ആഴ്‌ചയൊന്നായി നശിച്ച മഴയെന്ന്
ഉമ്മറത്തമ്മാവന്റെ പ്‌രാക്ക്
മാസം മുമ്പിതേ നാവൊരു
മഴ പെയ്‌തെങ്കിലെന്ന് പറഞ്ഞിരുന്നു
പാതിരാക്കാണ് അമ്മ വിളിച്ചുണർത്തിയത്
തെക്കേപാടത്ത് പുഴവെളളമെത്തി
ഇടിമിന്നൽ വെട്ടത്തിൽ പുറത്തേക്ക്
ചേമ്പിലയാൽ തലമറച്ച്
വരമ്പുകളിലൂടെ വഴുക്കാതെ
ഞങ്ങളെത്രപേർ എത്രകാലം
ചാലിലൂടെ മലവെളളത്തിൽ
കല്ലുരുളുന്ന ശബ്‌ദം
ഇരുളിൽ കനക്കുന്ന ഭീതിയോരത്ത്
മീൻചാട്ടങ്ങളുടെ നിറവ്
ചെളിവെളളം നിറഞ്ഞ പാടത്തിറങ്ങുമ്പോൾ
സൂക്ഷിച്ചെന്ന് അമ്മയുടെ കണ്ണുകൾ
ഞണ്ടിനെ കണ്ട് പേടിച്ച് അമ്മായിയുടെ
സാരിത്തുമ്പിൽ തൂങ്ങുന്ന പെങ്ങൾ
ഞങ്ങൾ വരമ്പോരത്ത് ചെളിയിൽ
കൈപൊത്തിയമർത്തുമ്പോൾ
തോളിലെ തോർത്തുകളിൽ
കല്ലേമുട്ടിയായും വാളയായും പരലായും
മീൻപിടച്ചിലുകൾ
അതിരാവിലെ ചോലയിൽ വെച്ച ഒറ്റലിൽ
നീർക്കോലിയെക്കണ്ടെത്തി
കല്ലടുപ്പിൽ ചുട്ടെടുത്ത മീനുകൾക്ക് സ്വാദുണ്ടെന്ന്
ജ്യേഷ്‌ഠന്റെ സാക്ഷ്യപത്രം
ചുട്ടെടുത്ത ഞണ്ടിൻ കാൽ
തിന്നേണ്ടതെങ്ങിനെയെന്ന് പാഠം
എല്ലാമറിയാമെന്ന അഹങ്കാരത്തിലാണ് ജ്യേഷ്‌ഠൻ
ഞണ്ടിന്റെ വയർ തുറന്നപ്പോൾ
കുഞ്ഞുങ്ങളുടെ പടയിറക്കം
അടുക്കളയിൽ മീൻ നന്നാക്കുന്ന
അമ്മക്കും അമ്മായിക്കും മുത്തശ്ശിക്കും പറയാൻ
അയൽവക്കക്കാർക്കു കിട്ടിയ മീനിന്റെ കഥകൾ
ഇത്തവണ മേലേ വീട്ടുകാർക്ക് കുറേ കിട്ടിയത്രെ
താഴേ വീട്ടുകാരുടെ ഒറ്റൽ തകർന്നു
ഇടയിൽ ഉപ്പിലിടേണ്ട മീനിന്റെ
കനത്തേക്കുറിച്ച് അമ്മാവൻ ഓർമ്മിപ്പിക്കുന്നു
മീൻമണക്കുമോർമ്മകൾ തീർന്നു.
ദൂരെ പാടത്ത് മഴയിലും കാറ്റിലും ചാഞ്ഞ
ഒരു തെങ്ങിനപ്പുറം, മണ്ണിടിഞ്ഞ ചോലവക്കിൽ
ഇപ്പോഴും രണ്ട് പേരക്കാ മരങ്ങളുണ്ടാവണം
വേനലിൽ ചൂണ്ടയിട്ടിരുന്ന കുളം നിറഞ്ഞിരിക്കണം
അടക്കാമരങ്ങളിലെ കിളിക്കൂടുകൾ നനയുന്നുണ്ടാവണം
കണ്ണിമാവിന്റെ ചോട്ടിൽ കളിവീടുകളുണ്ടായിരുന്നിരിക്കണം
ഈ മഴക്കും അവ തകർന്നിരിക്കും
നഷ്‌ടപ്പെട്ടെന്നു കരുതിയതായിരുന്നു,
എന്റെ ബാല്യം കടമെടുത്ത് ഇപ്പോഴും
അവിടെയുണ്ടാരൊക്കെയോ
ഒരു മഴ കൂടി വരുന്നുണ്ട്
വയൽ വരമ്പിൽ വഴുക്കാതെ
എനിക്കു പകരം ആരോ
Generated from archived content: poem1_june22_06.html Author: thanesh_thampi
Click this button or press Ctrl+G to toggle between Malayalam and English