താങ്കളുടെ ആത്മകഥ പുറത്തിറങ്ങുകയാണല്ലോ. ഇതിനുമുമ്പെ ഇറങ്ങിയ കൃതികളിൽനിന്ന് എത്രമാത്രം ഇത് വ്യത്യസ്തമാണ്?
അത് തീരുമാനിക്കേണ്ടത് വായനക്കാരാണ്. പക്ഷേ, എന്റെ ജീവിതത്തിലെ ഒരുപാട് ഓർമ്മകൾ ഇതിൽ വരുന്നുണ്ട്. ഭാഷയിലും ശൈലിയിലും ഇതിൽ വ്യത്യസ്‌തമായ ഒരു രീതിയാണ് ഞാൻ ഉപയോഗിക്കുന്നത്.
ഒരു എഴുത്തുകാരന്റെ അവസാനത്തെ അഭയകേന്ദ്രമല്ലേ ആത്മകഥ?
അങ്ങനെ തോന്നിയിട്ടില്ല. ഇതുവരെ പിന്നിട്ട ജീവിതം ഈ പുസ്‌തകത്തിൽ വന്നിട്ടുണ്ട്. ഇനിയും പിന്നിടാൻ പോകുന്ന ജീവിതം പിന്നീട് എഴുതിയേക്കാം.
എഴുത്തിലും ജീവിതത്തിലുമായി അത്യന്തം പ്രകോപനപരമായ ചില പരാമർശങ്ങൾ താങ്കൾ നടത്തിയിട്ടുണ്ട്. ഒരു പൊതുസമൂഹം എഴുത്തുകാരനിൽ നിന്നാഗ്രഹിക്കുന്ന സദാചാരപരവും സാമൂഹികവുമായ നിഷ്‌ഠകൾ താങ്കൾ മിക്കവാറും തെറ്റിക്കാറുണ്ട്. എന്തുകൊണ്ട് ഈ സ്വഭാവം?
ഇതൊന്നും ഞാൻ ബോധപൂർവ്വം ചെയ്യുന്ന കാര്യങ്ങളല്ല. ഇത് എന്റെ ക്യാരക്‌ടറാണ് എന്നുമാത്രം. ഞാൻ സദാചാരവിരുദ്ധമായിട്ട് പ്രവർത്തിക്കുന്നുവെന്ന് എനിക്ക് തോന്നിയിട്ടില്ല. എന്താണ് സദാചാരം? സദാചാരം സമൂഹം ഉണ്ടാക്കുന്നതാണ്. സമൂഹത്തിൽ എനിക്ക് വിശ്വാസമേയില്ല. വ്യക്തിയിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. ആഡം സ്‌മിത്ത് പറയുന്നത്, വ്യക്തി നന്നായാൽ സമൂഹം നന്നാകുന്നു എന്നാണ്. സമൂഹം വളരെ ക്രൂരമാണ്.
അപ്പോൾ താങ്കളുടെ സ്വഭാവരൂപീകരണത്തിൽ നിർണ്ണായകമായ സ്വാധീനശക്തി എന്താണ്?
നമ്മുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ വലിയൊരു ഘടകം ഗൃഹാന്തരീക്ഷമാണ്. പിന്നെ വിദ്യാലയവും. എന്റെ ഗൃഹാന്തരീക്ഷം ഉന്മേഷം നിറഞ്ഞതായിരുന്നു. ഭൗതികമായ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. കുട്ടിക്കാലത്തെ എന്റെ സാമൂഹിക ചുറ്റുപാടുകൾ വളരെ ദരിദ്രമായിരുന്നു. അമ്മ ഇല്ലായിരുന്നു. അതെന്റെ ആത്മാവിന്റെ നഷ്‌ടമായിരുന്നു. അമ്മയില്ലാത്ത ഒരു കുട്ടിയുടെ സ്വഭാവമായിരിക്കാം ഞാൻ കാണിക്കുന്നത്. വൈകാരികമായ വലിയൊരു ശൂന്യത ഞാൻ ചെറുപ്പത്തിൽ അനുഭവിച്ചിട്ടുണ്ട്.
