നമ്മുടേതല്ലാതായിക്കൊണ്ടിരിക്കുന്ന നമ്മുടെ ഇടങ്ങള്‍

‘ വന്നുപിറക്കാനിടമെവിടെ മകനെ നിനക്ക് അന്യന്‍ വെട്ടിപ്പിടിച്ചു കഴിഞ്ഞൊരി ഭൂമിയില്‍…’

തന്റെ കവിതയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇപ്രകാരം ആകുലപ്പെടുന്നുണ്ട്.

പരിസരങ്ങളിലേക്കൊന്നു കണ്ണോടിക്കുക. ഞാനെന്നും എന്റേതെന്നു കരുതുന്ന വീടുവിട്ടിറങ്ങുന്നത് – അതും പല കാരണങ്ങളാലും അതും നമ്മുടെതല്ല ! ഒരു നാള്‍ അതിനേയും നമുക്കു പിറകിലുപേക്ഷിക്കേണ്ടി വരും) സര്‍ക്കാര്‍വക റോഡീലേക്ക്. സര്‍ക്കാര്‍വക റോഡില്‍ സര്‍ക്കാരിന്റേയും സ്വകാര്യവ്യക്തികളുടേതുമായ വാഹനങ്ങള്‍ വഴിയരികിലെ സര്‍വ്വ കാഴ്ചകളും അന്യരുടേത്. അന്യരുടേതായ ഈയിടങ്ങളിലേക്ക് പിറന്നു വീഴുന്ന സാധാരണക്കാരനായ ഒരുവന്റെ മകന് ഇന്‍ഡ്യയുടേയും കേരളത്തിന്റെയും ഇന്നത്തെ സാഹചര്യങ്ങളില്‍ അസമത്വത്തിന്റെയും അവഗണനയുടേയും നിരാസത്തിന്റേയും എത്രയെത്ര ജീവിത വ്യാപാരമേഖലകളെയാണ്, കാഴ്ചകളെയാണ് അഭിമുഖീകരിക്കുന്നത്.

ഒന്നാം കാഴ്ച

കേരളത്തിലെ പ്രശസ്ത പക്ഷിസങ്കേതമായ തട്ടേക്കാടിനടുത്ത് പുന്നേക്കാട് എന്നൊരു സ്ഥലമുണ്ട്. ഒരിക്കല്‍ അവിടെ പോകാനിടവന്നു . കാഴ്ചകള്‍ കണ്ടു നടന്ന കൂട്ടത്തില്‍ സ്ഥലത്തെ ഒരു ക്രിസ്ത്യന്‍ പള്ളി നടത്തുന്ന ഒരൂ മീന്‍ വളര്‍ത്തുകേന്ദ്രവും സന്ദര്‍ശിച്ചു.

അവിടുത്തെ പരിസരങ്ങളേയും ആവാസവ്യവസ്ഥകളേയും പരിചയപ്പെടുത്തുവാന്‍ കൂടെ വന്നയാള്‍ ജലോപരിതലത്തില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന വിവിധയിനം മത്സ്യങ്ങളെ പരിചയപ്പെടുത്തി. ‘’ അതു ഗോള്‍ഡ് ഫിഷ് അത് റോഹു മറ്റേതു കട്ല ഇതൊക്കെ കിലോക്കണക്കിനു വലുതാകും പക്ഷെ ഇവയുടെ കുഞ്ഞുങ്ങളെ കൊണ്ടുവന്ന് കുളത്തില്‍ ഇടുമ്പോള്‍ കാട്ടുമത്സ്യങ്ങള്‍ അവയില്‍ മിക്കതിനേയും തിന്നുകളയും ‘’ പലതരം മത്സ്യങ്ങളുടെ അനേകം പേരുകള്‍ പരിചയമുള്ള ഞാന്‍ അത്ഭുതം മറച്ചു വയ്ക്കാതെ ചോദിച്ചു.

