ഇടിമിന്നലുകളുടെ സന്ദേശം

 

 

 

“നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യത്തിനാണെങ്കിൽ ഇതാണ്‌ ഏറെ സൗകര്യം.” കറുത്ത കുള്ളൻ, കടക്കാരന്റെ – ശരീരത്തിനിണങ്ങാത്ത മുഴക്കമുള്ള ശബ്‌ദം. പരഹൃദയ വ്യാപാരങ്ങൾ വായിച്ചറിയാനുള്ള അയാളുടെ കഴിവ്‌ എന്നെ ഞെട്ടിച്ചു. അമ്പരപ്പോടെ ഞാൻ അയാളെ നോക്കി. അയാൾക്കു യാതൊരു ഭാവഭേദവുമില്ല. നിർവ്വികാരമായ അതേ കണ്ണുകൾ! വലിഞ്ഞു മുറുകിയ മുഖപേശികൾ! അയാളെന്നെത്തന്നെ ഉറ്റുനോക്കി നിൽക്കുകയാണ്‌. ഏറെ നേരം ഞാൻ തിരിഞ്ഞിട്ടും ഒന്നും തിരഞ്ഞെടുക്കാത്തതിന്റെ അസ്വാസ്ഥ്യവും അയാൾ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു.

അയാളുടെ ചുവന്ന കണ്ണുകൾ – അതു കുടിച്ചിട്ടൊന്നുമല്ല, അതിന്റെ സ്‌ഥായിയായ നിറം അതായിരുന്നു. വളരെ കൃത്യതയുള്ള ശരീരഭാഷയും തീക്ഷ്‌ണതയുള്ള കണ്ണുകളും അതിതീക്ഷ്‌ണതയുള്ള അയാളുടെ നോട്ടങ്ങളും എന്നെ വളരെയധികം അസ്വസ്ഥപ്പെടുത്തുന്നുണ്ടായിരുന്നെങ്കിലും ഇപ്പോൾ അയാൾ എടുത്തു നീട്ടിയ വസ്‌തു എനിക്കു വളരെ ഇഷ്‌ടപ്പെട്ടു. കൃത്യം ഒരിഞ്ചു വീതിയും അഞ്ചിഞ്ചു നീളവും ചെമ്പു പിടിയിലൊരു കുഞ്ഞു ബട്ടണുമായി, അതിസമർത്ഥമായി പണിക്കുറ തീർത്ത ഒരു മരണവാഗ്‌ദാനം! കൗതുകത്തോടെ ഞാനതിന്റെ ബട്ടണിലൊന്നു ഞെക്കി. അനുസരിപ്പിക്കൽ ഒട്ടും ഇഷ്‌ടമല്ലാത്തൊരു കുസൃതിച്ചെക്കന്റെ പ്രതിഷേധപ്രകടനത്തോടെ ഒരു സ്‌റ്റീൽ കത്തി കുതറി പുറത്തു ചാടി. വൈദ്യുതിയുടെ മഞ്ഞവെളിച്ചത്തിലൊരു വെള്ളിമിന്നൽ! രക്തദാഹിയായൊരു പിശാചിനിയുടെ ദംഷ്‌ട്ര പോലെ! എനിക്കതു ഭയങ്കരമായി ഇഷ്‌ടപ്പെട്ടു. അയാൾ പറഞ്ഞ വിലയ്‌ക്കു തന്നെ അതു വാങ്ങി. നല്ലൊരു കാര്യത്തിനല്ലേ? വിലപേശൽ ഒഴിവാക്കി. ‘ഡിക്‌സൺസ്‌ ആമറീസി’ നോടു വിട.

