വെളുപ്പിനു മക്കാരുടെ പെട്ടിക്കട തുറക്കും. തട്ടുപള്ളിയിലെ ബാങ്ക് കേള്‍ക്കുന്നതിന്‍ മുന്‍പായി !
കാതിര്‍ കിടക്കപ്പായില്‍ നിന്നും എഴുന്നേറ്റ് കടയിലേക്ക് പുറപ്പെട്ടു.
കുറച്ചു ചായവെള്ളം ഉള്ളിലാക്കിയിട്ടുവേണം വള്ളം തള്ളുവാന്‍. കരീമും ഉസ്മാനും മറ്റു കൂട്ടുകാരും കടയില്‍ എത്തും.
കുറെ ദിവസങ്ങളായി വള്ളം ഏറ്റിട്ട് ഒന്നും കിട്ടുന്നില്ല . ഇങ്ങനെ പോയാല്‍ എവിടെ ചെന്ന് അവസാനിക്കും. ഓര്‍ത്തിട്ട് ഒരു അന്തവും ഇല്ല!
ആരിഫയുടെ അസുഖം നാള്‍ക്കുനാള്‍ കൂടുകയാണ്. മാറാത്ത തലവേദന. ആസ്തമയുണ്ട് കൂട്ടിന്. ഡോക്ടര്‍ മരുന്നു കൊടുക്കുന്നുണ്ട്. പക്ഷെ ഫലിക്കുന്നില്ല.
മൈമൂനയുടെ മൊഞ്ചും മുഖവും വളരുകയാണ്. അവള്‍ തികഞ്ഞ പെണ്ണായി! അതോര്‍ത്തിട്ടാണ് ആരിഫയുടെ അസുഖം വര്‍ദ്ധിക്കുന്നത്. തന്റെ ആരിഫയ്ക്ക് ഉറക്കം കിട്ടുന്നില്ല ( താനും ഉറങ്ങിയിട്ട് എത്ര നാളായി) അതിനാല്‍ ചുമയും മറ്റ് അസ്വാസ്ഥ്യങ്ങളും വര്‍ദ്ധിക്കുന്നു.
‘’ കാരുണ്യവാനായ അല്ലാഹു തന്നെ രക്ഷിക്കട്ടെ!’‘ അയാള്‍ ആത്മഗതപെട്ടു.
അക്കരക്കു ജോലി തേടിപ്പോയ തന്റെ മകന്‍ ഫൈസലിനും ജോലിയൊന്നും ആയില്ല ഇതുവരെ. ഏജന്റ് ചതിച്ചു. ‘ വിസ’ വ്യാജനായിരുന്നു’. ഒരു ബന്ധുവിനെ കണ്ടുമുട്ടിയതിനാല്‍ കേസില്‍ പെടാതെ ഒളിവില്‍ കഴിയുകയാണ്. ഇനി പാസ് കിട്ടുംവരെ പോലീസിനെ പേടിച്ച് ഒളിവില്‍ കഴിയണം.
ഇതെല്ലാം കഴിഞ്ഞ് എന്നാണാവോ ജോലി കിട്ടുക അയാള്‍ക്ക് ആധി തോന്നി.
‘ ഇങ്ങളെന്താ മനുശ്യാ സ്വപ്നം കാണാ…’ തട്ടുപള്ളിയിലെ മുസലിയാര്‍ തോളില്‍ തട്ടി ചോദിച്ചപ്പോഴാണ് കാതൊരിന് പരിസരബോധമുണ്ടായത്.
‘ അസലാമു അലേക്കും’ കാതിര്‍ അഭിവാദ്യം ചെയ്തു.
‘ വാ അലേക്കും അസലാം’ മുസലിയാര്‍.
‘ഞങ്ങള്‍ വള്ളം ഏറ്റാന്‍ പോവുകയാണ്. ചായ കുടിക്കാന്‍ നിന്നതാണ്.’ കാതിര്‍ മുസലിയാരോട് പറഞ്ഞു.
അന്നും വള്ളം തിരികെ അടുത്തപ്പോള്‍ പണം വീതം വച്ചു ചായയ്ക്കുള്ള വക മാത്രം!
