ഋതുപാപം

വസുമതി കണ്ണൂനീരില്‍ പെയ്തിറങ്ങി.

സ്വന്തം കണ്ണുനീരില്‍ അവളൊഴുകിപ്പോകാതിരിക്കാന്‍ ഞാനവള്‍ക്കൊരു മണ്‍തോണിയായി തുണനിന്നു.

‘’ എന്റെ കൃഷ്ണാ…’‘ അവള്‍ നെഞ്ചിലിടിച്ചു കരഞ്ഞു. ‘’ എന്റെ മോള് … ഇനി ഇതുംകൂടി… ഞാനിത്ര മഹാപാപിയായിപ്പോയല്ലോ കൃഷ്ണാ…’‘ അവള്‍ മുഖം പൊത്തിക്കരഞ്ഞു.

എന്തുപറഞ്ഞ് , ഞാനെന്തുപറഞ്ഞ് എന്റെ കൂട്ടുകാരിയെ ആശ്വസിപ്പിക്കും? എന്റെ കളിക്കൂട്ടുകാരീ നിന്റെയീ കോലം എന്നെ, വസന്തങ്ങളും നിറങ്ങളും വാര്‍ന്നിറങ്ങിപ്പോയ ഉണങ്ങി വരണ്ടൊരു കടലാസുപൂവിനെ ഓര്‍മ്മിപ്പിക്കുന്നു. എവിടെപ്പോയീ നിന്റെയീ മാംസളമായിരുന്ന ശരീരഭാഗങ്ങള്‍? എവിടെപ്പോയീ നിന്റെ ആഹ്ലാദത്തിന്റെ ഓണത്തുമ്പികള്‍….

‘’ എന്തു പറ്റി വസു’‘

‘’ നീ നോക്ക് ശാരീ, അവളെന്തു പണിയാ കാണിച്ചേക്കണേന്ന് അവളുടെ അടുത്ത് ചെന്ന് നോക്ക്.’‘

വസുമതി കുറ്റവാളിക്കു നേരെ വിരല്‍ ചൂണ്ടി. അവളുടെ ചൂണ്ടുവിരലിനു മുന്നില്‍ വിചിത്രമായൊരു അക്ഷരം പോലെ, ഒരു വീല്‍ചെയറില്‍ അവളുടെ മകള്‍ ഇരുന്നിരുന്നു. ഒന്നുമറിയാത്തവളേപ്പോലെ വിചിത്രങ്ങളായ ശബ്ദങ്ങളുടേയും അംഗവിക്ഷേപങ്ങളുടേയും വിരോധാഭാസങ്ങളില്‍ നഷ്ടപ്പെട്ടവളായി അവള്‍ , അവളുടേതായ ലോകത്തിരുന്ന് വിക്കുകയും വിറയ്ക്കുകയും ചിരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

” ഇന്ദു , എന്റെ മോക്കെന്താ പറ്റിയേ, നീ നിന്റെ അമ്മയെ എന്തിനാ വേദനിപ്പിക്കുന്നേ, ഇച്ചേച്ചി നോക്കട്ടെ’‘

ഞാന്‍ വീല്‍ച്ചെയറില്‍ അവള്‍ക്കരുകിലായി ഇരുന്നപ്പോള്‍ അവള്‍ ഒരു കുഞ്ഞാടിന്റെ സന്തോഷത്തില്‍ ഇളകിയാടി. എന്റെ കൂട്ടുകാരിയുടെ നിത്യദു:ഖം അയല്‍ക്കാരിയായ എന്നെ നോക്കി അവ്യക്തവും സന്തോഷസൂചകങ്ങളുമായ സ്വരങ്ങള്‍ പുറപ്പെടുവിച്ചു.

എന്റെ ശിരസ്സിനു മുകളില്‍ അവളുടെ വിറയാര്‍ന്ന വിരലുകള്‍ അശാന്തമായി പരതുന്നു. അവളുടെ ഉറയ്ക്കാത്ത ബുദ്ധിയുടെ വിലക്ഷണമായ ശബ്ദകോശങ്ങളില്‍ നിന്നും സ്നേഹകാന്തങ്ങള്‍ എന്നിലേക്കു പ്രവഹിക്കുന്നതു ഞാനറിയുന്നു. അവളെ നെഞ്ചോടു ചേര്‍ത്ത് ആ വീല്‍ ചെയറിലൊതുങ്ങിയ ആ ശുഷ്ക്കദേഹം ആകമാനം പരതിയവസാനിപ്പിക്കുമ്പോള്‍ ശോഷിച്ചുണങ്ങിയ വെളുത്ത തുടകള്‍ക്കിടയില്‍ നനവ്, രക്തം! ഇളം തവിട്ടു നിറം കലര്‍ന്ന രക്തം. ഒരു നടുക്കവും വിറയലും എന്നെ കടന്നു പോയി. വസന്തശ്രീ അവള്‍ക്കും ക്ഷണപ്പത്രമയച്ചിരിക്കുന്നു!

