ഒരു ആത്മഹത്യാക്കുറിപ്പ്‌

ഫ്രിഡ്‌ജ്‌ തുറന്ന്‌ രണ്ട്‌ ആപ്പിളുകൾ എടുത്ത്‌ ഡൈനിംഗ്‌ ടേബിളിൽ വച്ചുകൊണ്ട്‌ മുറിഞ്ഞുപോയ ശകാരത്തിലേക്ക്‌ അയാൾ തിടുക്കപ്പെട്ടു കയറി.

‘എന്റെ സ്വഭാവം വളരെ മോശമാണ്‌. ഭൂതകാലവും. എല്ലാം കാലത്തിന്റെ കുപ്പത്തൊട്ടിയിൽ വലിച്ചെറിഞ്ഞു കളഞ്ഞിട്ടാണ്‌ നിന്നെ ഞാനെന്റെ ജീവിതത്തിലേക്ക്‌ കൊണ്ടുവന്നത്‌. വീണ്ടും എന്നെ പഴയതിലേക്ക്‌ പോകാൻ നീയും നിന്റെയാ വൃത്തികെട്ട വീട്ടുകാരും നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്‌. എന്റെ ക്ഷമയെ പരീക്ഷിക്കുകയാണോ. തീരുമാനങ്ങളെടുക്കുവാനുളള എന്റെ താമസത്തിനെ ദൗർബല്യമായി കാണരുത്‌.’

മുറിയിൽ അങ്ങോളമിങ്ങോളം കെട്ടിയിട്ട പശുവിനെപ്പോൽ ചുറ്റിക്കറങ്ങിക്കൊണ്ട്‌ അയാൾ മുരണ്ടു.

കസേരയിൽ മുഖം കുനിച്ചിരുന്ന്‌, ഉരുണ്ടു കയറുന്ന കണ്ണുനീർത്തുളളികളെ സെന്റിമെൻസിന്റെ അടവുകളായി തരംതിരിക്കും മുമ്പ്‌ കണ്ണിൽ വച്ചുതന്നെ വറ്റിച്ചു കളഞ്ഞ്‌ ഞാനിരുന്നു. ആപ്പിളുകളിൽ നിന്ന്‌ വെളളത്തുളളികൾ ഒലിച്ചിറങ്ങി. അവയെന്നെ ദയനീയമായി നോക്കുകയാണെന്ന്‌ തോന്നി. എന്റെ ദൗർഭാഗ്യങ്ങൾക്ക്‌ സാക്ഷിയാകേണ്ടി വന്ന മറ്റു സാധന സാമഗ്രികൾ നിശ്ശബ്‌ദമായി വിറങ്ങലിച്ച്‌ നിൽപ്പുണ്ടായിരുന്നു.

കസേര വലിച്ചിട്ട്‌ പച്ചപ്പിടിയുളള കത്തിയുമായി അയാൾ എനിക്കഭിമുഖമായി ഇരുന്നു. ആ കത്തി വീട്ടിലെ എനിക്കിഷ്‌ടപ്പെട്ട ഉപകരണങ്ങളിൽ ഒന്നാണ്‌. വലുപ്പം കുറഞ്ഞ, അറക്കവാളിന്റെ വാത്തലപോലത്തെ അരികുളള അത്‌ വളരെ മൂർച്ചയേറിയതുമായിരുന്നു. ആപ്പിളെടുത്ത്‌ രണ്ടായി പിളർന്ന്‌ കഷണങ്ങളാക്കി വായിലിട്ട്‌ ചവച്ചരയ്‌ക്കുന്നതിന്റെ ശബ്‌ദം മൗനത്തെ ഭേദിച്ച്‌ കടന്നുവന്നുകൊണ്ടിരുന്നു.

നീണ്ട ആലോചനയ്‌ക്കുശേഷം പൊടുന്നനെ ഉണ്ടായ ആക്രോശം ഇടിമുഴക്കം പോലെ പ്രകമ്പനം കൊണ്ടു.

“ഈ കത്തി കണ്ടോ… വച്ച്‌ കയറ്റിത്തരും ഞാൻ.”

