കാഴ്‌ചക്കാർ കുറച്ചൊന്നുമല്ല കൂടി നിൽക്കുന്നത്. അവർക്ക് മുമ്പിൽ ചെർപ്പുളശ്ശേരി മുണ്ടിയം പറമ്പ് ലക്ഷംവീടു കോളനിയിൽ അടാം തോട്ടുങ്ങൽ ഷംസുദ്ദീൻ ഒരു മാങ്ങയണ്ടി മണ്ണിൽ കുഴിച്ചിട്ടു. അപ്പോൾ സമയം 5.18. ചെടിച്ചട്ടിയിലെ മണ്ണിൽ കുഴികുത്തി മാങ്ങയണ്ടി അതിൽ മൂടിയതിനും, വെള്ളമൊഴിച്ചതിനുമെല്ലാം സാക്ഷികളുണ്ട്. സമയം 5.20. ഷംസുദ്ദീൻ മാങ്ങയണ്ടി മൂടിയ കുട്ട മെല്ലെ എടുത്തുയർത്തി. അത്ഭുതം. മാവു മുളച്ചിരിക്കുന്നു. അഞ്ചു മിനിറ്റിനകം ആറിലയും വേരുമുള്ള മാവിൻ തൈ പുതുമണ്ണിന്റെ മണത്തോടെ ഷംസുദ്ദീൻ പറിച്ചെടുത്തു. ചുറ്റിലുമുള്ളവർക്ക് കാണിച്ചുകൊടുത്തു. സംശയമുള്ളവർ ഇല നുള്ളി മണപ്പിച്ചു. ചിലർ ചവച്ചുനോക്കി. അവരൊക്കെയും സാക്ഷ്യപ്പെടുത്തി. മാന്തളിർ തന്നെ. ചിനക്കത്തൂർ പൂരത്തിനോടനുബന്ധിച്ച് ഷംസുദ്ദീന്റെ ചില അഭ്യുദയകാംക്ഷികൾക്ക് വേണ്ടിയാണ് ഒറ്റപ്പാലത്ത് ഈ പരിപാടി അവതരിപ്പിച്ചത്.
നഗരത്തിനുള്ളിലെ ഒരു ഒഴിഞ്ഞ സ്ഥലത്ത് പ്രത്യേകം തയ്യാറാക്കി നാട്ടുകാർ നൽകിയ സ്ഥലത്താണ് ഷംസുദ്ദീൻ പരസ്യമായി മാങ്ങയണ്ടി കുഴിച്ചിട്ടത്. എട്ടു ദിക്കുകളിൽ നിന്നും നോട്ടങ്ങൾ. ചിലർ ബിൽഡിംങ്ങുകൾക്ക് മുകളിൽ കയറിയും പരിപാടി വീക്ഷിക്കുന്നു. പിന്നെയും തൈ ഷംസുദ്ദീൻ മണ്ണിൽ നട്ടു. കുട്ടകൊണ്ട് മൂടി. പുതപ്പുകൊണ്ട് മൂടിവച്ചു. കുറച്ചുനേരം മാജിക്കിന്റെ മഹത്വം പറഞ്ഞു. കുട്ട പൊക്കിയപ്പോൾ വളർച്ചയെത്തിയ നല്ലോരു തൈമാവ്. തൂങ്ങിയാടുന്ന മാങ്ങക്കുല കാട്ടി ഷംസുദ്ദീൻ കാണികളെ ആകർഷിച്ചു. ഒരാൾ മാങ്ങ വന്ന് പറിച്ചുനോക്കി. ചുനയിറ്റുന്ന ഉഗ്രൻ കോമാങ്ങ. കത്തികൊണ്ട് പുളി രുചിച്ചു നോക്കി. അത്ഭുതം. മാങ്ങ ഒറിജിനൽ തന്നെ. കേരളത്തിൽ ഈ ഇനം അവതരിപ്പിക്കുന്നയാൾ ഷംസുദ്ദീൻ മാത്രമാണ്. ഗിന്നസ് ബുക്കിലേക്ക് ഇടം തേടുന്ന ഈ ഇനത്തിന്റെ പേര് ഗ്രീൻ മാംഗോ ട്രീ ട്രിക് എന്നാണ്. അസാധാരണമായ മാജിക്കാണിത് – സാക്ഷ്യപത്രം സാക്ഷാൽ ഗോപിനാഥ് മുതുകാടിന്റെ.
