മഴയില്‍ തണുത്ത മണ്ണില വിരിഞ്ഞ ഒരായിരം കൂണുകള്‍, അതിലെത്രയെണ്ണത്തിന് വിഷമുണ്ടാവും? പൂപ്പല്‍മണമുള്ള അവിടെയ്ക്ക് പതുങ്ങി ചെന്നാല്‍ ശീല്‍ക്കാര ശബ്ദത്തോടെ പാമ്പോ ചേരയോ തലപൊക്കും. നിരാശ താടിരോമാങ്ങളായി മുഖം വൃത്തിയാക്കന് ക്ഷൗരം ചെയ്യാന്‍ കാശില്ലാതെ മഴ മടിയനായി വീടിന്റെ പിന്നാമ്പുറത്തെവിടയോ മൂകനായിരിയ്ക്കുന്ന ഉണ്ണികൃഷ്ണന് ചിന്തിയ്ക്കാന്‍ പാമ്പും പറവകളും തന്നെ ധാരാളം.
കേവലം അഞ്ചാം വയസില്‍ അകാലചരമം പ്രാപിച്ച ഒരു മുത്തച്ഛന്റെ അഭാവമാണ് ഈ ഇരുപത്തഞ്ചാം വയസ്സിലും ഉണ്ണികൃഷ്ണനെ നിരാശയുടെ താടിരോമാക്കാരനാക്കുന്നത്. അഞ്ചു വയസ്സുള്ള മുത്തച്ഛനോ? ചോദ്യം ശരമായി മാറിയല് അത് വലിച്ചെടുത്ത് ആവനാഴിയിലിട്ട് അയാള്‍ ഉത്തരം നല്‍കും.
അതെ അമ്മയുടെ അച്ഛന്റെ അമ്മ എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരട്ടകുട്ടികളെ പ്രസവിച്ചു. അതില്‍ ഒരാള്‍ കംസനും മറ്റേയാല്‍ അക്രൂരനുമായിരുന്നു. അതില്‍ നല്ലവനായ അക്രൂരന്‍ അഞ്ചാം വയസില്‍ ബാലാരിഷ്ടതകളില്‍ പൊലിഞ്ഞുപോയി.
ദുഷ്ടനായ കംസന്‍ ഇന്നും എനിയ്ക്ക് പാരയായി ജീവിയ്ക്കുന്നു. അയാള്‍ ഉഗ്രവിഷമുള്ള കാര്‍ക്കോടകനാണ്. മനസ്സിനെയും ശരീരത്തേയും വാര്‍ദ്ധക്യത്തിന് വിട്ടുകൊടുക്കാത്ത സ്വാര്‍തനായ ബലിഷ്ഠന്‍. അരനൂറ്റാണ്ട് മുന്‍പ് ഈ സുന്ദരപുരുഷനെ സ്വന്തമാക്കിയ സ്വാധീനപഥികയാണ് അമ്മാളുവാരസ്യാര് എന്ന എന്റെ മുത്തശ്ശി. അവര്‍ കഴിഞ്ഞ വൃശ്ചികത്തില്‍ മരിച്ചപ്പോഴും വാവിട്ടു കരയാതെ മൗനംപാലിച്ച ചങ്കുറപ്പുള്ളവര്‍. ഞങ്ങള്‍ പേരക്കിടാങ്ങള്‍ അദ്ദേഹത്തെ വിളിയ്ക്കുന്ന പേരാണ് ഭീമനച്ഛന്‍.
