പ്രകൃതിഃ
ഓർമ്മയിലെവിടെയോ
വിജനമാകുന്ന
വയൽ വരമ്പുകൾ..
വൻമരങ്ങളുടെ
വരണ്ട തൊലികളിൽ
വർഷങ്ങളുടെ മുറിപ്പാട്
ശബ്‌ദമുഖരിതമായ
നിശ്ശബ്‌ദ താഴ്‌വരകൾ
മരങ്ങളുടെ ശ്മശാനമായ
കരിഞ്ഞ മരുപ്പച്ചകൾ
മനുഷ്യൻഃ
കാലത്തിലൂടെ
പ്രവചനങ്ങളുമായി
എന്നോ കടന്നുപോയ
നടന്നവശരായ
പടുകിഴവന്മാർ
മതംഃ
മനുഷ്യദൈവങ്ങൾ
പുനഃസൃഷ്‌ടിക്കുന്ന
പ്രാർത്ഥനക്കൂട്ടങ്ങൾ
ചരിത്രംഃ
പുരാതന ഗ്രന്ഥങ്ങളുടെ
പൊഴിഞ്ഞുപോയ
പഴംകടലാസുകൾ
സേനഃ
അണുബോംബുകളുടെ
കൂമ്പാരങ്ങളുമായി
വമ്പന്മാരുടെ കൂട്ടം
കൊട്ടാരംഃ
ചരിത്രമുറങ്ങുന്ന
നാലുകെട്ടുകൾ
ഒടുക്കംഃ
വിശുദ്ധിയുടെ തോട്ടങ്ങളിൽ
ഉഷ്‌ണക്കാറ്റിലാടുന്ന
ശവംനാറിപ്പൂക്കളിൽ
ശവകുടീരങ്ങളിൽ
കവിതഃ
ഓർമ്മയിലെവിടെയോ
ഓടിയോടിതളരുന്ന
അക്ഷരങ്ങളിലൂടെ….
Generated from archived content: poem_kaviyude.html Author: thampi_antony