രാമൻ നമ്പിയത്ത്‌ ആത്മകഥയെഴുതുമ്പോൾ……

ഗാനഗന്ധർവ്വൻ കെ.ജെ.യേശുദാസ്‌ കാണിച്ച നന്ദികേടിനെതിരെ ആത്മകഥയൊരുങ്ങുന്നു……

ആത്മകഥയെഴുതുന്നത്‌ യേശുദാസിനെ സംഗീതലോകത്തിന്‌ സംഭാവന ചെയ്‌ത ആദ്യകാല സിനിമാ നിർമ്മാതാവും സംവിധായകനുമായ രാമൻ നമ്പിയത്താണ്‌.

സംഗീതലോകത്ത്‌ തന്റേതായ സാമ്രാജ്യം തീർത്ത യേശുദാസിന്റെ ഓർമ്മചിത്രങ്ങളിലൊന്നും തെളിയാത്ത ഒരു മുഖമാണ്‌ രാമൻ നമ്പിയത്ത്‌. ഒരു വർഷം മുമ്പ്‌ തിരുവനന്തപുരത്ത്‌ നടന്ന യേശുദാസിന്റെ അരനൂറ്റാണ്ട്‌ പിന്നിട്ട ജീവിതത്തെക്കുറിച്ചുളള ഫോട്ടോ പ്രദർശനത്തിലും രാമൻ നമ്പിയത്തിന്റെ പേരോ ചിത്രമോ ഉണ്ടായിരുന്നില്ല. ഉയരങ്ങൾ കയറുമ്പോൾ താഴത്തെ പടികൾ മറന്ന യേശുദാസിന്റെ നന്ദികേടിനെകുറിച്ച്‌ പറയുമ്പോൾ രാമൻ നമ്പിയത്ത്‌ വികാരവിക്ഷുബ്ധനാവും യേശുദാസിന്‌ ആദ്യമായി സിനിമയിൽ പാടാൻ അവസരം നൽകിയ കെ.ആർ.നമ്പിയത്ത്‌ ഇപ്പോൾ താമസിക്കുന്നത്‌ ഒറ്റപ്പാലത്തിനടുത്ത്‌ അനങ്ങനടി പത്തംകുളത്താണ്‌. 1962ൽ പുറത്തിറങ്ങിയ കാൽപാടുകൾ എന്ന ചിത്രത്തിലാണ്‌ യേശുദാസ്‌ ആദ്യമായി പാടിയത്‌. ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങൾ ഉൾക്കൊളളുന്ന ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തും നിർമ്മാതാവും നമ്പിയത്തായിരുന്നു. കാൽപാടുകൾ നാടകരൂപത്തിലാക്കിയപ്പോൾ അതിൽ ഇരവി നമ്പൂതിരിയുടെ വേഷവും കെ.ആർ.നമ്പിയത്ത്‌ ചെയ്‌തിരുന്നു. ഈ നാടകമാണ്‌ പിന്നീട്‌ സിനിമയാക്കിയത്‌. വക്കം ചന്ദ്രശേഖരഭാഗവതരാണ്‌ അന്ന്‌ യേശുദാസിനെ പറ്റി നമ്പിയത്തിനോട്‌ പറഞ്ഞത്‌. തിരുവനന്തപുരം സ്വാതിതിരുനാൾ അക്കാദമിയിൽ ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ കീഴിൽ യേശുദാസ്‌ സംഗീതം പഠിക്കുന്ന കാലമായിരുന്നു അത്‌. അന്ന്‌ തിരുവനന്തപുരം എം.എൽ.എ. ക്വാർട്ടേഴ്‌സിൽ താമസിക്കുകയായിരുന്ന രാമൻ നമ്പിയത്തിന്റെ മുമ്പിൽ അന്ന്‌ യേശുദാസ്‌ വന്നു പാടി. സംഗീത സംവിധായകൻ സമ്മതിച്ചാൽ അവസരം നൽകാമെന്ന്‌ നമ്പിയത്ത്‌ ഉറപ്പും നൽകി. ചി​‍ിത്രത്തിന്റെ സംഗീതസംവിധായകൻ എം.ബി.ശ്രീനിവാസനായിരുന്നു. ചിത്രത്തിന്റെ ചർച്ചകളുമായി സംഗീത സംവിധായകനും നമ്പിയത്തും തൃശ്ശൂർ പീച്ചിയിൽ താമസിക്കുമ്പോൾ യേശുദാസും പിതാവ്‌ അഗസ്‌റ്റിൻ ജോസഫും കാണാൻ കയറിവന്നു. എം.ബി.ശ്രീനിവാസിനെ തൊഴുതുകൊണ്ട്‌ അഗസ്‌റ്റിൻ ജോസഫ്‌ പറഞ്ഞു. ഇവൻ എന്റെ മകനാണ്‌. സംഗീതത്തിൽ താൽപര്യവുമുണ്ട്‌. ഒരവസരം നൽകി രക്ഷപ്പെടുത്തണം. എം.ബി.ശ്രീനിവാസൻ യേശുദാസിനെകൊണ്ട്‌ പാടിപ്പിച്ചു. പാട്ടു ശ്രവിച്ച എം.ബി.യുടെ കണ്ണുകൾ സന്തോഷം കൊണ്ട്‌ നിറഞ്ഞു. ആനന്ദംകൊണ്ട്‌ വീർപ്പുചൂടിയ ശ്രീനിവാസൻ അന്നൊരു പ്രഖ്യാപനം നടത്തി. “സൗണ്ട്‌ എഞ്ചിനീയർ ഒ.കെ.പറയുകയാണെങ്കിൽ ഈ ശബ്ദം തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടുപിടുത്തമായിരിക്കുമെന്ന്‌”.

