പ്രഥമ ഖണ്‌ഡം
ആദ്യന്തമില്ലാത്ത കാലപ്രവാഹത്തിന്റെ മറ്റൊരു ദശാസന്ധിയിൽ ഒരു കൽപ്പാന്തകാലം കൂടി കഴിഞ്ഞു. വീണ്ടും ജനിമൃതികളുടെ ആവർത്തനങ്ങൾക്കായി രേതസിലെ ബീജം കാത്തുകിടക്കുന്ന അണ്ഡം പോലെ ഭൂമി സൗരയൂഥപഥത്തിൽ സർഗ്ഗവേദനയ്‌ക്കുള്ള ആസക്തിയോടെ കഠിനതപം ചെയ്‌തു. പരസഹസ്രം വർഷങ്ങളോളം……
കല്‌പോദകത്തിനു മുകളിൽ ഒരു ആലിലയിൽ ഒരു ജീവാത്മാവ് ആദിപരാശക്തിയോടു തന്റെ സൃഷ്‌ടിരഹസ്യം തേടി ജലപാണികളുടെ പരിലാളനയേറ്റൊഴുകി നടന്നു.
ഒടുവിൽ ജലം പിൻവാങ്ങി. അവയെല്ലാം ചേർന്ന് ഭൂമിയുടെ വൻ പിളർപ്പുകളിൽ വൻ ജല ശേഖരങ്ങളായി ജലശേഖരങ്ങളിൽ ഓളങ്ങളും അലകളുമുണ്ടായി. അവയിൽ സൂര്യമുഖശോഭ തിളങ്ങി. ജീവാത്മാവ് ആലിലയിലലിഞ്ഞു.
ആലില കരിയിലലിഞ്ഞു.
അതു കരയിലൊരിടത്തു കിടന്നൊരു ജീവബീജമായി പരിണമിച്ചു. അതിനുള്ള മുളപൊട്ടി, ഒരു ആൽമരമായി വളരുവാനാരംഭിച്ചു. ആൽമരത്തിന്റെ തായ്‌വേരിറങ്ങി കന്യാചർമം പിളർന്ന സുഖദമായ വേദനയിൽ ഭൂമികന്യകയുടെ രോമാഞ്ചം തൃണങ്ങളും ചെറുസസ്യങ്ങളുമായി തിണർത്തു വന്നു. ഭൂമി കന്യകയല്ലാതായി. അവൾ മാതാവായി.
ആൽമരം വളർന്നു പന്തലിച്ചു. അത് അതിന്റെ വേരുകൾ കൊണ്ട് ഭൂമിയെ ഗാഢമായി ആലിംഗനം ചെയ്‌തു സദാ നെഞ്ചോടു ചേർത്തു നിർത്തി. ഭൂമിയുടെ ആഴങ്ങളിലേയ്‌ക്കു വേരുകൾ വളർന്നുകൊണ്ടേയിരുന്നു. അവരുടെ ഉപമകളില്ലാത്ത പ്രണയത്തിൽ ജീവകോടികൾ പിറന്നു. മത്സ്യ ജാതികൾ, ഉരഗജാതികൾ, പറവജാതികൾ, സസ്‌തനികൾ…..
ആൽമരത്തിന്റെ ഇലപ്പന്തലിനു കീഴിൽ ജീവകോടികൾ ജീവന്റെ സുഖദുഃഖങ്ങളും, ശീതോഷ്‌ണങ്ങളും, രാപകലുകളുമറിഞ്ഞ് ഉയിരറ്റു. നവം നവങ്ങളായവ പുനർജനിച്ചു.
സഹസ്രകോടി യുഗങ്ങളങ്ങനെ പോകേ ആൽമരം സാത്വികനായൊരു താപസ ഭാവത്തിലും ഭൂമി, മക്കൾക്കു വച്ചു വിളമ്പുന്ന വത്സലമാതാവായും പരിണമിച്ചു.
