ങൾ വാങ്ങും. അവളുടെ ക്ഷേമങ്ങളിൽ പിതാവും പിതാവിന്റെ ക്ഷേമങ്ങളിൽ അവളും അതീവതൽപ്പരരായി. അവർ പരസ്‌പരം അവരുടെ ജീവിതത്തിലെ അനിവാര്യതകളായി.

സെവൻഹിൽസ്‌ ഡാമിലെ ജലോപരിതലത്തിൽ ആകാശം മങ്ങിത്തുടങ്ങുന്നതു കണ്ടപ്പോൾ പിതാവു മകളെ വിളിച്ചു. “മകളേ, നേരം വൈകുന്നു.”

അവൾ പിതാവിനെ അനുസരിച്ചു. കന്യാകാമാതാവിനോടും മകനോടും അവൾ യാത്ര പറഞ്ഞു. അണക്കെട്ടിൽനിന്നും തണുത്തകാറ്റ്‌ അനവരതം കുളിച്ചു കയറി വന്ന്‌ യൂക്കാലിപ്‌സുമരങ്ങളേയും അവരേയും തഴുകി കടന്നു പൊയ്‌ക്കൊണ്ടിരുന്നു.

നടന്നുനടന്ന്‌ അവർ സ്‌മാരകശിലയ്‌ക്കരികിലെത്തി. കാലമേൽപ്പിച്ച പരിക്കുകളോടെ പന്ത്രണ്ടുപേരുടെ പേരുകൾ സ്‌മാരകശിലയിൽ പൂപ്പൽ പിടിച്ചു കിടന്നിരുന്നു.

ശില ഇപ്രകാരം പറഞ്ഞു.

ഈ ഡാമിന്റെ നിർമ്മാണത്തിൽ ഞങ്ങളും പങ്കെടുത്തിരുന്നു. നിർമ്മാണം പൂർത്തിയാക്കി മടങ്ങിപ്പോയവരുടെ കൂടെ ഞങ്ങളില്ലായിരുന്നു…. കുഞ്ഞിമുഹമ്മദ്‌, ദേവസ്സിക്കുട്ടി, പാച്ചുപിള്ള…. പന്ത്രണ്ടു പേരുകൾക്കൊടുവിലായി അസിസ്‌റ്റന്റ്‌ എൻജിനീയർ ഗോൺസാൽവസ്‌…. ബ്രിട്ടീഷുകാരുടെ കാലത്തു പണിത മേസൺറി ഡാമിൽ അവരിൽ ഒരാളുടെ ജീവബലി…

ഈ പേരുകൾ രാത്രിയാത്രക്കാരെ ഭയപ്പെടുത്തിയപ്പോൾ ഒരു ധൈര്യത്തിനായി ആരോ അവിടെ കന്യകാമാതാവിനെയും മകനെയും കൊണ്ടുവന്നു വച്ചു. പക്ഷെ, മരിച്ചവരിൽ അണക്കെട്ടിന്റെ ആഴങ്ങളിൽ നിന്നും അവരുടെ പൊലിഞ്ഞ കിനാവുകളുമായി ഒരുനാളും ഉയിർത്തുവന്നതുമില്ല ആരെയും ഭയപ്പെടുത്തിയതുമില്ല. എന്നാലും അസമയങ്ങളിൽ ആളുകൾ വെറുതെ ഭയപ്പെട്ടിരുന്നു. ഒരു വേള അനഘയുടെ അമ്മയേയും…. മരിക്കുമ്പോൾ അവൾ ഗർഭിണിയായിരുന്നുവല്ലോ?

പിതാവും മകളും വീണ്ടും നടന്നു. അവൾ സ്‌മാകരകശിലയോടും അമ്മയോടും അണക്കെട്ടിനോടും യാത്ര പറഞ്ഞു.