മുഖമുയർത്തി ആ കണ്ണുകളിലേക്ക്‌ നോക്കി. അപ്പോഴും ആ കണ്ണുകളിലെ ബാക്കി നിൽക്കുന്ന സ്‌നേഹത്തെ മാത്രമെ ഞാൻ കണ്ടിരുന്നുളളൂ. ഇതിനും മുൻപേ വാക്കുകൾകൊണ്ട്‌ തികഞ്ഞ അഭ്യാസിയെപ്പോലെ നീ എറിഞ്ഞ കത്തികൾ ലക്ഷ്യം തെറ്റാതെ എന്റെ ഹൃദയത്തിൽ തറഞ്ഞിരിക്കുന്നത്‌ നീയറിഞ്ഞില്ലേ എന്നൊരു ചോദ്യം തൊണ്ടയിൽ വന്നു കുരുങ്ങി.

പിന്നെയും ശകാരങ്ങളുടെയും, അഴുക്കു പിടിച്ച സംഭവങ്ങളുടെയും നീട്ടിപ്പിടിച്ച വിശദീകരണങ്ങൾക്കും, ആക്രോശങ്ങൾക്കും ഒടുവിൽ കതകു തുറന്ന്‌ മഴ പെയ്‌തുകൊണ്ടിരുന്ന രാത്രിയിലേക്ക്‌ അയാൾ ഇറങ്ങിപ്പോയി.

ജനൽ അടയ്‌ക്കാൻ മറന്നിരുന്നതുകൊണ്ട്‌ വെളളം അടിച്ചുകയറി ചിതറിക്കിടന്ന പുസ്‌തകങ്ങളെയും, ഫയലുകളെയും നനച്ചിരുന്നു. പൂച്ചക്കുട്ടികളുടെ ചിത്രമുളള മേശവിരിയിൽ മുഖം ചേർത്ത്‌ തന്റെ സങ്കടങ്ങൾ ഏതു ചുമലിൽ താഴ്‌ത്തണം എന്ന്‌ വേവലാധി പൂണ്ട്‌ ഗൗരി തന്റെ ആത്മഹത്യാക്കുറിപ്പെഴുതാൻ തീരുമാനിച്ചു. മേശവലിപ്പിൽ നിന്ന്‌ പേപ്പർ വലിച്ചെടുത്ത്‌ പേനയ്‌ക്കായി പരതി. പെൻസിലാണ്‌ കിട്ടിയത്‌. ബ്ലേഡെടുത്ത്‌ മുന കൂർപ്പിച്ചപ്പോൾ ഓർമ്മകൾ പിന്നോക്കം പാഞ്ഞ്‌ കുട്ടിയുടുപ്പിട്ട ആറുവയസ്സുകാരി ഗൗരിനന്ദന്റെ പുതുക്കാട്ടുശ്ശേരി ലോവർ പ്രൈമറി സ്‌കൂളിന്റെ വരാന്തയിൽ പോയി നിന്നു.

കയ്യിൽ മുറുകെ പിടിച്ച മുറിപ്പെൻസിലും, പുളിങ്കുരുവും ചുറ്റും ചിതറിത്തെറിച്ച ഒരു സ്ലേറ്റും. അന്നത്തെ ആ കരച്ചിൽ ഇന്നും കൂടെയുണ്ട്‌. ഇപ്പോൾ ചുറ്റിലുമുളളത്‌ ഛിന്നഭിന്നമായ ഒരു ജീവിതമാണ്‌. വളരെ പരിശ്രമത്തിന്റെ ഒടുവിലാണ്‌ ഇടിഞ്ഞുപൊളിഞ്ഞ സ്‌കൂൾ വരാന്തയിൽനിന്ന്‌ ഗൗരീനന്ദന്റെ ഓർമ്മകളെ വിളിച്ചിറക്കി കൊണ്ടുവരുവാൻ കഴിഞ്ഞത്‌. ഏറെ നേരത്തെ മൗനത്തിനും കണ്ണുനീരിനും ഒടുവിൽ ഗൗരീനന്ദൻ ഇപ്രകാരം എഴുതി തുടങ്ങി.

