സുഹൃത്തേ, പിറവിത്തിരുന്നാളല്ലേ,
പലവ്യഞ്ജനങ്ങൾ പതിവിൽ നിന്നും
അല്‌പം കൂട്ടി വയ്‌ക്കുക.
പച്ചക്കറികൾ പതിവിൽനിന്നു കുറച്ചും.
പിറവിത്തിരുന്നാളല്ലേ, സുഹൃത്തെ,
മസാലയിൽ വീണ്ടും മരിക്കുന്നതും
എണ്ണയിൽപ്പൊരിയുന്നതും കിനാവു കണ്ടു
ശീതീകരിണിയിൽ ഉയിർപ്പു ധ്യാനിച്ചിരിക്കും
മൃതശരീരഭാഗങ്ങൾ-
കാള രണ്ടും കോഴി മൂന്നും
മീൻ ഒന്നും കിലോ വീതം.
(യേശുവാകട്ടെ ഞാൻ, അവകൾ ലാസറുകളും)
അവർ മൂന്നും ബെത്‌ലേഹേമിൽനിന്നു വന്നവരും
തിരുപ്പിറവി കൺകണ്ടവരുമാണെങ്കിൽ
അന്നയെന്ന എൻ മെയ്‌പ്പാതിയതു ഭക്ത്യാദരാൽ
വയ്‌ക്കും വിളമ്പും – ധ്യാനമൊന്നും വിടാത്തൊരെന്നോമന!
കുട്ടികൾക്കു ചൈനീസ് ദീപമാലാലംകൃതമൊരു
ക്രിസ്‌തുമസ് മരം
(ഭൂഗോളത്തിന്റെ പലയിടങ്ങളിൽ നിന്നും ക്രിസ്‌തുമസ് വരുന്നു
ചൈനയും അതിൽ പങ്കെടുക്കുന്നു)
പ്രാദേശിക നിർമ്മിതമൊരു പുൽക്കൂടും
അതിലോരോ മറിയവും യൗസേപ്പും
ആടും മാടും ഒട്ടകവും ഒരു മാലാഖയും പിന്നെ
ഉണ്ടെങ്കിലൊരു ഉണ്ണിയേയും വയ്‌ക്കുക….
തിരുപ്പിറവിരാവറുതി വരെയവർക്കു കൊറിക്കുന്നതിനായി
ഹാലേലുയ രണ്ടുകിലോ, കാരൾഗീതങ്ങൾ ഉള്ളത്….
മുഖ്യമായും, എനിക്ക്-
ആരുമറിയേണ്ട, രശീതി വേറെ തരിക
മേല്‌പ്പറഞ്ഞവയിലേറ്റം സുരക്ഷിതമാക്കിത്തരിക
ഇവിടില്ലെങ്കിലൊരു പയ്യനെ അയക്കുക-
കിട്ടുന്നിടത്തുനിന്നു വാങ്ങിത്തരിക
ചില്ലുപാത്രത്തിൽ, സ്വവിഷവീര്യാലസ്യത്തിൽ മയങ്ങി
തവണമുറയിൽ മരണം തരുന്നൊരു അണലിപ്പാമ്പിനെ-
ഒരുലിറ്റർ ‘ക്രിസ്‌ത്യൻ സഹോദരൻമാർ’
അല്ലെങ്കിൽ… ക്രിസ്‌തുചുവയ്‌ക്കുന്ന പേരോടെയെത്തുമെന്തെങ്കിലും…
പിറവിത്തിരുന്നാളല്ലേ സുഹൃത്തേ, ഞാനൊരു മാന്യനും!
Generated from archived content: poem2_jan3_10.html Author: thomas_p.kodiyan