ഡോക്ടര്‍ ദന്തബന്ധു

മണിക്കൂറില്‍ നൂറോളം ബീഡി കുറ്റികള്‍ നിലം പതിയ്ക്കുന്ന ഒരു ചങ്ങാതത്തിലേയ്ക്ക് ചേക്കേറിയതോടെ,

പട്ടയും കട്ടന്‍ ബീഡിയുമെല്ലാം നന്ദകുമാറിന്റെ ദിനചര്യകളിലെ വെട്ടാന്‍ പറ്റാത്ത പട്ടികയില്‍ പെട്ടുപോയി.

കോളേജ് കാമ്പസിലെ സഹയോഗ്യന്മാരെ മാറ്റിനിര്‍ത്തിയാണ്‌ ഉദാരസംസ്കാരമില്ലാത്ത വികടന്മാരുടെ സാമന്തനായി അയാള്‍ക്ക് മാറേണ്ടി വന്നത്. നന്ദകുമാറിന്റെ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷും,ഹൃദയമിടിപ്പളക്കുന്ന സ്റ്റെതസ്കോപ്പും വിവരമുള്ള തലയും വിവരദോഷികള്‍ക്ക് എന്നും ഹരമായിരുന്നു. നാളത്തെ ഡോക്ടര്‍ സര് അവരോടൊപ്പം ചീട്ടുകളിയ്ക്കുന്നു, കള്ളുകുടിയ്ക്കുന്നു, ബീഡി പുകയ്ക്കുന്നു.വാല്‍ക്രി മൂസയും,കുത്തിപ്പൊളി സദാനന്ദനും,വെപ്രാളം വേണുവും, കുപ്പി ദാസനുമെല്ലാം അതൊരു സൌഭാഗ്യമായി കണ്ടിരുന്നു.

ബാല്യകാലം ഏതാണ്ട് നിത്യരോഗി തന്നെയായിരുന്ന നന്ദകുമാറിനെ സര്‍വാദരണീയനായ ഒരു ഡോക്ടറാക്കുക എന്നത് അച്ഛന്റെ വെറുമൊരു ആഗ്രഹം മാത്രമായിരുന്നില്ല. പന്ത്രണ്ടാം തരം ഒന്നാമനായിപാസായതോടെ വാങ്ങികൂട്ടുന്നതാണ് ഒരു ഡോക്ടര്‍ക്ക് വേണ്ട സാമഗ്രികളെല്ലാം. എന്നിട്ടും എല്ലാവരുടെയും സ്വപ്‌നങ്ങള്‍ തച്ചുടച്ച്‌ അയാള്‍ ബിരുദപഠനം തൊപ്പിയിട്ട് അവസാനിപ്പിച്ചു.

കൌമാരത്തെ തരിശാക്കിയ ചാപല്യങ്ങള്‍, നിലയ്ക്ക് ചേരാത്ത കൂട്ടുകെട്ടുകള്‍,എല്ലാം ഒരു വേലിയിറക്കം പോലെ വഴിമാറിയപ്പോള്‍, അച്ഛന്റെ ആഗ്രഹത്തിന്റെ വ്യാപ്തിയും അദ്ദേഹത്തിന്റെ ഉള്ളില്‍ ‍ഘനീഭവിച്ച നിരാശയും നന്ദകുമാറിനെ നിരന്തരം വേട്ടയാടി കൊണ്ടിരുന്നു.

അച്ഛന്റെ പരിതാപകരമായ ജീവിതത്തിലേയ്ക്ക് അയാള്‍ കണ്ണോടിച്ചു. പ്രാരാബ്ധങ്ങളുടെ അക്ഷഭാരത്തില്‍ തളര്‍ന്നു വീഴാറായ അദ്ദേഹം ചില ഉറ്റവരുടെ നിര്‍ബന്ധത്തിന് വഴങ്ങി യൗവനാവസാനത്തില്‍ വിവാഹിതനായി.

കാലങ്ങളുടെ കാത്തിരിപ്പില്‍ ഒരു കുഞ്ഞിനെ സമ്മാനിച്ച് കുടുംബിനി മണ്മറഞ്ഞു. സങ്കടനടുവില്‍ വളര്‍ത്തിയെടുത്ത മകള്‍ മലീമസ സമ്പര്‍ക്കങ്ങളില്‍ ഇങ്ങനെയും.

ആഘോഷങ്ങളും ആര്‍ഭാടങ്ങളുമില്ലാത്ത അച്ഛനെ വര്‍ണാഭമായ മറ്റൊരു ലോകത്തേയ്ക്ക് കൊണ്ടുവരണം.

കാലങ്ങള്‍ക്ക് മുന്‍പ് തനിയ്ക്ക് കണ്ടില്ലെന്ന് നടിയ്ക്കേണ്ടിവന്ന അച്ഛന്റെ ശിഥിലമായ ചന്തകളെ ഉയിര്‍ത്തെഴുന്നല്‍പ്പിച്ച് അദ്ദേഹത്തെ ഊര്‍ജസ്വലനാക്കണം.