പുറത്ത്‌ ഇരുളിന്റെ കടലിൽ വൈദ്യുത ദീപങ്ങളുടെ തിരമാല. നക്ഷത്രങ്ങൾ മരിച്ച ആകാശത്ത്‌ ഇടിമിന്നലുകളുടെ വിളയാട്ടം. മഴ പെയ്‌തു തുടങ്ങുന്നതിനു മുമ്പു തന്നെ ലക്ഷ്യത്തിലെത്തിയില്ലെങ്കിൽ ഇര രക്ഷപ്പെടും. ഇന്നത്തെ ദിവസം എന്തുകൊണ്ടും അനുകൂലമാണ്‌. പക്ഷെ കറണ്ടു പോയാൽ പണിയെല്ലാം പാഴിലാവും.

അവന്റെ അര സെന്റു ഭൂമി എന്റെ കൈവശമാക്കിയിരുന്നു എന്നതു സത്യം തന്നെയാണെങ്കിലും അത്‌ അവന്റെ അപ്പന്റെ കാലത്തായിരുന്നു. അയാൾ മര്യാദക്കാരനായിരുന്നതു കൊണ്ടു കേസിനും കൂട്ടത്തിനുമൊന്നും പോയില്ല. അയാൾ ചത്തും പോയി. പക്ഷെ മകനായിട്ടു കേസിനു പോയി. വർഷങ്ങൾ നീണ്ട കേസിനു കഴിഞ്ഞയാഴ്‌ച വിധി വന്നപ്പോൾ തോറ്റതു ഞാൻ. കോടതിയിൽ നിന്നു വിജയിയായി ഇറങ്ങുമ്പോൾ അവനൊന്നു കളിയാക്കി ചിരിച്ചുവോ? പെണ്ണുമ്പിള്ളയോടു സംശയം ചോദിച്ചപ്പോൾ ‘നിങ്ങളെ നോക്കി ചിരിച്ചത്‌ ജോൺസണായിരിക്കില്ല. ദൈവനീതിയായിരിക്കും’ എന്നൊരു കമന്റ്‌. ‘ഫ! ചൂലേ എന്നാട്ടി അവളുടെ കരണം പൊട്ടിച്ചപ്പോഴാണ്‌ കേസു തോറ്റതിനു ചെറിയൊരു ആശ്വാസം തോന്നിയത്‌. എന്നാലും ഒന്നു തീരുമാനിച്ചിരുന്നു. എല്ലാവരും ഒന്നു മുട്ടാൻ ഭയന്നിരുന്ന തന്നെ തോൽപ്പിച്ച അവന്റെ ഒടുക്കം എന്റെ കൈ കൊണ്ടാവുമെന്ന്‌ ഭയപ്പെടണം; എന്റെ പേരു കേട്ടാൽ ഏതവനും ഭയപ്പെടണം. ആരാണു തോറ്റതെന്നു ഞാനവനു കാണിച്ചു കൊടുക്കും.

ചെറുതായിട്ടു തുടങ്ങിയ ഇടിയും മിന്നലും മഴയും വലുതാവുകയാണ്‌. എന്നാലും ലക്ഷ്യത്തിലെത്തി. ഇടവഴിയിലേക്കു കടക്കുന്ന വിജനമായ താർ റോഡിന്റെ അവസാന വിളക്കുമരത്തിനു ചുവട്ടിലായി ജോൺസനെ കാത്തു നിൽക്കുമ്പോൾ വിചിത്രമായൊരാഗ്രഹം. വീണ്ടും കത്തിയൊന്നു കാണണം. കത്തിയെടുത്തു വൈദ്യുത പ്രകാശത്തിലേക്കു കാണിച്ച്‌ ബട്ടൺ ഒന്നു കൂടി ഞെക്കി. രക്തദാഹിയായ ആ പിശാചിനി ദംഷ്‌ട്ര കുതിച്ചു ചാടി. രക്തമെവിടെ? അതിന്റെ ചോദ്യം എന്ന ഉന്മത്തനാക്കുന്നതു ഞാനറിയുന്നു. അതിനോടൊപ്പം എനിക്കും ദാഹിക്കുവാൻ തുടങ്ങി.

