ഫൈബർ തോൽപാവ

മാൻതോൽ ലഭിക്കാനില്ലാതെ വന്നതോടെ ആധുനിക നൂറ്റാണ്ടിൽ ഇനി കേരളീയ ക്ഷേത്രങ്ങളിൽ ഫൈബർ പാവകൾ കമ്പർ രാമായണം തോൽപാവക്കൂത്താടും.

കേരളത്തിലെ ഒട്ടുമിക്ക ദേവീ ക്ഷേത്രങ്ങളിലും അനുഷ്‌ഠാനമായി ആചരിച്ചുവരുന്ന തോൽപാവകൂത്താണ്‌ ഫൈബർ പാവകളിലേക്ക്‌ ഗതി മാറുന്നത്‌. മാനുകളുടെ വംശനാശം കണക്കിലെടുത്ത്‌ ഇവയെ കൊല്ലുന്നത്‌ നിയമം മൂലം ശക്തമായി നിരോധിച്ച സർക്കാർ നടപടിയാണ്‌ പാവ നിർമ്മാണം ഫൈബറിലേക്കു നീങ്ങാൻ ഇടയാക്കിയത്‌. പതിറ്റാണ്ടുകൾ പഴക്കമുള്ള പാവകളെ ഉപയോഗിച്ചാണ്‌ കൂത്താചാര്യൻമാർ ഇപ്പോഴും ക്ഷേത്രങ്ങളിൽ തോൽപാവക്കൂത്ത്‌ അവതരിപ്പിക്കുന്നത്‌. മാൻ തോൽ ലഭിക്കാത്ത സാഹചര്യത്തിൽ നിർമ്മിക്കുന്ന ഫൈബർ പാവകൾക്ക്‌ നല്ല ഗുണനിലവാരവും ഭംഗിയുമുണ്ട്‌. ഈ കലയിലെ ആചാര്യനായ പാലപ്പുറം അണ്ണാമല പുലവരുടെ ശിഷ്യനായി 20 വർഷം പിന്നിട്ട തോട്ടക്കര ഉണ്ണികൃഷ്ണനാണ്‌ ഫൈബർ പാവകളുടെ ഉപജ്ഞാതാവ്‌. ഉണ്ണികൃഷ്ണൻ നടത്തിയ കണ്ടെത്തലിന്‌ പുതുമയും തനിമയും വേണ്ടുവോളമുണ്ട്‌. ആദ്യകാലത്ത്‌ പാവക്കൂത്തിന്റെ രൂപം ഓല പാവക്കൂത്തായിരുന്നു. 1500 വർഷം മുമ്പ്‌ കൂത്തവതരിപ്പിക്കാൻ ഓല പാവകളെയാണ്‌ ഉപയോഗിച്ചിരുന്നത്‌. പിന്നീടാണ്‌ ഈ സ്ഥാനം തോൽപാവകൾ ഏറ്റെടുത്തത്‌. ഇപ്പോൾ 300 വർഷങ്ങൾക്കുശേഷം ഫൈബർ പാവകളും രംഗത്തെത്തുകയാണ്‌. ചിരട്ടയിൽ കരകൗശല വസ്‌തുക്കൾ നിർമ്മിച്ച്‌ പ്രശസ്‌തി നേടിയതിനെ തുടർന്നാണ്‌ ഉണ്ണികൃഷ്ണനോട്‌ ഫൈബർ പാവകൾ നിർമ്മിക്കാൻ അണ്ണാമല പുലവരെന്ന തോൽപാവ കൂത്തിന്റെ കുലപതി തന്നെ നേരിട്ടാവശ്യപ്പെട്ടത്‌. ചെലവു കുറവും ദീർഘകാലത്തെ ഉപയോഗവുമാണ്‌ ഫൈബർ പാവകളുടെ പ്രത്യേകത. ഓരോ പാവകൾക്കും നിശ്ചിത അളവുകളുമുണ്ട്‌. ആദ്യം ഹനുമാന്റെ പാവയാണ്‌ നിർമ്മിച്ചത്‌. അണ്ണാമല പുലവരെ കാണിച്ച്‌ അനുമതി വാങ്ങിയശേഷം ലക്ഷ്‌മണൻ, സീത എന്നിവരുടെ രൂപങ്ങളും ഉണ്ടാക്കി. പാവ നിർമ്മാണത്തിനുള്ള ആയുധങ്ങൾ ഉണ്ണികൃഷ്ണൻ സ്വയം വികസിപ്പിച്ചെടുത്തവയാണ്‌. മുൻകാലങ്ങളെ അപേക്ഷിച്ച്‌ ഇനി തോൽപാവകൂത്ത്‌ എന്ന വിശേഷം ഉണ്ടാവുമെങ്കിലും കൂത്തുമാടങ്ങളിൽ ആടി തിമിർക്കുക ഫൈബർ പാവകളായിരിക്കും.

Generated from archived content: gramakazhcha1.html Author: t_vishnunarayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here