കുഞ്ചൻനമ്പ്യാരുടെ തൂലിക

ദൈവങ്ങളെപ്പോലും കഥാപാത്രങ്ങളാക്കി സർഗ്ഗസൃഷ്ടി നടത്തിയ നിർവ്വചനങ്ങളുടെ പൂർണ്ണവിരാമങ്ങളിലൊതുങ്ങാത്ത ഈ സർഗ്ഗധിക്കാരി ഉപയോഗിച്ചിരുന്ന എഴുത്താണിയാണ്‌ ചരിത്രത്തിൽ ഇടം പിടിക്കുന്നത്‌. കല്ല്യാണസൗഗന്ധികവും മണിപ്രവാളവും രാമാനുചരിതവും ഗരുഡഗർവ്വഭംഗവുമെല്ലാം കുഞ്ചൻ രചിച്ചത്‌ ഈ എഴുത്താണി ഉപയോഗിച്ചാണെന്നാണ്‌ ഐതിഹ്യപ്പെരുമ. കുഞ്ചൻനമ്പ്യാർ ജനിച്ച കിള്ളിക്കുറിശിമംഗലം ഗ്രാമത്തിൽ അദ്ദേഹത്തിന്റെ നാമധേയത്തിൽ സ്മാരകമായി പ്രവർത്തിക്കുന്ന വായനശാലയിലാണ്‌ ഈ എഴുത്താണി കുടികൊള്ളുന്നത്‌. അമ്പലപ്പുഴയിൽ കുഞ്ചന്റെ സതീർത്ഥ്യനായിരുന്ന മാത്തൂർ പണിക്കരുടെ ഗൃഹത്തിൽ നിന്നാണ്‌ കിള്ളിക്കുർശിമംഗലം ഗ്രാമത്തിന്‌ ഈ എഴുത്താണി ലഭിച്ചത്‌. മാത്തൂർ പണിക്കരുടെ അതിഥിയായി കുഞ്ചൻ എത്തുമ്പോഴെല്ലാം ഈ എഴുത്താണി ഉപയോഗിച്ച്‌ പാത്രസൃഷ്ടി നടത്തുക പതിവുണ്ടായിരുന്നവത്രെ. കാലത്തിന്റെ ചെല്ലപ്പെട്ടിയിൽ നിന്നും മണ്ണും വിണ്ണും ഉദയാസ്തമയങ്ങളുമെടുത്ത്‌ നാലുംകൂട്ടി മുറുക്കി ചാണകം മെഴുകിയ ഉമ്മറമുറ്റത്തേക്ക്‌ നീട്ടിത്തുപ്പി വരേണ്യവർഗ്ഗ വിഡ്‌ഢിത്തങ്ങളോർത്ത്‌ ഊറിചിരിച്ച കുഞ്ചൻനമ്പ്യാർ 1700നും 1770നും മധ്യേയാണ്‌ ജനിച്ചു മരിച്ചതെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. മുൻമുഖ്യമന്ത്രി സി അച്യുതമേനോനാണ്‌ പട്ടിൽ സൂക്ഷിച്ചിരുന്ന എഴുത്താണിക്ക്‌ ഒരു ദന്തപേടകം സമ്മാനിച്ചത്‌. എഴുത്താണി സൂക്ഷിക്കാൻ അദ്ദേഹം സമ്മാനിച്ച പേടകം. ചന്ദനം, ആനക്കൊമ്പ്‌, വീട്ടി എന്നിവകൊണ്ടാണ്‌ നിർമ്മിച്ചിരിക്കുന്നത്‌. വീണാപാണിയായി ഇരിക്കുന്ന സരസ്വതിയെ വന്ദിച്ചുകൊണ്ട്‌ വിരിയാൻ വെമ്പിനിൽക്കുന്ന താമരമുകുളങ്ങൾ എഴുത്താണിയെ താങ്ങിനിർത്തുന്നു. ജലത്തിൽ വിരിച്ച ഗ്രന്ഥത്തിൽ മലയാളഭാഷയെ വന്ദിച്ചുകൊണ്ട്‌ കുഞ്ചൻ രചിച്ച