ഒരു കാട്ടുമൃഗത്തിന്റെ വന്യ തൃഷ്‌ണയോടങ്ങിനെ കത്തിയിലേയ്‌ക്കു നോക്കി നിൽക്കുമ്പോഴാണൊരു വെള്ളിടി വീണത്‌. ഇടിയും മിന്നലും വന്നത്‌ ഒരുമിച്ചായിരുന്നു. ആകാശത്തു നിന്നും ഒരഗ്നിഗോളം അതിശക്തമായൊരാഘാതത്തോടെ കത്തിയിലേയ്‌ക്കാഞ്ഞു പതിച്ച്‌ നെറുക പിളർന്ന്‌ ഉടലിലൂടെ ഭൂമിയിലേയ്‌ക്കിറങ്ങിപ്പോയതു പോലെ തോന്നി. കുറച്ചു നേരത്തേക്ക്‌ പ്രപഞ്ചം മുഴുവൻ ഇരുളിലാണ്ടതുപോലെ തോന്നി. ചലനങ്ങളില്ല. ശബ്‌ദങ്ങളില്ല. കനത്ത ഇരുളിന്റെ മൗനം ചുറ്റിലും കടലായി പെരുകിയതു പോലെ……….. മുട്ടത്തോടു കരിയുന്ന ഗന്ധം അന്തരീക്ഷത്തിൽ നിറയുന്നു….. പണ്ടു വാസുനായരെ ദഹിപ്പിച്ചപ്പോഴുണ്ടായ ഒരു മണം!……. പക്ഷെ എല്ലാം അൽപ്പനേരത്തേക്കു മാത്രമേ നീണ്ടുനിന്നുള്ളു. വീണ്ടും ജീവിതത്തിന്റെ വശ്യലോകം മുന്നിൽ നിറഞ്ഞു. ശബ്‌ദത്തിന്റെ ലോകം; മഴയുടെ ആരവം! ചലനത്തിന്റെ ലോകം! മഞ്ഞ വൈദ്യുതി വെളിച്ചത്തിൽ മഴയുടെ സ്വർണ്ണനൂലുകൾ മിന്നിക്കളിക്കുന്നു! എല്ലാം പഴയതുപോലെ തന്നെ. ഒന്നിനും മാറ്റമില്ല……..

എന്തായാലും അല്‌പം മാറി നിൽക്കുന്നതാണ്‌ നല്ലത്‌. അവനെ അൽപം കൂടി ദൂരെ നിന്നു കാണുന്നതിന്‌ നല്ലതും അതാണ്‌. ചെയ്യുവാൻ പോകുന്ന അസുരകർമ്മത്തിന്റെ ഉൾച്ചൂടുകൊണ്ട്‌ ദേഹത്തുവീഴുന്ന മഴത്തുള്ളികൾ പഴുത്തുരുകിയാണു താഴേയ്‌ക്കു വീണുകൊണ്ടിരുന്നത്‌.

ഏറെ കാത്തുനിൽക്കേണ്ടി വന്നില്ല. കൈയിലൊരു പ്ലാസ്‌റ്റിക്‌ സഞ്ചിയുമായി ജോൺസൺ – എന്റെ ഇര നടന്നടുക്കുന്നു. വരൂ നീ വരൂ. നിന്റെ ജീവൻ എനിക്കു തരൂ. പകരം നിനക്കു ഞാൻ നരകം തരാം. നാളെ പള്ളിമണി മുഴങ്ങുന്നതു നിനക്കു വേണ്ടിയായിരിക്കും.

