സല്ലാപങ്ങളുടെ തലോടലേറ്റ് റാഫേല്‍ തളര്‍ന്നു കിടന്നു. അവളുടെ ചുണ്ടുകള്‍ തന്റെ ഹൃദയത്തിനു മേല്‍ അമര്‍ന്നിരുന്നതും, തന്റെ രൂപം അവളുടെ കണ്ണുകളില്‍ പ്രതിബിംബിക്കുന്നതും അയാള്‍ അറിഞ്ഞില്ല.
അയാളുടെ നെഞ്ചില്‍ വിരലുകളുടെ സംഗീതമുണര്‍ത്തി അവള്‍ ചോദിച്ചു ” എനിക്കും നിങ്ങള്‍ക്കുമിടയില്‍ എന്ത് ദൂരമുണ്ട്?” അയാള്‍ പുഞ്ചിരിച്ചു . പിന്നെ അവളുടെ കണ്ണുകളിലേക്കു നോക്കി പറഞ്ഞു.
” ഭൂമിയിലെ അംഗീകൃത അളവുകള്‍ കാലഹരണപ്പെടുന്ന ദൂരം! ”
ജീവിതത്തിന്റെ നിരാലംബമായ അതിരില്‍ വച്ച് റാഫേല്‍ ഉണര്‍ന്നു. ഇലകള്‍ കൊഴിഞ്ഞു പോയ ഒരു വൃക്ഷച്ചുവട്ടില്‍ വച്ച്, അയാള്‍ തന്റെ ഹൃദയം പറിച്ചെടുത്ത് ഒരു പളുങ്ക് പാത്രത്തില്‍ നിക്ഷേപിച്ചു. മനുഷ്യക്കമ്പോളത്തിന്റെ മലീമസമായ തെരുവില്‍ ; ഒരുയര്‍ന്ന സ്ഥലത്ത് അത് വച്ചതിനു ശേഷം , അതിനടിയില്‍ അയാള്‍ ഇപ്രകാരമെഴുതി.
” ഉപഭോക്താക്കള്‍ സദയം ക്ഷമിക്കുക. ഇത് വില്പ്പനക്കുള്ളതല്ല . ഇതിന്റെ അവകാശി ഇപ്പോഴും ഭൂമിയില്‍ ജീവിച്ചിരിക്കുന്നു. ”
അനന്തരം റാഫേല്‍ തനിക്കു വേണ്ടി മാത്രം സജ്ജമാക്കപ്പെട്ട ചില്ല തേടി പറന്നു പോയി.
Generated from archived content: story1_july6_12.html Author: thomas_k_sebastyan