ആൽമരത്തിൽ ശതകോടി പറവജാതികൾ പാട്ടു പാടുകയും ഇണചേരുകയും കൂടുകൂട്ടുകയും, കുറേക്കാലം ജീവിക്കുകയും ഒടുവിൽ ഭൂമിക്കുമേൽ ചത്തുവീഴുകയും നവം നവങ്ങളായവ പുനർജ്ജനിക്കുകയും ചെയ്‌തുകൊണ്ടിരുന്നു……….
ഈ കാലയളവിലാണ് ആൽമരത്തിലെ ഒരു കിളികുടുംബത്തിൽ ‘ജീവാത്മിക’ എന്നു പേരായി ഒരു ശാരിക പിറവിയെടുത്തതും വളർന്നതും മാതാവായതും അവൾക്കു കുഞ്ഞുങ്ങൾ നാലായിരുന്നു. പിതാവില്ലാത്ത കുഞ്ഞുങ്ങൾക്ക് ഇരതേടി വല്ലാതെ വലഞ്ഞിരിന്നു അവൾ. ഇപ്പോൾ വിശേഷിച്ചും! കൊയ്‌ത്തുകാലം കഴിഞ്ഞ് ഏറെക്കാലം പിന്നിട്ടിരുന്നു. ആകാശത്തുനിന്നും തീമഴ പെയ്‌തിരുന്ന കാലം ഭൂമി കരിഞ്ഞിരുന്നു.
എങ്കിലും ഭൂമിയിൽ പലയിടങ്ങളിലും ഇനിയും ശാദ്വലതയും, ആർദ്രതയും ഉണ്ടെന്നും അവിടങ്ങളിൽ അന്നവും ഉണ്ടെന്ന തിരിച്ചറിവിൽ അവൾ പറന്നുകൊണ്ടേയിരുന്നു. കത്തിക്കാളുന്ന ആകാശത്തിനും കൊയ്‌തു കഴിഞ്ഞ നെൽപ്പാടങ്ങൾക്കും നടുവിലൂടെ അവൾ പറന്നു. വൃദ്ധകളായ നെൽപ്പാടങ്ങളോട് ഒരു നെൽക്കതിർ യാചിച്ചുകൊണ്ട്.
പക്ഷേ കൊയ്‌ത്തുപാടങ്ങൾ നിസ്സഹായതയോടെ മലർന്നുകിടന്ന് അവളോടു ക്ഷമ യാചിച്ചു. പിന്നെ അവളുടെ ചിറകിനു ശക്തി നേർന്നു. അവളുടെ ചിറകടിയിൽ പാടങ്ങൾ പിറകോട്ടു പറന്നു.
ജീവാത്മിക തളർന്നു തുടങ്ങിയിരുന്നു. എങ്കിലും കൂട്ടിലെ കുഞ്ഞിക്കിളികളുടെ വിശപ്പിൽ വിരിയുന്ന ചെഞ്ചോരിവായ്‌മലരുകളുടെ ഓർമ്മ അവൾക്കു മുന്നോട്ടു പോകാനുള്ള കരുത്തായി.
പെട്ടെന്നൊരു വൻ ചിറകടിയൊച്ച അവളിൽ ഉൾക്കിടിലം സൃഷ്‌ടിച്ചു. അവൾ ഞെട്ടിത്തിരിഞ്ഞു നോക്കി. തന്റെ പിന്നിൽ വാ പിളർന്നു വരുന്ന പരുന്തു രൂപം മരണദൂതന്റേതാണെന്നറിഞ്ഞ അവൾ, മരണത്തിനു കഴുത്തിൽ വെളുപ്പു നിറവും ഉടലിനു കാവിനിറവുമാണെന്നറിഞ്ഞു. വാ പിളർന്നു പറന്നടുക്കുന്ന പെൺപരുന്തിന്റെ കൂർത്ത ചുണ്ടിലും നഖമുനകളിലും അവൾ മരണത്തിന്റെ ഗന്ധവും അന്ധകാരവും തിരിച്ചറിഞ്ഞു.