പിതൃനിഷേധത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് താങ്കൾ ഈയിടെയും വാചാലനായി. ഇങ്ങനെയുളള ധിക്കാരംകൊണ്ട് താങ്കൾ ഏത് വിജയമാണ് പ്രതീക്ഷിക്കുന്നത്?
പൈതൃകത്തെ നിഷേധിക്കുന്നു എന്നത് അച്‌ഛനെ നിഷേധിക്കുക എന്നല്ല. നമ്മൾ ഒന്ന് നിഷേധിക്കുന്നത് പുതിയതായി ഒന്ന് കണ്ടെത്താൻ വേണ്ടിയാണ്. പൈതൃകനിഷേധത്തിലൂടെ തന്റെ ഒരു വഴി കണ്ടെത്തുകയാണ്. എനിക്കുശേഷം വരുന്ന തലമുറ എന്റെ ജനറ്റിക്കൽ ആയിട്ടുളള നന്മകളെല്ലാം സ്വാംശീകരിച്ച് പൈതൃകത്തെ നിഷേധിച്ച് പുതിയൊരു ഭാവനയുടെ വക്താക്കളാവുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആരോഗ്യപരമായ ചില നിഷേധങ്ങളിലൂടെ മാത്രമേ ചരിത്രം മുൻപോട്ടു പോകൂ എന്ന് തിരിച്ചറിഞ്ഞാൽ നന്നായിരിക്കുമെന്ന് തോന്നുന്നു.
എഴുത്തും വായനയും അറിയാത്ത മാപ്പിളമാരുടെ ഇടയിൽനിന്നാണ് വലിയൊരെഴുത്തുകാരനായി താങ്കൾ കടന്നുവരുന്നത്. ഒരു മാപ്പിള എഴുത്തുകാരൻ എന്ന നിലയിലുളള ആദ്യകാല അനുഭവങ്ങൾ എന്തൊക്കെയാണ്?
ബ്രണ്ണനിലെ പഠനം പൂർത്തിയാവുന്നതോടെ ഞാൻ അലിഗഢിലേക്ക് പോകുന്നുണ്ട്. ആദ്യത്തെ കുറച്ചു കഥകൾക്കുശേഷം പിന്നെയുളള മിക്ക കഥകളും എഴുതുന്നതും അവിടെവച്ചാണ്. മാപ്പിള എഴുത്തുകാരൻ എന്നതുകൊണ്ടുമാത്രം പ്രത്യേകമായ എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടില്ല.
എം.ടിയെ അക്കാലത്താണല്ലോ പരിചയപ്പെടുന്നത്?
അതൊരു അപൂർവ്വ ബന്ധമാണ്. പതിനഞ്ചു വയസ്സ് മുതലുളള ബന്ധമാണ്. അതേ പവിത്രതയോടെ ഇപ്പോഴുമുണ്ട്. പക്ഷേ, കുടിക്കുന്ന എംടിയെയാണ് എനിക്കിഷ്‌ടം. കുടിച്ചാൽ എം.ടി. വാചാലനാകും. ചിരിക്കും. എടോ എന്നൊക്കെ വിളിച്ച് ഒരു പ്രത്യേക വർത്തമാനം. എം.ടി. മിണ്ടാതിരിക്കുമ്പോൾ ഞാൻ പറയും, പോയി ഒരു പെഗ്ഗു കുടിച്ചിട്ടു വാ. എന്നിട്ടൊന്ന് വായ് തുറക്ക്. എം.ടി. പാവമാണ്.
താങ്കൾ കഥാലോകത്തേക്ക് കടന്നുവരുമ്പോൾ ഇവിടെ ബഷീറും പത്മനാഭനും എം.ടിയുമുണ്ട്. ഇവരിൽ താങ്കളെ നിർണ്ണായകമായി സ്വാധീനിച്ച എഴുത്തുകാരൻ ആരാണ്?
ഞാൻ വലിയൊരു എഴുത്തുകാരനായി കാണുന്നത് എം.ടിയെയാണ്. എം.ടി. എന്നെ കുറെയൊക്കെ സ്വാധീനിച്ചിട്ടുണ്ട്. ബഷീർ, മാധവിക്കുട്ടി, പത്മനാഭൻ ഇവരൊക്കെ വലിയ എഴുത്തുകാരാണ്.