അടുത്തുകിട്ടിയ ഇര ശബ്‌ദിക്കുന്നതിനു സമയം കൊടുക്കാതെ പുറകിൽ നിന്നു ചാടിവീണ കഴുത്തിനു പുറകിലൂടെയിട്ട്‌ ഇടതുകൈകൊണ്ടു വായ്‌പൊത്തി. വലതു കൈകൊണ്ട്‌ കത്തിയുടെ സ്‌പ്രിംഗ്‌ ഞെക്കി. രക്തകൊതി പൂണ്ട വെള്ളി നാവു കൊതിയോടെ യാചിക്കുന്നു. കൊല ചെയ്യുന്നതിന്റെ ലഹരിക്കായി! കത്തിമുന സാവധാനം ഇരയുടെ വാരിയെല്ലുകൾ ചേരുന്നിടത്ത്‌ – കൂമ്പിലേയ്‌ക്കു തന്നെ, പകയോടെ ഇളക്കിയിളക്കി പിടിയോളം ആഴ്‌ത്തിയിറക്കി. ഇരയുടെ ചെറുത്തുനിൽപു ദുർബ്ബലമായിത്തുടങ്ങി. മരണം ഉറപ്പാക്കുന്നതിന്‌ കത്തി കൂമ്പിനകത്തിട്ട്‌ ഒന്നു കൂടി കറക്കിയിളക്കി പിടിവിട്ടപ്പോൾ നേരിയ പിടച്ചിൽ മാത്രം ബാക്കി. അവൻ കുഴഞ്ഞു വീണു. പൊട്ടിയ പൈപ്പിലൂടെ വെള്ളമെന്ന പോലെ രക്തം ചീറ്റുന്നു. നേർത്തു തുടങ്ങിയ മഴ അവന്റെ രക്‌തം കുടിച്ചുകൊണ്ടിരുന്നു.

ഉപയോഗം കഴിഞ്ഞ കത്തി കാട്ടിലെറിഞ്ഞു.

നീ പിടയ്‌ക്കുക….. പുഴു പോലെ ചാകുക….. ഇനി അതാണു നിന്റെ വിധി…. നിന്റെയീ വൃത്തികെട്ട ചോര ഞാനിനി എവിടെപ്പോയിക്കഴുകും? മഴയും നിലച്ച പോലെയാണ്‌.

കർമ്മം കഴിഞ്ഞു മുന്നോട്ടു പോകുമ്പോൾ വിജയിയുടെ ലഹരി രുചിക്കുന്നതുപോലെ തോന്നി. പക്ഷെ പങ്കു വയ്‌ക്കപ്പെടാത്ത വിജയലഹരിയുടെ ഒരശാന്തി. ഒരു മടുപ്പ്‌, ഉള്ളിൽ നിറഞ്ഞിരിക്കുന്നു. മത്സരത്തിൽ ഒന്നാമനായി. പക്ഷെ സ്വീകരിക്കാനാരുമില്ലാത്തവരുടെ ഒരു പ്രേതലോകത്തേക്കാണ്‌ ഒന്നാമനായി ഓടിയെത്തിയത്‌. എങ്ങോട്ടും പോകാനില്ല. പക്ഷെ എങ്ങോട്ടു വേണമെങ്കിലും പോകാം. ആരുടെയടുത്തേക്ക്‌? ഒടുവിൽ വീട്ടിലേയ്‌ക്കു തന്നെ തിരിച്ചു. അവിടെച്ചെല്ലുമ്പോൾ പ്രാർത്ഥനയുടെ നേരമാണ്‌. ശബ്‌ദമുണ്ടാക്കാതെ കിണറ്റുകരയിൽ ചെന്നു വെള്ളം കോരി ഷർട്ടും മുണ്ടും ഊരിപ്പിഴിഞ്ഞെടുത്തു. അഴയിൽ നനഞ്ഞു കിടന്നിരുന്ന തോർത്തെടുത്തു പിഴിഞ്ഞു തോളിലിട്ടു.