തന്റെ ബാപ്പ ഹസ്സൻ സാഹിബ്ബാണ് ഷംസുദ്ദീന് ഈ മാജിക് അഭ്യസിപ്പിച്ചത്. പരമ്പരാഗതമായി തെരുവുമാജിക് കൊണ്ട് ഉപജീവനം നടത്തുന്നയാളാണ് ഷംസുദ്ദീൻ. തലമുറകളായി പകർന്നു കിട്ടിയ സിദ്ധിയാണ് മാംഗോ ട്രിക് എന്ന് ഷംസുദ്ദീൻ പറയുന്നു. തന്റെ മക്കളെയും ഈ വിദ്യ അഭ്യസിപ്പിക്കുമെന്ന് ഷംസുദ്ദീൻ പറയുന്നു. 1-ാം തരം വരെ മാത്രം പഠിച്ചിട്ടുള്ള ഷംസുദ്ദീന് അതിൽ കുണ്‌ഠിതമില്ല. സ്‌കൂളിൽ നിന്നുമുള്ളതിനേക്കാളേറേ പഠിക്കാനുള്ളത് തെരുവിൽ നിന്നാണെന്നാണ് ഷംസുദ്ദീന്റെ അഭിപ്രായം. പത്തഞ്ഞൂറു കൊല്ലമായി ‘അട്ടാംന്തോട്ടിലെ വംശവൃക്ഷം പാമ്പും, തലയോട്ടിയും, മകുടിയും മാങ്ങയണ്ടിയുമായി തെരുവിലുണ്ട്. പിതാമഹന്മാർ വിദേശരാജ്യങ്ങളിലും മാജിക്കിനു പോയിട്ടുണ്ട്. തെരുവു യാത്രികനാണെന്ന കാര്യത്തിൽ ഷംസുദ്ദീനഭിമാനമാണ്. പല വിദേശികളും ഷംസുദ്ദീന്റെ ഗ്രീൻ മാംഗോട്രിക്കിന്റെ രഹസ്യം അന്വേഷിച്ചു വന്നിട്ടുണ്ട്. ഉയർന്ന പ്രതിഫലവും വാഗ്‌ദാനവുമുണ്ടായി. വിദേശികൾക്ക് ഇന്ത്യൻ മാജിക്കിന്റെ രഹസ്യം പറഞ്ഞുകൊടുത്തു ലഭിക്കുന്ന നക്കാപിച്ച തനിക്ക് വേണ്ടെന്നായിരുന്നു ഷംസുദ്ദീന്റെ മറുപടി. സാക്ഷാൽ ഗോപിനാഥ് മുതുകാടിനും ഷംസുദ്ദീന്റെ മാംഗോ ട്രിക് രഹസ്യം അജ്ഞാതമാണ്. ഇക്കാര്യം അദ്ദേഹവും തുറന്നു സമ്മതിക്കുന്നു.
അതിവിപുലമായ ഒരുക്കങ്ങൾടെ മാന്ത്രികപ്പെട്ടിയുടെയും മാന്ത്രികതിരശീലയുടെയും അകമ്പടിയാൽ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ നിയന്ത്രണത്തിന്റെയും കാതടപ്പിക്കുന്ന വാദ്യഘോഷങ്ങളുടെയും പിൻബലത്തിൽ മജീഷ്യന്മാർ കാണിക്കുന്ന ഒട്ടനവധി സാഹസിക ഇനങ്ങൾ ഷംസുദ്ദീൻ തെരുവിൽ തന്നെ ഇവയൊന്നുമില്ലാതെ അവതരിപ്പിക്കും. കഴുത്തറക്കുന്ന ഇനമാണ് ഇതിൽ പ്രധാനം. അക്കാദമികളും മാജിക്കിന്റെ തലതൊട്ടപ്പന്മാരും അംഗീകരിക്കുന്നില്ലെന്ന ആധിയൊന്നും ഷംസുദ്ദീനില്ല. അംഗീകാരങ്ങൾ കിട്ടേണ്ടിടത്തു നിന്നും ലഭിക്കുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു. രാഷ്ര്ടാന്തര വാർത്താ വാരികയായ ടൈം മാഗസിൻ ഷംസുദ്ദീന്റെ മാവു മാജിക് വാർത്തയാക്കിയിട്ടുണ്ട്. ഇന്ത്യ മാജിക്കുകാരുടെയും മന്ത്രവാദികളുടേയും നാടാണെന്ന് പരിഹസിക്കുന്ന വെള്ളക്കാർക്ക് എന്നും വിസ്മയമായിരുന്നു ദ ഗ്രേറ്റ് ഇന്ത്യൻ റോപ്‌ട്രിക്, ഗ്രീൻ മാംഗോ ട്രീ ട്രിക് എന്നീ ഇനങ്ങൾ. ജപ്പാൻകാരിയായ മാമിയാ മാദയുടെ വീൽ ഓഫ് ഡെസ്‌റ്റിനി എന്ന പുസ്തകത്തിൽ ഒരു പേജ് തന്നെ ഷംസുദ്ദീനു വേണ്ടി മാറ്റിവച്ചിട്ടുണ്ട്. വിഖ്യാതമായ ഈ ഗ്രന്ഥത്തിൽ മാവു വിദ്യയാണ് പ്രധാന ഇനം. തെരുവിൽ നിന്നും വിശ്വപ്രശസ്തിയിലേക്കുയർന്നുവരുന്ന ഷംസുദ്ദീന്റെ മാവുവിദ്യ ഗിന്നസ്‌ബുക്കിന്റെയും പരിഗണനയിലാണ്. സിനിമ – സീരിയലുകൾ എന്നിവയിലേക്ക് ആവശ്യമായ പാമ്പുകളെ നൽകുന്ന ജോലിയും ഷംസുദ്ദീനുണ്ട്.
Generated from archived content: gramakazhcha6.html Author: t_vishnunarayanan