വരിയും വരയും നായർ വക!

‘ഞാൻ കഷ്ടപ്പെട്ടും അധ്വാനിച്ചും തെണ്ടിയും ഇരന്നും ഭാര്യയുടെ കെട്ടുതാലി പണയം വച്ചുമൊക്കെ ഉണ്ടാക്കിയ വീടിന്റെ കൂദാശച്ചടങ്ങിലേക്കു താങ്കൾ നിർബന്ധമായും വരണം. കുടയംപടി കള്ളുഷാപ്പിനടുത്താണു വീട്‌. കള്ളുഷാപ്പിൽ കയറുത്‌. അവിടെ നിന്നു തിരിയണം…’

താങ്കളും സുഹൃത്തുക്കളും കൈനിറയെ സമ്മാനങ്ങളുമായെത്തി സഹായിക്കണം എന്ന അഭ്യർത്ഥനയും സർവരാജ്യ തൊഴിലാളികളേ സംഘടിക്കുവിൻ എന്ന ഉപദേശവും വീടു പണിത മേസ്തിരിയുടെ പേരും കത്തിലെ ‘ബോണസ്‌’.

പുതിയ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങിലേക്കു ക്ഷണിക്കാൻ ഒരിക്കൽ ഈ കത്തു തയ്യാറാക്കിയ ആ രസികൻ വരയ്‌ക്കുന്ന കാർട്ടൂൺ എങ്ങനെയായിരിക്കും? നർമലേഖനങ്ങളെഴുതുമ്പോഴോ? രാജുനായർ വരച്ചതും എഴുതിയതുമായ ‘കാർട്ടൂൺ കഥകൾ’ എന്ന പുസ്തകത്തിനു മുന്നിലിരിക്കുമ്പോൾ മനസിൽ ആദ്യം ഓടിവന്ന വിഷ്വൽ ആ ക്ഷണക്കത്തിന്റേതായിരുന്നു.

എന്തിനും ഏതിനും തന്റേതായ പ്രത്യേകതകൾ കണ്ടെത്തുന്ന നായർക്ക്‌ സ്വന്തം കല്യാണത്തിലും അവതരിപ്പിക്കാനായി ഏറെ പ്രത്യേകതകൾ. വിവാഹത്തിന്‌ ഔദ്യോഗിക കുറിക്കു പുറമെ അവസാനനിമിഷം (ഓരോ സന്ദർഭവും വ്യത്യസ്തവും രസകരവുമാക്കുക എന്ന പോളിസിയിൽപ്പെടുത്തി) കാർട്ടൂൺ ക്ഷണക്കത്തുണ്ടാക്കിയ കഥ ഈ പുസ്തകത്തിലെ ഒരു കുറിപ്പിൽ വിവരിക്കുന്നുണ്ട്‌. രാഷ്ര്ടീയ സാഹിത്യരംഗത്തെ കുറച്ചുപേർക്കത്‌ അയച്ചുകൊടുക്കുന്നു. നായരുടെ കാർട്ടൂൺ കഥാപാത്രങ്ങളാണ്‌ ക്ഷണക്കത്തിൽ വിവാഹവാർത്ത അറിയിക്കുന്നത്‌… കല്യാണം കഴിഞ്ഞേ കുറി കിട്ടൂ. നായരുടെ ഉദ്ദേശ്യവും അവരുടെ വരവല്ല, രസകരമായ മറുകുറികളാണ്‌. അത്‌ മുക്തകണ്‌ഠം കിട്ടുകയും ചെയ്തു.

വരയേയും വരിയേയും വിരലിൽ ഇങ്ങനെ ഒന്നിപ്പിച്ചവർ മലയാളത്തിലെങ്കിലും വിരലിലെണ്ണാവുന്നവർ മാത്രം. ഒ.വി വിജയൻ, അബു എബ്രഹാം, രവിശങ്കർ, ഉണ്ണി, യേശുദാസൻ, സുകുമാർ പിന്നെ രാജുനായരും. വര ശാസ്ര്തീയമായി പഠിക്കാതെ തന്നെ കാർട്ടൂൺ ബ്രഷെടുത്ത്‌ അനായാസം പെരുമാറാനറിയുന്നവരും ഇവിടെ എന്റെയറിവിൽ വിജയനും കുട്ടിയും ഉണ്ണിയും യേശുദാസനും രാജുനായരും മാത്രം. വര കണ്ടാൽ ഇവർ വരസ്‌കൂളിൽ പോയിട്ടില്ലെന്നു തോന്നുമോ? അത്‌ ആ വിരലുകളുടെയും മനസ്സിന്റെ മിടുക്ക്‌. ഈ പുസ്തകത്തിലെ നായർ കാർട്ടൂണുകളിലൂടെ മെല്ലെ ചിരിച്ചും ഉറക്കെ ചിരിച്ചും ചിരി ചിന്ത ചേർത്തരച്ചുമങ്ങനെ മുന്നേറുമ്പോൾ മനസ്സിലാവുന്നുഃ ഏതു വിഷയവും ഈ ചങ്ങാതിക്കു വഴങ്ങും. ഏതു തലത്തിലുള്ള പ്രസിദ്ധീകരണങ്ങൾക്കുവേണ്ടിയും വേണ്ട രീതിയിൽ വരയ്‌ക്കാനറിയുന്നതും ചെറിയ കാര്യമല്ലല്ലോ. രാജുനായരുടെ എഴുത്തിലും ആവിധ ഗുണങ്ങളൊക്കെയും കാണാം. ചിരിയുടെയും ചിന്തയുടെയും പല പടവുകൾ.

കാർട്ടൂൺ കഥകൾ (രാജുനായർ)

വില ഃ 65രൂ.

പുസ്തകം വാങ്ങുവാൻ സന്ദർശിക്കുക “www.dcb.puzha.com”

Generated from archived content: book1_jan22_08.html Author: thomas_jacob

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here