സമയം ഇനിയും വൈകിയിട്ടില്ല, അര്‍പ്പണബോധവും ആത്മവിശ്വാസവുമുണ്ടെങ്കില്‍ പഠിച്ചും ഗവേഷണം നടത്തിയും ഡോക്ടറാകാവുന്നതേയുള്ളൂ. നന്ദകുമാറിന്റെ ഉത്ക്കർഷേശ്ച മനസിലാക്കി ആരൊക്കെയോ അയാളെ ഉത്തേപിച്ചു.

ഡോ. എ.പി.ജെ.അബ്ദുള്‍ കലാം, ഡോ.കെ.ജെ.യേശുദാസ്,ഡോ.സുകുമാർര്‍അഴീക്കോട്…. അങ്ങനെ വൈദ്യശാസ്ത്രം പഠിയ്ക്കാതെയും അപ്പോത്തിക്കരിയാവാതെയും എത്രയെത്ര ഡോക്ടറന്മാരാ ഈ ഭൂലോകത്തുള്ളത്!

നിര്‍മ്മാണകൌശലത്തില്‍ ജന്മനാ തല്‍പ്പരനായ നന്ദകുമാറിന്റെ ഗവേഷണോദ്ദ്യമത്തെ പലരും പ്രശംസിച്ചു.വിഷയം വ്യത്യസ്ഥമാകണം അപ്പോള്‍ ജിജ്ഞാസയും ഉത്സാഹവും വര്‍ദ്ധിയ്ക്കും, വിവരമുള്ളവര്‍ ഓര്‍മിപ്പിച്ചു.അപ്രതീഷിതമായ അയാളിലെ മാറ്റങ്ങള്‍ അച്ഛനെ ഏറെ സന്തോഷിപ്പിച്ചു. ജീവിതരീതികളിലും ചിട്ടകളിലും വരെ അതിശയിപ്പിയ്ക്കുന്ന മാറ്റങ്ങള്‍.

വിഷയം കണ്ടെത്താനായി മാത്രം ആഴ്ചകള്‍ വേണ്ടിവന്നു.ആശങ്കകള്‍ക്ക് അടിവരയിട്ട് അയാള്‍ കണ്ടത്തി പായലുകള്‍‍!

അതെ പായലുകളെക്കുറിച്ചുള്ള പഠനം, ശിലാവല്‍ക്കല സസ്യശാസ്ത്രം. പുതുമയുള്ള വിഷയവും നല്ല ഉദ്ദ്യമവുമാണെന്ന് അഭ്യുദയകാംഷികള്‍ പറഞ്ഞു. കാരണം സസ്യശാസ്ത്രം അയാള്‍ക്ക് അത്രയേറെ പ്രിയങ്കരമായിരുന്നു.

പായലുകള്‍ നിറഞ്ഞ വൈവിധ്യമായ പാതയിലൂടെ അയാള്‍ സഞ്ചരിച്ചു തുടങ്ങി. നിറത്തിലും രൂപത്തിലുമെല്ലാം വിഭിന്നമായ പലതരം വിഭാഗങ്ങള്‍. ഉഷാറുള്ള യാത്രകള്‍, വിലയേറിയ പുസ്തകങ്ങള്‍, അറിവുള്ള പണ്ഡിതന്മാര്‍. ഉറക്കമിളച്ചുള്ള ഇന്റര്‍നെറ്റ്‌ തെരച്ചിലുകള്‍, സമഗ്രമായ പഠനറിപ്പോര്‍ട്ടുകള്‍…..ആഴ്ചകള്‍ പിന്നിട്ടു. പായല്‍ പിടിയ്ക്കാത്ത കല്പ്പടവുകളോ കോട്ടകൊത്തളങ്ങളോ അയാള്‍ക്കിഷ്ടമില്ലാതെയായി. ആഹ്ലാദം നിറഞ്ഞ ആ യാത്രയിലെവിടയോ കാലൊന്ന് തെന്നി.

നഷ്ടമായത് രണ്ട് പല്ലുകള്‍!

തലവര സ്കാന്‍ ചെയ്ത് കമ്പ്യൂട്ടര്‍സ്ക്രീനില്‍ പ്രത്യക്ഷപ്പെടുത്താനുള്ള സംവിധാനം നിലവിലില്ലാത്ത സ്ഥിതിയ്ക്ക്, എന്തുവന്നാലും പിന്തിരിയില്ല എന്ന ചങ്കുറപ്പുമായി നന്ദകുമാറിന് ഒരു ദന്തഡോക്ടറുടെ പരിചരണത്തില്‍ രണ്ടാഴ്ച കഴിയേണ്ടിവന്നു. പഠനത്തിന്റെ ആവേശം ചോര്‍ന്നുപോകാതിരിയ്ക്കാന്‍ അയാള്‍ ജാഗ്രത പാലിച്ചു.

