യൂഫ്രട്ടീസ്‌ ടൈഗ്രീസിനോട്‌ പറയുന്നത്‌

സംസ്‌കാരങ്ങളെ നിങ്ങൾ

സമ്പന്നതകൊണ്ട്‌ മരിച്ചുപോയിരിക്കുന്നു.

തസ്‌ബി മുത്തുകളുടെ

അകലം പോലുമില്ലാതെ നമ്മൾ

ചിന്നഭിന്നമായിരിക്കുന്നു.

കരയുന്ന തിക്രീത്തിലൂടെയും

കുന്നുകളുടെ പളള കീറിയും

എനിക്കിനി മെസപ്പെട്ടോമിയ കടക്കണ്ട.

ചോരത്തുളളികൾ തിന്നുവീർത്ത്‌

എണ്ണപ്പാടങ്ങൾ കാണണ്ട.

ടൈഗ്രീസേ കാണുക

അന്ത്യവിലാപക്കരച്ചിലുകൾ

കേൾക്കാൻ കരുതിവെച്ച വിജയങ്ങൾ

അപമാനത്തിന്റെ ഭാരം കരുത്തായ്‌

ദാഹങ്ങളിൽ വളരുന്നത്‌

ദഹിപ്പിച്ച്‌ കളഞ്ഞവ ശരീരങ്ങൾ

തീരത്തടിഞ്ഞവ അവശിഷ്‌ടങ്ങൾ

നമ്മുടെ മനത്തട്ടിൽ

കഴുകൻ പറക്കുന്ന ചിറകടികൾ

പിരിമുറുക്കങ്ങളിൽ മുറിവുകൾ

കഞ്ഞിവെളളക്കളറുളള കളളുചിരികൾ

നമ്മളെ മായ്‌ച്ചുകളയില്ല.

ഈന്തപ്പന നിറമുളള

പാടങ്ങൾ മറക്കാനാവില്ല.

നമ്മൾ ഉണ്ടാകുന്നു.

നിശ്ചയം ഭൂപടത്തിൽ

നമ്മളും തോക്കുകളായിരുന്നു.

ഇതു പന്നി; നുണയൻ

ചെന്നായ; രക്ഷകൻ

ഒന്നും നമ്മൾ ചെന്നെടുത്തില്ല.

അന്നും ഇന്നും പ്രതീക്ഷകൈവിടാത്ത പോരാളികൾ

കിഴ്‌ക്കാം തൂക്ക്‌ ചിന്തയുളളവർ

ഭാരിച്ച മലയടിവാരങ്ങളിൽ നിന്നും വന്നവർ

ടൈഗ്രീസേ

നീ അറിഞ്ഞിരുന്നില്ലേ

മരുന്നുപോലും തരാത്ത നാളുകൾ

ഉപരോധങ്ങൾ; ഉപദ്രവങ്ങൾ

നമ്മുടെ കുഞ്ഞുങ്ങൾ മരിച്ച്‌ കിടന്നത്‌

നമ്മൾ സാന്ത്വനമായ്‌ കരുതിവെച്ച

വിഷമങ്ങൾ പൊതിയഴിച്ചുണ്ണുന്നു

യുദ്ധത്തിന്റെ കൂമ്പാരങ്ങൾ

നെഞ്ചുകളിൽ ലാളിക്കുന്നു.

നമ്മുടെ ലയങ്ങളിൽ കുതിരക്കുളമ്പ്‌ മുഴങ്ങും

സംസ്‌കാര തീരങ്ങൾ പഴയ സമ്പന്നത

തിരികെ കൊണ്ടുവരും

അപമാനത്തിന്റെ അപ്പത്തേക്കാൾ

ചെറുത്തുനില്‌പിന്റെ മനസ്സാണ്‌

നമ്മുടെ രാഷ്‌ട്ര മീമാംസം.

രാജ്യം ജീവനേക്കാൾ വലുതെന്ന്‌

ലോകം നമ്മളിൽ നിന്നും പഠിക്കുന്നു.

നമ്മുടെ പ്രകൃതിയിലാകെ

പക്ഷികൾ ചിലയ്‌ക്കുന്നതിപ്പോൾ അങ്ങനെയാണ്‌.

നമുക്കിനി ചുഴിയായൊഴുകാം

അധിനിവേശത്തെയതിൽ മുക്കിക്കൊല്ലാം.

Generated from archived content: poem2_july6_05.html Author: thahajamal_paipad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here