എല്ലാവര്‍ക്കും മനോവിഷമമായി. അങ്ങനെ കുടുംബം വിഷമാവസ്ഥയിലായപ്പോഴാണ് കൂട്ടുകാരുടെ പ്രേരണയാല്‍ ഒരു ചായക്കുറി നടത്തുവാന്‍ കാതിര്‍ തീരുമാനിച്ചത്.
കുറഞ്ഞത് അഞ്ഞൂറ് ലക്കോട്ട് വാങ്ങണം അത് പ്രസില്‍ അടിപ്പിക്കണം നൂറുറുപ്പേന്റെ കാശുവേണം.
ചായപ്പൊടിയും പാലും പഞ്ചസാരയും വാങ്ങാനും ചെലവ്. ബിരിയാണിക്കുള്ള ചെലവ് പാചകക്കാര്‍ക്കുള്ള വക പന്തല്‍ക്കാര്‍ക്കുള്ള വാടകയും കൂലിയും എന്നാലും എല്ലാ ചെലവും കഴിഞ്ഞ് ബാക്കി നല്ലൊരു സംഖ്യ അയാള്‍ സ്വപ്നം കണ്ടു.
കുറച്ചുനാള്‍ കുടുംബത്തിന്റെ പ്രാരാബ്ധത്തില്‍ നിന്നും കരകയറാം. കൂട്ടത്തില്‍ മൈമൂനക്ക് ചെറിയ പെരുന്നാളിനുള്ള പുത്തനുടുപ്പ് ആരിഫയുടെ മരുന്ന് ഗള്‍ഫില്‍ ക്ലേശിക്കുന്ന മകന് ബന്ധു വഴി കുറച്ചു പണം എത്തിക്കല്‍ അങ്ങനെ പോയി അയാളുടെ മനക്കോട്ടകള്‍ !
കുറി അടിപ്പിച്ചു വിതരണം തുടങ്ങി.
ഒരു കല്യാണക്കുറിയുടെ വീറും വാശിയും ഉണ്ടായിരുന്നു ആ ചായക്കുറിക്ക്. കൂട്ടുകാരും അയല്‍ വാസികളും മഹല്ലിലെ ജനവും വളരെയേറെ സഹകരിച്ചു.
ഗ്രാമത്തിലും നാലു പള്ളികളുടെ മഹല്ലിലും കത്തുകള്‍ വിതരണം ചെയ്തു. പണ്ഡിതനും പാമരനും ഹാജിയാര്‍ക്കും മുസലിയാര്‍ക്കും എന്നു വേണ്ട മറ്റു സമുദായക്കാര്‍ക്കുവരെ കത്തുകള്‍ കൊടുത്തു.
ഒരുക്കങ്ങള്‍ തലേ ദിവസം തന്നെ ആരംഭിച്ചു. പന്തല്‍ ഇടാനും പാചകത്തിനും മറ്റുമൊക്കെ ശ്രമദാനമായി വള്ളത്തിലെ പണിക്കാരും അയല്‍വാസികളും വന്നു ചേര്‍ന്നു.
പിറ്റെ ദിവസം നാലുമണിക്കാണ് കുറി!
ഉച്ചയൂണ് കഴിഞ്ഞപ്പോള്‍ തന്നെ വിഭവങ്ങള്‍ ഉണ്ടാക്കുവാനും ചായയുടെ വെള്ളം തിളപ്പിക്കാനുമുള്ള ഒരുക്കങ്ങള്‍ തുടങ്ങി. കുറഞ്ഞത് നൂറുപേര്‍ക്ക് ഇരിക്കാനുള്ള പന്തലാണ് പറമ്പിലും മുറ്റത്തും കൂടി ഉയര്‍ന്നത്.
മണി നാലു കഴിഞ്ഞിട്ടും കൂട്ടുകാരായ വള്ളക്കാരും തൊട്ട് അയല്‍വാസികളും അപൂര്‍വം ഹാജിമാരും കൂടാതെ ആരേയും കാണുന്നില്ല.
കാതിരിന് ഭയപ്പാടായി.