‘’ ഏതാണീ കാട്ടുമത്സ്യങ്ങള്‍?’‘

ഇപ്പോള്‍ കാണിച്ചു തരാമെന്നു പറഞ്ഞ് ജലോപരിതലത്തില്‍ ദൃഷ്ടിയുറപ്പിച്ചു നിന്ന അയാളോടൊപ്പം ഞാനും കാത്തു നിന്നു. കാത്തുനിപ്പിനൊടുവില്‍ ഒരു പാവം മത്സ്യം കുഞ്ഞിത്താമരയിലകള്‍ക്കിടയിലൂടെ വന്നു ജലോപരിതലത്തിലൊരു കുമിള വിക്ഷേപിച്ചിട്ടു രക്ഷപ്പെടാനെന്ന വണ്ണം തല്‍ക്ഷണംതന്നെ മറഞ്ഞുപോയി. അത്യാവേശത്തോടെ അയാള്‍ പറഞ്ഞു ‘’ അതു തന്നെയാണു കാ‍ട്ടുമത്സ്യം’‘

ആ മത്സ്യത്തെപ്പറ്റി എനിക്കു കടുത്ത വ്യസനം തോന്നി.

‘’ കാട്ടുമത്സ്യങ്ങളെ നിങ്ങളെന്തു ചെയ്യും?’‘

‘’ ചൂണ്ടയിട്ടും മറ്റും പിടിച്ചു കൊന്നുകളയും’‘

അപ്പോഴെനിക്കു സത്യമായും സങ്കടം വന്നു . തിന്നുകപോലുമല്ല, കൊന്നുകളയും! മത്സ്യ ബന്ധനത്തിന്റെ പലതരം രീതിശാസ്ത്രങ്ങള്‍ തലമുറകളായി കൈമാറി വന്ന ഞങ്ങളുടെ കുടുംബത്തിന് ഏറ്റവുമടുത്തു പരിചയമുള്ള , ഞങ്ങള്‍ക്കേറ്റവും പ്രിയമുള്ള ഒരു പേരിനുടയോനായിരുന്നു ആ മത്സ്യം. നിങ്ങളുമറിയും അവനെ. നമ്മുടെ അപ്പനപ്പൂപ്പന്മാര്‍ക്കുമറിയാമവനെ അവന്‍ നമ്മുടെ പ്രപിതാക്കള്‍ക്കും അവരുടെ പ്രപ്രിതാക്കള്‍ക്കും മുമ്പേ ഈ നാട്ടിലെ ചാലുകലിലും നീര്‍ച്ചാലുകളിലും പുഞ്ചപ്പാടങ്ങളിലും നീന്തിക്കളിച്ചു വളര്‍ന്നു വന്നവനാണ്. അവന്റെ ഇണയോടൊപ്പം കുഞ്ഞുങ്ങളോടൊപ്പം നമ്മോടൊപ്പം… അതു നമ്മുടെ വരാല്‍ മത്സ്യമായിരുന്നു ! നമ്മുടെ ആ പാവം വരാല്‍!

വിദേശികളും സുന്ദരികളും കൊഴുത്തവരും വന്നപ്പോള്‍ ഇവിടുത്തെയാ ആദി മത്സ്യവും അവന്റെ കുടുംബവും കാട്ടുമത്സ്യങ്ങളായി. അവര്‍ വേട്ടയാടപ്പെടേണ്ടവരും ഹിംസിക്കപ്പെടേണ്ടവരുമാ‍യി അക്രമികളില്‍ നിന്നും ജീവരക്ഷാര്‍ത്ഥം സ്വന്തം വീടുപേക്ഷിച്ചോടിപ്പോകുന്ന ഒരുവന്റെ പ്രാണപരാക്രമത്തോടെ ഒരു ജീവിവര്‍ഗ്ഗം അതു പിറന്നയിടത്തില്‍ അന്യവവല്‍ക്കരിക്കപ്പെട്ട് ജീവനു വേണ്ടി പരക്കം പായുന്ന ഒരു ദുരന്തക്കാഴ്ചക്കു ഞാന്‍ സാക്ഷിയാവുകയായിരുന്നു.

