അന്നു ഞാനൊരു
പാവം കുട്ടിയായിരുന്നു
പളളിയിൽ പോകുന്ന
കുമ്പസാരിക്കുന്ന
വേദപുസ്‌തകം വായിക്കുന്ന പാവം.
വളർന്ന്
വലിയ മനുഷ്യനായി
പളളിയിൽ പോകാതെ
പരിശുദ്ധാത്മാവായി
കളളുഷാപ്പിലോ
വായനശാലയിലോ
കറങ്ങിനടന്ന്
പരദൂഷണം പറയുന്ന
കൊച്ചുകൊച്ചു
തെറ്റുകൾ ചെയ്യുന്ന
പാവം മനുഷ്യനായി.
പറങ്കിമല
മയ്യഴിപ്പുഴ
ഖസാക്ക്
ഇതിഹാസങ്ങൾ
എല്ലാം ഹൃദിസ്ഥമാക്കി
ഏതോ
ദശാസന്ധിയിൽ
ശാസ്‌ത്രസാഹിത്യം
പെണ്ണുകാണൽ
കവിയരങ്ങ്
അടൂരിന്റെ സിനിമ
യേശുദാസിന്റെ പാട്ട്
പിന്നെ ദേശാടനം
തുണിസഞ്ചിയും തൂക്കി
നിത്യകന്യകയെ തേടി
അലഞ്ഞലഞ്ഞ്
എല്ലാം വിധിയെന്ന
വ്യഥയില്ലാത്ത
വെറും ജോണവറനായി
വൃത്തികെട്ടവനായി.
ആ ദിവസങ്ങളുടെ
ആനന്ദനിർവൃതിയിൽ
അയൽവാസിയായ
കുഞ്ഞുലക്ഷ്‌മിയെ
കൈകാണിച്ചു
കണ്ണിറുക്കി
പ്രലോഭിപ്പിച്ചു
പ്രാപിച്ചു..
പാവം കുഞ്ഞുലക്ഷ്‌മി
പാപത്തിന്റെ ഫലം
ഭക്ഷിച്ചു.
കൊച്ചുകൊച്ചു തെറ്റുകൾ
ചെയ്‌തു
എന്റെ പാവം വാക്കുകൾ
കേട്ടിരുന്നു.
എന്നോടൊപ്പം ഉറങ്ങി
എന്റെ സ്വരം കേട്ടുണർന്നു
എന്റെ സ്വപ്നങ്ങളിൽ നിന്ന്
എങ്ങോ പറന്നുയർന്നു.
Generated from archived content: poem_june18.html Author: thampi_antony
Click this button or press Ctrl+G to toggle between Malayalam and English