ഒന്നും മിണ്ടുവാനാവാതെ അവളെ വിട്ടെഴുന്നേറ്റ്, പ്രഭാതത്തില്‍ പെയ്തൊഴിഞ്ഞ മഴ ജീവിക്കുന്ന മുറ്റത്തേക്കു നോക്കി.

മധുവുണ്ണുവാന്‍ ഒരു മധുപനുമൊരു കാലവും വരില്ലെന്നറിഞ്ഞിട്ടും, നേരെ നില്‍ക്കുവാന്‍ പോലും ആവതില്ലാത്തൊരു പൂവില്‍ മധു നിറച്ച് ആ ഭാരപീഢ കൂടി അതിനു നല്‍കി ഒരു വിഷാദഫലിതമാസ്വദിക്കുകയാണു പ്രകൃതിയെന്നു തോന്നി.

പുറത്ത്, ഇളം കാറ്റ് ഇലകളിളക്കുന്നു. പൂക്കളില്‍ നിന്നും , ഇലകളില്‍ നിന്നും ജലകണങ്ങളിറ്റുന്നു. ചെറുപറവകള്‍, ശലഭങ്ങള്‍ , ശബ്ദങ്ങള്‍ ചലനങ്ങള്‍… എല്ലാം വൃത്തനിബദ്ധമായൊരു കവിത പോലെ തുടരുന്നു. ആരോ ചിട്ടപ്പെടുത്തിയ ഒരു സംഗീതത്തിന്റെ ഈണം പരക്കുന്നതു പോലെ … പുറത്ത് എല്ലാം പഴയതുപോലെ എല്ലാം ഭദ്രം.ശാന്തം. സുന്ദരം.

പക്ഷെ, അകത്ത് – നാലുചുവരുകളുടെ മണ്‍നിറത്തിനു നടുവില്‍ , വീല്‍ചെയറിലിരുന്നു ഒരു കന്യക ഋതുമതിയാവുകയെന്ന പാപം ചെയ്തിരിക്കുന്നു. ആയതിനാല്‍ ഇനിമേല്‍ ഇവിടെയൊന്നും ഭദ്രമല്ല. മകള്‍ ചെയ്ത പാപമോര്‍ത്ത് ആഘോഷങ്ങളായി തീരേണ്ട നിമിഷങ്ങളെ നിലവിളികളാക്കി മാറ്റി, ഒരു അമ്മയിരിക്കുന്നു. നീയെന്തിനാണു മകളെ ഋതുമതിയായത്?

ആര്‍ക്കുവേണ്ടി ? ഈശ്വരാ, വരുന്ന ഓരോ മാസവും ഒരമ്മയ്ക്കു നിലവിളികള്‍ നല്‍കുന്നതിനായി പെണ്‍കുഞ്ഞേ നീ പൂത്തുലഞ്ഞു കൊണ്ടിരിക്കും. ആര്‍ക്കും വേണ്ടിയല്ലാതെ , ഒന്നിനും വേണ്ടിയല്ലാതെ വിടര്‍ന്ന് ഇറുന്നു വീഴുന്ന പൂവുകള്‍ ഒരു കഴകക്കാരിയേപ്പോലെ പെറുക്കിയെടുത്ത് ആ അമ്മ വേദനയോടെ പുറത്തു കളയും. അകത്ത് ഒന്നും ഭദ്രമല്ല ശാന്തമല്ല സുന്ദരവുമല്ല!അന്യരുടെ കൃഷിയിടങ്ങളില്‍ നിന്നും അന്നം തേടിയിരുന്ന അവളുടെ പിതാവ് , വിളിപ്പാടിനുമപ്പുറത്ത് ഇതൊന്നുമറിയാതെ, ആരുടേയോ കൃഷിയിടങ്ങളില്‍ തളിക്കുന്നതിനുള്ള കീടനാശിനിയില്‍ ജലം ലയിപ്പിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഇപ്പോള്‍.

Generated from archived content: story1_jan5_12.html Author: thomas_p.kodiyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English