രണ്ടാം കാഴ്ച

എറണാകുളം നഗരത്തിലെ അതിപ്രശസ്തമായൊരു ആശുപത്രി. സമയം രാത്രി എട്ടുമണിയോള‍മായിട്ടുണ്ടാവും. ഒരു രോഗിയെ സന്ദര്‍ശിക്കാന്‍ ആ ആശുപത്രിയില്‍ ചെന്നപ്പോള്‍ വരാന്തയിലെ ഒരു കട്ടിലില്‍ പത്തുവയസോളം പ്രായമുള്ള ഒരു പെണ്‍കുട്ടി കിടക്കുന്നതു കണ്ടു. അരികിലായി മാതാപിതാക്കളും. അവളുടെ തലയില്‍ ഒരു മുറിവ് വട്ടം വച്ചു കെട്ടിയിരിക്കുന്നു.

അവരെക്കുറിച്ചു തിരക്കിയപ്പോള്‍ ആശുപത്രിയിലുണ്ടായിരുന്ന സുഹൃത്തു പറഞ്ഞു. പിതാവിന്റെ കാവിലിരുന്നു കുതിര കളിച്ചുകൊണ്ടിരിക്കെ ഓടി വന്ന മൂത്ത കുട്ടി അറിയാതെ വന്നിടിച്ചതാണ്. അപ്രതീക്ഷിതമായ ഇടിയില്‍ പിതാവിന്റെ കയ്യില്‍ നിന്നും അവള്‍ തെറിച്ചു വീണത് ഒരു കമ്പിയിലേക്ക്. കമ്പിയിലിടിച്ച് തിരുനെറ്റി ആഴത്തില്‍ മുറിഞ്ഞിരിക്കുന്നു. പത്തു സ്റ്റിച്ചെങ്കിലും വേണ്ടി വരും . ഇപ്പോള്‍ പ്രാഥമിക ചികിത്സ നല്‍കി ഇരുത്തിയിരിക്കുകയാണ്. തുടര്‍ന്ന് ഓപ്പറേഷന്‍ വേണം. ഓപ്പറേഷനുള്ള തുകക്കു വേണ്ടി പി‍താവ് ആരെയൊക്കെയോ ഫോണ്‍ ചെയ്യുന്നത് കണ്ടു കൊണ്ടാണ് ഞാന്‍ പോന്നത്.

പിറ്റേന്നു സുഹൃത്തു പറഞ്ഞു: ‘ ഓപ്പറേഷന് വേണ്ടി വരുന്ന ആറായിരം രൂപ കയ്യിലില്ലാത്തതുകൊണ്ട് രാവിലെ ആരോ കൊണ്ടു വന്നു കൊടുത്ത ആയിരത്തിയഞ്ഞൂറു രൂപ അവര്‍ പ്രാഥമികചികിത്സാച്ചിലവിനു കൊടുത്തു. പണമില്ലാതെ തുടര്‍ന്നും അവിടെ കിടന്നാല്‍ മാനേജുമെന്റില്‍ നിന്നും കാരുണ്യമൊന്നും പ്രതീക്ഷിക്കണ്ടെന്നും വരാന്തയിലെ ബെഡ്ഡാണങ്കില്‍ ‍ പോലും അതിനും മുന്നൂറു രൂപ വേണ്ടി വരുമെന്നും നേഴ്സുമാര്‍ സ്നേഹോപദേശം നല്‍കിയതുകൊണ്ട് മറ്റു യാതൊരു ശുശ്രൂഷയും ചെയ്യാനാവാതെ ആ കുടുംബം കുഞ്ഞിനേയും കൊണ്ട് കണ്ണീരോട് ഇവിടെ നിന്നറങ്ങിപ്പോയി ‘ എന്ന് .