കയറിച്ചെല്ലുന്നതിനു മുമ്പ്‌ യാദൃശ്‌ചികമായി ജാലകം വഴി അകത്തേക്കു നോക്കി. അമ്മയും മൂന്നു മക്കളും തീക്ഷ്‌ണമായ പ്രാർത്ഥനയിലാണ്‌. ഓർമ്മ വച്ച കാലത്ത്‌ അമ്മ ചുണ്ടിൽ തിരുകിത്തന്ന ഈ പ്രാർത്ഥനക്കിത്ര ശക്തിയുണ്ടോ? എന്റെ ഭാര്യയുടെ ശബ്‌ദത്തിനിത്ര മധുരമുണ്ടായിരുന്നുവോ? കരൾ കീറിയിറങ്ങത്തക്ക ഭക്തിഭാവമുണ്ടായിരുന്നുവോ? “ അന്നന്നു വേണ്ടുന്ന ആഹാരം ഇന്നും ഞങ്ങൾക്കു തരേണമേ” അമ്മയും മക്കളും പ്രാർത്ഥിക്കുകയാണ്‌.

“ഞങ്ങളോടു തെറ്റു ചെയ്യുന്നവരോടു ഞങ്ങൾ ക്ഷമിക്കുന്നതുപോലെ…..” ശരി ചെയ്‌തവനോടു തെറ്റു ചെയ്‌തവൻ കേൾക്കുന്നതു പോലും പാപമായേക്കാവുന്ന പ്രാർത്ഥന ചെവിയ്‌ക്കുള്ളിൽ അഗ്നിദ്രാവകമാവുന്നു. ജാലകത്തിലൂടെ നോക്കുമ്പോൾ എനിക്കു ദൈവം തന്ന വരദാനം എത്ര വലുതായിരുന്നുവെന്നു ഞാൻ തിരിച്ചറിയുന്നു. സുന്ദരിയായ ഭാര്യ. അവൾ ചിട്ടയോടെ, ദൈവഭയം പഠിപ്പിച്ച്‌ മക്കളെ വളർത്തുന്നു. ഞങ്ങൾക്കു വച്ചു വിളമ്പുന്നു. അവളുടെ കടമകൾ അവൾ ഭംഗിയായി ചെയ്യുന്നു. പകരം ഞാനവൾക്കും കുഞ്ഞുങ്ങൾക്കും കൊടുക്കുന്നതെന്താണ്‌? അശാന്തി. കണ്ണുനീർ. അടി. തെറിവിളികൾ. ശാപങ്ങൾ. മദ്യ ലഹരിയിലും കലിയുടെ വിവിധ ഭാവങ്ങളിലും മുഴുകി നടന്ന ഞാൻ കാണുവാൻ മറന്ന സൗന്ദര്യങ്ങൾ, സൗഭാഗ്യങ്ങൾ…… ഇപ്പോൾപ്പോലും അവർ ദൈവത്തെ സ്‌തുതിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ ചെയ്‌തതെന്താണ്‌? അതിന്റെ ഫലമോ? ഇന്നു വരെ അച്ചൻകുഞ്ഞിന്റെ ഭാര്യയും മക്കളുമായിരുന്നവർ നാളെ മുതൽ കൊലപാതകി അച്ചൻകുഞ്ഞിന്റെ ഭാര്യയും മക്കളുമായിത്തീരും. എന്നുമവർക്കു ദുരിതങ്ങൾ മാത്രം നൽകിയിരുന്ന, ഭൂമിയിൽ അവർക്കേറെ വേണ്ടപ്പെട്ടിരുന്നൊരാൾ അവർക്കു കൊടുക്കുന്ന പൈതൃകങ്ങൾ! ദൈവമേ, എന്റെ ദൈവമേ ഇവരുടെ ഈ പ്രാർത്ഥന എന്റെ കാതുകളെ പഴുപ്പിക്കുകയും കരളിനെ പൊള്ളിക്കുകയും എന്നെ മറ്റൊരാളാക്കി മാറ്റുകയും ചെയ്യുന്നു.

നാളെ നിയമം കൈവിലങ്ങുമായി വരും. പ്രതി ’കൃത്യം‘ കഴിഞ്ഞു പോയ ഇടങ്ങളിലേക്കെല്ലാം കൈയാമത്തോടെ നടക്കുമ്പോൾ ഇവർ എന്നെ കണ്ടു എന്നു പറയാനിട വരേണ്ട. പോലീസുകാരുടെയും നിയമത്തിന്റെയും കാർക്കശ്യത്തിനു മുമ്പിൽ നിന്നെങ്കിലും എനിക്കിവരെ രക്ഷിക്കണം. എനിക്കെന്റെ വീടും കുടുംബവും നഷ്‌ടമാവുകയാണ്‌.

