കപടമുഃഖം

ആ‍റരയുടെ ആദ്യ ബസ്സില്‍ കയറിയ ഉടനെ , അയാളുടെ മനസ്സ് ബസ്സിന്റെ അരിക് സീറ്റിലേക്ക് അയാളെ വലിച്ചിഴച്ചുകൊണ്ടു പോയി. ബസ്സിന്റെ അരിക സീറ്റ്, പുറം കാഴ്ചകള്‍, ഇടക്ക് മനോരഥത്തിലേറിയൊരു യാത്ര:- അതയാളെന്നും ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ ഇന്ന്! കണ്ണു നീരിന്റെ തിമിരം അയാളുടെ കാഴ്ചകളെ അവ്യക്തമാക്കുന്നു. വഴികള്‍ ഇരുണ്ട് പോകുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട യാത്രയുടെ അവസാനം എത്തിച്ചേരേണ്ട ഗ്രാമം. ഉഗ്രവിഷം ഒളിപ്പിച്ചു വച്ചിരിക്കുന്ന സര്‍പ്പത്തേപ്പോലെ, അയാളെ ഭയപ്പെടുത്തിക്കൊണ്ടിരിന്നു.

വീണ്ടും ആ ഗ്രാമത്തിലേക്കൊരു യാത്ര:- അതയാള്‍ ആഗ്രഹിച്ചതല്ല .’‘ നീ ചേട്ടനെയൊന്ന് വിവരമറിയിക്ക്’‘ അപ്പച്ചന്റെ നിസഹായതയും ദൈന്യതയും കണ്ടപ്പോള്‍ മറുത്തു പറയാന്‍ തോന്നിയില്ല.

സമുദായ പാരമ്പര്യങ്ങള്‍ക്കു മേലേ സഹോദര സ്നേഹം നിറഞ്ഞപ്പോള്‍ കുടുംബത്തിലെ ഇളയവനായ തന്റെ അപ്പച്ചന്‍ പേരപ്പനോട് പറഞ്ഞു.

‘’ കുടുംബസ്വത്തും , വീടും ചേട്ടനെടുത്തോളു ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്നറിയാം.എനിക്കും അവള്‍ക്കും ജോലിയുള്ളതു കൊണ്ടൊരു ചെറിയ വീടും സ്ഥലവു വാങ്ങിക്കാന്‍ വലിയ പ്രയാസമുണ്ടവില്ല’‘

‘’ എടാ ജോണി അത്….’‘

പേരമ്മയുടെ കണ്ണുകള്‍ തുറിച്ചു . എന്തോ പറയാന്‍ ശ്രമിച്ച പേരപ്പന്റെ വാക്കുകള്‍ മുറിഞ്ഞു പോയി. പിന്നെ തന്റെ അപ്പന്റെ സ്നേഹത്തേയും കാരുണ്യത്തേയും പറ്റിയുള്ള പുകഴ്ത്തിപ്പറച്ചിലുകള്‍! തന്നെ അവിടെ നിറുത്തി പഠിപ്പിക്കാന്‍ അവര്‍ ഉദ്ദേശിക്കുന്നുവെന്ന പേരമ്മയുടെ പ്രഖ്യാപനമുണ്ടായപ്പോള്‍ ‘ കണ്ടോ എന്റെ വീട്ടുകാരുടെ സ്നേഹം’ എന്ന ഭാവത്തില്‍ അപ്പന്‍ എന്നെയൊന്ന് നോക്കി. നീണ്ട ഒന്‍പത് വര്‍ഷങ്ങളുടെ ഒരു ഗ്രാമം ഹൃദയത്തില്‍ പറ്റിപ്പിടിച്ച് വളരുന്നത് അയാളറിഞ്ഞു.

‘’ നിങ്ങവനെ കണ്ട് പഠിക്ക്’’ വയലിലേയും പറമ്പിലേയും പണികള്‍ കഴിഞ്ഞു വരുമ്പോള്‍ പേരമ്മ തന്റെ മക്കളോട് പറയുന്നതു കേട്ട് താന്‍ അഭിമാനിച്ചു. അത് ഒരടവാണെന്നറിയും വരെ. തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൊടുത്തിരുന്ന ( അങ്ങനെ തോന്നിച്ച) അവരുടെ സ്നേഹപ്രകടനങ്ങളെ താന്‍ അന്ധമായി വിശ്വസിച്ചു. തന്റെ അനുസരണശീലവും നിഷ്കളങ്കതയും അവര്‍ മുതലെടുക്കുകയായിരുന്നു. ജോലി ചെയ്തു തളരുമ്പോള്‍ പേരപ്പന്‍ സഹായത്തിനെത്തും.