ഇതുപോലൊരു സുന്ദരപുരുഷനെ തന്നെയാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകളായ എന്റെ അമ്മയും പ്രണയിച്ചത്. യാഥാസ്ഥിതികനായ ഭീമനച്ഛന്റെ ധാര്‍ഷ്ട്യത്തിന് മുന്‍പില്‍ ആ നല്ല മനുഷ്യനെ എന്റെ അമ്മയ്ക്ക് നഷ്ടമായി.പകരം ഭീമനച്ഛന്റെ വകയിലൊരു അനന്തിരവനായ മറ്റൊരു കംസന്റെ പുത്രനായി എനിയ്ക്ക് ജനിയ്ക്കേണ്ടി വന്നു. അയാള്‍ നാടുനീളെ വേളിയുണ്ടും വേളികഴിച്ചും ഒരുനാള്‍ നാടുനീങ്ങി. ആ ദുഷ്ട പിതൃത്വമാണ് ഇന്നും നിത്യനിരാശയായി എന്നെയും അമ്മയേയും വേട്ടയാടുന്നത്. ഇപ്പോഴാണ് ആ അഞ്ചാം വയസില്‍ പൊലിഞ്ഞുപോയ നല്ലവനായ മുത്തച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന ചിന്ത എന്റെയുള്ളില്‍ ഒരാശ്വാസത്തിന്റെ തലോടലായി മാറിപ്പോകുന്നത്. അതെ ഒക്കെ ശരിയാണ്, ഇരുപത്തിയാറ്വര്‍ഷം മുന്‍പ് നടന്ന ഒരു സംഭവത്തിന്റെ പേര്പറഞ്ഞ് ഒരുമനുഷ്യനെ ധിക്കരിയ്ക്കുകയും ഒഴിവാക്കുകയും ചെയ്യുന്നത് ശരിയാണോ? ഇതെല്ലാം രീതിയില്‍ അദ്ദേഹം പ്രായശ്ചിത്തം ചെയ്തു കഴിഞ്ഞു. ആ അമ്മയേയും മകനെയും തന്നോട് ചേര്‍ത്തുനിര്‍ത്തി അദ്ദേഹം എത്രകണ്ട് സ്നേഹിച്ചു. കേവലം ഒരു നാട്ടുവൈദ്യന്‍ എന്നുപറഞ്ഞു തള്ളിക്കളയാതെ അദ്ദേഹത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ആ മനസ്സിന്റെ വീര്യം പോലെതന്നെ അദ്ദേഹത്തിന്റെ മരുന്നുകളുടെയും ചികിത്സകളുടെയും മഹത്വം മനസ്സിലാക്കാവുന്നതെയുള്ളൂ. സത്യത്തില്‍ ആ വലിയ മനുഷ്യന്റെ കയ്യില്‍ മൃതസഞ്ജീവനി ഉണ്ടെന്നാണ് ജനശ്രുതി. ഉണ്ണികൃഷ്ണന് അദ്ദേഹത്തോടുള്ള വൈരം തീരുംവരെ ഒന്നും അംഗീകരിയ്ക്കില്ല അതാണ് സത്യം. എന്നിട്ടും ഒരു ദുഷ്ട പിതൃത്വത്തിന്റെ പേരുപറഞ്ഞു സ്വയം നശിയ്ക്കാന്‍ ഇറങ്ങിതിരിച്ചാലോ? ഉണ്ണികൃഷ്ണ എന്നെങ്കിലുമൊരിയ്ക്കല്‍ നിനക്ക് ഭീമനച്ഛന്റെ സ്നേഹത്തിന് മുപില്‍ തോറ്റുകൊടുക്കേണ്ടിവരും.
അന്ന് പുലര്‍ച്ചെമുതല്‍ തുടങ്ങിയതാണ് ഭീമനച്ഛന് കലശലായ നെഞ്ചുവേദന. അലോപ്പതിവൈദ്യത്തെ ശക്തിയായി നിക്ഷേധിയ്ക്കുന്ന അദ്ദേഹം ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കിയില്ല. കൊണ്ടുപോകാന്‍ ഉണ്ണികൃഷ്ണന്‍ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമാവുകയും ചെയ്തു. മാറിനിന്ന് അമ്മയോട് ഭീഷണി സ്വരത്തില്‍ എന്തോ പുലമ്പി അയാള്‍ ഇറങ്ങിപ്പോയി.
സംഗതി ശരിയാ വലിയ നിഷേധിയായിട്ടാ മൂപ്പരുടെ പോക്ക്. ആയുര്‍വേദ കോളേജിലയച്ചു മിടുക്കനായ ഡോക്ടറാക്കണമെന്നായിരുന്നു മുത്തച്ഛന്റെ ആഗ്രഹം. എന്നാല്‍ ഒരു വാശിയ്ക്ക് എഞിനീയറിംഗ് പഠിച്ചു പാതി വഴിയില്‍ വള്ളിപൊട്ടിനടക്കുകയാ പുള്ളിക്കാരന്‍.
