പുനർവായന
മലയാള കഥാസാഹിത്യത്തിലെ എക്കാലത്തെയും മഹാരഥന്മാരായിരുന്ന പോയതലമുറയിലെ പ്രമുഖകഥാകൃത്തുക്കളുടെ ഏതാനും കഥകൾ ഓരോ ലക്കത്തിലായി പ്രസിദ്ധീകരിക്കുന്നു. പുതിയ എഴുത്തുകാർക്ക് കഥാരചനയിൽ മാർഗ്ഗദർശിയാകാൻ ഈ കഥകൾ പ്രയോജനപ്പെടും. ഈ ലക്കത്തിൽ ടാറ്റാപുരം സുകുമാരന്റെ ‘മിഥുനച്ചൂട്’ എന്ന കഥ വായിക്കുക.
ഹോട്ടലിലെ ബില്ലുകൊടുത്ത് പെട്ടിയുമായി കോണിയിറങ്ങിയപ്പോൾ ഹൃദയത്തിൽ ആനന്ദം അലതല്ലി. മറ്റൊരു മധുരിക്കുന്ന ഓർമ്മകൾ കൂടി അയവിറക്കാൻ അവസരം കിട്ടിയിരിക്കുന്നു.
എങ്കിലും താഴെവന്ന് ചുറ്റും നോക്കി കണ്ണുകളിൽ ഒരു തസ്‌ക്കരന്റെ ഭാവം. അരുതാത്തതെന്തോ ചെയ്‌ത കുറ്റബോധത്തോടെ അയാൾ ചുറ്റും കണ്ണോടിച്ചു. പരിചയക്കാർ ആരെങ്കിലുമുണ്ടോ? ചീത്തപ്പേരുള്ള ഒരു ഹോട്ടലിലാണ് താൻ താമസ്സിച്ചതെന്ന് ആരെങ്കിലുമറിഞ്ഞാലോ? ആരുമില്ല സമാധാനമായി.
നഗരത്തിലെ ബഹളങ്ങളിൽ നിന്നകന്ന് പരിമിത സൗകര്യങ്ങളുള്ള ഒരു ഹോട്ടലാണത്. എന്നാൽ നഗരത്തിൽ വരുമ്പോഴെല്ലാം അയാൾ ഈ ഹോട്ടലിൽ തന്നെ തങ്ങുന്നു. അല്ലെങ്കിൽ…. ഈ ഹോട്ടലിൽത്തന്നെ തങ്ങുവാനാണോ താൻ തീവണ്ടി കയറി ഇവിടെത്തന്നെയെത്തുന്നത്? ഇവിടെ സൗകര്യങ്ങൾ കുറവാണ്. മുറിയ്‌ക്കകത്തു കടന്നാൽ ഒരു തരം വേവുമണമാണ്. കട്ടിലിൽ വിരിച്ചിരിക്കുന്ന വിലകുറഞ്ഞ ബെഡ്‌ഷീറ്റിനും ഒരു നാറ്റമുണ്ട്. കുളിമുറി വഴുകുന്നതാണ്. മൂലകളിൽ മാറാലയും കൊതുകുമുണ്ട്. ചുമരുകൾക്കും വൃത്തിയില്ല. പണ്ടെങ്ങോ വെള്ളതേച്ചതാണ്. മേശപ്പുറത്ത് കൈവെച്ചാൽ ഒട്ടുന്നവിധം അഴുക്കുമുണ്ട്.
ഇതെല്ലാമാണെങ്കിലും ഈ ഹോട്ടലിലെ രാത്രികൾ അയാളുടെ സ്‌മരണകളിൽ ആവേശമുണർത്തുന്നു. ഒരു സ്‌മരണമരിക്കുമ്പോൾ മറ്റൊരു സ്‌മരണയുടെ പിറവിക്കുവേണ്ടി അയാൾ ഇവിടെ എത്തുന്നു.