തൽക്ഷണം അവളിൽ പഞ്ചേന്ദ്രിയങ്ങൾക്കപ്പുറമുള്ള മറ്റൊരുന്ദ്രിയം കൂടി പിറവിയെടുത്തു. വൈദ്യുതവേഗത്തിലവൾ വെട്ടിത്തിരിഞ്ഞുമറിഞ്ഞ് പ്രാണഭയത്തോടെ കൂടിനെ ലക്ഷ്യമാക്കിപ്പറന്നു.
ചകിതയായി കൂട്ടിലേയ്‌ക്കു മടങ്ങിവന്ന അവൾ അന്ന് വിശന്നു വലഞ്ഞ കുഞ്ഞുങ്ങൾക്ക് കണ്ണീരും മരണഭയവുമാണ് ഊട്ടിയത്. ജീവനാധാരമായ ആവശ്യങ്ങൾ വരുമ്പോൾ ആൽമരത്തോടപേക്ഷിച്ചാൽ മതിയെന്നവൾ മക്കളെ പഠിപ്പിച്ചു. കുഞ്ഞുങ്ങൾ തങ്ങളുടെയും അമ്മയുടേയും ജീവനും വിശപ്പിന് അന്നത്തിനും വേണ്ടി ആൽമരത്തോടു പ്രാർത്ഥിച്ചു. അമ്മയെ വേട്ടയാടാൻ വന്ന മരണം എന്ന സത്യവും മരണം എന്നത് എല്ലാ ജീവികൾക്കും ബാധകമാണെന്ന സത്യത്തിന്റെ ഭയങ്കരതയും, വിശപ്പെന്ന യാഥാർത്ഥ്യവും ചേർന്ന് അവരെ തളർത്തി. തളർച്ചയോടെ, തള്ളച്ചിറകിന്റെ വൽസലോഷ്‌മാവിൽ അവർ സുരക്ഷിതത്വത്തിന്റെ സാന്ത്വനമറിഞ്ഞു. ആൽമരത്തോടു പ്രാർത്ഥിച്ചുകൊണ്ടേ അവരുറങ്ങി. അമ്മക്കിളി പ്രഭാതം കാത്ത് ഉറങ്ങാതിരുന്നു…
പിറ്റേന്ന് ഉഷസ്സിനു തന്നെ ജീവാത്മിക ഇരതേടിയിറങ്ങി. എട്ടു കുഞ്ഞിക്കണ്ണുകൾ അമ്മയുടെ യാത്രയെ കൺമറയുവോളം നോക്കി നിന്നു. പിന്നെ സഹജമായ കൊഞ്ചലുകൾക്കു പോലുള്ള കരുത്തില്ലാതെ കൂട്ടിൽ കണ്ണടച്ചിരുന്നു…….
പക്ഷേ ഏറെ പറക്കുന്നതിനു മുമ്പ് ജീവാത്മിക നിഷ്‌കരുണം വേട്ടയാടപ്പെട്ടു…..
തലേന്ന് ഇര നഷ്‌ടപ്പെട്ട ‘വിധിവൈദവി’ എന്ന പെൺപരുന്തിനും ഉറക്കമുണ്ടായിരുന്നില്ല. അവൾക്കും രണ്ടു കുഞ്ഞുങ്ങളുണ്ടായിരുന്നു. അതേ ആൽമരത്തിന്റെ ഏറ്റവും ഉയരത്തിൽ കൂടുകെട്ടി പാർത്തിരുന്ന അവരുടെ പ്രാർത്ഥനയാണ് ആൽമരം കേട്ടത്. അതിനാൽ വിധിവൈഭവിയ്‌ക്ക് അന്ന് ഇരകിട്ടി. അതു പക്ഷേ ജീവാത്മികയായിരുന്നു. അവളുടെ സഞ്ചാരപഥമറിഞ്ഞിരുന്ന വിധിവൈഭവി അവളുടെ ലക്ഷ്യം നിറവേറ്റി ആൽമരം സാക്ഷി!