“ഭടജനങ്ങടെ നടുവിലുണ്ടൊരു

പടയണിക്കിഹ ചേരുവാൻ

വടിവിയെന്നൊരു ചാരുകേരള ഭാഷതന്നെ ചിതം വരൂ”

എന്ന വരികളും കോറിയിട്ടിരിക്കുന്നു. ചിന്നം വിളിച്ചു നിൽക്കുന്ന 4 കൊമ്പൻമാരാണ്‌ പേടകത്തെ താങ്ങിനിർത്തുന്നത്‌. ആനക്കൊമ്പുകൊണ്ട്‌ ഓട്ടൻതുള്ളൽ, കിള്ളിക്കുർശ്ശി ശിവക്ഷേത്രം. കുഞ്ചൻ ജനിച്ച കലക്കത്തുഭവനം, ആറന്മുള വള്ളംകളി, കല്യാണസൗഗന്ധികം കഥാ സന്ദർഭം. ഓട്ടൻതുള്ളലിന്റെ ഉത്ഭവസന്ദർഭം എന്നിവയും കൊത്തിവച്ചിട്ടുണ്ട്‌. അപൂർവ്വ വൈദഗ്‌ദ്ധ്യത്തോടെയാണ്‌ ചന്ദനത്തിൽ സരസ്വതീരൂപവും താമരയും മുകുളങ്ങളും ശിൽപ്പി സി.എസ്‌ വിശ്വം കൊത്തിയെടുത്തിട്ടുള്ളത്‌. നയനാനന്ദകരമായ വിസ്മയകാഴ്‌ചയാണ്‌ ഈ ദന്തധാരു പേടകം.

പരിഹാസം പച്ചീർക്കലിയാക്കി വാക്കുകളുടെ കനലിൽ ചൂടാക്കി മേൽക്കോയ്മകളുടെ പാവുമുണ്ടു പൊക്കി മുട്ടിനു മീതെ ചുട്ട അടിയടിച്ച കുഞ്ചൻനമ്പ്യാർ ജനിച്ചുവീണ കലക്കത്തു ഭവനം സർക്കാർ ഏറ്റെടുത്ത്‌ ദേശീയസ്മാരകമായി ഉയർത്തിയിട്ടുണ്ട്‌. കലാ കൈരളിക്ക്‌ കാലം സമ്മാനിച്ച അമൂല്യങ്ങളായ സാഹിത്യസൃഷ്ടികളാണ്‌ കുഞ്ചൻകൃതികൾ. പരിഹാസം വജ്രായുധമാക്കി ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത കുഞ്ചൻ പരിഹസിച്ച്‌, പരിഹസിച്ച്‌ പരിശുദ്ധമാക്കുകയെന്ന ദൗത്യമാണ്‌ നിയോഗംപോലെ നിറവേറ്റിയത്‌. രാമപാണിവാദനെന്ന സംസ്‌കൃത മഹാ വൈയ്യാകരണൻ തന്നെയാണ്‌ കുഞ്ചൻ നമ്പ്യാർ എന്നും ഒരാക്ഷേപം നിലനിൽക്കുന്നുണ്ട്‌. അമ്പലപ്പുഴയിൽ വെച്ചാണ്‌ കുഞ്ചൻനമ്പ്യാർ മരിച്ചതെന്ന്‌ നിഗമിക്കപ്പെടുന്നു. കാലാനുവർത്തിയായി കുഞ്ചൻ കൃതികൾ നിത്യനൂതനങ്ങളായി ഇന്നും നിലനിൽക്കുമ്പോൾ അദേഹത്തിന്റെ എഴുത്താണി ചരിത്രത്തിന്റെ അമൂല്യതയിലേക്ക്‌ ചേക്കേറുകയാണ്‌.

Generated from archived content: gramakazhcha7.html Author: t_vishnunarayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English