അനന്തരം അവൾ തിരുഹൃദയപ്പള്ളിയിൽക്കയറി. അവിടെ, ഒരമ്മയുടെ നിത്യദുഃഖം മൂന്നാണികളിൽ, ഭൂസ്വർഗ്ഗങ്ങൾക്കിടയിൽ, ഗ്രാമദുഃഖങ്ങളിലേയ്‌ക്കു കാരുണ്യം തൂവി തൂങ്ങിക്കിടന്നിരുന്നു. നിണം വാർന്നൊഴുകിയ ആ ദുഃഖപുത്രനെകാണുമ്പോഴൊക്കെ അവൾ കുരിശിന്റെ വഴിയിലെ ഒരു വരി ഓർത്തു. “പുൽക്കുടുതൊട്ടങ്ങേ പുൽകുന്ന ദാരിദ്ര്യം കുരിശോടെ കൂട്ടായി വന്നു…..” ഒരിക്കലും അവൻ സുഖമറിഞ്ഞില്ല. മീൻപിടുത്തക്കാരോടൊപ്പവും കാലിമേയ്‌ക്കലുകാരോടൊപ്പവും പാപികളോടൊപ്പവും സഹവാസിക്കുകയും അവരുടെ ദാരിദ്ര്യങ്ങളിൽ മനമലിഞ്ഞ്‌ അവരോടാപ്പം ഉണ്ടുറങ്ങുകയും ചെയ്‌ത്‌ സുഖങ്ങളെന്തെന്നറിയാതെ ഒരു ദൈവം മണ്ണിലെ മനുഷ്യരോടൊപ്പം ജീവിച്ചുമരിച്ചു. ഡാമിനരികിലെ കപ്പേളയിലെ സുമുഖനായ ആ കുഞ്ഞുണ്ണിയാണ്‌ വലുതായപ്പോൾ ഇപ്രകാരമായതെന്നോർത്തപ്പോഴൊക്കെ അവർ അതീവഖിന്നയായി. അവനോടു യാത്രപറയുമ്പോൾ അവൾ വല്ലാതെ ഉലഞ്ഞു. കണ്ണുകൾ നിറഞ്ഞു. വേദനയിറ്റുന്ന കണ്ണുകളോടെ അവൻ തന്നെ നോക്കുന്നതായി അവൾക്കു തോന്നി. എങ്കിലും വേർപാടിന്റെ അനിവാര്യതയിൽ കുഞ്ഞുനാൾ മുതൽ അവൾക്കേറെ പ്രിയങ്കരനായിരുന്ന അവനോടും അവൾ യാത്ര പറഞ്ഞു. ‘നാളെ വെളുപ്പിന്‌ ഞാൻ ഇതുവഴി കടന്നു പോകും…..’

ഒടുവിൽ, അവർ വീട്ടിലെത്തി. പ്രകാശങ്ങൾ തെളിച്ചു. അടുക്കളപ്പണികളൊതുക്കി. പ്രാർത്ഥിച്ചു. ആഹാരം വിളമ്പുന്നേരം, നാളെ മുതൽ ഈ ജോലികളെല്ലാം അപ്പായി ഒറ്റയ്‌ക്കു ചെയ്യേണ്ടി വരുമെന്ന ഓർമ്മയിൽ അവളുടെ കണ്ണുകൾ നിറഞ്ഞുതൂവി. അപ്പായി ഒറ്റയ്‌ക്ക്‌…. പക്ഷെ ആ കണ്ണുനീർ അവൾ പിതാവിനെ കാണിച്ചില്ല. കണ്ടാൽ‘ അപ്പായി ചിരിയോടെ പറയും. ’മണ്ടീ കരയുകയോണാ? ശാകുന്തളം പഠിച്ചിട്ടില്ലേ നീയ്‌? കന്യക പരസ്വമാണെന്നു കണ്വമഹർഷി പറഞ്ഞത്‌ ഓർക്കുന്നില്ലേ നീയ്‌.‘

രുചികെട്ട ഒരു അത്താഴത്തിനുശേഷം കൊണ്ടുപോകാനുള്ള സാധനങ്ങൾ എല്ലാം ഉണ്ടെന്ന്‌ ഒരിക്കൽക്കൂടി ഉറപ്പുവരുത്തി. പിതാവിനു കിടക്ക വിരിച്ചു കൊടുത്തു. അപ്പോഴൊക്കെ അവൾക്കു തിരിച്ചറിയാനാവാത്ത ഒരു വ്യസനത്തിൽ അവൾ തളർന്നു. ഒടുവിൽ പണികളെല്ലാമൊതുക്കി സ്വന്തം കിടക്കയിൽ കിടക്കുമ്പോൾ അവൾ മനസ്സിൽ കൂടെക്കൊണ്ടുപോവുന്ന ഗ്രാമചിത്രങ്ങളുടെ പുസ്‌തകം ഒന്നുകൂടി തുറന്നു.