ശക്തിയും ബുദ്ധിയും ഏറെയുള്ളതിന് ശക്തി കുറഞ്ഞതു കീഴടങ്ങി. പ്രപഞ്ചനിയമം പാലിക്കപ്പെട്ടു. ശുകം തന്റെ പ്രാണനു വേണ്ടി പരുന്തിനോടിരന്നു. പരുന്തിന്റെ നഖമുനകളിൽ കൊരുക്കപ്പട്ട ജീവാത്മികയുടെ കാതരമായ സ്വരം വിധിവൈഭവിക്കു കാതിനിമ്പമായി. അത് വേട്ടയാടലിന്റെ ലഹരി നുണഞ്ഞു. വേദനിപ്പിക്കുന്നതിന്റെ സുഖമറിഞ്ഞു. അത് നഖങ്ങളിൽ കൊരുക്കപ്പെട്ട ഇരയെ ആലിൻകൊമ്പിൽ തന്റെ കൂടിനു പുറത്തുള്ളൊരു ശിഖിരത്തിൽ വച്ച് നിശിതമാം വിധം കീറിപ്പിളർക്കാൻ തുടങ്ങി. വേദനയുടെ ചിറകടിയൊച്ച അന്തരീക്ഷത്തിൽ നിറഞ്ഞു. തലേന്നു തന്റെ കുഞ്ഞുങ്ങൾക്കു സ്‌നേഹോഷ്‌മാവും അഭയവും നല്‌കിയ ജീവാത്മികയുടെ പച്ചപ്പട്ടുതൂവലുകളിൽ രക്തം നനഞ്ഞു. കൊത്തിപ്പറിക്കപ്പെടുന്ന തൂവലുകളിൽ രക്തം നനഞ്ഞതും നനയാത്തതുമായ തൂവലുകൾ ഒരു അമ്മക്കിളിയുടെ സ്‌നേഹത്തിന്റെ തിരുശേഷിപ്പുകളായി പരിസരങ്ങളിൽ പറന്നു നടന്നു.
മരണത്തിന്റെ നിശിതമായ കാർക്കശ്യം ആത്മാവു പിളരുന്നേരം ജീവാത്മിക ആൽമരത്തോടു കേണു “ എന്റെ കുഞ്ഞുങ്ങൾ…..”
പരുന്തിൻകൊക്കിനാൽ, പിളരപ്പെടുന്നതും ചിതറിത്തെറിക്കപ്പെടുന്നതുമായ രക്തമാംസങ്ങളിൽ ജീവാത്മികയുടെ മരണത്തിന്റെ ഭയങ്കരത നിറഞ്ഞു. അവളുടെ കരൾ പിളർന്നു വാർന്നൊഴുകിയ രക്തത്തിൽ ഒരൊറ്റ നെൽക്കതിരിന്റെ സ്വപ്‌നം മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന തിരിച്ചറിവിൽ ആൽമരഹൃദയം വിറകൊണ്ടു.
ഒടുവിൽ ജീവാത്മിക പിളരപ്പെടുകയും ചെറുതുണ്ടുകളാക്കപ്പെടുകയും വിധിവൈഭവിയിലും അവളുടെ കുഞ്ഞുങ്ങളിലും പരിണാമഗതി തേടുന്ന അതിവിശിഷ്‌ട ഭോജ്യമായി മാറുകയും ചെയ്‌തു.
അവൾ ജീവന്മുക്തയായി……….
