ഒഴുകുന്നുണ്ടായിരുന്നു
ചാലായി ചാലിയാർ
പുണ്യമായ് പമ്പ
സമൃദ്ധയായി പെരിയാർ
‘കുറ്റിപ്പുറം’ പാലമായ് ഭാരതപ്പുഴ
അയ്‌മനത്തെ കഥയായ് മീനച്ചിലാറ്
‘ദാസന്റെ’ ഓർമയായ മയ്യഴി
അതിരപ്പിള്ളിയിലെ കാഴ്‌ചയായ് ചാലക്കുടിപ്പുഴ
ഓരോ പുഴയും കല്ലുകളെ മെരുക്കുന്ന കാരണവരായി
ഓരോ കയമായി; ഇടവഴിയായി
ഒടുവിലത്തെ പുഴയും പ്രതീക്ഷയുമായ്
വരണ്ടുനില്‌ക്കുന്നു.
പുകൾദൈവത്തിന്റെ സ്വന്തം
ഒരുപാടുണ്ടായിരുന്നു; ജലവുമായി
ഇപ്പോൾ കണ്ണീരായി കലക്കവെള്ളമായി
ചരമപ്പട്ടികയിലേക്ക് കാലൂന്നി നില്‌ക്കുന്നു.
പ്രണയത്തിന്റെ ഓളമായും ഓരമായും
പടിഞ്ഞാട്ടും കിഴക്കോട്ടും
ചതുപ്പുചിരിയുമായ്; ചുഴിവട്ടങ്ങളുമായ്
കടവിലെ പാട്ടായ് വൻമരങ്ങളോട് സല്ലപിച്ച്
ചെറുനാമ്പുകളോട് വർത്തമാനിച്ച്
ഒരു ഭൂതകാലം മുഴുവൻ പ്രകൃതിയായ്
മനുഷ്യരേക്കാൾ എത്രയോ വലുതായ്
ഈ താഴ്‌വരയിൽ ആവിയായി
ഓരോ കൈവരിയും
ഇന്ന് ജലദിനം
മഞ്ചേശ്വരം പട്ടണത്തിലൂടെ
‘ചന്ദ്രഗിരി’ ഒരു ടാങ്കർ -ലോറിയായി
കോഴിക്കോട് വഴി മത്സരിച്ച്
കുറ്റയാടിയും, ചാലിയാറും
രണ്ട് ടാങ്കർ ലോറിയായി.
കല്ലായി-യിൽ കാലുനനയ്‌ക്കാൻ മാത്രം
കണ്ണുനീരൊഴുക്കാൻ മാത്രം.
മലപ്പുറത്തു നിന്നും
ഒരു പുഴയുടെ മയ്യത്ത്
മണലും മിസാൻ കല്ലുമായ് ഒരടക്കം കാത്തുകിടക്കുന്നു.
തൃശ്ശിവപേരുർക്കൊഴുകിയ
കരുവന്നൂർ പുഴയും കേച്ചേരിപ്പുഴയുമെവിടെ….?
എറണാകുളംകാർ പെരിയാറിനെ
ആലുവാപ്പുഴയെന്നോമനിച്ചോമനിച്ച്
ഇല്ലാതാക്കുന്നുണ്ട്.
സൈലന്റ് വാലിയിലെ മണവുമായ്
മണ്ണാർക്കാട് പൂരവും കണ്ട് സുന്ദരിയായ
‘കുന്തി’പ്പുഴ വളകിലുക്കവുമായ്
‘ഗായത്രി’പ്പുഴയോട് പോത്തുണ്ടിയിലെ
വിശേഷങ്ങൾ ചോദിച്ച് ആവിയായി നില്‌ക്കുന്നു.
ചീങ്കണ്ണി കണ്ണീരായി നെയ്യാർ
ഡാമിൽകിടന്ന് ശ്വാസം മുട്ടുന്നു.
‘കല്ലടയാറ്’ ‘ഇത്തക്കരയാറി’നോട്
നീണ്ട കരയിലെ വിശേഷങ്ങൾ ചോദിക്കുന്നു.
മണിമലയാറിൽ നിന്ന് തെറ്റിപ്പിരിഞ്ഞ്
അച്ചൻകോവിലാറ് കുട്ടനാട്ടിലെ വെള്ളപ്പൊക്കവുമായി
വേമ്പനാട്ടുകായലിൽ വിപ്ലവം സൃഷ്‌ടിക്കുന്നു.
പുഴയൊരു വിപ്ലവമായിരുന്നു.
മഴയുടെ മുദ്രാവാക്യങ്ങൾ സിരയിലൊഴുക്കിയ
ഒടുവിലത്തെ രക്തസാക്ഷി.
രക്തസാക്ഷിപ്പുരകളുമായി ഓരോ കടവും
വയൽക്കരയോട് ചേർന്ന്
പുതിയ ബോർഡെഴുതി വെച്ചിരിക്കുന്നു.
‘ഇവിടെ ഒരു പുഴയുണ്ടായിരുന്നു
സത്യമായും ദൈവത്തിന്റെ സ്വന്തം പുഴ.’
ഇപ്പോളക്കരെയിക്കരെ നിൽക്കാൻ കഴിയാതെ
ആശ മാത്രമായ് ഒരു ജനതയിനി
പുഴക്കരയിൽ പ്രണയിക്കാതാകുമെന്ന്
പുതിയ നിരീക്ഷണം.
Generated from archived content: poem1_july13_09.html Author: thahajamal