മലയാളത്തിലെ മഹത്തായ ഒരു നോവലാണ് സ്‌മാരകശിലകൾ. ഇപ്പോൾ വർഷങ്ങൾക്കുശേഷം ആ നോവലിനെപ്പറ്റി ഓർക്കുമ്പോൾ എന്തു തോന്നുന്നു?
എഴുപത്തിയാറിലാണ് അത് എഴുതുന്നത്. ശരിക്കും കാൽനൂറ്റാണ്ടായി. ഇപ്പോഴാണെങ്കിൽ അതിന്റെ ഘടന ഇങ്ങനെയായിരിക്കില്ല. അപ്പോഴും അതിലെ വന്യത അതെപോലെ ഉണ്ടാകും. അതിൽ കലീഫയെ ചേർക്കാൻ വിട്ടുപോയി. അങ്ങനെ പലതും പിന്നെയും അതിൽ വരാനുണ്ട്. ഇപ്പോഴാണ് എഴുതിയതെങ്കിൽ അത് കുറെക്കൂടി നന്നായേക്കാം. സ്‌മാരകശിലകളുടെ ഒരു പ്രത്യേകത അത് വളരെ ഇന്നസെന്റായി ചെയ്‌ത ഒരു നോവലാണ്.
അതീന്ദ്രിയാനുഭൂതികളിലൂടെ കടന്നുപോകുന്ന കുറെ കഥാപാത്രങ്ങൾ താങ്കളുടെ നോവൽ സാഹിത്യത്തിലുണ്ട്. ഖലീഫ അങ്ങനെ ഒരാളാണ്. താങ്കൾക്ക് സിക്‌സ്‌ത് സെൻസിൽ വിശ്വാസമുണ്ടോ? അങ്ങനെയുളള അനുഭവങ്ങൾ വല്ലതും?
എല്ലാ മനുഷ്യർക്കും സിക്‌സ്‌ത് സെൻസ് ഉണ്ട് എന്നാണ് എനിക്കു തോന്നുന്നത്. പലരും അത് ഉപയോഗിക്കാൻ ശ്രമിക്കുന്നില്ല എന്നുമാത്രം. പരലോകം എഴുതുമ്പോൾ അതീന്ദ്രിയാനുഭവത്തിലൂടെയാണ് ഞാൻ കടന്നുപോയത്. കുറെ മാസങ്ങളായി സെക്‌സിനെക്കുറിച്ചുപോലും എനിക്കു ചിന്തിക്കാൻ കഴിഞ്ഞിട്ടില്ല. എഴുത്തിന്റെ കാര്യത്തിൽ മാത്രമല്ല, ജീവിതത്തിലും അങ്ങനെ ഉണ്ടാവാറുണ്ട്. മരിച്ചുപോയ ചോയ്‌ച്ചി എന്ന സ്‌ത്രീ ഒരു രാത്രിയിൽ എന്നോട് കാശു വാങ്ങി പോയിട്ടുണ്ട്. ഇതു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. അങ്ങനെ പല അനുഭവങ്ങളുമുണ്ടായിട്ടുണ്ട്.
മാർക്കേസ്സിന് അരകാറ്റ പോലെയാണ് താങ്കൾക്ക് കാരക്കാട് ഗ്രാമം. കഥകളുടെയും മിത്തുകളുടെയും ഭൂപ്രദേശം. കേരളത്തിലെ മറ്റേത് എഴുത്തുകാരനെക്കാളും വേഗത്തിൽ താങ്കൾ ഗ്രാമത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. ഗ്രാമത്തിലാവട്ടെ താങ്കൾ ഒരു നാഗരികനെപ്പോലെയാണ് ജീവിക്കുന്നത്. എന്നാൽ എഴുതാൻ ചിലപ്പോൾ കാട്ടിലേക്കും പോകുന്നു. നാടും കാടും വീടും നഗരവും എഴുത്തുകാരൻ എന്ന നിലയിൽ താങ്കളെ ഏതുവിധമാണ് സ്വാധീനിക്കുന്നത്?
