മറവി

പഴയതൊക്കെയും

മറക്കാൻ നോക്കവെ

പടിയിറങ്ങിവ-

ന്നിറയത്തെത്തിയെൻ

കരളിൽ കുത്തുന്നു

കനത്ത ദംഷ്‌ട്രകൾ!

പുലിനഖമായി

പുനർജ്ജനിക്കുന്നു

നരസിംഹമായി-

ട്ടവതരിക്കുന്നു.

വരുന്നു പൂച്ചയായ്‌-

പ്പതുങ്ങിയുളളിലെ

കനവെല്ലാം നക്കി-

ത്തുടച്ചെടുക്കുന്നു.

കരണ്ടെടുക്കുന്നു

പ്രണയ നൂലിഴ

അതേതു കാട്ടിലോ

കടന്നൊളിക്കുന്നു.

പഴയതൊക്കെയും

മറവിയായ്‌ മാറ്റാ-

നിവനിനിയെത്ര

സ്‌മൃതി കടക്കണം.

നിനവിലോർമ്മകൾ

പുകഞ്ഞു കത്തുന്നു

നിമിഷവും കരൾ

പറിച്ചെടുക്കുന്നു.

നടുക്കത്തോടെയെൻ

മനമൊരുങ്ങുന്നു

മൃതിവരും കാത്തെൻ

കഴൽ കനക്കുന്നു!

Generated from archived content: sep18_poem2.html Author: thankan_ptholikkode

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English