വീടിന്റെ മതില്‍ക്കെട്ടിന് വെളിയില്‍ ആംബുലന്‍സ് വന്നുനിന്നു. വീട്ടുകാര്‍ ഒന്നടങ്കം നിലവിളിച്ചു. തത്തംപുള്ളി തറവാട്ടിനിനി കാരണവരില്ല. ഭീമനച്ഛന്റെ വൈദ്യശാസ്ത്രം ഇവിടെ അവസാനിയ്ക്കുന്നു. അദ്ദേഹത്തിന് വശമുള്ള മൃതസംജീവനി എവിടെപ്പോയി? അസ്തമിയ്ക്കാനൊരുങ്ങുന്ന സൂര്യന് കട്ടപിടിച്ച ചോരയുടെ നിറമായിരുന്നു.
ഉണ്ണികൃഷ്ണന്‍ എല്ലാം മറന്ന് നിലവിളിച്ചു. എല്ലാ ലൈറ്റുകളും പ്രകാശിച്ചു. സ്വപ്നമാണെങ്കില്‍കൂടി ആ വിയോഗം അയാളുടെ ഹൃദയമിടിപ്പ് കൂട്ടി. തന്റെ മുന്നില്‍ ജീവനോടെയിരിയ്ക്കുന്ന ഭീമനച്ഛനെ അയാള്‍ കെട്ടിപ്പുണര്‍ന്നു. ഒരൗണ്‍സ് കക്ഷായവും പ്രാര്‍ത്ഥനയുമായി രാത്രി വെളുത്തു, ഒപ്പം നിരാശയുടെ താടിരോമങ്ങളും.
വൈരം സ്നേഹമായലിഞ്ഞപ്പോള്‍ മനസിനെയും ചിന്തകളെയും ആ പാദങ്ങളില്‍ അര്‍പ്പിച്ച് പൗത്രനായ ഉണ്ണികൃഷ്ണന്‍ അര്‍പ്പണബോധമുള്ള ശിഷ്യനായി മാറുകയായിരുന്നു.അയാളുടെ നിരാശകളും വേദനകളും കാറ്റില്‍ പറത്തി അവരാ ദിവസം ആഘോഷിച്ചു.
പച്ചമരുന്നുകള്‍ കണ്ടാല്‍ തിരിച്ചറിയാനുള്ള പരിശീലനമായിരുന്നു ആദ്യത്തേത്.കടുത്ത ശിഷണവും വാത്സല്യവും കൊണ്ട് വീര്‍പ്പുമുട്ടിയ്ക്കുകയായിരുന്നു ആ മുത്തച്ഛന്‍.
കത്തുന്ന വേനലില്‍ സൂര്യന്‍ ഉച്ചിയിലായതോടെ നാട്ടിലെ കുളങ്ങളും കിണറുകളുമൊക്കെ വറ്റിവരണ്ടു. കര്‍ക്കശക്കാരനായ ഭീമനച്ഛന്‍ ഔഷധനിര്‍മാണത്തിനായി കിണറ്റിലെ വെള്ളം മാത്രമേ ഉപയോഗിക്കാറുള്ളൂ. അതുകൊണ്ടുതന്നെ വീട്ടാവശ്യങ്ങള്‍ക്ക് റോഡരികിലുള്ള സര്‍ക്കാര്‍ പൈപ്പേ ശരണം.
അങ്ങനെയിരിയ്ക്കുംപോഴാണ് ഉണ്ണികൃഷ്ണന്റെ ബെസ്റ്റ് ഫ്രെണ്ടായ എന്നെത്തേടി കടലുകടന്ന് ചിറകുള്ള ഒരു സൗഭാഗ്യം പറന്നുവന്നത്. വെറും ഒന്നരലക്ഷം രൂപയ്ക്ക് മലേഷ്യയില്‍ അഞ്ചക്ക ശമ്പളമുള്ള ഉഷിരന്‍ ജോബ് വിസ്സ. എനിയ്ക്കവകാശപ്പെട്ട ഭൂമിയില്‍ നിന്നും ഒരുതുണ്ട് നഷ്ടപ്പെടുത്തി ഞാന്‍ മലേഷ്യയിലേയ്ക്ക് പറന്നുയര്‍ന്നു. പറഞ്ഞുറപ്പിച്ചപോലെ എന്നെ സ്വീകരിയ്ക്കാന്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. പകരം കറുത്ത കോട്ടിട്ട ചിലര് എന്നെയും കൊണ്ട് പലയിടത്തും കറങ്ങി, ബഹളമുണ്ടാക്കി,ഉപദ്രവിച്ചു,ചില പേപ്പറുകളില്‍ ഒപ്പിട്ടുവാങ്ങി.