ഒരു ഭംഗിയുമില്ലാത്ത ഗ്രാമമാണ് മടപ്പളളി. മൊട്ടക്കുന്നുകളുടെ ഒരു നാട്. ഭംഗിയുളളത് കടലിനുമാത്രം. അതുകൊണ്ട് നഗരത്തിൽ പോയപ്പോൾ വേഗംതന്നെ എന്റെ ഗ്രാമത്തിലേക്ക് തിരിച്ചുവരണമെന്ന് തോന്നി. സത്യജിത് റായിയുടെ പഥേർ പാഞ്ജലി എന്ന സിനിമ കണ്ടപ്പോൾ നഗരത്തിൽ എനിക്കു പിടിച്ചു നില്‌ക്കാനായില്ല. ആ സിനിമയിലെ കഥാപാത്രങ്ങൾ, ദർശനങ്ങൾ, ഗ്രാമസൗന്ദര്യം എല്ലാം എന്നെ വശീകരിച്ചു. പ്രകൃതിസൗന്ദര്യമില്ലെങ്കിലും എന്റെ ഗ്രാമത്തിലെ മനുഷ്യരെ ഞാൻ കഥാപാത്രങ്ങളായി കാണുവാൻ തുടങ്ങി.
താങ്കൾ അനുരാഗികളുടെ കഥാകാരനാണ്. കാമം, ഭോഗം എന്നിവ താങ്കളുടെ കഥകളുടെ അന്തർധാരയായി കാണാം. എല്ലാ മഹത്തായ ആശയങ്ങളും പറഞ്ഞതിനുശേഷവും താങ്കൾ ലൈംഗികാനുഭൂതികളെക്കുറിച്ച് കൂടുതൽ വാചാലനാവുന്നതുപോലെ തോന്നാറുണ്ട്. എന്തുകൊണ്ട്?
മനുഷ്യന്റെ പ്രാഥമികമായ ആവശ്യങ്ങൾ മൂന്നെണ്ണമാണ്. ഭക്ഷണം, സെക്‌സ്, സുരക്ഷിതത്വം. ഇതിൽ പ്രധാനം സെക്‌സാണ്. നൈസർഗ്ഗികമായ ചോദനയുണ്ടാക്കുന്നത് സെക്‌സ് ആണ്. ഈ ആശയത്തെ നാം മഹത്ത്വവത്‌കരിക്കുകതന്നെ വേണം. അതുകൊണ്ടാണ് സെക്‌സ് എന്റെ കഥയുടെ അടിയൊഴുക്കായി വരുന്നത്.
ചെറുപ്പത്തിൽ പെൺകുട്ടികളെ പേടിയായിരുന്നുവെന്ന് താങ്കൾ ഒരിക്കൽ എഴുതിയിട്ടുണ്ട്. പിൽക്കാലത്ത് പെൺകുട്ടികളും സ്‌ത്രീകളും ഒക്കെ ഒരു ഒഴിയാബാധപോലെ താങ്കളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നുണ്ട്. ഇത് കുടുംബജീവിതത്തെ ബാധിക്കാതെ എങ്ങനെയാണ് കൈകാര്യം ചെയ്‌തത്?
മാധവിക്കുട്ടിയുടെ എന്റെ കഥ വായിച്ചിട്ട് ഒരു കുടുംബത്തിലും കോളിളക്കമുണ്ടായിട്ടില്ല. എന്തിന്, മാധവിക്കുട്ടിയുടെ കുടുംബജീവിതത്തിൽപോലും അത് വലിയ മാറ്റങ്ങൾ വരുത്തിയിട്ടില്ല. കാരണം, എഴുതുന്നതെല്ലാം മിഥ്യയാണെന്നൊരു തോന്നൽ വായനക്കാർക്കെന്നപോലെ വീട്ടുകാർക്കുമുണ്ട്. വീട്ടുകാരുടെ ഈ ധാരണ എഴുത്തുകാർക്ക് ഒരുപാട് സ്വാതന്ത്ര്യം നല്‌കുന്നുണ്ട്.
(ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഡോ.പുനത്തിൽ കുഞ്ഞബ്‌ദുളളയുടെ ആത്മകഥ നഷ്‌ടജാതകത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹവുമായി താഹ മാടായി നടത്തിയ അഭിമുഖത്തിൽനിന്ന്)
Generated from archived content: interview_june23_06.html Author: thaha_madayi
Click this button or press Ctrl+G to toggle between Malayalam and English