ഗ്രാമഭാഷാപാഠാവലി. പ്രഭാതങ്ങളെ തുയിലുണർത്തുന്ന പൂങ്കോഴികൾ, പക്ഷികൾ, ഡാമിൽനിന്നും കുളിച്ചുകയറി വരുന്ന കാറ്റ്‌…

ഗ്രാമഭൂമിശാസ്‌ത്രപുസ്‌തകം. ആദ്യമായി സെവൻഹിൽസ്‌ ഡാം, കപ്പേള, സ്‌മാരകശില, മലകൾ, യൂക്കാലിപ്‌സുമരങ്ങൾ…..

ഗ്രാമജീവശാസ്‌ത്രപുസ്‌തകം. വീട്ടിലെ കറുമ്പിക്കോഴിയിട്ട മുട്ടയുടെ ചൂട്‌…. കുമാരച്ചോവന്റെ വീട്ടിൽ അപ്പോൾ പ്രസവിച്ച കുഞ്ഞാടിന്റെ ശരീരത്തിലെ വഴുവഴുപ്പു നക്കുന്ന അമ്മിണിയെന്ന തള്ളയാട്‌. അതിന്റെ ജനനേന്ദ്രിയത്തിൽ നിന്നും തൂങ്ങിക്കിടക്കുന്ന വഴുവഴുപ്പിലെ ചുവപ്പ്‌….. അങ്ങിനെയങ്ങിനെ…. പുസ്‌തകങ്ങൾ മുഴുവൻ തുറക്കുന്നതിനു മുൻപു തന്നെ അവൾക്കുമുന്നിൽ ഗ്രാമക്കാഴ്‌ചകൾ മങ്ങിത്തുടങ്ങുകയും ഇരുളിന്റെ ഒരു വെളിമ്പറമ്പിൽ അവൾ ഏകയായിത്തിരുകയും ചെയ്‌തു. മെല്ലെ മെല്ലെ അവൾ നിശ്ശബ്‌ദതയുടെ ഒരു കൂരിരുൾതാഴ്‌വരയിലേക്കു മിഴിതുറന്നു.

വിഹ്വലയായി ഇരുളിലേയ്‌ക്കു തുറിച്ചുനോക്കിക്കിടന്ന അവളുടെ കാഴ്‌ചകളുടെ പരിധിയിലേയ്‌ക്ക്‌ ഒരാൾ ചുടുകട്ടയുടെ വലുപ്പമുള്ള. സ്വയം പ്രകാശിക്കുന്ന ഒരു വെൺകല്ലിന്റെ കട്ടയുമായി നിശ്ശബ്‌ദം കടന്നുവന്നു. അയാളുടെ കൈകളും ശരീരത്തിന്റെ മുൻഭാഗവും ആ വെൺകട്ടയുടെ പ്രകാശത്തിൽ തിളങ്ങിയിരുന്നു. പക്ഷെ മുഖം തിരിച്ചറിയാനാവാത്ത അയാളുടെ ശരീരഭാഷ അവൾക്കു പരിചയമുള്ള ആരുടേതോ ആയിരുന്നു. എത്ര ശ്രമിച്ചിട്ടും ആ മുഖം ഓർമ്മിച്ചെടുക്കാൻ അവൾക്കായില്ല.

അയാൾ കൊണ്ടുവന്ന വെൺകല്ല്‌ ഇരുളാണ്ടു കിടന്ന ഒരു കെട്ടിടത്തിന്റെ അസ്‌ഥിവാരത്തിനു മുകളിലെ ഒരു മൂലക്കല്ലായിവച്ചു. വീണ്ടും അടുത്ത കല്ലെടുക്കുന്നതിനായി മടങ്ങിപ്പോയി. വലിയ സമയദൈർഘ്യമില്ലാത്ത കൃത്യമായ ഇടവേളകളിൽ ഏതോ വിജനതകളിലെ ഇരുളിൽ നിന്നും അയാൾ സ്വയം പ്രകാശിതമായ വെൺകല്ലുകൾ കൊണ്ടുവന്ന്‌ അസ്‌ഥിവാരത്തിനു മുകളിലായി വച്ചുകൊണ്ടിരുന്നു. ഒറ്റയ്‌ക്കായിരുന്നുവെങ്കിലും അയാൾ ഉൽസാഹിയായി ആ ജോലി തുടരുകയാണ്‌. സാന്ദ്രമൗനം തളം കെട്ടിക്കിടന്ന ആ ഭൂഖണ്ഡത്തിൽ വസ്‌തുക്കളെല്ലാം ഒഴുകിനടക്കുകയാണെന്ന്‌ അവൾ അതിശയത്തോടെ തിരിച്ചറിഞ്ഞു.