ദ്വിതീയ ഖണ്‌ഡം
ജീവാത്മികയ്‌ക്കു വിരാട്‌രൂപ ദർശനം ലഭിച്ചു. അവളതലലിഞ്ഞു. സ്‌ഥലകാല പൂർവ്വജന്മബന്ധമേതുമില്ലാത്ത ഒരു പരമാഹ്‌ളാദ പ്രളയത്തിൽ സ്വത്വമില്ലാത്തവളായി അവൾ നിർവൃതി നുകർന്നു. സച്ചിദാനന്തമെന്തന്നവളറിഞ്ഞു. അതിന്റെ പരമാഹ്‌ളാദം! സ്‌ഫടികസമാനമായ ശുദ്ധശാന്തിയുടെ മഹാസാഗരത്തിൽ അവൾക്ക് അഭയം ലഭിച്ചു. ജനന മരണ ദുഖങ്ങളേതുമില്ലാത്ത മഹാശാന്തി അവളെ ചൂഴ്‌ന്നു. അപ്പോഴവൾ സർവ്വവും മറന്നിരുന്നു. അശരണരായിപ്പോയ നാലു ശാരികപൈതലുകളെ, ഹിരണ്യാഭമായ നെൽപ്പാടങ്ങളെ, തന്റെ കിളിജന്മമൊടുക്കിയ വിധിവൈഭവിയെ, തന്റെ മുൻപിറവിയിലെ സമസ്‌തവും അവൾ മറന്നു ലയനം!
ആനന്ദം, ചിദാനന്ദം. സച്ചിദാനന്ദം! ബ്രഹ്‌മലയം!
ത്രിതീയ ഖണ്ഡം
വേട്ടയാടപ്പെട്ട ശുകത്തിന്റെ പ്രാണവേദനയിലുരുകിവാർന്ന നിണത്തിലും, പ്രാണൻ വേർപെട്ട സമയത്തെ പ്രാർത്ഥനയിലും അവളുടെ മക്കളെച്ചൊല്ലിയുള്ള വേദന നിറഞ്ഞിരുന്നു. ആ വേദനയിൽ ആൽമരം കൃപാലുവായി.
ജീവാത്മികയുടെ കൂടിനു മുകളിൽ, അനാഥരായ കുഞ്ഞുങ്ങൾക്കുമേൽ അവൻ കരുണകൊണ്ടു. അവരുടെ കൂടിനു മുകളിൽ ആൽമരക്കൊമ്പ് അത്തിമരക്കൊമ്പായി രൂപാന്തരം പ്രാപിച്ചു. അവയിൽ ആ കിളിപൈതലുകൾക്കായി അത്തിപ്പഴങ്ങൾ നിറഞ്ഞു. അവർക്കു മുകളിലെ കുടവട്ടം മാനം സദാ ഉദയരാഗം പൂശിനിറുത്തി. അത്തിയിലകളിൽ കിളിപ്പാട്ടു നിറച്ചു. അവരുടെ ശൈശവനിദ്രയിൽ ആൽമരം ജീവാത്‌മികയുടെ നനുത്ത തൂവലുകളുടെ വത്സലോഷ്‌മാവായി.
ഇതിനിടെ വിധിവൈഭവിയുടെ ജഠരാഗ്നിയിലലിഞ്ഞു തുടങ്ങിയിരുന്ന ജീവാത്മികയുടെ പരസഹസ്രം പരമാണുക്കളിലൊന്ന് വിധിവൈഭവിയുടെ അടുത്ത ജന്മപരമ്പരയിലൊന്നാവാനുള്ള അണ്‌ഡങ്ങളിലൊന്നായി പരിണമിക്കുവാനാരംഭിച്ചിരുന്നു. ഈ വേളയിൽ ആൽമരം സച്ചിദാനന്ദസാഗരത്തിൽ നിന്നും ജീവാത്മികയുടെ തേജസ്സിനെ മടക്കി വിളിച്ചു.
ഇത്തിരി നേരം അനുഭവിച്ച മഹാസന്തോഷത്തിനും വിരാമം. വീണ്ടും അവൾക്കു മരണം വിധിക്കപ്പെട്ടു. പ്രാണൻ പറിയുന്ന ഒരു വേദന കൂടി! സച്ചിദാനന്ദസാഗരത്തിൽ നിന്നറുത്തു മാറ്റപ്പെടുമ്പോഴുള്ള തീവ്രവേദന.