വലതുകൈയ്യിൽ ബാഗും ഇടതുകയ്യിൽ കുടയുമായി അയാൾ ഹോട്ടലിന്റെ മുമ്പിൽ നിന്നു. ഈ കുട ഒരു ഭാരംതന്നെ. മിഥുനമാസമാണല്ലോ എന്നു കരുതിയാണ് കുട കൊണ്ടുവന്നത്. ഇപ്പോഴും അത് ഒരു മൃതശരീരംപോലെ ഇടത്തുകൈയ്യിൽ തൂങ്ങികിടക്കുന്നു. ആകാശത്ത് അസംഖ്യം നക്ഷത്രങ്ങൾ കണ്ണുചിമ്മി. എന്ത്! മിഥുനമാസത്തിലും കാറും കറുപ്പുമില്ലെന്നോ? അയാൾ വൃഥാ ആകാശത്തിലേയ്‌ക്ക് ദൃഷ്‌ടി പായിച്ചു.
പുറത്ത് നഗരവിളക്കുകൾ താലം പിടിച്ചു നില്‌ക്കുന്നു. മണിയെത്രയായി. അയാൾ വാച്ചിൽ നോക്കി. പത്തുകഴിഞ്ഞ് പത്തുമിനിട്ട്. പതിനൊന്നരയ്‌ക്കാണ് വടക്കോട്ടുള്ള വണ്ടി. എത്ര പതുക്കെ നടന്നാലും പതിനൊന്നിനുമുമ്പ് തീവണ്ടിയാപ്പീസിലെത്താം.
രാത്രിയിൽ വണ്ടിയെത്തുന്നതുകൊണ്ട് ഒരു ഗുണമുണ്ട്. അവൾ നല്ല ഉറക്കമായിരിക്കും. ആരെയും അറിയിക്കാതെ സ്വന്തം മുറിതുറന്ന് അകത്ത് കടക്കാം. കിടന്നപാടെ ഉറങ്ങുകയും ചെയ്യാം. രാവിലെ അവൾ കാണുമ്പോൾ മൃദുലമായി ചോദിക്കും. ഇന്നലെ എപ്പോൾ വന്നു? രാത്രിയായി. നിന്നെ ശല്യപ്പെടുത്തേണ്ടെന്നു കരുതി…. ഊണ്? ഊണു നേരത്തെ കഴിച്ചിരുന്നു. ചോദ്യവും ഉത്തരവും കഴിഞ്ഞു.
പിന്നൊന്നും അവൾ ചോദിക്കുകയില്ലെന്ന് അയാൾക്കറിയാം. ഇതേ ചോദ്യങ്ങൾക്ക് ഇതേ ഉത്തരങ്ങൾ ഇരുവരുടെയും ദിനചര്യയുടെ ഭാഗമായതുപോലെ അവൾ ഒരുവശം തിരിഞ്ഞു കിടക്കുന്നു. എത്ര നാളായി തന്റെ ഭാര്യ ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട്? ആ മുഖത്തെ ദയനീയഭാവം അയാളെ നിസ്സഹായനാക്കും. അപ്പോൾ ഒരു ചടങ്ങിനെന്നോണം മരുന്നു കഴിച്ചോ എന്ന് ചോദിക്കാൻ അയാൾ മറക്കാറില്ല.
ഒരുകണക്കിൽ നിത്യരോഗിയായ ഭാര്യയല്ലേ തന്നെ ഈ നഗരത്തിലേയ്‌ക്കും ഈ മൂന്നാകിട ഹോട്ടലിലേയ്‌ക്കും തള്ളിവിടുന്നത്? അവളുടെ നെഞ്ചിലെ ചൂടനുഭവിക്കാൻ കഴിഞ്ഞെങ്കിൽ താൻ ചൂടുതേടി ഇത്രദൂരം എത്തുമായിരുന്നോ?
അയാൾ റോഡിലേക്കിറങ്ങാൻ ഭാവിച്ചപ്പോൾ ഹോട്ടലിന്റെ മതിലിൽ ചാരി അവൾ നില്‌ക്കുന്നു. ഒന്നേ നോക്കിയുള്ളൂ. അവളുടെ ചുണ്ടിൽ ഒരു പരിഹാസച്ചിരിയുണ്ടോ? അയാൾ പെട്ടെന്ന് കണ്ണുകൾ പിൻവലിച്ചു. നിമിഷങ്ങൾക്ക് മുമ്പ് തന്നെ പരിരംഭണം ചെയ്‌ത് തനിക്കു ചൂടേകിയ അവൾ. പക്ഷേ, അതു മുറിക്കുള്ളിൽ വെച്ചായിരുന്നു. പക്ഷെ, ഇവിടെ, ഹോട്ടലിനു വെളിയിൽ, അവൾ തനിക്ക് അന്യയാണ്. അവളെ നോക്കുന്നതുപോലും അപമാനമാണ്.