കരഞ്ഞു കരഞ്ഞു കുറെ കാട്ട് കറുമ്പന്‍മാരുടെ കൂട്ടത്തില്‍ ഏതോ ഒരു തടവറയില്‍ ഞാനും കഴിഞ്ഞുകൂടി. എന്റെ പകുതി വേവുള്ള തമിഴില്‍ ഞാന്‍ ചിലതൊക്കെ ഞെട്ടലോടെ മനസിലാക്കി. ചെന്നുപെട്ടിരിയ്ക്കുന്നതു രാവണ രാജ്യമാണെന്നും അവരുടെ കണ്ണില്‍ ഞാനൊരു പുലിയാണെന്നും കൂടെക്കഴിഞ്ഞവര്‍ പറഞ്ഞുതന്നു. ഉറ്റവരുടെ പ്രാര്‍ത്ഥനയും ചില രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും കാരണമാകാം നാലര മാസത്തെ ദുരിത പര്‍വത്തിനൊടുവില്‍ ഞാന്‍ തിരിച്ചെത്തി. അപ്പോഴേയ്ക്കും എന്നെ പറത്തിയവരൊക്കെ പറന്നുകഴിഞ്ഞു.
ചുരുങ്ങിയ കാലംകൊണ്ട് നാടാകെ മാറിയിരിയ്ക്കുന്നു. ഉണ്ണികൃഷ്ണന്‍ ആളങ്ങു പച്ചപിടിച്ചു. വീടിനോട് ചേര്‍ന്ന് ഒരു വൈദ്യശാല തുടങ്ങിയിരിയ്ക്കുന്നു. ആയുര്‍വേദത്തിന്റെ അനന്ത സാധ്യതകള്‍ തേടി അയാള്‍ ഗവേഷണത്തിലാണ്. ഭീമനച്ഛന്റെ രണ്ടു സഹായികള്‍ക്ക് പറമ്പിലെ നാളികേരം വിറ്റ് കൂലി കൊടുത്തിരുന്ന ആ അവസ്ഥയൊക്കെ മാറി തിരക്കൊഴിയാത്ത ഒരു വര്‍ത്തമാനകാലം തത്തംപുള്ളി തറവാട്ടിനെ സമൃദ്ധമാക്കിയിരിയ്ക്കുന്നു.
അന്ന് പുലര്‍ച്ചെമുതല്‍ തുടങ്ങിയതാണ് ഭീമനച്ഛന് കലശലായ നെഞ്ചുവേദന. അലോപ്പതിവൈദ്യത്തെ ശക്തിയായി നിക്ഷേധിയ്ക്കുന്ന അദ്ദേഹം ഉണ്ണികൃഷ്ണന്റെ സ്നേഹസമ്മര്‍ദ്ദത്തിന് വഴങ്ങി ,ചികിത്സ തേടി വൈദ്യശാലയിലെത്തുന്നവരെ ചികിത്സിക്കണമെന്ന വ്യവസ്ഥമേല്‍ ആശുപത്രിയിലേയ്ക്ക് തിരിച്ചു.
വീടിന്റെ മതില്‍ക്കെട്ടിന് വെളിയില ആംബുലന്‍സ് വന്നുനിന്നു. വീട്ടുകാര്‍ ഒന്നടങ്കം നിലവിളിച്ചു. തത്തംപുള്ളി തറവാട്ടിനിനി കാരണവരില്ല. ഭീമനച്ഛന്റെ വൈദ്യശാസ്ത്രം ഇവിടെ അവസാനിയ്ക്കുന്നു. അദ്ദേഹത്തിന് വശമുള്ള മൃതസജ്ജീവനി എവിടെപ്പോയി? കാര്‍മേഘങ്ങള്‍ നിറഞ്ഞ മാനത്തിന് മരണത്തിന്റെ കറുപ്പായിരുന്നു.
ഉണ്ണികൃഷ്ണന്‍ എല്ലാം മറന്ന് നിലവിളിച്ചു. എല്ലാം ഒരു സ്വപ്നമാകാന്‍ കൊതിച്ചു പോയി. ആരൊക്കെയോ ആംബുലന്‍സിനടുത്തെയ്ക്ക് ഓടിയടുത്തു. ചാറ്റല്‍മഴയത്ത് ആളുകള്‍ വട്ടംകൂടി.