എന്തോ ഒരു ഉൾപ്രേരണയാൽ ഇറങ്ങി നടക്കവേ, നേരെ എതിരായി ജോൺസന്റെ വീടു കണ്ടു. ദുഃഖിതയായൊരു വീട്ടമ്മയെപ്പോലെ ഇരുളിൽ ആ വീടങ്ങനെ നിൽക്കുന്നു. ഇറയത്ത്‌ തീക്ഷ്‌ണത മങ്ങിയ ഒരു ബൾബെരിയുന്നു. അവിടെ പ്രാർത്ഥന കഴിഞ്ഞതിനു ശേഷം പാട്ടിന്റെ സമയമാണ്‌. അകത്തു നിന്നും ജിതിൻ – ജോൺസന്റെ മൂത്തമകൻ പാടുന്നു.

“ദൈവസ്‌നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ”

തിരശ്ശീലയിടാത്ത ചില്ലു ജാലകത്തിനപ്പുറത്തു വീൽചെയറിൽ അവനിരുന്നു പാടുന്നു. അവന്റെ ഇമ്പമേറിയ സ്വരത്തിനു കാതു കൊടുത്ത്‌ അവന്റെ രണ്ടു സഹോദരിമാരും അമ്മയും.

“നന്ദി ചൊല്ലി തീർക്കുവാനീ ജീവിതം പോരാ”

എട്ടു വയസ്സിൽ പോളിയോ വന്ന്‌ അരക്കു താഴെ തളർന്നു പോയ അവൻ സാന്ദ്രമായ ശബ്‌ദത്തിൽ പാടുന്നതു ചെവിയോർത്ത്‌ ദൈവം അവിടെ നിൽക്കുന്നുണ്ടെന്നു തോന്നിപ്പോകുന്നു – അവനെ അങ്ങനെയാക്കിയതിനുള്ള പ്രായശ്ചിത്തമായി അവനു നൽകിയ സ്വരമാധുരി നുകർന്നുകൊണ്ട്‌. നടക്കാൻ ശേഷിയില്ലാത്തവനും ദൈവത്തെ വാഴ്‌ത്തുന്നു.

അൽപ്പം കഴിയുമ്പോൾ പ്രാർത്ഥനകൾ വിലാപങ്ങൾക്കു വഴിമാറുന്നതു ഞാനറിയുന്നു. ദൈവമേ, ദൈവമേ അതെനിക്കു കേൾക്കാനാവില്ല. കൂലിപ്പണിക്കാരാനായ ഒരുവന്റെ കുടുംബത്തെ എനിക്കെത്ര പെട്ടന്നാണ്‌ തെരുവിലേക്കയക്കുവാനായത്‌? ഈ പാപത്തിനുള്ള പരിഹാരം ഏതു പാതാളത്തിൽ നിന്നാണെന്നെ തേടി വരിക? ഏതു നരകമാണെന്നെ കാത്തു വാ പിളർന്നു കിടക്കുന്നത്‌?