അയാൾ വേഗം നടന്നു. അവളെക്കണ്ടതായിപ്പോലും ഭാവിക്കാതെ. അപ്പോൾ അവൾ നല്‌കിയ രസാനുഭൂതികൾ മനസ്സിലേയ്‌ക്ക് കുത്തിയൊലിച്ചു. ആ പ്രവാഹത്തിൽ താനും അവളും വീണ്ടും ഒന്നായപോലെ അവൾ തനിക്കുള്ളതെല്ലാം അയാൾക്കു കൊടുത്തു. മുറിയിൽ പ്രഭാപൂരം പൊഴിക്കുന്ന ഇലക്‌ട്രിക് ബൾബിന്റെ വെളിച്ചത്തിൽ അവർ പരസ്‌പരം ഒന്നായി ചേർന്നപ്പോൾ അവൾ അയാൾക്ക് എല്ലാമായിരുന്നു.
അവളോട് താൻ എന്തെങ്കിലും പറഞ്ഞുവോ? അവൾ തന്നോടോ? പരസ്‌പരം സംസാരിക്കാൻ അവർക്കു വിഷയമുണ്ടായിരുന്നില്ല. ഇരുവരും തന്നെ വിഷയമായിരുന്നല്ലോ? മൗനമുദ്രിതമായിരുന്നു. അവരുടെ ചുണ്ടുകൾ ഇടയ്‌ക്കു ചില സീൽക്കാരങ്ങൾ മാത്രം. അയാളുടെ ഓരോ അണുവിലും അവളായിരുന്നു. അവൾ മാത്രം.
എന്നാൽ ഇപ്പോൾ അവൾ തനിക്കാരുമല്ല. കാപ്പികുടികഴിഞ്ഞ് കോപ്പ ഉപേക്ഷിച്ചു പോന്നപോലെ. കാപ്പിയുടെ വില കൊടുത്തശേഷം കോപ്പ ഉപേക്ഷിച്ച് അയാൾക്ക് അവളോട് യാതൊരു ഉത്തരവാദിത്വവുമില്ല.
അയാൾ നടന്നു നീങ്ങി. അന്തരീക്ഷത്തിനു ചൂടുണ്ടായിരുന്നു. വല്ലാത്തൊരു കാലം തന്നെ. മിഥുനമാസത്തിലും ചൂട്! അന്തരീക്ഷത്തിലെങ്ങും ഒരു ഇലപോലും ചലിക്കുന്നില്ല. താൻ വീണ്ടും വേവുമണമുള്ള ഹോട്ടൽ മുറിയിൽതന്നെയെത്തിയോ?
അയാൾ ചുറ്റും നോക്കി. റോഡിൽ ആൾസഞ്ചാരം കുറഞ്ഞിരിക്കുന്നു. ഇടയ്‌ക്കിടയ്‌ക്ക് വെളിച്ചത്തിന്റെ കണ്ണുമായി വാഹനങ്ങൾ ഇരമ്പിപാഞ്ഞുപോയി. വീണ്ടും റോഡ് ഇരുളിലായി. കല്ലിൽ തട്ടി വീഴാതിരിക്കാൻ അയാൾ ശ്രദ്ധയോടെ നടന്നു നീങ്ങി.
അങ്ങനെ നടന്നുപോകുമ്പോൾ താൻ ഒറ്റക്കല്ലെന്നും ആരോ തന്റെ പിറകെ വരുന്നുണ്ടെന്നും അയാൾക്കുതോന്നി. അതു വെറും സങ്കല്‌പമാണെന്നും, തന്റെ പിറകെ ആരും വരുന്നില്ലെന്നും സ്വയം വിശ്വസിക്കാൻ അയാൾ ശ്രമിച്ചു. എന്നാൽ ഒരു രൂപംതന്നെ പിന്തുടരുന്നുണ്ടല്ലോ…..
