ദേശീയപ്രസ്ഥാന ചരിത്രത്തിലെ വിവാദപുരുഷന്റെ ചരമദിനത്തെ ചൊല്ലിയും വിവാദം

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷ പദവി അലങ്കരിച്ച ഏക മലയാളിയും ഗാന്ധിജിയെ വിമർശിച്ചതിന്റെ പേരിൽ ഏറെ എതിർപ്പുകൾക്ക്‌ വിധേയനാവുകയും ചെയ്ത ചേറ്റൂർ ശങ്കരൻ നായർ മരിച്ചത്‌ ഏപ്രിൽ 22നോ 24നോ എന്നതാണ്‌ അദ്ദേഹത്തിന്റെ 73-​‍ാം ചരമവാർഷികത്തിൽ തർക്കവിഷയമാവുന്നത്‌. കേരള സാഹിത്യ അക്കാദമിയുടെ ഡയറിയിലും 10വർഷം മുമ്പ്‌ പുനഃപ്രസിദ്ധീകരിക്കപ്പെട്ട സർ. സി. ശങ്കരൻനായരുടെ ആത്മകഥ ഉൾപ്പെടെയുള്ള നിരവധി പുസ്തകങ്ങളിലും രേഖപ്പെടുത്തിയിട്ടുള്ള ചരമദിനം 1934 ഏപ്രിൽ 22 എന്നാണ്‌. കുറച്ചുകാലങ്ങളായി സ്മൃതിദിനമായി കണക്കാക്കിവരുന്നത്‌ 22 തന്നെ. എന്നാൽ ചരമദിനം ഏപ്രിൽ 24നാണ്‌ എന്നാണ്‌ മങ്കരയിൽ ഭാരതപ്പുഴയുടെ തീരത്തുള്ള അദ്ദേഹത്തിന്റെ സമാധിയിലെ ഫലകം സാക്ഷ്യപ്പെടുത്തുന്നത്‌. മദ്രാസിൽ ശങ്കരൻനായർ മരിച്ചത്‌ ഏപ്രിൽ 24നും ജന്മനാടായ മങ്കരയിൽ കൊണ്ടുവന്ന മൃതദേഹം സംസ്‌കരിച്ചത്‌ 26നും ആണെന്ന്‌ അക്കാലത്ത്‌ തന്നെ സ്ഥാപിച്ചതായ സമാധിയിലെ ഫലകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. ചരിത്രത്തിനു തന്നെ തെറ്റുപറ്റിയ ഭാഗം ഈ ഫലകം തിരുത്തുകയാണ്‌. ചരിത്രം തെറ്റായി വായിക്കപ്പെടാൻ ഇടയായതെങ്ങനെയെന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുകയാണ്‌. രാജ്യത്തിന്റെ ചരിത്രത്തോളം വളർന്ന മലയാളിയെ സ്വന്തം നാടുപോലും അവഗണിച്ച പിൽക്കാല ചരിത്രത്തിന്റെ ദുരന്തഫലമാണിത്‌. മഹാരാഷ്‌ട്രയിലെ അമരാവതിയിൽ 1897ൽ നടന്ന എ.ഐ.സി.സി. സമ്മേളനത്തിൽ അദ്ധ്യക്ഷൻ, ബ്രിട്ടീഷ്‌ ഗവൺമെന്റിന്റെ വൈസ്രോയിസ്‌ കൗൺസിൽ അംഗം, ഇന്ത്യാ സെക്രട്ടറി ഓഫ്‌ സ്‌റ്റേറ്റ്‌ കൗൺസിലിലെ അംഗത്വം, സാമൂഹ പരിഷ്‌ക്കരണപ്രസ്ഥാനത്തിന്റെ അധ്യക്ഷ പദവിയിൽ രണ്ടുതവണ, മദ്രാസിൽ അഡ്വക്കേറ്റ്‌ ജനറൽ, ഹൈക്കോടതി ജഡ്‌ജി…. ശങ്കരൻനായർ വഹിച്ച പദവികളുടെ പട്ടിക നീളുകയാണ്‌…