മഴയിൽ നനഞ്ഞ നാട്ടു വഴിയിലൂടെയും താർ വഴിയിലൂടെയും, ഇരുളിലൂടെയും വെളിച്ചത്തിലൂടെയും എന്റെ പാതാളങ്ങൾ തേടി ഞാൻ നടന്നു. ഒരു രാത്രി നടക്കാവുന്നത്ര ദൂരം. പക്ഷേ എന്റെ ഗ്രാമത്തിൽ നിന്നും ഏറെ ദൂരം പോന്നിട്ടില്ല. എവിടൊക്കെയോ നായ്‌ക്കൾ ഓലിയിടുന്നു. എന്നെ കണ്ടിട്ടാണോ? എനിക്ക്‌ ഇരുൾ ഭയമായി. വെളിച്ചം ഭയമായി ശബ്‌ദങ്ങളും ചലനങ്ങളും ഭയമായി. ഞാൻ അടിമുടി ഒരു ഭയമായി. പക്ഷെ ഞാൻ ഭയന്നിട്ടും വിറച്ചിട്ടുമൊന്നും ഒരു കാര്യവുമില്ലാത്ത വിധം നേരം പുലരുന്നു. ഭൂമിയ്‌ക്കൊരു മാറ്റവുമില്ല. വെളുക്കുവാൻ തുടങ്ങുകയാണ്‌. കിളികൾ ചിലയ്‌ക്കുന്നു. അമ്പലങ്ങളും പള്ളികളും ഉണരുന്നു. ശംഖനാദം, പള്ളിമണി…. പ്രപഞ്ചം അതിന്റെ സ്രഷ്‌ടാവിനെ സ്‌തുതിക്കുകയാണ്‌…. എന്നെ ആരും തിരിച്ചറിയാതിരിക്കുന്നതിനായി തലവഴി ചെവി മൂടി താടിക്കടിയിൽ ഒരു കെട്ടും കെട്ടി. എത്ര നേരത്തേക്കെന്ന്‌ എനിക്കു പോലുമറിയാത്ത ഒരു സ്വയരക്ഷ! നാട്ടിൽ നിന്നും കുറേ ദൂരമായെങ്കിലും പുലർ വെളിച്ചത്തിൽ എന്നെ കടന്നുപോകുന്ന ചില മുഖങ്ങളെങ്കിലും എനിക്കു പരിചിതമാണ്‌. പക്ഷെ മുഖം പാതി മറഞ്ഞിരുന്നതു കൊണ്ട്‌ പലർക്കുമെന്നെ മനസ്സിലാവുന്നില്ല. തിരക്കുള്ളവരും ഇല്ലാത്തവരും എന്നെ ശ്രദ്ധിച്ചതേയില്ല. കണ്ടതായിപ്പോലും ഭാവിച്ചില്ല.

എന്തായാലും വാർത്ത ഇവിടെ വരാൻ സമയമെടുക്കും. കൊലപാതകം രാത്രിയായതുകൊണ്ട്‌ ഇന്നത്തെ പേപ്പറിലും വരില്ല. ധൈര്യമായി അടുത്തു കണ്ട ചായക്കടയിൽ കയറി.

കടയിൽ ഏതാനും പേർ പേപ്പർ വായനയും കാലിച്ചായകുടിയുമായി കൂടിയിരിക്കുന്നു. ടി.വി.യിൽ ഞങ്ങളുടെ ഗ്രാമത്തിലുമെത്തുന്ന, പട്ടണത്തിലെ കേബിൾ ടി.വി.ക്കാർ പ്രാദേശിക വാർത്തകൾ വായിക്കുന്നു. കടക്കാരനോട്‌ ഒരു ചായ പറഞ്ഞു. കടക്കാരൻ കേട്ട ഭാവം പ്രകടിപ്പിക്കാതെ അലമാരയിൽ പലഹാരങ്ങൾ അടുക്കുന്നതു തുടർന്നു കൊണ്ടിരിക്കുകയാണ്‌. അതു കഴിയുമ്പോൾ എന്നെ പരിഗണിക്കുമെന്ന ആശ്വാസത്തിൽ ഞാനിരിക്കുമ്പോൾ എന്നെ കിടിലം കൊള്ളിക്കുന്ന ഒരു വാർത്ത ടി.വി.യിൽ എന്റെ പടം സഹിതം…..

