വേഗങ്ങൾക്കു വേറൊരു പേര്‌

വേഗങ്ങൾക്കു ജീവനുണ്ട്‌

ഒരു ദ്രുതതാള ശ്രൂതിസുഭഗതയായ്‌

പായുമൊരു കൊള്ളിമീൻ ക്ഷണികതയായ്‌

ദ്രുതവേഗം ജീവിക്കുന്നു നമ്മോടൊപ്പം

മന്ദവേഗത്തിനും ജീവനുണ്ട്‌.

അലസഗമനയായൊരു സഞ്ചാരീസലിലമായ്‌

അലയുമൊരിളം കാറ്റായ്‌

മന്ദവേഗവും ജീവിക്കുന്നു നമ്മോടൊപ്പം

ജീവനുള്ളവയ്‌ക്കെല്ലാം മരണവുമുണ്ടെന്ന്‌ ബാലപാഠം

മരം മരിക്കുന്നു, മനുഷ്യൻ മരിക്കുന്നു

ജീവനുള്ളവയെല്ലാം മരിച്ചുതീരുമ്പോൾ

മരണവും മരിക്കുന്നു; വേഗവും മരിക്കും.

ഇന്നലെ ഇരുളാണ്ടൊരു പാതയിലൊരു തിരിവിൽ

രണ്ടിരുചക്രവണ്ടികൾ തൻ ചതിയൻ നെറ്റിക്കൺവെട്ടം

വിരൽ നിട്ടിയടച്ചതു നാലു കൗമാരസുകുമാരനയനങ്ങൾ.

ദ്രുതവേഗതയിലും മരിക്കാം.

ജനനകാരണർക്കു ശിഷ്‌ടകാലം തീദെണ്ണം നൽകി

രണ്ടാമ്പുലൻസു ചില്ലുകളിലൊരൊറ്റനാൾ പടമായ്‌പ്പറ്റി

പുരോഹിതർക്കൊരു ചരമപ്രസംഗമായ്‌

നാടിൻ പ്രണാമമായ്‌ അവർതൻ വേഗമൊടുങ്ങി.

മുമ്പൊരിക്കലൊരു രാവിൽ ഉറങ്ങാതെ,

ലക്ഷ്യം തേടി നടന്ന രണ്ടു കാളകളും

ഉറങ്ങിയ വണ്ടിക്കാരനും കൂട്ടബലിയായ

നിരത്തിൽ, അസൂരനായതു സർക്കാർ ലോഹപേടകം.

കാളകൾ രുചികരമാം ഭോജ്യമായ്‌ച്ചമഞ്ഞു

പിഞ്ഞാണികളിലേറി, ജന വദനകുഹരത്തിലാണ്ടു മറഞ്ഞു

വണ്ടിക്കാരൻ മണ്ണിലും….

മൃദുവേഗരും മരിച്ചേക്കാം.

കൊല്ലുന്നതിനും ചാവുന്നതിനുമുണ്ടു ‘വേഗം’

വേടനും വേട്ടമൃഗത്തിനുമുണ്ടു വേഗം

വേഗത്തെക്കൂടാതെയാകില്ല ജീവികൾക്കൊന്നിനും,

വേഗത്തിൻ വേട്ടമൃഗങ്ങൾ നാം.

‘ഒരു വേഗവും സുരക്ഷിതമല്ല’യെന്ന വഴിയോരപ്പരസ്യപ്പലക

പറയാനൊളിക്കുന്നതു ദ്രഷ്‌ടാവിൻ ചാവിൻ പ്രവചനം.

എങ്കിലും നമുക്കുണ്ടൊരു

ഘടികാര കാരുണ്യം.

അതിലുണ്ടു മുള്ളുകൾ മൂന്നെണ്ണം

അതിലൊന്നെടുക്കാം, നടക്കാം….

ഏതെടുത്താലും സുരക്ഷിതമല്ലെന്നുറപ്പ്‌.

കാരണം വേഗവും സഞ്ചരിക്കുന്നു നമ്മോടൊപ്പം!

Generated from archived content: poem1_july24_10.html Author: thomas_p.kodiyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English