കേരളത്തിൽ ഇതുവരെ പ്രജനനം രേഖപ്പെടുത്തിയിട്ടില്ലാത്ത കൊറ്റി വർഗ്ഗത്തിൽപ്പെട്ട ചേരകൊക്കിന്റെ (ഏഷ്യൻ ഓപ്പൺ ബിൽ) കൂട് ഷൊർണൂരിൽ കണ്ടെത്തി.
ഷൊർണൂരിൽ ഭാരതപ്പുഴക്കു സമീപം മാന്നത്തൂർ പ്രദേശത്തെ സർപ്പക്കാവിലെ കൂറ്റൻമരത്തിലാണ് ചേരകൊക്കിന്റെ പ്രജനനം കണ്ടെത്തിയത്. കേരളത്തിൽ ഈ പക്ഷി കൂടു കൂട്ടുന്നത് കണ്ടെത്തിയിട്ടില്ലെന്ന് പ്രശസ്ത പക്ഷി നിരീക്ഷകൻ ഇന്ദുചൂഡൻ ‘കേരളത്തിലെ പക്ഷികൾ’ എന്ന ഗ്രന്ഥത്തിലും ആധികാരിക രേഖകൾ ഇല്ലെന്ന് ഡോ. സലീം അലി ‘ബേർഡ്‌സ് ഓഫ് കേരള’ എന്ന പുസ്തകത്തിലും പറഞ്ഞിട്ടുണ്ട്. കഴുകനെക്കാൾ അല്പം ചെറിയതും നീണ്ട കാലുകളുള്ളതുമായ ഇത്തരം കൊറ്റിക്ക് ചാരനിറമാണ്. കൊക്കുകൾക്കിടയിലുള്ള വിടവാണ് ചേരകൊക്ക് എന്ന പേരിന് കാണമായി കാണുന്നത്. തിരുവനന്തപുരത്തെ പക്ഷി പ്രകൃതി നിരീക്ഷകന്മാരുടെ കൂട്ടായ്മയായ വാർ ബ്ലേഴ്സ് ആന്റ് വേഡേഴ്‌സ് സ്ഥാപക അംഗമായ എസ്. രാജീവനാണ് ചേരകൊക്കിന്റെ പ്രജനനം കണ്ടെത്തിയത്. ചേരകൊക്കിനെ കൂടാതെ ഗ്രാമീണർ ‘കഴുത്തിൽ മുണ്ടുകെട്ടി’ എന്നു വിളിക്കുന്ന കരുവാര കുരുവിയുടെ കൂടും ഈ പ്രദേശത്തനിന്നും കണ്ടെത്തിയിട്ടുണ്ട്. പക്ഷി ഗവേഷകനും വാർ ബ്ലേഴ്സ് ആന്റ് വേഡേഴ്‌സ് കോർഡിനേറ്ററുമായ ഡി. സുശാന്താണ് ഷൊർണൂരിലെത്തി ‘കൊറ്റി ഇല്ലം’ സന്ദർശിച്ച് കണ്ടെത്തൽ സ്ഥിരീകരിച്ചത്.
Generated from archived content: gramakazhcha5.html Author: t_vishnunarayanan