പിറന്നകാലം മുതല്‍ ആ നെഞ്ചിലേറ്റി ലാളിച്ചും ആ തോളിലേറ്റി താലോലിയ്ക്കുകയും ചെയ്ത നിസ്വാര്‍തനായ പിതാമഹാന്‍. മാനത്തെ താരങ്ങളും അമ്പിളിമാമനും ബന്ധുക്കളായതും, പഞ്ചതന്ത്രം കഥയിലെ പാത്രങ്ങള്‍ കൂട്ടുകാരായതും ഭീമച്ഛനിലൂടെയാണ്. നാവില്‍ സ്വര്‍ണാക്ഷരം കുറിച്ചതും കാതില്‍ ബാലപാഠങ്ങള്‍ ഓതിയതും അദ്ദേഹം തന്നെയാണ്. എപ്പോഴോ മനസ്സില്‍ തിരിച്ചറിവെന്നു തെറ്റിദ്ധരിച്ച സാത്താന്‍ കടന്നുകൂടിയതോടെ അദ്ദേഹത്തില്‍ നിന്നും അകലാന്‍ ശ്രമിച്ചു തുടങ്ങി. ആ മനുഷ്യനെ ഒഴിവാക്കാനും ഒറ്റപ്പെടുത്താനും ഒരായിരം നിമിത്തങ്ങള്‍ പാഞ്ഞെത്തിയ നാളുകള്‍. അദ്ദേഹത്തെ അപമാനിയ്ക്കാനും അധിക്ഷേപിയ്ക്കാനും കിട്ടിയ അവസരോങ്ങളെക്കെയും പരമാവധി പ്രയോജനപ്പെടുത്തി. ഈശ്വരാ മഹാകഷ്ടം! എല്ലാം മറന്നു അദ്ദേഹത്തോടടുത്തു. അദ്ദേഹത്തിന്റെ സ്നേഹ പരിലാളനങ്ങളില്‍ അയാള്‍ വീണ്ടും സമൃദ്ധനായി . ആ മഹാ മനുഷ്യനെ സ്നേഹിച്ചും ശുശ്രൂഷിച്ചും കൊതിതീര്‍ന്നില്ല. ആയിരം കുതിരശക്തിയില്‍ വേദനത്തിരമാലകള്‍ ഹൃദയഭിത്തിയില്‍ ആഞ്ഞടിയ്ക്കുകയാണ്.
ആംബുലന്‍സിനരികില്‍ നിന്നും രണ്ടുപേര്‍ ഓടിവന്നു.
ഏയ് ….പേടിയ്ക്കാനൊന്നുമില്ല..റോഡരികിലുള്ള സര്‍ക്കാര്‍ പൈപ്പില്‍ നിന്നും വെള്ളമെടുക്കാന്‍ വണ്ടി ചവിട്ടിയതാ…എഞ്ചിന്‍ നല്ലോണം ചുട്ടു പഴുതിട്ടാ ….
ശബ്ദം നിലച്ച കണ്ഠവും ചേതനയറ്റ മനസ്സുമായി അയാള്‍ ചുവരില്‍ ചാരിയിരുന്നു. ആ ശരീരത്തിന്റെയും മനസിന്റെയും ചലനശേഷി ഒരു നെടുവീര്‍പ്പില്‍ നഷ്ടമായി എന്നത് അവിശ്വസനീയമായ സത്യമായിരുന്നു.
പടക്കുതിരയുടെ കരുത്തും മൃതസജ്ജീവനിയുടെ ഓജസുമുള്ള ഭീമനച്ഛന്റെ പരിലാളനങ്ങള്‍ക്ക് ചിരിയ്ക്കുകയും ചിന്തിയ്ക്കുകയും ചലിയ്ക്കുകയും ചെയ്യുന്ന ആ ഊര്‍ജ്വസ്വലനായ ഉണ്ണികൃഷ്ണനെ വാര്‍ത്തെടുക്കാന്‍ കഴിയട്ടെയെന്ന് നിറകണ്ണുകളോടെ പ്രാര്‍ത്ഥിച്ചുകൊണ്ട് സ്വന്തം ബെസ്റ്റ് ഫ്രണ്ട് .
Generated from archived content: story2_jan16_14.html Author: thatwamasi
Click this button or press Ctrl+G to toggle between Malayalam and English