വള്ളുവനാട്ടിലെ കുതിരക്കോലങ്ങൾ

കൊല്ലിനും കൊലയ്‌ക്കും അധികാരമുണ്ടായിരുന്ന പോയകാല സ്മൃതികളുടെ പുനരാവർത്തനത്തിനാണ്‌ അടരാടുവാനൊരുങ്ങി കുതിരക്കോലങ്ങൾ തയ്യാറാവുന്നത്‌. വള്ളുവനാടൻ ചരിത്രത്തിൽ ഈ കുതിരക്കോലങ്ങൾക്കുള്ള പങ്ക്‌ വളരെ വലുതാണ്‌. സാമൂതിരി മേൽക്കോയ്‌മയെ വെല്ലുവിളിച്ച്‌ തിരുമാന്ധാംകുന്നിലമ്മയെ വണങ്ങി കൊല്ലാനും ചാവാനുമുറച്ച്‌ 12 കൊല്ലത്തിലൊരിക്കൽ നടക്കുന്ന മാമാങ്കത്തിന്റെ തിരുവവശേഷിപ്പുകളുടെ നേരവകാശികൾ കൂടിയാണീ കുതിരക്കോലങ്ങൾ. ആദ്ധ്യാത്മികതയുടെ പരിവേഷവും ചരിത്രത്തിന്റെ പിൻബലവുമുള്ള കുതിരക്കോലങ്ങളെ അണിയിച്ചൊരുക്കി കാവുകൾക്ക്‌ സമർപ്പിച്ചത്‌ സാമൂതിരിയായിരുന്നുവെന്നാണ്‌ പുരാവൃത്തം. കേരളത്തിന്റെ പൂരാഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും കുതിരക്കോലങ്ങൾക്കുള്ള പങ്ക്‌ അതുല്യമാണ്‌. പൂരങ്ങളുടെ നാടായ വള്ളുവനാട്ടിലാണ്‌ കുതിര – കാള രൂപങ്ങൾ വ്യാപകമായിട്ടുള്ളത്‌. അതി മനോഹരമായി അലങ്കരിച്ച്‌ 25 അടിയോളം ഉയരത്തിൽ നിർമ്മിക്കുന്ന പൊയ്‌കുതിരകളെ എടുത്തുയർത്തുന്നതിന്ന്‌ മുപ്പത്‌ പേരുടെയെങ്കിലും അദ്ധ്വാനം അനിവാര്യമാണ്‌. വള്ളുവനാടൻ സംസ്‌കാരത്തിന്റെ മുഖമുദ്രയും ട്രേഡ്‌മാർക്കുമാണ്‌ ഇത്തരം കുതിരകൾ. വിദേശികൾക്കും ജില്ലയ്‌ക്കു പുറത്തുള്ളവർക്കും വരെ അൽഭുതം പകരുന്ന കുതിരരൂപങ്ങൾ നിർമ്മിക്കുന്നതിനും ദിവസങ്ങൾ വേണം. അങ്കത്തട്ടിലടരാടി പിടഞ്ഞുമരിച്ച ചാവേർ പടയാളികളുടെ കർമ്മകാണ്ഡം പുനരുജ്ജീവിപ്പിക്കുന്ന അഭിനവ മാമാങ്കത്തിനു വേണ്ടിയാണ്‌ ചിനക്കത്തൂർ കാവടക്കമുള്ള ക്ഷേത്രങ്ങളിൽ ഇത്തരം കുതിരകളെ നിർമ്മിക്കുന്നത്‌.

Generated from archived content: gramakazhcha2.html Author: t_vishnunarayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English