ഒറ്റപ്പാലത്തിനടുത്ത് തൃക്കംകോട് ഗ്രാമത്തിലാണ് പെൺസാന്നിധ്യം വാദ്യ കലാരംഗത്തേക്കും കൊട്ടികയറുന്നത്. പുരുഷൻമാരുടേതെന്ന് സ്ഥാപിച്ചെടുത്തിരുന്ന മേഖലകളിലേക്കു കൂടി സ്‌ത്രീശാക്തീകരണം കടന്നുവരുന്നതിന്നു നേതൃത്വം കൊടുക്കുകയാണ് സഹോദരിമാരായ കുറിയേടത്തു മനക്കൽ പരിയാരത്തിൽ ഭദ്രയും, ദുർഗ്ഗയും. തൃക്കംകോട് രണ്ടുമൂർത്തി ക്ഷേത്രത്തിൽ ശാന്തിക്കാരനായ മാധവൻ നമ്പൂതിരിയുടെ മക്കളാണ് ഇരുവരും. പുരുഷൻമാർക്ക് മാത്രം പഥ്യം നിൽക്കുന്ന വാദ്യകലാ രംഗത്തേക്ക് പെൺകുട്ടികളെകൂടി സന്നിവേശിപ്പിച്ചാൽ എന്തു സംഭവിക്കുമെന്ന ആലോചന മാധവൻ നമ്പൂതിരിയെ കൊണ്ടുചെന്നെത്തിച്ചത് മക്കളെ കൊട്ട് പഠിപ്പിക്കുന്നതിലാണ്. ചേച്ചി ചെണ്ട കൊട്ടാൻ പഠിക്കാൻ കരിങ്കല്ലിൽ പെരുക്കം നടത്തുന്നത് കണ്ടറിഞ്ഞതോടെ അനിയത്തിയായ ദുർഗ്ഗയ്‌ക്കും വാദ്യലോകത്തേക്ക് പ്രവേശിക്കാൻ ആഗ്രഹം ജനിച്ചു. കഠിനമായ പ്രയത്നത്തിനൊടുവിലാണ് ഇരുവരും ചെണ്ടയഭ്യാസം പൂർണ്ണമായും സ്വായത്തമാക്കിയത്. ചെണ്ടയഭ്യാസം പൂർത്തിയാക്കി അരങ്ങേറ്റം നടത്താൻ ആദ്യം കൊട്ടിയഭ്യാസം കാഴ്‌ചവച്ചത് തൃക്കംകോട് രണ്ടുമൂർത്തിക്കു മുമ്പിൽവെച്ചു തന്നെയായിരുന്നു. വിദ്യാഭ്യാസത്തോടൊപ്പം ചെണ്ടയഭ്യാസവും ഉത്സവങ്ങളോടനുബന്ധിച്ച് വാദ്യപരിപാടി നടത്തുന്നതിനും ഈ സഹോദരിമാർ സമയം കണ്ടെത്തുന്നു. കോഴിക്കോട് കണ്ടമംഗലം നാരായണൻ നമ്പൂതിരിയാണ് ഇരുവയ്ം വാദ്യമഭ്യസിപ്പിക്കാൻ മാധവൻ നമ്പൂതിരിക്ക് പ്രചോദനം നൽകിയത്. മട്ടന്നൂർ ശങ്കരൻകുട്ടി, കലാമണ്ഡലം ശശി എന്നിവരാണ് വാദ്യകലയിൽ സഹോദരിമാരുടെ ആചാര്യൻമാർ. കേരളത്തിനകത്തും പുറത്തും ഇതിനകം നൂറോളം ഇടങ്ങളിൽ തായമ്പകയും മേളവും കൊട്ടിയിട്ടുള്ള ഈ സഹോദരിമാർ വേളി കഴിഞ്ഞാലും തങ്ങളുടെ നിയോഗം തുടരുമെന്നാണ് എടുത്തിട്ടുള്ള തീരുമാനം.
Generated from archived content: gramakazhcha4.html Author: t_vishnunarayanan