നതോന്നതകളുടെ ഗുരു

നേര്‍ത്ത തൂക്കുപാലം- ഒരാള്‍ക്കു മാത്രം നടന്നുപോകത്തക്ക വീതിയുളത്.

ഒന്നാം ദിവസം നീ എനിക്കു മുന്‍പേ പാലത്തില്‍ കാലെടുത്തുവച്ചതു കണ്ടതാണു ഞാന്‍.

എന്നാലും നീയവിടെ നില്‍ക്കുക ഞാനാദ്യം. അഞ്ചാം തരം വരെ നീ എന്റെ സതീര്‍ത്ഥ്യനായിരുന്നു എന്നുള്ളതു ഞാനെങ്ങിനെ മറക്കാന്‍- ആ ഓര്‍മ്മകള്‍ക്ക് അമ്മിഞ്ഞപ്പാലിന്റെ മധുരമുളളിടത്തോളം കാലം.

ഇന്നു പക്ഷെ – നീ എന്നേക്കാള്‍ ചെറുതാണ്.

പദവിയില്‍ , പണത്തില്‍, പൊക്കത്തില്‍, മൊത്തത്തില്‍….. അതുകൊണ്ട് ഞാനാദ്യം.

നീ, കൊള്ളാം ഞാന്‍ മുന്നേറുന്നതു കണ്ട്

നീ പിന്‍വാങ്ങി നിന്നു തന്നു. നിന്റെ ചുണ്ടിലൊരു ഇളം ചിരി.

അങ്ങനെ തന്നെ വേണം ചെറിയവര്‍! ഇനി നിനക്കു പോകാം.

പക്ഷെ, പാലം നതോന്നത വൃത്തത്തില്‍ കുണുങ്ങുന്നു നീ പോകുമ്പോള്. ‍ ഞാന്‍ നടന്നപ്പോള്‍ അതിന്റെ സന്ധിബന്ധങ്ങള്‍ ഘര്‍ഷണ ശബ്ദങ്ങളാല്‍ ഉറക്കനെ പ്രതിഷേധിക്കുകയായിരുന്നു.

ഇതാ, പാലത്തിന്റെ വൃത്ത ബദ്ധവും ബന്ധുരവുമായ നതോന്നതാവൃത്തികളെ ആ മഞ്ഞകുഞ്ഞിക്കുരുവി, പാലത്തിന്റെ വലിഞ്ഞുമുറുകിയ ലോഹക്കയറില്‍ ഇളകാതിരുന്ന് ആസ്വദിക്കുകയാണ്. ലോഹപ്പാലത്തിന്റെ മൃദുതരംഗങ്ങളിലേറി അത് സാവധാനം ഇത്തിരി മുകളിലേക്കുയരുന്നു. പിന്നെ സാവധാനം ഇത്തിരി താഴേക്ക് ! അങ്ങനെയങ്ങനെ … ഒരു ആന്ദോളനത്തിന്റെ സുഖമനുഭവിക്കുകയാണത്. ഞാന്‍ നടന്നപ്പോള്‍ ചകിതയായി പറന്നുയര്‍ന്നുപോയതാണ് ആ അസത്തുകിളി!

രണ്ടാം ദിവസം നമ്മള്‍ ഒരേ സമയം വന്നു. മുറപ്രകാരം ഞാനാദ്യം നടന്നു. അന്നും എനിക്കായി നീ വഴിമാറി നിന്നു. നിന്നെ മറികടക്കുമ്പോള്‍ ഞാന്‍ പൂശിയ സുഗന്ധത്തില്‍ നീ അസൂയാലുവാകട്ടെയെന്ന ഗൂഢമായ ഒരു അഹന്തയുടെ വീര്‍ത്തുനിറഞ്ഞ ബലൂണ്‍ നീ കാണാതിരിക്കാന്‍ ഞാന്‍ പരമാവധി സൂക്ഷിച്ചു. നിനക്കു പതിവുള്ള മന്ദഹാസം മാത്രം. അതിന്റെ വാസനയില്‍ എന്റെ വിദേശസുഗന്ധി നാണിച്ചുവോ?എന്നൊരു സംശയം.

മൂന്നാം ദിവസവും, ഒന്നാം ദിവസം പോലെയും രണ്ടാം ദിവസം പോലെയും കടന്നുപോയപ്പോള്‍ നാലാം ദിവസം കാത്തു നില്‍പ്പിന്റെയും തോറ്റുകൊടുക്കലിന്റെയും സുഖം നുകരാനൊരു മോഹം. ഞാനിന്ന് നിനക്കു വഴിമാറിത്തരും. നീ കടന്നു കഴിയുമ്പോള്‍ കരുതലോടെയും അതീവക്ഷമയോടെയും ഞാന്‍ നടക്കും.

പണ്ട്, നമ്മുടെ നാട്ടുപള്ളിക്കൂടത്തിന്റെ വടക്കേയറ്റത്തെ ഞാവല്‍ മരത്തിലെ പഴം തിന്നു വയലറ്റു നിറമാക്കി മാറ്റിയ നാവുകള്‍ പരസ്പരം നീട്ടിക്കാണിച്ചു ചിരിച്ചുല്ലസിച്ച ആ നല്ല നാ‍ളുകള്‍. എന്റെ രക്തത്തിന്റെ നിറം പോലെ പ്രാണനില്‍ക്കിടക്കുമ്പോള്‍ നിനക്കു മാറിത്തരാതിരിക്കാന്‍ എനിക്കെങ്ങിനെയാവും? പക്ഷെ നിന്നോടു മിണ്ടില്ല ഞാന്‍. കാരണം ഞാനാദ്യം സൂചിപ്പിച്ചുവല്ലോ?