പ്രിയപ്പെട്ടവർക്ക്‌,

ഗൗരീനന്ദൻ ജീവിതത്തിൽ നിന്ന്‌ പരാജയം സമ്മതിച്ച്‌ പിന്മാറുകയാണ്‌. എന്റെ ജീവിതത്തെക്കുറിച്ച്‌ ആർക്കും അറിയാത്ത കുറെ കാര്യങ്ങൾ ഈ അവസാന നിമിഷത്തിൽ ഞാൻ വെളിപ്പെടുത്തുകയാണ്‌.. വളരെ പ്രതീക്ഷയോടെ, ഞാനിറങ്ങിത്തിരിച്ച വിവാഹജീവിതം ഒരു ദുരന്തമായിരുന്നു. ആരേയും വേദനിപ്പിക്കരുതെന്നു കരുതിയും, മറ്റുളളവരുടെ പരിഹാസശരങ്ങളെ ഭയന്നും ഞാനിതെല്ലാം ഇത്രയും നാൾ മറച്ചുവച്ചു. ഇനി വയ്യ! ആഢംബരപൂർവ്വം, ഒരായുസ്സിലെ സകല സമ്പാദ്യങ്ങളും തന്ന്‌ അച്‌ഛനും അമ്മയും, എന്നെ അയാളെ ഏൽപ്പിക്കുമ്പോൾ ഇങ്ങനെയൊരു അപകടം അവർ പ്രതീക്ഷിച്ചിരുന്നു കാണില്ല. ഇതുപോലെ വിഷമിക്കുന്ന ഒട്ടനവധി സ്‌ത്രീകൾ എനിക്ക്‌ ചുറ്റും നീറിപ്പുകയുന്നുണ്ട്‌. അവർക്കുവേണ്ടി കൂടിയാണ്‌ ഞാനിതെഴുതുന്നത്‌.

എന്റെ ഭർത്താവ്‌ പുരുഷാധിപത്യ സമൂഹത്തിന്റെ ദുഷ്‌ടരൂപമാണ്‌. ദയാരഹിതനും, സ്‌നേഹമില്ലാത്തവനും, സ്വാർത്ഥനും ആണ്‌. നാലുവർഷം കഴിഞ്ഞിട്ടും അയാൾക്കെന്നെ ഭാര്യയായി കരുതാൻ കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല, പരമാവധി അവഗണിച്ചും, കുറ്റപ്പെടുത്തിയും എന്റെ മാനസികാരോഗ്യത്തെ തകർത്തുക്കൊണ്ടിരിക്കുന്നു. സ്‌ത്രീ അയാൾക്കൊരുപകരണം മാത്രമാണ്‌. ഒരു വാഷിംഗ്‌മെഷിന്റേയോ, വാക്വം ക്ലീനറിന്റേയോ കൂടെ കൂട്ടാവുന്ന യന്ത്രം. വികാരങ്ങൾ ശമിപ്പിക്കാനുളള ഉപകരണം.

ഞാനൊരു മനുഷ്യനാണെന്നോ, അയാളെ ആശ്രയിച്ചാണ്‌ കഴിയുന്നതെന്നോ, അയാൾക്ക്‌ ബോധമില്ല. തടവറയിലെന്നപോലെ ശകാരങ്ങൾക്കും, പീഢനങ്ങൾക്കും, ഇരയായി തീർന്നുകൊണ്ട്‌ കഴിഞ്ഞ നാലുവർഷം ഞാൻ ജീവിച്ചു തീർത്തു. എന്റെ ഏകാന്തതയെ ഇല്ലാതാക്കുവാനും, മാതൃത്വത്തിന്റെ ശീതളിമ അനുഭവിക്കാനും യോഗമില്ലെന്നെനിക്ക്‌ തോന്നുന്നു. അതിനും അയാളെന്നെ പഴിചാരികൊണ്ടിരിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ ഏറ്റവും യോഗ്യനും, സ്‌നേഹസമ്പന്നനുമായ ഭർത്താവാണദ്ദേഹം. ഇനിയും പിടിച്ചു നിൽക്കാനെനിക്ക്‌ കഴിയില്ല.