‘’ എടീ അവന്‍….’’ പക്ഷെ വാക്കുകള്‍ മുഴുമിപ്പിക്കാന്‍ ഒരിക്കലും പേരപ്പന് കഴിഞ്ഞിട്ടില്ല.

ഒരു ക്രിസ്തുമസ് അവധിക്ക് വീട്ടില്‍ വന്നപ്പോള്‍ പെങ്ങള്‍ക്ക് തന്നോട് എന്തോ പറയാനുണ്ടെന്ന് തോന്നി.

‘’നീ എന്താ മുഖം വീര്‍പ്പിച്ചിരിക്കുന്നത്?‘’

”അച്ചാച്ചന്‍ ഇനി അവിടെ നിന്ന് പഠിക്കേണ്ട’‘

‘’ഉം?’‘

‘’ പേരമ്മയ്ക്കും മക്കള്‍ക്കും നമ്മളോട് എന്തൊരസൂയയാ കുറച്ചു ദിവസം മുമ്പ് ഇവിടെ വന്നിരുന്നു. ശല്യങ്ങള്‍ ഇനി അവിടെ നിന്നാല്‍ എന്റെ അച്ചായനും അവരെപ്പോലെ…’’ തന്റെ പെങ്ങള്‍ തിരിച്ചറിവിന്റെ ലോകത്ത് കടന്നിരിക്കുന്നു. ആദ്യം അയാള്‍‍ സന്തോഷിച്ചു.

’‘ മോളേ അത് ചിലരുടെ സ്വഭവമാ അല്ലാതെ നമ്മളോട് സ്നേഹമില്ലാഞ്ഞിട്ടല്ല. ‘’

അവള്‍ തന്റെ മുറി വിട്ട് പുറത്തു പോകുമ്പോള്‍ ആരോടെന്നില്ലതെ അയാള്‍ പറഞ്ഞു.

‘’ രക്തബന്ധങ്ങളില്‍ ഒരു ചെറിയ വിടവ് പോലും ഉണ്ടാകുവാന്‍ പാടില്ല‘’

‘’ ജോണിയിപ്പോള്‍ മുമ്പത്തേപ്പോലെ പണമൊന്നും തരുന്നില്ല ‘’ പേരമ്മയുടെ ശബ്ദം കേട്ടുകൊണ്ടാണ് താന്‍ എഴുന്നേറ്റത്.

‘’ അവന്‍ ഏറെ സഹയിച്ചതല്ലേ ഇനിയും പിഴിയുന്നത് വലിയ തെറ്റാ അവന്‍ ഇപ്പോഴും ഒരു വാടക വീട്ടിലാ‍ താമസിക്കുന്നതെന്ന് നീയോര്‍ക്കണം’‘

‘’ നിങ്ങളുടെ തെറ്റും ശരിയും . എനിക്ക് മിടുക്കില്ലായിരുന്നേല്‍ കാണാമായിരുന്നു നമ്മുടെ പിള്ളാര്‍ വളര്‍ന്നു വരികയാ , ചെലവും കൂടുന്നു. ഇനിയും അവനെ ഇവിടെ നിറുത്തി പഠിപ്പിക്കാന്‍ പറ്റത്തില്ല’‘

‘’ അപ്പോള്‍ നീ അവനോട് കാണിക്കുന്ന സ്നേഹമോ?’‘

അതിനുത്തരം അമര്‍ത്തിയ ചിരിയായിരുന്നു. തന്റെ നിദ്രാവിഹീനമായ രാത്രിയിലേക്ക് പേരമ്മയുടെ ചിരി ചിതറി വീഴുമ്പോള്‍ ഒരു കാര്യം അയാള്‍ തീര്‍ച്ചപ്പെടുത്തി. ഈ ഗ്രാമം തനിക്ക് അന്യമായിരിക്കുന്നു.