ഈ സംഭവം മഞ്ഞുകട്ടയിലെ ചെറിയൊരു ഭാഗം മാത്രം. ഇതിലും ഗുരുതരമായ എത്രയോ മറ്റു സംഭവങ്ങള്‍ ഒരു പക്ഷെ വായനക്കാര്‍ക്കു പറയാനുണ്ടാവും.

ഔദാര്യമായി ഒന്നും ചെയ്യണമെന്നല്ല. എന്തെങ്കിലും ചെയ്യുവാന്‍ ആതുരശുശ്രൂഷയുടെ അധാര്‍മ്മിക മറക്കുള്ളിലിരിക്കുന്നവര്‍ക്കു യാതൊരു ബാധ്യതയുമില്ലേ? അങ്ങിനെയൊന്നും അവിടെ പഠിപ്പിക്കുന്നില്ലേ? ഒരു രോഗിയെ അഥവാ ഇരയെ കയ്യില്‍ കിട്ടിയാല്‍ അപ്പോള്‍ തന്നെ അതിനെ റാഞ്ചിയെടുത്ത് ഐ സി യുവിലോ‍ ഓപ്പറേഷന്‍ തീയേറ്ററിലോ ഇട്ട് മരുന്നുകളുടേയും ആവശ്യങ്ങളുടെയും നീണ്ട നീണ്ട ലിസ്റ്റുകള്‍ കൊണ്ട് കൂടെ വരുന്നവരെ കുത്തുപാളയെടുപ്പിച്ച് ചിലപ്പോള്‍ രോഗിയെ സുഖമാക്കി മടക്കിത്തരും. ചിലപ്പോള്‍ പിണമാക്കിയും ! രണ്ടായാലും ആശുപത്രിക്കു നഷ്ടമൊന്നുമില്ല. ചെന്നു പെട്ടിരിക്കുന്നതു മെഡിക്കല്‍ കോളേജിലാണെങ്കില്‍ വഴ നനയുമ്പോള്‍ നനയുന്ന ചീരയേപ്പോലെ ആ ഇരയുടെ ശരീരത്തില്‍ നിന്നും കുറെ വിവരങ്ങള്‍ അവിടുത്തെ കുട്ടിഡോക്ടര്‍മാര്‍ക്കു പഠിക്കുവാനും പറ്റും. രോഗിയുടെ ചിലവില്‍ തന്നെ ! രോഗി ആ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം അവന്‍ പണം കൊടുത്തു വാങ്ങേണ്ടതില്ലാത്ത ഒരു മാംസ പുസ്തകമാണ്. പണം മാത്രം അരങ്ങു വാഴുന്ന ഈ നരകഖണ്ഡങ്ങളില്‍ മൂല്യങ്ങള്‍ക്കു മുകളില്‍ പണം കുത്തിയൊഴുകുന്നു .

മക്കള്‍ക്കു വേണ്ടി കോടികള്‍ മുടക്കി അഡ്മിഷന്‍ വാങ്ങുന്ന മാതാപിതാക്കളില്‍ തുടങ്ങുന്ന അഴിമതി ഈ വിദ്യാര്‍ത്ഥികളിലും തുടര്‍ന്നു പോവില്ലേ? മത്ത നട്ടാന്‍ കുമ്പളം പ്രതിക്ഷിക്കരുതല്ലോ? അനേക കോടികളില്‍ നക്ഷത്രങ്ങളിലേക്കുയരുന്ന പഞ്ചനക്ഷത്ര ആശുപത്രികള്‍ മറ്റൊരു കാഴ്ച. ഇവയൊന്നും സാധാരണക്കാരനെ ലഷ്യമാക്കിയുള്ളവയല്ല.