1919ൽ ജാലിയൻ വാലാബാഗ്‌ കൂട്ടക്കൊലയിൽ പ്രതിഷേധിച്ച്‌ വൈസ്രോയിസ്‌ കൗൺസിലിലെ അംഗത്വം പുല്ലുപോലെ വലിച്ചെറിഞ്ഞ ശങ്കരൻ നായരുടെ ദേശാഭിമാനം ചോദ്യം ചെയ്യപ്പെട്ടത്‌ മഹാത്മജിയുടെ നിസ്സഹകരണ സമരത്തെയും ഖിലാഫത്ത്‌ സമരം സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെടുത്തിയതിനെയുമാണ്‌ – “ഗാന്ധി അനാർക്കി” (ഗാന്ധിയും അരാചകത്വവും) എന്ന വിവാദപുസ്തകത്തിൽ ശങ്കരൻനായർ അതിരൂക്ഷമായി വിമർശിച്ചത്‌. ജനറൽ ഡയറിന്റെ നേതൃത്വത്തിൽ നടന്ന ജാലിയൻ വാലാബാഗ്‌ കൂട്ടക്കൊലയ്‌ക്ക്‌ ഉത്തരവാദി പഞ്ചാബ്‌ ഗവർണറായിരുന്ന സർ മൈക്കിൾ ഒഡയറാണെന്ന ശങ്കരൻനായരുടെ പരാമർശവും ചരിത്രത്തിലെ വിവാദമാണ്‌. ആരോപണം തനിക്ക്‌ മാനഹാനി ഉണ്ടാക്കിയെന്നാരോപിച്ച്‌ ഒഡയർ നൽകിയ കേസിൽ 7000&- പൗണ്ട്‌ നഷ്ടപരിഹാരം നൽകേണ്ടിയും വന്നു. സിലോണിൽ നിന്ന്‌ ചാരായം ഇറക്കുമതി ചെയ്യുന്നതിനെതിരെ ചെത്തു തൊഴിലാളികളെ സംഘടിപ്പിച്ച്‌ കോഴിക്കോട്ട്‌ നടത്തിയ സമരം ശങ്കരൻ നായരുടെ ചരിത്രത്തിലെ ഏറെ അറിയപ്പെടാത്ത ഒരധ്യായമാണ്‌. കേരളം കണ്ട ആദ്യ തൊഴിലാളി സമരമെന്ന്‌ വേണമെങ്കിൽ ആ സമരത്തെ വിശേഷിപ്പിക്കാം.

മഹാഭാരതചരിത്രത്തിലെ വീരപുരുഷനെ പിൽക്കാലം അവഗണിച്ചുവെന്ന്‌ സാക്ഷ്യപ്പെടുത്തുന്നതും മങ്കരയിലെ ശങ്കരൻനായരുടെ സമാധിഘട്ടമാണ്‌. റയിൽപാളവും, വയൽപരപ്പുകളും താണ്ടി ഏറെദൂരം നടന്നുവേണം സ്മാരകം സ്ഥിതി ചെയ്യുന്ന വിജനമായ വളപ്പിലെത്തിച്ചേരാൻ. കാടുപിടിച്ച്‌ കിടക്കുന്ന ഇവിടെ ചേറ്റൂരിന്റെ സമാധിയും വിണ്ടുകീറി നശിച്ചുകിടക്കുന്നു. വർഷങ്ങൾ പലതു കഴിഞ്ഞിട്ടുണ്ടാവും ആരെങ്കിലും ഇവിടേയ്‌ക്ക്‌ എത്തിനോക്കിയിട്ട്‌. ഒറ്റപ്പാലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ചേറ്റൂർ ശങ്കരൻ നായർ ഫൗണ്ടേഷന്റെ ശ്രമഫലമായി രണ്ടുവർഷം മുമ്പ്‌ തപാൽ വകുപ്പ്‌ പുറത്തിറക്കിയ സ്മാരക സ്‌റ്റാമ്പാണ്‌ അവഗണനയുടെ ചരിത്രത്തിലെ ഏക അപവാദം. അധികാരത്തിന്റെ അപ്പകഷ്ണത്തിനു വേണ്ടി കടിപിടി കൂടുന്ന കോൺഗ്രസ്‌ എന്ന കാലംചെയ്ത പ്രസ്ഥാനത്തിലുള്ളവർക്ക്‌ ശങ്കരൻനായർ ആരെന്നുപോലും അറിയുകയുണ്ടാവില്ല. വിസ്മൃതിയുടെയും അവഗണനയുടെയും വർഷങ്ങൾക്കിടയിൽ ശങ്കരൻനായരുടെ മറ്റൊരു ചരമവാർഷികം കൂടി വരാനിരിക്കുകയാണ്‌. സമാധിയിലെ ശിലാഫലകത്തെ വിശ്വസിക്കാം. ശങ്കരൻനായരുടെ ചരമവാർഷികം തെറ്റിയെഴുതിയ ചരിത്രം തിരുത്തിയെഴുതാം. ശങ്കരൻനായർ മരിച്ചത്‌ 24നു തന്നെ.

Generated from archived content: gramakazhcha9.html Author: t_vishnunarayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here