അയാൾ അറിയാതെ ഞെട്ടിപ്പോയി. എന്ത്! അതൊരു സ്‌ത്രീരൂപമാണോ! ഹോട്ടലിനു പുറത്ത് മതിൽചാരി നിന്നിരുന്ന അവൾ തന്നെയാണോ! തന്നെ പിന്തുടരാൻ വേണ്ടിയാണോ അവൾ അവിടെ കാത്തുനിന്നത്! ഞാനവൾക്കു പണം കൊടുത്തു പിരിച്ചുവിട്ടതാണല്ലോ. പിന്നെ താനുമായി എന്തുബന്ധം?
അവളാണെങ്കിൽ….. പബ്ലിക്‌റോഡിലൂടെ അവളൊന്നിച്ചു നടക്കുന്നത് എന്തൊരു നാണക്കേടാണ്, താൻ ഒരു മാന്യനാണ്. മാന്യതയ്‌ക്കു മങ്ങലേല്‌ക്കുന്ന യാതൊന്നും പൊതുനിരത്തിൽ പാടില്ല.
എന്തൊരു അപകടത്തിലാണ് താൻ പെട്ടുപോയത്! എന്തെങ്കിലും ചെയ്‌തേ പറ്റൂ. അതും വളരെ വേഗം. അവളെ തന്നെ അനുധാവനം ചെയ്യാൻ അനുവദിച്ചുകൂടാ.
തിരിഞ്ഞുനോക്കാൻ അയാൾക്കു ഭയമായിരുന്നു. ഒരു കുറ്റവും ചെയ്യാത്ത അയാൾ ഒരു കുറ്റവാളിയെപ്പോലെ നടന്നു. അയാൾക്ക് എതിരേ നടന്നുവരുന്നവരുടെ മുഖത്തുനോക്കാൻ ഭയമായിരുന്നു. അക്കൂട്ടത്തിൽ പരിചയക്കാർ ആരെങ്കിലുമുണ്ടോ? പിറകെ നടക്കുന്ന ഇവൾ ആരെന്നു ചോദിച്ചാൽ എന്താണുത്തരം പറയുക? അതിനാൽ ഇവളിൽനിന്നു രക്ഷപ്പെടുക തന്നെ.
അയാൾ കാലുകൾ നീട്ടിവെച്ചുനടന്നു. എന്ത്! തന്റെ ഒപ്പമെത്താനായി അവൾ ഓടുകയാണോ? ഇതെന്താരു കഷ്‌ടം! തന്റെ പാപം തന്നെ പിന്തുടരുകയാണോ?
ഭയം തോന്നി. അടുത്ത നിമിഷത്തിൽ ചിന്തിച്ചു. എന്തിനു ഭയപ്പെടണം? തിരിഞ്ഞുനിന്ന് അവളെ നേരിട്ടാലോ? പക്ഷേ, അയാൾക്കു തിരിഞ്ഞു നോക്കുവാൻ കഴിഞ്ഞില്ല….
ആരോ തന്നെ പിൻതുടരുന്നുണ്ടെന്ന ചിന്തയോട് അയാളുടെ മനസ്സിൽതന്നെ അങ്കംവെട്ടാൻ തുടങ്ങി. അങ്ങനെ ചിന്തിച്ചു നടന്നപ്പോൾ അയാൾ ചുറ്റും നോക്കി എന്ത്! തനിക്കു വഴിതെറ്റിയോ? ഏറെനേരം നോക്കിയതിനുശേഷമാണ് ചിരപരിചിതമായ വഴിയിൽക്കൂടിത്തന്നെയാണ് താൻ നടക്കുന്നതെന്ന് അയാൾക്കു ബോദ്ധ്യമായത്. ശരിയായ വഴിതന്നെ റെയിൽവേ സ്‌റ്റേഷനിലേക്ക് ഇനി അധികം ദൂരമില്ല.
പക്ഷേ, അപ്പോഴും അവൾ പിന്തുടരുകതന്നെയാണ്. ഒരുപക്ഷേ അവൾ ഒരു ഹോട്ടലിൽനിന്ന് മറ്റൊന്നിലേക്ക് പോവുകയാണെങ്കിലോ? അതിനു തന്റെ പുറകെതന്നെ വരണമെന്നുണ്ടോ? നഗരത്തിൽ എത്രയോ റോഡുകളുണ്ട്! എന്നിട്ടും ഇവൾ തന്റെ പിന്നിൽ…..