ഔഷധ മാഫിയ അങ്ങിനെയും ഒന്നു പ്രബലമായിട്ടുണ്ട് ഈ ഇന്ത്യാ മഹാരാജ്യത്ത്. അഴിമതിയുടെ കാര്യത്തിലെങ്കിലും ഈ രാ‍ജ്യത്തെ ഒന്നാമതെത്തിച്ച മഹാരഥന്‍മാര്‍ വാണരുളുന്ന ഇവിടെ എത്രയെത്ര മാഫിയ കള്‍? .. ഭൂമാഫിയ , മണല്‍ മാഫിയ , ലഹരിമരുന്നു മാഫിയ അങ്ങനെ പട്ടിക നീളുന്നു.

മഹാരോഗങ്ങളുടെ ഔഷധങ്ങളില്‍ വരെ രക്തരക്ഷസുകളുടെ തീരാദാഹത്തോടെ പണത്തിനു വേണ്ടി മായം ചേര്‍ക്കുകയും പത്തും നൂറും ഇരട്ടി പണം തട്ടിപ്പറിക്കുകയും ചെയ്തിട്ടും തൃപ്തി വരാത്ത ഇവര്‍ക്കും ഇവര്‍ക്കു പ്രിയപ്പെട്ടവര്‍ക്കും രോഗങ്ങളൊന്നും വരില്ലെന്നുള്ള മൂഢവിശ്വാസമാണൊ? മരിക്കുന്നവന്‍ യാതൊന്നും കൊണ്ടുപോകുന്നില്ലെന്ന് എത്ര ദൈവങ്ങളും അലക്സാണ്ടറേപ്പോലുള്ള രാജാക്കന്മാരും സോക്രട്ടറീസിനേപ്പോലുള്ള ചിന്തകരും എത്ര വട്ടം പറയണം?

‘’ വഹനിസന്തപ്ത ലോഹസ്താബു ബിന്ദുനാ, സന്നിഭം മര്‍ത്ത്യജന്മം ക്ഷണഭംഗുരം’‘

എന്ന് എത്ര നൂറ്റാണ്ടു മുമ്പ് എഴുത്തച്ഛന്‍ പറഞ്ഞതാണ്? അതിനു മുമ്പും പ്രാക്തനരായ ആത്മാന്വേഷികളായ ആചാര്യന്മാര്‍ ഇതെത്ര വട്ടം പറഞ്ഞിരിക്കുന്നു – ചുട്ടുപഴുത്ത ലോഹോപരിതലത്തില്‍ വീണ ജലകണത്തിന്റേയും മനുഷ്യജന്മത്തിന്റേയും നിസ്സാരമായ അസ്തിത്വത്തെപ്പറ്റി!

മറ്റൊന്ന് – ഞായറാഴ്ചകളില്‍ രോഗം വരാന്‍ പാടില്ല. ദൈവം പോലും വിശ്രമിക്കാനനുഗ്രഹിച്ച ഞായറാഴ്ച നിങ്ങള്‍ക്കു രോഗം വന്നാല്‍ വല്ലാതെ വലയും. ഒരു ഡോക്ടറെത്തേടി നിങ്ങള്‍ക്ക് ഏറെ അലയേണ്ടി വരും. പണമില്ലാതെ യാതൊരു ചികിത്സാകേന്ദ്രങ്ങളിലും ചെല്ലാന്‍ പാടില്ല. അത് സര്‍ക്കാരിന്റേതായാല്‍ പോലും. അവിടൊക്കെ ആരൊക്കെയോ ചേര്‍ന്നു വെട്ടിപ്പിടിച്ചിരിക്കുന്നു.

ആതുരശുശ്രൂഷാ രംഗത്തു മാത്രം നിലനില്‍ക്കുന്ന മൂല്യച്യുതി മാത്രമല്ല പ്രതിപാദ്യം. അത് കാന്‍സര്‍ പോലെ സമൂഹത്തിന്റെ സമസ്ത മേഖലകളേയു ബാധിച്ചിരിക്കുന്നു.