ഇന്നലെ രാത്രി അപ്രതീക്ഷിതമായി പെയ്‌ത കനത്ത മഴയും ഇടിവെട്ടും (പിന്നെ എന്റെ ഗ്രാമത്തിന്റെ പേർ പറഞ്ഞു) ഒരാളുടെ മരണത്തിനും മറ്റു കനത്ത നാശനഷ്‌ടങ്ങൾക്കുമിടയാക്കി. ഈ ഫോട്ടോയിൽ കാണുന്ന അച്ചൻകുഞ്ഞെന്നയാളാണ്‌ ഇടിമിന്നലേറ്റു മരിച്ചത്‌. അരികിലായി കിടന്നിരുന്ന കത്തിയിൽ നിന്നേറ്റ മിന്നലാണ്‌ അപകടകാരണമായതെന്നു കരുതപ്പെടുന്നു. പരേതന്‌ ഭാര്യയും രണ്ടു മക്കളുമുണ്ട്‌. സംസ്‌കാരം ഇന്നു വൈകുന്നേരം സെന്റ്‌ മേരീസ്‌ ചർച്ചിൽ വച്ചു നടക്കും.

തരിച്ചുപോയ ഞാൻ പേപ്പർ വായനക്കാരുടെ ശബ്‌ദം കേട്ടു. “ഇന്നലത്തെ ഇടിവെട്ടും മിന്നലും കണ്ടപ്പേഴേ തോന്നീതാ എവിടെയെങ്കിലും കുഴപ്പമൊപ്പിക്കുമെന്ന്‌……”

അപ്പോൾ ഞാൻ…. ഞാനെന്ന സത്യം? ഭയപ്പാടോടു കൂടെ ഞാൻ ശബ്‌ദിക്കാൻ നോക്കി. എനിക്കു മാത്രമേ എന്നെ കാണാനും കേൾക്കാനുമാവുന്നുള്ളു. ഞാൻ മായയാണ്‌……അരൂപിയാണ്‌….. എനിക്കിനി എന്തുമാവാം. കാറ്റാവാം. ജലമാവാം. മണ്ണാകാം. ആകാശം, തേജസ്സ്‌……….

വീട്ടിലെത്തണമെന്നു തോന്നിയതേയുള്ളു. വീട്ടിലെത്തി. അവിടെ കറുത്ത പെട്ടിയിൽ ഞാൻ……

ഭാര്യ കരയുന്നു……… മക്കൾ കരയുന്നു……..

ആളുകൾ മരണം തേടി വരുന്നു.

ജോൺസൺ വെള്ളിക്കുരിശു കൊണ്ടുവരുന്നു….. മരണം. മരണത്തിന്റെ ആവർത്തനക്കാഴ്‌ചകൾ…. അയൽക്കാരന്റെ മരണത്തിൽ അവന്റെ ഭാര്യയും മക്കളും കരയുന്നതു ഹൃദയം നൊന്തു തന്നെയാണെന്നും എനിക്കിപ്പോഴറിയുവാനാകുന്നു. അവരുടെ കണ്ണുനീരിനു സത്യത്തിന്റെ സൗരഭ്യം! മരണങ്ങൾ തെളിയിക്കുന്ന പാഠങ്ങൾ ഇനിയും പഠിക്കുന്നതിനായി ഞാൻ എന്റെ തലയ്‌ക്കലിരിക്കുന്ന മെഴുകുതിരി നാളമായി. കണ്ണുനീർ വാർത്തിരിക്കുന്ന ചകിതരായ ഭാര്യയോടും മക്കളോടും ആശ്വാസം പറഞ്ഞു. “നിങ്ങൾ ദൈവത്തിനു സ്‌തുതി പറയുക. ജോൺസനെ കൊന്ന അച്ചൻകുഞ്ഞിന്റെ കുടുംബമല്ല നിങ്ങളുടേത്‌. ഇടിവെട്ടേറ്റു മരിച്ച അച്ചൻകുഞ്ഞിന്റെ കുടുംബമാണ്‌. അതുകൊണ്ട്‌, മനുഷ്യരിലൂടെ ദൈവം നിങ്ങളെ സഹായിക്കും.”

Generated from archived content: story1_mar25_10.html Author: thomas_p.kodiyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here