‘’ എന്തിനാ അച്ചായാ ആ വീട്ടിലേക്ക് പോകുന്നത്? നമ്മുടെയമ്മ ഈ അവസ്ഥയിലാണെന്നറിയുമ്പോള്‍ പേരമ്മക്ക് സന്തോഷമേയുണ്ടാവൂ!’‘ പോകാന്‍ ഒരുങ്ങിയ തന്നെ തടസ്സപ്പെടുത്തുന്ന , പെങ്ങളുടെ കരഞ്ഞു കലങ്ങിയ കണ്ണുകള്‍ക്ക് മുമ്പില്‍ പതറാതിരിക്കുവാന്‍ അയാള്‍ ശ്രമിച്ചു.

‘’അപ്പച്ചന്‍ പറഞ്ഞാല്‍ അനുസരിക്കേണ്ടേ മോളേ?’’

അപ്പനെ നിഷ്ക്രിയനാക്കി , തന്റേയും പെങ്ങളുടേയും ഒരു ചിറകൊടിച്ച് എത്ര പെട്ടന്നാണ് അമ്മ ഈയവസ്ഥയിലായത്.

” യാതൊരു ബോധവുമില്ലതെ നടന്നോളും. ഓരോന്നു വരുത്തി വച്ച് എന്നെ തീ തീറ്റിക്കാന്‍’‘ ജലദോഷത്തിന്റെ അസ്വസ്ഥത തന്നെ ബുദ്ധിമുട്ടിക്കുന്നത് കണ്ടുകൊണ്ടാണ് അമ്മ സ്കൂളില്‍ നിന്നും വന്നത്… ഭര്‍ത്താവിനോ , കുട്ടികള്‍ക്കോ എന്തെങ്കിലും അസുഖം വന്നാല്‍ അമ്മയ്ക്കാകെ പരിഭ്രമമാണ് .അമ്മയുടെ ഭാവം കണ്ടാല്‍ രോഗിയേക്കാളും പ്രശ്നം അമ്മയ്ക്കാണെന്നു തോന്നും. അമ്മ പതിവ് ശുശ്രൂഷകള്‍ തുടങ്ങിയപ്പോള്‍ താന്‍ പറഞ്ഞു ‘’ അമ്മേ അത്ര ഭയപ്പെടാനൊന്നുമില്ല ഇന്നലെയൊന്നു മഴ നനഞ്ഞു അതാ ഇങ്ങനെ’‘

ഏറെ നേരം തന്റെ മുടിയില്‍ വിരലോടിച്ച് അമ്മയിരുന്നു ‘’ എന്റെങ്കിലും ആവശ്യമുണ്ടെങ്കില്‍ നീ എന്നെ വിളിക്കണം’‘ അങ്ങനെ പറയുന്നതേയുള്ളു . ഈ രാത്രി മുഴുവന്‍ ഉറക്കമിളക്കുമെന്ന് തനിക്കറിയാം. അമ്മ എന്തോ ഒരു പ്രത്യേക വാത്സല്യം തന്നോടു കാട്ടുന്നുണ്ട് ‘ ആദ്യമായി മുലക്കണ്ണുകള്‍ ചുരത്തിയതും മാതൃസ്നേഹം അണപൊട്ടിയൊഴുകിയതും തനിക്കു വേണ്ടി മാത്രമാണ്!’’

താന്‍ ഉണര്‍ന്നപ്പോള്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പ്രയാസപ്പെടുന്ന അമ്മ!

‘’ എന്തു പറ്റിയമ്മേ?’‘

‘’ എന്റെ വലതുവശം എന്നോട് പിണങ്ങിയെന്നാ തോന്നുന്നേ’‘ ചിരിച്ചുകൊണ്ടാണ് അമ്മ അത് പറഞ്ഞത്’‘ നീ ഏണീക്കണ്ട , മരവിച്ചതാണ് കുറച്ചു കഴിയുമ്പോള്‍ മാറും’‘ അമ്മയെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു കാരം അയാള്‍ ഞെട്ടലോടെ അറിഞ്ഞു ‘അമ്മയുടെ വലതു വശം പൂര്‍ണ്ണമായി തളര്‍ന്നുപോയിരിക്കുന്നു’