‘ ആളുകള്‍ പല തരക്കാരാണ്. കല്യാണങ്ങളും ഉള്ള ദിവസമാണ് സമയമുണ്ടല്ലോ ആറുവരെ ‘ കൂട്ടുകാര്‍ അയാളെ ആശ്വസിപ്പിച്ചു.
ആദ്യപന്തിയില്‍ ചായ കുടിച്ച് എഴുന്നേറ്റ കുറെപ്പേര്‍ നല്‍കിയ കവറുകള്‍ അയാള്‍ അകത്തെ മുറിയില്‍ വീഞ്ഞപ്പെട്ടിയില്‍ കൊണ്ടുപോയി വച്ചശെഷം പുറത്തിറങ്ങി നോക്കിക്കൊണ്ടിരുന്നു വലിയ പ്രതീക്ഷയോടെ.
കരീമിക്ക അപ്പോള്‍ നല്ല കടുപ്പത്തില്‍ ഒരു ചായ കൂട്ടി അയാള്‍ക്ക് കൊടുത്തു.
എന്നിട്ട് ‘ നിങ്ങ വെഷമിക്കാതെ മനുശ്യാ…’ എന്നു പറഞ്ഞിട്ട് കലവറയിലെ ഇറച്ചിപ്പാത്രത്തിന് അല്‍പ്പം ചൂടുവെക്കാന്‍ വേണ്ടിപോയി.
കൂട്ടിവച്ച ചായ ചൂട് ആറുന്നതുകണ്ട് സപ്ലൈക്കാരന്‍ ചെറുക്കന്‍ ഒന്നെടുത്തു മോന്തി. പിന്നെ അകത്തുപോയി മൈമുനക്കും ആരിഫയ്ക്കും ഓരോന്നു കൊടുത്തു.
മൈമുനയെ ഒന്നു കാണുകയും ചെയ്യാമല്ലോ എന്ന മോഹവും അവനുണ്ട്.
സമയം പറന്നു പോവുകയാണ്.
കാതിര്‍ ഉരുകുകയാന്.
ആയിടക്ക് കാനഡയില്‍ നിന്നും വന്ന ഡേവിഡ് മാനേജരും ഭാര്യ ഇറ്റലിക്കാരി മെര്‍ലിനും വീട്ടിലേക്കു കയറി വന്നപ്പോള്‍ കാതിരിന്റെ കണ്ണൂകള്‍ ഈറനണിഞ്ഞു.
മാനേജരേയും മദാമ്മയേയും അയാള്‍ സ്വീകരിച്ചിരുത്തി.
ഡേവിഡ് മാനേജര്‍ എസ്റ്റേറ്റ് ഉടമയാണ്. ഉപ്പയുടെ വലിയൊരു സുഹൃത്താണ്.
മാനേജര്‍ യാത്രപറഞ്ഞു പോയപ്പോള്‍ ഒരു കവര്‍ അയാള്‍ക്കു നല്‍കി.
മണി ആറ് കഴിഞ്ഞിട്ടും ഒന്നും ഒറ്റയായും ആളുകള്‍ വന്നതല്ലാതെ തിരക്കൊട്ടും ഉണ്ടായില്ല.
അവസാനം ആ തണുത്ത സായാഹ്നത്തില്‍ കിട്ടിയ കവര്‍ പൊട്ടിച്ച് പണം എണ്ണി തിട്ടപ്പെടുത്തിയപ്പോള്‍ അയാള്‍ വിയര്‍പ്പില്‍ കുളിച്ചു.
പിന്നീട് ബാക്കിയായ ഭക്ഷണസാധനങ്ങള്‍ അയാള്‍ തന്നെ പള്ളിയിലെ യത്തീംഖാനയിലേക്കു ചുമന്നുകൊണ്ടു പോയി.
( ചായക്കുറി; സാമ്പത്തിക പിന്നോക്കാവസ്ഥയില്‍ കുടുംബത്തിന്റെ ആശ്വാസത്തിന് മലബാര്‍ ഭാഗത്ത് നടത്തുന്ന ചായ സല്‍ക്കാരം)
Generated from archived content: story1_feb11_13.html Author: thalappilli_viswanathan
Click this button or press Ctrl+G to toggle between Malayalam and English