ഒന്നിനുമുകളിൽ ഒന്നായി വശങ്ങളിലേക്കും മുകളിലേയ്‌ക്കും അയാൾ വളർത്തിക്കൊണ്ടു വന്ന ആ ചന്ദ്രശിലാപാളികളിൽ നിന്നും പ്രകാശം വശങ്ങളിലേയ്‌ക്കു വഴിഞ്ഞൊഴുകി.

അവളെ വീണ്ടും അൽഭുതപ്പെടുത്തിക്കൊണ്ട്‌ ആ പ്രകാശത്തിൽ അവൾ തിരുഹൃദയപ്പള്ളിയിലെ കുരിശുരൂപം കണ്ടു. കുരിശിൽ ഒരു രക്തകാവ്യമായി പറ്റിച്ചേർന്നു കിടന്നിരുന്ന ക്രിസ്‌തുവിനെക്കണ്ടു. അമൂല്യമായൊരു നിധി തിരികെകിട്ടിയ ആഹ്‌ളാദത്തിൽ അവളുടെ കണ്ണുകൾ നിറഞ്ഞു. പക്ഷെ എഴുന്നേൽക്കാനാവാത്ത ശരീരഭാരത്തോടെ കിടന്നുപോയ അവളുടെ യാചനാഭരിതമായ കണ്ണുകൾക്കുമുന്നിൽ ക്രിസ്‌തു ആർദ്രമനസ്‌കനായി. പിന്നെ, അവളോടു കരുണകൊണ്ടവനായി ആണികളിൽനിന്നും സാവധാനം ആദ്യം കൈകളും പിന്നെ കാലുകളും ഊരിയെടുത്ത്‌ കാറ്റിലൊഴുകിവരുന്ന ഒരു പൂവുപോലെ അവൻ അവൾക്കരികിലെത്തി. കുരിശിൽ കിടന്നിരുന്നതുപോലെതന്നെ അർദ്ധനഗ്നനായിരുന്നു അവൻ. അപ്പോഴും അവൻ കൊടുംവേദനയുടെ മുൾക്കിരീടമണിഞ്ഞിരുന്നു. പിന്നെ, ഒരു പ്രേമഭിക്ഷുവിനെപ്പോലെ, ഒരു ദൈവത്തിനിണങ്ങുന്ന വിശുദ്ധിയോടെ അവളുടെ കട്ടിലിനരികിൽ മുട്ടിന്മേൽ നിന്നു.

അവൾ ഒരേസമയം സംഭ്രമപരവശയും പ്രേമപരവശയുമായി. അവൾക്കുള്ളിൽനിന്നും ചെറുതുംവലുതുമായ പതിനായിരക്കണക്കിനു നദികൾ ഉറവെടുത്തു. അവ അവളിൽനിന്നും ബാഹ്യലോകത്തേക്കു തുറക്കുന്ന തുറവുകളിൽ വിയർപ്പും മദജലവുമായി പരിണമിച്ചു. പ്രപഞ്ചത്തിലെ പ്രാണവായു തികയാത്തതുപോലെ അവൾ കിതച്ചുപരവശയായി. അവന്റെ ഉച്ഛ്വാസം അവളെ പൊള്ളിച്ചു. അവന്റെ ചുണ്ടുകളും അവളുടെ ചുണ്ടുകളും അടുക്കുവാൻ താമസിക്കുന്ന സുഖമുള്ള വേദനയിൽ അവളുടെ അസ്‌ഥികൾ തരളമാവുകയും കണ്ണുകൾ കൂമ്പിയടഞ്ഞുപോവുകയും ചെയ്‌തു…..