വീട്ടിലേയും സ്കൂളിലേയും ജോലികള്‍ ചുറുചുറുക്കോടെ ചെയ്യുന്ന അമ്മ! ഇപ്പോള്‍ കട്ടിലില്‍ നിന്ന് ഒന്നെഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ …! അയാളുടെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പി. മനസ്സ് അസ്വസ്ഥമാകുന്നു. ഒരു സമാധാനത്തിനു വേണ്ടി അയാള്‍ പുറത്തേക്ക് നോക്കി ബസ്സ് മുമ്പോട്ടുകുതിക്കുന്നു. . യൗവനത്തിന്റെ ഊഷരതയില്‍ ജലകണികപോലെ മോഹിപ്പിച്ച പെണ്‍കുട്ടി! മനസ് നനച്ച പുഴ! വിഹ്വലതയില്‍ ദൈവസാന്നിധ്യം കുടിയേറിയ ദേവാലയത്തിന്റെ വിജനത! പേരപ്പന്‍ , പേരമ്മ അവരുടെ കുട്ടികള്‍…. മനസ്സിന്റെ പച്ചപ്പുകള്‍ ഒന്നൊഴിയാതെ തനിക്ക് അന്യമാവുകയാണ് . ഇപ്പോള്‍ മുടിയിഴകളില്‍ സാന്ത്വനമായി ഇഴയുന്ന ആ കയ്യും. !

വീട്ടിലേക്കു നടക്കുമ്പോള്‍ പേരമ്മ പൂമുഖത്ത് തന്നെയുണ്ടായിരുന്നു.

‘’ എത്ര നാളായി നിന്നെ കണ്ടിട്ട്…”?

അവരുടെ സ്നേഹപ്രകടനം അതിരു കടക്കുന്നതു കണ്ടപ്പോള്‍ അയാള്‍‍ക്ക് പുച്ഛം തോന്നി.

‘’ പേരപ്പന്‍?’‘

‘’ കായലിലാണ് കൊയ്ത്ത് കഴിഞ്ഞേ ഈ വരികയുള്ളും’‘

‘’ ഞാന്‍ ഒരു കാര്യം പറയാനാണ് വന്നത്’‘

പേരമ്മയുടെ ആകാംക്ഷ നിഴലിക്കുന്ന മുഖം ശ്രദ്ധിക്കാതെ അയാള്‍ തുടര്‍ന്നു ‘’ എന്റെയമ ഒരു വശം തളര്‍ന്ന്… ‘’ വാക്കുകള്‍ മുഴുമിപ്പിക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല അവരുടെ മുഖത്തെ ഗൂഢസന്തോഷം കാണാന്‍ കഴിവില്ലാതെ അയാള്‍ മുഖം തിരിച്ചു.

അമ്മ മരിച്ചാല്‍ പ്രൊവിഡന്‍ ഫണ്ടും, മറ്റ് ആനുകൂല്യങ്ങളുമായി നല്ലൊരു തുക….’‘

വാക്കുകള്‍ ഹൃദയം തകര്‍ക്കുകയാണ്. ”നമ്മുടെയമ്മ ഈയവസ്ഥയിലാണെന്നറിയുമ്പോള്‍ പേരമ്മയ്ക്ക് സന്തോഷമേയുണ്ടാവൂ’‘

പെങ്ങളുടെ സ്വരം കാതില്‍ നിറയുന്നു. നനയുന്ന കണ്ണുകള്‍ മറച്ച്, ചിരിക്കാന്‍ പാടുപെടുന്ന അമ്മയുടെ മുഖം തന്റെ ഓരോ അണുവിലും പ്രതിബിംബിക്കുന്നതായി അയാള്‍ക്ക് തോന്നി.

‘ ഇല്ല ഒരു ദുഷ്ടഹൃദയത്തിന്റെ അഗ്നിയില്‍ ദഹിപ്പിക്കാന്‍ , എന്റെ അമ്മയെ ഞാന്‍ വിട്ടുകൊടുക്കില്ല’ പിന്നില്‍ നിന്നുള്ള വിളികള്‍ക്ക് കാത് കൊടുക്കാതെ നടക്കുമ്പോള്‍ , കപടമുഖത്തിന്റെയുള്ള് ചീഞ്ഞു നാറുന്നത് അയാളറിഞ്ഞു.

Generated from archived content: story1_mar12_12.html Author: thomas_k_sebastyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here