കഴിഞ്ഞ ദിവസം ഇടത്തേ ചെവിയ്‌ക്ക്‌ ഏറ്റ അടിയുടെ ഫലമായി നല്ല വേദനയും രക്തം വരലും ഉണ്ട്‌. എങ്കിലും ഞാനദ്ദേഹത്തെ സ്‌നേഹിക്കുന്നു. ഒരു താലിയുടെ ബലത്തിൽ, കുങ്കുമരാശിയിൽ…

പക്ഷേ, ഇനിയൊരാൾക്കും ഇങ്ങനെയൊന്നും വരരുത്‌. മറ്റുളളവർക്ക്‌ ഇതൊരു പാഠമാകണം. അതിനാൽ ഞാൻ എന്റെ മരണത്തിന്റെ ഉത്തരവാദിത്വം എന്റെ ഭർത്താവിൽ ആരോപിക്കുന്നു. ഉചിതമായ ശിക്ഷ നിങ്ങൾ അയാൾക്കു നൽകണം. എങ്കിലേ എന്റെ ആത്മാവിനെങ്കിലും പുഞ്ചിരിക്കാൻ സാധിക്കൂ.

സ്‌നേഹത്തോടെ നക്ഷത്രങ്ങളുടെ ലോകത്തുനിന്നും ഗൗരി.

എഴുതി കഴിഞ്ഞപ്പോൾ അഭിമാനം കൊണ്ടും പ്രതികാരം കൊണ്ടും ഹൃദയം സമാധാനപരമായി. പ്രതികാര ദുർഗ്ഗയായി മാറിയ ഞാൻ മറ്റുളളവർക്ക്‌ മാതൃകയായിരിക്കുമെന്ന്‌ ധൈര്യത്തോടെ ഓർത്തു. പൊടുന്നനെ തുലാവർഷംപോലെ ഒരിടിയും കൊളളിയാനും നെഞ്ചിലൂടെ തെന്നിമാറി. അനുകമ്പ പെയ്‌തു നിറഞ്ഞൊഴുകാൻ തുടങ്ങി. കണ്ണുകൾ നിറഞ്ഞൊഴുകി. പൂർവ്വികരുടെ പാതിവ്രത്യസ്‌നേഹം എനിക്ക്‌ ചുറ്റും സഹനത്തിന്റെ മണി മുഴക്കി. എഴുതിയ പേപ്പർ വലിച്ചു കീറി കളഞ്ഞതിനുശേഷം വീണ്ടും എഴുതി.

