വർഗ്ഗീയതയുടെ തിമിരം ബാധിച്ച മതഭ്രാന്തന്മാർക്ക് മുമ്പിൽ മതേതരത്വത്തിന്റെ പ്രതീകമായ മുൻ സൈനികൻ സംഭാവന ചെയ്ത സ്ഥലത്ത് നിർമ്മിച്ച മുസ്ലീംപള്ളി വേറിട്ട കാഴ്‌ച്ചയാവുന്നു. ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യാനിയുമെല്ലാം മതനിലപാടുകൾക്ക് വേണ്ടി തലവെട്ടി കീറുമ്പോൾ മനുഷ്യസ്നേഹമാണ് മഹത്തരമെന്ന പ്രഖ്യാപനം ജീവിച്ചിരിക്കുമ്പോൾ തന്നെ നടത്തിയ മനുഷ്യസ്നേഹിയാണ് ഒറ്റപ്പാലം അമ്പലപാറ തിരുണ്ടിക്കിൽ ഉറുപ്പായിൽ പുത്തൻവീട്ടിൽ കുഞ്ഞുണ്ണി നായർ.
തിരുണ്ടിക്കിൽ മേഖലയിലുള്ള മുസ്ലീം സഹോദരങ്ങൾക്ക് നിസ്‌കരിക്കാനും ആരാധന നടത്താനും സ്വന്തമായി പള്ളി ഇല്ലാതിരുന്ന കാലം. ഹിന്ദുക്കളും, മുസ്ലീംങ്ങളും ഒരുമിച്ച് സ്നേഹത്തോടെ സംവദിച്ചിരുന്ന ഈ കാലത്താണ് തിരുണ്ടിക്കലെ മുസ്ലീംങ്ങൾക്ക് സ്വന്തമായി ഒരു പള്ളി വേണമെന്ന ആവശ്യം തോന്നിയത്. രണ്ടു കിലോമീറ്റർ അപ്പുറത്തുള്ള അമ്പലപ്പാറ പള്ളിയിൽ ചെന്ന് നമസ്‌ക്കരിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു ഈ ആവശ്യത്തിന് ഊർജ്ജം പകർന്നത്. 1965ലാണ് സംഭവം നടക്കുന്നത്. മുസ്ലീംങ്ങളുടെ ഈ ആവശ്യം കുഞ്ഞുണ്ണിനായരുടെ മുമ്പിലുമെത്തി. അംശം ദേശത്തെ അധികാരികൂടിയായിരുന്നു ഈ സമയത്ത് കുഞ്ഞുണ്ണി നായർ. പട്ടാളജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ നായരോട് മുസ്ലീം സഹോദരന്മാരിൽ ചിലരാണ് തങ്ങളുടെ ആവശ്യവുമായെത്തിയത്. ഇക്കാര്യത്തിൽ തനിക്ക് എന്തു ചെയ്യാനാവുമെന്ന മറുചോദ്യമാണ് വന്നവരോട് കുഞ്ഞുണ്ണി നായർ ഉന്നയിച്ചത്. പള്ളി നിർമ്മിക്കാൻ ആവശ്യമായ സ്ഥലമാണ് പ്രശ്നമെന്നും ആയതിന് പരിഹാരം കാണണമെന്നും വന്നവരുടെ മറുപടി. ദയ ചോദിച്ച് എത്തിയ സഹജീവികളെ നിരാശരാക്കി അയക്കാൻ ഇന്ത്യയുടെ അതിരു കാക്കാൻ കർമ്മകാണ്ഡം സമ്മാനിച്ച കുഞ്ഞുണ്ണി നായരിലെ വീരജവാൻ അനുവദിച്ചില്ല. 10 സെന്റ് ഭൂമി പള്ളി നിർമ്മിക്കാൻ റോഡരികിൽ നൽകാമെന്ന് കുഞ്ഞുണ്ണി നായർ അറിയിച്ചു. ഇതിന്നായി തെരഞ്ഞെടുത്ത സ്ഥലവും നിശ്ചയിച്ചുറപ്പിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ പ്രധാന പാതയ്‌ക്ക് സമീപമാണ് ഈ സ്ഥലം നിലകൊള്ളുന്നത്.
എന്നാൽ വിധിവൈപരീത്യം മൂലം അകാലത്തിൽ കുഞ്ഞുണ്ണി നായർ മരിച്ചു. ഭാര്യ ശ്രീമതിയോട് കുഞ്ഞുണ്ണി നായർ മരണക്കിടക്കയിൽ വെച്ച് ആവശ്യപ്പെട്ടത് പള്ളിക്ക് സ്ഥലം നൽകണമെന്നതായിരുന്നു. പിന്നീട് ശ്രീമതി അമ്മയാണ് കുഞ്ഞുണ്ണി നായരുടെ വാക്കു പാലിക്കാൻ മുസ്ലീംപള്ളിക്ക് കണ്ണായസ്ഥലത്ത് സ്ഥലം നൽകിയത്. പ്രാരംഭത്തിൽ ചെറിയരീതിയിൽ ആരംഭിച്ച പള്ളിയിൽ ഇപ്പോൾ നിസ്‌ക്കാരവും മദ്രസയും ഉണ്ട്. തിരുണ്ടി പ്രദേശത്തുള്ള നൂറുകണക്കിന് മുസ്ലീം സഹോദരങ്ങൾക്ക് ആശ്വാസമാണ് കുഞ്ഞുണ്ണി നായർ സമ്മാനിച്ച സ്ഥലത്ത് നിർമ്മിച്ച പള്ളി. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മൃതി എന്ന നിലയ്‌ക്ക് പള്ളിക്കാർ കുഞ്ഞുണ്ണി നായരെ വിസ്മരിച്ചില്ല. പള്ളിയുടെ മുൻഭാഗത്തെ ചുമരിൽ മാർബിൾ ഫലകത്തിൽ ഇവർ പള്ളിക്ക് ഭൂമി തന്നത് കുഞ്ഞുണ്ണി നായരാണെന്ന് കൊത്തിവെച്ചു. ഇന്നും ഈ ഫലകം പള്ളിക്കു മുമ്പിൽ നിലകൊള്ളുന്നു.
മതേതരത്വത്തിന്റെയും സ്നേഹത്തിന്റെയും പ്രതിരൂപമായി ഈ പള്ളി ഇന്നും അറിയപ്പെടുന്നത് കുഞ്ഞുണ്ണി നായരുടെ പേരിലാണ്.
Generated from archived content: gramakazhcha8.html Author: t_vishnunarayanan
Click this button or press Ctrl+G to toggle between Malayalam and English