സഹചാരിയെന്നോളം പിറകേകൂടിയ ചാഞ്ചല്ല്യം അയാളുടെ ചിന്തകളെ വ്യതിചലിപ്പിച്ചു. ഗവേഷണത്തിന്റെ ദിശ മാറ്റി പല്ലുകളെക്കുറിച്ചായാലോ? പാതിവഴിയില്‍ ഉപേക്ഷിയ്ക്കേണ്ടിവരില്ല.ചരുക്കം ചില ജീവികലൊഴിച്ചാല്‍ എല്ലാത്തിനും പല്ലുകളുമുണ്ട്. അവസരോചിതമായ ചില തീരുമാനങ്ങള്‍ പലരെയും പരമോച്ചത്തിലെത്തിച്ചിട്ടുമുണ്ട്. നഷ്ടപ്പെട്ട രണ്ട് പല്ലുകള്‍ക്ക് പകരം ബഹുമതികള്‍…പുരസ്ക്കാരങ്ങള്‍ …അങ്ങനെ പലതും.

മനസിലുള്ളത് ഡോക്ടറെ ധരിപ്പിച്ചപ്പോള്‍, അച്ഛന്റെ ആഗ്രഹ സാക്ഷാത്ക്കാരതിനായി ഇറങ്ങിത്തിരിച്ച ഒരു മകന്റെ ഉള്‍ചിത്തം അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞു. എല്ലാ സഹായ സഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു,ഒപ്പം കുറേ പുസ്തകങ്ങളും സമ്മാനിച്ചു

ഉത്സാഹത്തില്‍ നിന്നും ആർര്‍ച്ച വീര്യവുമായി നന്ദകുമാര്‍ പല്ലുകളുടെ പാതയിലൂടെ ബഹുദൂരം സഞ്ചരിച്ചു.ഒപ്പം ചൂട്ടുപിടിയ്ക്കാന്‍ പലപ്പോഴും ദന്തഡോക്ടറും ഉണ്ടായിരുന്നു. എന്നാല്‍ കാലക്കേടെന്നോളം വിടാതെ പിടിമുറുകിയ പല്ല് വേദനയും ചെന്നിക്കുത്തും മാനസിക സംഘര്‍ഷങ്ങളും അയാളുടെ ഗവേഷണ താൽപ്പര്യങ്ങളെ തീര്‍ത്തും ഗ്രസിച്ചുകളഞ്ഞു.

അയാളുടെ അവസ്ഥകള്‍ കണ്ടുനിന്ന് പല്ലിളിയ്ക്കാതെ ഭൂമി പലവട്ടം സൂര്യനെ വലംവച്ചു. ഏതോ ഒരു നല്ല നേരത്ത് നിനച്ചിരിയ്ക്കാതെ മനസ്സില്‍ ഉറഞ്ഞു കൂടിയ ഒരാശയം, അയാളെ സമ്പന്നനാക്കിയിരിയ്ക്കുന്നു. ഉരുളുന്ന കല്ലില്‍ പായല്‍ പുരളില്ലെന്ന തിരിച്ചറിവും,പല്ലിൽല്‍തുടങ്ങിയത് പല്ലില്‍ തന്നെ തുടരണമെന്ന ആഗ്രഹവുമാണ് പല്‍പ്പൊടി നിര്‍മാണത്തില്‍ കൊണ്ടുചെന്നെത്തിച്ചത്. അതിന്റെ മേല്‍വിലാസ ചീട്ടില്‍ വിലാസമുള്ളോരു പെണ്ണും, ഭാര്യവീട്ടില്‍ നിന്നുള്ള അകമഴിഞ്ഞ സഹായവും.ചില മഞ്ഞപത്രങ്ങള്‍ക്കും പായല്‍ പിടിച്ച ചുവരുകള്‍ക്കും അലങ്കാരമാണ് അയാളുടെ ഉത്കൃഷ്ട ഉത്പന്നം ” ദന്തബന്ധു “

എന്തോ ആയിക്കോട്ടെ, അയാളുടെ കഥകള്‍ അറിയാവുന്ന നാട്ടുകാര്‍ക്ക് അയാളിന്നും ഡോക്ടര്‍ തന്നെയാണ്. ഡോക്ടര്‍ എന്ന അഭിസംബോധന മനസുകൊണ്ടാഗ്രഹിച്ച നന്ദകുമാറിന് , പരിഹാസമായിട്ടാണെങ്കില്‍കൂടി ആ വിളിപ്പേരില്‍ നിന്നും അനുഭൂതി ഉളവാകുന്നു.

പ്രവേശനപ്പരീക്ഷകളെഴുതാതെ, ശാസ്ത്രം പഠിയ്ക്കാതെ,ഗവേഷണം നടത്താതെ,രോഗ നിര്‍ണ‍യം നടത്താതെ,സമരം ചെയ്യാതെ,തലവരിപ്പണം നല്‍കാതെ തീര്‍ത്തും സൗജന്യമായി കിട്ടിയ വരപ്രസാദം.

എന്താ ഡോക്ടറെ കൊറേക്കാലായല്ലൊ കണ്ടിട്ട്….

ഡോ.നന്ദകുമാര്‍ തിരിഞ്ഞുനോക്കി.

Generated from archived content: story1_feb4_14.html Author: thatwamasi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here