അവൾ വീണ്ടും ആലിലയിലെ ശൈശവരൂപിയായി പരിണമിച്ചു. അവൾ ആലിലയിൽ അലിഞ്ഞുചേർന്നു. തന്നിലലിഞ്ഞ ആ തേജസ്സിനേയുംകൊണ്ട് ആലില മെലിഞ്ഞു തുടങ്ങുകയും, നേർത്തു നേർത്ത് മുടി നാരിഴയേക്കാൾ സൂക്ഷ്‌മരൂപത്തിലാവുകയും ചെയ്‌തു. ഒടുവിലത് പരമാണുവിലും പരമാണുവായ ഒരു നാരായമായിത്തീർന്നു. അതുമായി വിധിവൈഭവിയുടെ ഉദരത്തിൽ കടന്ന് അണ്ഡമായി പരിണമിക്കുവാനുള്ള ജീവകോശത്തിന്റെ ശിരസ്സിലെത്തി. പിന്നീട് അതിസൂക്ഷമരൂപിയായ നാരായമുനകൊണ്ട് ശിരസ്സിൽ ഇപ്രകാരമെഴുതി.
“ജീവാത്മികാ, ഇതു നിന്റെ മറുപിറവി. ഗരുഢകുലത്തിൽ നിനക്കു മനുഷി എന്നുപേർ. നിന്റെ എണ്ണമറ്റ വേട്ടയാടലുകളിൽ, മുൻപിറവിയിൽ നിനക്കു മക്കളായിരുന്ന നാലുപേരേയും നീ വകവരുത്തിഭക്ഷിക്കും. അവരുടെ രക്തമാംസങ്ങൾ നിന്നിലും നിന്റെ സന്തതി പരമ്പരയിലും നിറയും. ഈ പിറവിയിൽ നിനക്കായുസ്സ് നാലുവർഷം.” അത്രയുമെഴുതി ആലിലനാരായം പിൻവാങ്ങി, സൂക്ഷ്‌മ രൂപത്തിൽ നിന്നും പരിണമിച്ച് പരിണമിച്ച് ഒടുവിൽ സ്‌ഥൂലരൂപിയായ പൂർവ്വരൂപത്തിലെത്തി നിന്നു. എല്ലാറ്റിനും സാക്ഷിയായിരുന്ന ഭൂമിദേവി വേദനയോടെ ആൽമരത്തോടു ചോദിച്ചു. “അങ്ങവളുടെ ശിരസ്സിലെന്താണെഴുതിയത്? സന്തത്‌ഘാതകിയെന്നോ?. രക്തം! കണ്ണുനീർ! ഉൽക്കടമായ വേദനകൾ! വേദനകൊണ്ടു ഞാൻ നിറയുകയും വിറയ്‌ക്കുകയും ചെയ്യുന്നു.”
“ദേവീ, സൃഷ്‌ടിയുടേയും, സ്‌ഥിതിയുടേയും, ജീവചക്രത്തിന്റെയും രഥവേഗത്തിന്റെയും ആധാരം ഈ അരും കൊലകളാണ്. വേദനകളാണ്. അതിന്റെ ആവർത്തനങ്ങളാണ്. ഇങ്ങനെയല്ലാതൊരു വഴി എനിക്കറിവില്ല. നീയെന്നെ ക്ഷമാപൂർവ്വം ധരിക്കുക.” ആൽമരത്തിന്റെ കണ്ണുനീർ ഇലച്ചാർത്തുകളിലൂടെ വീണു ഭൂമികുതിർന്നു.
Generated from archived content: story1_dec3_09.html Author: thomas_p.kodiyan
Click this button or press Ctrl+G to toggle between Malayalam and English