ദൈവമേ, ഇതെന്തൊരു പരീക്ഷണം? ആ മാനസികവിപര്യയത്തിൽ നിന്ന് മോചനം നേടാനായി അയാൾ കണ്ണുകൾ ഇറുക്കിയടച്ചു. അപ്പോൾ അവളുടെ രൂപം മുന്നിൽ.
മുന്നിലും പിന്നിലും അവൾ! അയാൾ വേഗം കണ്ണുകൾ തുറന്നു. പിന്നിൽ അവളുടെ കാലൊച്ച കേൾക്കുന്നുണ്ടോ? തിരിഞ്ഞുനോക്കാൻ പേടി. കണ്ണടച്ചുപോയാൽ അവളുടെ രൂപം മുന്നിലുമെത്തുന്നു.
ആ ഹോട്ടലിൽ പോയതുതന്നെ അബദ്ധമായി. പക്ഷേ, ഇതെന്ത്? കാപ്പികുടി കഴിഞ്ഞു പോരുമ്പോൾ കാപ്പിക്കോപ്പ പിന്തുടരുകയോ? ഇതു കഠിനമാണ്. എന്തെങ്കിലും ചെയ്‌തേ പറ്റൂ. അതും വളരെ വേഗം അയാൾക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി. അവൾ എന്തിനു തന്നെ അനുധാവനം ചെയ്യുന്നു?
റെയിൽവേസ്‌റ്റേഷനിലേക്കുള്ള കവല തിരിഞ്ഞപ്പോൾ അയാൾക്കു സമാധാനമായി. ആളുകളും വാഹനങ്ങളും തിരക്കിട്ടു നീങ്ങുന്നു. ഇവിടെവച്ച് അവൾ പിരിഞ്ഞു പോകുമെന്ന് അയാൾ കരുതി.
എന്നാൽ അപ്പോഴും അവൾ അയാളെ പിന്തുടരുകയാണ്. എതിരേനിന്ന് ഒരു പോലീസുകാരൻ വരുന്നതുകണ്ടപ്പോൾ അയാൾക്കു സമാധാനമായി. ഇപ്പോൾ നീതി പാലകൻ അടുത്തുണ്ട്. മാന്യന്മാരുടെ പിന്നാലെ നടക്കുന്ന അവളെക്കുറിച്ചു പോലീസുകാരനോടു പറയുകതന്നെ.
സാർ, ഒന്നു നിൽക്കണേ.
പോലീസുകാരൻ നിന്നു.
ഇവൾ-ഇവൾ- എന്റെ പിറകെ….. എന്തിനെന്നു ചോദിക്കണം.
പോലീസുകാരൻ അയാളുടെ തോളിൽ തൊട്ടു.
ആരാണ്? എന്താണ്?
പോലീസുകാരന്റെ കൈയിൽ മുറുകെപ്പിടിച്ചുകൊണ്ട് അയാൾ തിരിഞ്ഞുനോക്കി. പിന്നിൽ തന്റെ നിഴൽമാത്രമാണ് അയാൾ കണ്ടത്.
അവൾ എവിടെപ്പോയി? ഇത്രനേരവും തന്റെ പിന്നിലുണ്ടായിരുന്ന താണല്ലോ! പോലീസുകാരനിൽ നിന്നു കൈയെടുത്തു ക്ഷമാപണത്തോടെ അയാൾ പഞ്ഞു.
ഒന്നുമില്ല സാർ.
നിങ്ങൾക്കെന്താ ഭ്രാന്തുണ്ടോ? പോലീസുകാരൻ ചോദിച്ചു. അടിമുടി അയാളെ രൂക്ഷമായൊന്നു നോക്കിയശേഷം പോലീസുകാരൻ പോയി.
അയാൾ റെയിൽവേസ്‌റ്റേഷനിലേക്കു നടന്നപ്പോൾ അയാളുടെ നിഴലിനു നീളം വെയ്‌ക്കുകയായിരുന്നു. പാപത്തിന്റെ നിഴൽ നീളുന്നതുപോലെ…..
Generated from archived content: story1_may21_11.html Author: tatapuram_sukumaran