ഞാന്‍ നടക്കുമ്പോ‍ഴും തൂക്കുപാലത്തില്‍ കവിത വിരിഞ്ഞെങ്കില്‍ …

ഹേയ് ! മഞ്ഞക്കുഞ്ഞിക്കുരുവീ എന്റെ പദവിന്യാസത്തിന്റെ ആവൃത്തികളില്‍ തൂക്കുപാലത്തിലുയിര്‍ക്കൊള്ളുന്ന അലകളിലേറി നീ ഊയാലാടുന്നതു കാണാനായെങ്കില്‍ …

പക്ഷെ ഇന്ന് അങ്ങേത്തലക്കല്‍ നീയില്ല! ഞാന്‍ കാത്തു നിന്നു നീ വന്നില്ല.

എനിക്കു നിന്നെ തേടി വരാതിരിക്കാനാവില്ല നിന്റെ വീടെനിക്കറിയാം.

ഇതാ, നീ വീണ്ടുമെന്നെ തോല്‍പ്പിച്ചു.

ഉറക്കത്തില്‍ നീ പോയി…

പകല്‍ യാത്രക്കാര്‍ക്കെല്ലാം മന്ദഹാസ സൗരഭം തൂവി നിന്ന ഒരു പുഷ്പം രാവിന്റെ കല്ലറയിലേക്കു മൗനമായി ഇറുന്നു വീണുപോയതുപോലെ….

നീ നിന്റെ കുഞ്ഞുവീടിന്റെ ഉമ്മറത്ത് നിശ്ചലമെരിയുന്ന നിലവിളക്കിന്റെ പ്രകാശത്തില്‍ നിന്റെ ഭാര്യയുടേയും കുഞ്ഞുങ്ങളുടേയും പ്രിയപ്പെട്ടവരുടേയും ദു:ഖത്തിന്റെ ഇരുളില്‍,‍ കോടിമുണ്ടു പുതച്ചു അതേ ഇളം ചിരിയോടെ കിടക്കുന്നു. ചിലപ്പോള്‍ തോല്‍ക്കുന്നതിലൂടെയും ആരെക്കൊയോ ജയിക്കുന്ന സുഖമുണ്ടെന്ന പഠിപ്പിച്ചുകൊണ്ട്… എല്ലാവര്‍ക്കുമായി എന്നെന്നേക്കുമായി വഴിമാറിക്കൊടുത്തുകൊണ്ട് നീ വീണ്ടും എന്നെ തോല്‍പ്പിച്ചു- തൂക്കുപാലത്തിലും നടവഴിയിലും ഇടവഴിയിലും കവിതയുണര്‍ത്തിയിരുന്ന എന്റെ സതീര്‍ത്ഥ്യന്‍. ചിരി വാടിയ ചുണ്ടുകളാല്‍, നിന്നെ ബെന്തിപ്പൂക്കളും ജെമന്തിപ്പൂക്കളും വാടാമല്ലിപ്പൂക്കളും ഉമ്മ വച്ചു കിടക്കുന്നു. നിനക്കു ഞാ‍നൊരു പൂ കൊണ്ടുവന്നില്ലല്ലോ സതീര്‍ത്ഥ്യാ? എന്റെ പിഴ, എന്റെ പിഴ എന്റെ വലിയ പിഴ …

കുഞ്ഞൂനാളില്‍ കുചേലവൃത്തം വഞ്ചിപ്പാട്ടിലെ നീ മറന്നു പോയ ഈരടി പിഷാരടി മാഷ് തല്ലുതന്നു പഠിപ്പിച്ചതില്‍ പിന്നെ നീയൊരു വഞ്ചിപ്പാട്ടുകാരന്‍ തന്നെയായത് എനിക്കോര്‍മ്മവരുന്നു. അതില്‍ നിനക്കേറെ ഇഷടമുള്ള വരികളും…. മാഷ് നിന്റെ ജീവിതത്തിനും നതോന്നതയുടെ താളം തരികയായിരുന്നു അന്ന്.

‘’ നാളെ നാളെ എന്നായിട്ടു ഭഗവാനെ കാണാനിത്ര-

നാളും പുറപ്പെടാഞ്ഞ ഞാനിന്നു ചെല്ലുമ്പോള്‍..

എന്ന് കുഞ്ഞുന്നാളില്‍ നീ പാടിയിരുന്ന ആ പാട്ടിലെ സംശയം ഇപ്പോഴും പറ്റി നില്‍ക്കുന്ന നിന്റെ ചുണ്ടിനു മുകളിലൂടെ മരണഗന്ധവുമായി ആകൃതി നഷ്ടപ്പെട്ട ചന്ദനത്തിരിപ്പുക ഗതിതേടിയലയുന്നതെനിക്കു കാണാമിപ്പോള്‍.

ഇപ്പോള്‍, സതീര്‍ത്ഥ്യാ, തൂക്കുപാലത്തിനരുകില്‍ ഏകനായി നില്‍ക്കുമ്പോള്‍ ഈ ഗ്രാമാന്തരങ്ങളില്‍ നീ പണിത വീടുകളും എനിക്കു കാണാകുന്നു. അവ നിന്റെ സ്മാരകങ്ങളാണ്. ആ വീടുകളിലെ താമസക്കാര്‍ ഇന്നുമുതല്‍ പറയും : ” ഇത് നമ്മുടെ മുരളി മേസ്തിരി പണികഴിപ്പിച്ച വീടാണ്”.

Generated from archived content: story1_nov22_12.html Author: thomas_p.kodiyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here