പ്രിയപ്പെട്ടവർക്ക്‌,

ജീവിതം അതിന്റെ എല്ലാ നിയന്ത്രണങ്ങളും ഭേദിച്ച്‌ എന്നിൽനിന്ന്‌ പുറത്ത്‌ കടന്നിരിക്കുന്നു. ഞാനിന്നൊരു വിഷമവൃത്തത്തിനകത്താണ്‌. നാലുവർഷ ദാമ്പത്യം ഇപ്പോഴും കരയ്‌ക്കടുക്കാത്ത തോണിപോലെ ലക്ഷ്യമില്ലാതെ അലഞ്ഞുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ഹൃദയം ലക്ഷ്യമാക്കി ഞാൻ നടന്ന യാത്രകളെല്ലാം വഴിത്തെറ്റിപ്പോയിരിക്കുന്നു; ഇപ്പോഴും അദ്ദേഹത്തിന്റെ ഹൃദയത്തിനകത്തു പ്രവേശിക്കാൻ താക്കോൽ തിരഞ്ഞ്‌ മലയടിവാരത്തിലെ വെളുത്ത പാതയോരത്തു തന്നെയാണ്‌. അദ്ദേഹത്തിന്റെ സ്‌നേഹം എന്റെ വിലപ്പെട്ട ഭാഗ്യമാണ്‌. പകരം കൊടുക്കാനാവാതെ ഞാൻ വിഷമിക്കുന്നു. അത്‌ നഷ്‌ടപ്പെടുമെന്ന്‌ നിരന്തരം ഞാൻ ഭയക്കുന്നു. ആരോടും എനിക്ക്‌ പരിഭവമില്ല. പകരം സങ്കടം മാത്രം. എനിക്കും കൂടി വേണ്ടിയാണ്‌ സൂര്യൻ പ്രകാശിക്കുന്നതും പൂക്കൾ വിരിയുന്നതും, മഴ പെയ്യുന്നതും, കിളികൾ പാടുന്നതെന്നും എനിക്കറിയാൻ മേലാഞ്ഞിട്ടല്ല. അവയൊന്നും എനിക്ക്‌ കാണാനോ കേൾക്കാനോ കഴിയുന്നില്ലെന്നാണ്‌ സത്യം. ഇപ്പോഴത്തെ എന്റെ അവസ്ഥയിൽ നിന്ന്‌ രക്ഷിക്കാൻ ഞാൻ വായിച്ച പുസ്‌തകങ്ങളിലെ തത്ത്വശാസ്‌ത്രങ്ങളോ, കഥാപാത്രങ്ങളോ സഹായിക്കുമെന്നും തോന്നുന്നില്ല. പിന്നെ ദൈവങ്ങളുടെ കാര്യം. അവരെല്ലാം എന്നെ വിധിയുടെ പത്മവ്യൂഹത്തിനു നടുവിൽ യാതൊരു തരത്തിലും രക്ഷപ്പെടാനാവാത്ത വിധത്തിൽ കുരുക്കി കഴിഞ്ഞു.

ഇനി എനിക്കിതു മാത്രമേ ബാക്കിയുളളൂ. ജീവിതത്തെക്കുറിച്ച്‌ അതിയായ ആഗ്രഹമുളളവരാണ്‌ ആത്മഹത്യ ചെയ്യുന്നതെന്ന അറിവ്‌ ഇപ്പോഴെനിക്ക്‌ ബോധ്യമായി. ഒടുവിലത്തെ വാചകം എവിടെ നിന്നാവണം എന്നു ഞാൻ പരതുകയാണ്‌. എന്റെ മരണത്തിന്‌ ആർക്കും ഉത്തരവാദിത്വമില്ല. പ്രത്യേകിച്ചും എന്റെ ഭർത്താവിന്‌. അദ്ദേഹത്തിന്റെ സ്‌നേഹത്തിനുമുന്നിൽ ഞാനൊന്നുമല്ല. എന്റെ വേർപാടിൽ ഏറ്റവും അധികം വേദനിക്കുന്ന അദ്ദേഹത്തിനെ സമാധാനിപ്പിക്കാൻ എല്ലാവരും ശ്രമിക്കണം. എങ്കിലെ എന്റെ ആത്മാവ്‌ സന്തോഷമായിരിക്കുകയുളളു.

ഇപ്പോൾ ഓർമ്മ വരുന്നത്‌ Death will soonkick open the door, and entered the room with startled terror at that minute… I’ll catch my breath and forget to breath again… എന്ന വരികളാണ്‌.

എന്റെയീ മരണത്തെ ആകാശത്തിലെ അനന്തകോടി നക്ഷത്രങ്ങൾക്ക്‌ സമർപ്പിച്ചുകൊണ്ട്‌..

ഗൗരി

പച്ചപ്പിടിയുളള കത്തിയെടുത്ത്‌ നെഞ്ചോടമർത്തി, വാതിലിൽ മുട്ടി വളരെ വിനയത്തോടെ അകത്തു പ്രവേശിക്കുന്ന ആ തണുത്ത കാറ്റിനെ പ്രതീക്ഷിച്ച്‌ ഗൗരി തന്റെ കിടപ്പുമുറിയിൽ ക്ഷമയോടെ കാത്തിരുന്നു.

Generated from archived content: story1_aug31_05.html Author: tharakrishna

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here