കോപ്പു നിർമ്മാണത്തിനാവശ്യമായി വരുന്ന അസംസ്‌കൃത വസ്തുക്കളുടെയും പദാർത്ഥങ്ങളുടെയും വിലയിൽ വന്ന ഭീമമായ വർദ്ധനയും സാധനങ്ങളുടെ ദൗർലഭ്യവുമാണ് ഈ മേഖലയിലെ വിദഗ്‌ദ്ധരായ തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നത്. തിരശ്ശീലയ്‌ക്ക് പിന്നിൽ ആട്ടവിളക്കിന്റെ വെട്ടത്ത് മനോല തേച്ച മുഖങ്ങളിൽ നവരസങ്ങളും മുദ്രകളും ആടി തിമിർക്കുന്ന കഥകളി രൂപത്തിന് ചാരുതയേകുന്ന കോപ്പുകൾക്ക് അതീവ പ്രാധാന്യമുണ്ട്. കിരീടത്തിനുപയോഗിക്കുന്ന മരത്തിന്റെ വട്ടത്തിനും, വിവിധതരം കല്ലുകൾ, വർണ്ണപ്പൊട്ടുകൾ, പീലിത്തണ്ടുകൾ, പശ, സ്വർണ്ണവർണ്ണം എന്നിവയ്‌ക്കുമെല്ലാം ഭീമമായ വില വർദ്ധനവാണ് നിലനിൽക്കുന്നതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. മയിൽപീലിക്ക് കിരീടനിർമ്മാണത്തിൽ ഉള്ള പങ്ക് വളരെ വലുതാണ്. വിപണിയിൽ മയിൽപ്പീലി ലഭിക്കാനില്ലാത്തതാണ് പ്രതിസന്ധിക്ക് മുഖ്യകാരണം. മയിലിനെ പിടികൂടുന്നതും വളർത്തുന്നതും നിയമം മൂലം നിരോധിച്ച സർക്കാർ നടപടി സമീപകാലത്താണ് ഏറെ ദോഷമായി തീർന്നത്. വിപണിയിൽ പൊന്നുംവില നൽകിയാലും മയിൽപ്പീലി ലഭിക്കാനില്ലെന്ന് തൊഴിൽ രംഗത്ത് ഏർപ്പെട്ടിരിക്കുന്ന കലാകാരൻമാർ പറയുന്നു. കഥകളി കലാകാരൻമാർ അനവധിയുണ്ടെങ്കിലും ഓരോ വർഷവും ഇവരുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും കഥകളി കോപ്പുകൾ സ്വന്തമായി നിർമ്മിക്കുന്നവരുടെ എണ്ണം അംഗുലീപരിമിതമാണെന്നാണ് പറയപ്പെടുന്നത്.
ഓരോ വേഷത്തിനും കഥാപാത്രങ്ങൾക്കും വ്യത്യസ്തങ്ങളായ കിരീടങ്ങളും കോപ്പുകളുമാണ് ആവശ്യമായിട്ടുള്ളത്. ഇവയെല്ലാം നിർമ്മിക്കണമെങ്കിൽ ലക്ഷങ്ങൾ തന്നെ വേണ്ടിവരുമെന്ന് കലാകാരൻമാർ പറയുന്നു. കഥകളി കലാകാരൻമാർ ഇപ്പോൾ ചെയ്യുന്നത് കോപ്പുകൾ വാടകയ്‌ക്ക് എടുക്കുക എന്നുള്ളതാണ്. കോപ്പുകൾക്ക് ദീർഘകാലത്തെ ആയുസുള്ളതിനാൽ ഇവ പെട്ടെന്ന് നശിക്കുമെന്നു കരുതി വാടകയ്‌ക്ക് നൽകാതിരിക്കേണ്ട സാഹചര്യവും വരുന്നില്ല. വാടകയ്‌ക്ക് നൽകുന്നവർക്കും ഇതു തന്നെയാണ് ആശ്വാസം. കലാകാരൻമാരുടെ എണ്ണം വർദ്ധിക്കുമ്പോഴും കഥകളി കോപ്പുണ്ടാക്കുന്ന കലാകാരൻമാരുടെ എണ്ണം കുറയുന്നതാണ് കോപ്പു നിർമ്മാണ കലാകാരൻമാരുടെ പ്രധാന പ്രശ്നം. എന്നാൽ ലക്ഷങ്ങൾ ചിലവഴിച്ച് കോപ്പുകൾ സ്വന്തമായി ഉണ്ടാക്കുന്നത് വിഡ്‌ഢിത്തമാണെന്ന് കഥകളി കലാകാരൻമാരും ചൂണ്ടിക്കാണിക്കുന്നു. ഇതിനിടയിലാണ് കോപ്പ് നിർമ്മാണത്തിനാവശ്യമായ സാധന സാമഗ്രികൾ ലഭിക്കാനില്ലാത്ത സാഹചര്യവും പദാർത്ഥങ്ങൾക്ക് പൊള്ളുന്ന വില വർദ്ധനവും. കേരള കലാമണ്ഡലത്തിൽ കഥകളി കോപ്പു നിർമ്മാണത്തിന് പ്രത്യേക കോഴ്‌സ് തന്നെ നിലവിലുണ്ട്.
Generated from archived content: gramakazhcha3.html Author: t_vishnunarayanan