പഠനം, ബഹുമതിദാനം, സാംസ്ക്കാരിക കൂട്ടുപാടുകള്‍ , വിശ്വാ‍സമേഖലകള്‍, ഉദ്യോഗസമ്പാദനം തുടങ്ങിയ മേഖലകളില്‍ പാവപ്പെട്ടവനും സ്വാധീനമില്ലാത്തവനും അര്‍ഹമായ പലതും പലരും ചേര്‍ന്നു തട്ടിയെടുക്കുന്നു. പണമില്ലാതെ ജനിക്കുന്നതു പോലും പാപകരമായിത്തീരുന്ന ഈ ഉപഭൂഖണ്ഡത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പടവെട്ടി മരിച്ച ശുദ്ധാത്മാക്കള്‍ അവര്‍ക്കു മാപ്പുകൊടുക്കട്ടെ .സ്വാതന്ത്ര്യം എന്ന ആ ഹിരണ്യസൂക്തം ഏത് ആകാശത്തെയാണ് അര്‍ത്ഥമാക്കുന്നത്?

മൂന്നാം കാഴ്ച

പിന്നീടൊരിക്കല്‍ മേല്‍പ്പറഞ്ഞ ആശുപത്രികളില്‍ മറ്റൊരാവശ്യത്തിനു ചെന്നപ്പോള്‍ അവിടെ ചികിത്സ തേടിയെത്തിയ അനേകം അറബികളേയും വെളുത്ത തൊലിക്കാരേയും കണ്ടു. ആശുപത്രി ജീവനക്കാരില്‍ ചിലര്‍ സാര്‍ സാര്‍ എന്നു വിളിച്ച് അവര്‍ക്കു പിന്നാലെ ദാസ്യവിധ്വേയത്വത്തോടെ നടു വളച്ചു നടക്കുന്നു. നടുവളച്ച് നടുവളച്ച് അവരങ്ങനെ പോകുന്ന പോക്കില്‍ ഇരിപ്പിടങ്ങളിലിരിക്കുന്ന തദ്ദേശി വരാലുകളെ ചീത്ത വിളിക്കുന്നതു കേട്ടു. കാട്ടുമത്സ്യങ്ങളാക്കപ്പെട്ട വരാലുകള്‍ ഭയഭക്തിബഹുമാനങ്ങളോടെ , വെപ്രാളത്തോടെ ചാടി എഴുന്നേല്‍ക്കുന്നു. പിന്നെ ഒരിറ്റു പ്രാണവായുവിന് ജലോപരിതലത്തില്‍ വന്ന് ഒരു കുമിള വിക്ഷേപിച്ച് കാലിയായ ഇന്ത്യന്‍ മടിശ്ശീലയുമായി ക്ഷണം അപ്രത്യക്ഷരാകുന്നു.

ആശുപത്രിയുടെ അകത്തളങ്ങളില്‍ വച്ച് ഡോളറുകള്‍ ഓമനിക്കപ്പെടുന്നതു കണ്ട് പാവം ‘ വാല്യുലെസ്സ് ഇന്ത്യന്‍ ഉറുപ്പിക’ നെടുവീര്‍പ്പിടുന്നുണ്ടെന്നു തോന്നി.

പുന്നേക്കാടു വച്ചു പരിചയപ്പെട്ട മത്സ്യപരിപാലകന്റെ വാക്കുകള്‍ ഉള്‍ക്കിടിലമുണ്ടാക്കുന്നു ‘’ കാട്ടുമത്സ്യങ്ങളെ ചൂണ്ടയിട്ടും മറ്റും പിടിച്ച് കൊന്നുകളയും.”

ആരുടേതാണ് ഈ നാട്?

Generated from archived content: essay1_july9_12.html Author: thomas_p_kodiyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here