പക്ഷെ, അടഞ്ഞ കണ്ണുകൾക്കു മുന്നിൽ ത്രസിച്ചുനിന്നിരുന്ന ആ ചുംബനം ഏറെ വൈകിയിട്ടും കിട്ടാതായപ്പോൾ കഠിന വേദനയോടെ അവൾ കണ്ണുതുറന്നു. അപ്പോൾ, അവൾക്കു നൽകാൻ മടിച്ച ചുംബനവുമായി അവൻ ഒഴുകിയകലുകയായിരുന്നു. പരവശയും ചകിതയുമായിത്തീർന്ന അവൾ കട്ടിലിൽനിന്നും തളർന്നുകുഴഞ്ഞെഴുന്നേറ്റ്‌ അവനരികിൽ ഓടിയെത്തുവാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവൾ അടുത്തെത്തിയപ്പോഴേയ്‌ക്കും അവൻ കുരിശിൽ സ്വയം പതിഞ്ഞുകഴിഞ്ഞിരുന്നു. പക്ഷെ കുരിശിനു ചുവിട്ടിൽ നിന്നും പ്രാണവേദനയൊടെ അവനെ നോക്കിയ അവൾ ഞെട്ടിപ്പോയി.

ഇപ്പോൾ അവൻ മുണ്ടും ജുബ്ബയും ധരിച്ചിരിക്കുന്നു…..

വേദനയിൽ കുതിർന്ന അവളുടെ വിളിയിൽ കരുണകൊണ്ട്‌ അവൻ അലിവോടെ താഴേയ്‌ക്കുനോക്കി. ഇപ്പോൾ അവൾ വീണ്ടും നടുങ്ങി. മുൾക്കിരീടം ധരിച്ച അവൻ അവളുടെ പിതാവിന്റെ കണ്ണട ധരിച്ചിരിക്കുന്നു…. നെറ്റിയിൽ നിന്നും വാർന്നൊഴുകിയ രക്തം കണ്ണടച്ചില്ലിലൂടെ ചാലിട്ടൊഴുകുന്നു. അവൾ നോക്കിനിൽക്കേ അവന്റെ തിരുമുറിവുകളെല്ലാം സജീവമാവുകയും അവയിൽ നിന്നും രക്തം വാർന്ന്‌ അവളുടെ മുഖത്തു പതിക്കുകയും ചെയ്‌തു. വേദനാഭരിതനായ അവന്റെ വേദന കണ്ടുനിൽക്കാനാവാതെ അവൾ വാവിട്ടു കരഞ്ഞു. പക്ഷെ ശബ്‌ദമില്ലായ്‌മയുടെ താഴ്‌വരയിലെവിടെയോ ആ കരച്ചിൽ അനാഥമായി.

എന്നാലും അവൾ ഉള്ളുലഞ്ഞു മുഖം പൊത്തിക്കരഞ്ഞു. വ്യാകുലതയുടെ എത്ര നിമിഷങ്ങൾ അവളെ കടന്നുപോയി എന്നവൾ അറിഞ്ഞില്ല.

എപ്പോഴോ ഒരു മൃദുപാണി അവളെ സ്‌പർശിച്ചു. അതവളെ സാവധാനം മാറോടു ചേർത്ത്‌ ആശ്വസിപ്പിച്ചു. വർദ്ധിച്ച ഏങ്ങലടികൾക്കിടയിലും അവൾ അയാളെ തിരിച്ചറിഞ്ഞു. അവളുടെ തവിട്ടുനിറത്തേക്കാളും അവളുടെ ചിരിയുടെ അഴകിനെ പ്രണയിച്ചവനായിരുന്നു അവൻ. ചാന്ദ്രശിലകൾകൊണ്ടു വീടു പണിതുകൊണ്ടിരുന്നത്‌ അവനായിരുന്നു എന്ന്‌ അവൾ തിരിച്ചറിഞ്ഞു. നാളെ കഴിഞ്ഞ്‌ അവളെ താലികെട്ടാനുള്ളവൻ! സ്വപ്‌നങ്ങൾക്കു വിട നല്‌കി അവളെ ഉണർവ്വിന്റെ ലോകത്തിലേക്കു കൊണ്ടുവന്നു.

Generated from archived content: story_competition17_sep30_10.html Author: thomas_p_kodiyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here