പിന്നീട്‌ പ്രശസ്തിയുടെ പടവുകൾ പിന്നിടുമ്പോൾ ഒരഭിമുഖത്തിലും എം.ബി.യുടെ ഈ വാക്കുകൾ യേശുദാസ്‌ അനുസ്‌മരിക്കുകയുണ്ടായില്ലെന്ന്‌ നമ്പിയത്ത്‌ പരിതപിക്കുന്നു. കാൽപാടുകൾ റിക്കാർഡു ചെയ്യുന്നതിന്റെ രണ്ടുദിവസം മുമ്പ്‌ യേശുദാസിന്‌ കടുത്ത പനിയും ചുമയും ബാധിച്ചു. ഈ നിലയിൽ യേശുദാസിനെക്കൊണ്ട്‌ പാടിപ്പിക്കുകയെന്നത്‌ അസാധ്യമാണെന്ന്‌ എം.ബി.അവസാന വാക്കായി പറഞ്ഞു. ഉറങ്ങിക്കിടന്ന മനുഷ്യനെ വിളിച്ചുണർത്തിയശേഷം ഭക്ഷണമില്ലെന്നു പറയുന്നതിനു തുല്യമാണിതെന്നായിരുന്നു ഇതിനെക്കുറിച്ച്‌ നമ്പിയത്തിന്റെ പ്രതികരണം. അതുകൊണ്ടു തന്നെ യേശുദാസിനെക്കൊണ്ടു തന്നെ സിനിമയിൽ പിന്നണി പാടിപ്പിക്കണമെന്ന്‌ നിർബന്ധം പിടിച്ചു. ഇങ്ങനെയാണ്‌ യേശുദാസിന്‌ കാൽപാടിൽ പാടാൻ ആദ്യാവസരം ലഭിക്കുന്നത്‌. യേശുദാസിനെകൊണ്ട്‌ പാടിപ്പിച്ചതിന്റെ പേരിൽ പടം പൊട്ടുകയാണെങ്കിൽ പൊട്ടട്ടെയെന്നും നമ്പിയത്ത്‌ അസന്നിഗ്‌ദ്ധമായി പറഞ്ഞു. യേശുദാസ്‌ കാൽപാടിൽ പാടിയ മുഴുവൻ പാട്ടുകളും ഹിറ്റായി. പക്ഷേ നമ്പിയത്തിന്റെ വാക്കുകൾ അറംപറ്റി. 1962ലെ ഓണത്തിന്‌ തൃശൂർ മാതാ തിയ്യറ്ററിൽ അന്നത്തെ കേരളാ ഗവർണർ വി.വി.ഗിരിയാണ്‌ കാൽപാടുകൾ ഉൽഘാടനം ചെയ്‌തത്‌. രണ്ടാഴ്‌ച നിറഞ്ഞ സദസിൽ ഓടിയെങ്കിലും റിലീസിന്റെ ഉത്തരവാദിത്വമുണ്ടായിരുന്ന ആൾ കണക്കുകളിൽ തിരിമറി നടത്തി മുങ്ങി. നമ്പിയത്ത്‌ വൻ കടക്കെണിയിൽ അകപ്പെട്ടു. ഇങ്ങനെയാണ്‌ തൃശൂർ കണ്ടശാംകടവിലെ വീടും വസ്‌തുക്കളുമെല്ലാം വിറ്റ്‌ നമ്പിയത്ത്‌ ഒറ്റപ്പാലത്ത്‌ പത്തംകുളത്ത്‌ വന്ന്‌ താമസമാക്കിയത്‌. കാൽപാടുകളുടെ നായകൻ പ്രേംനസീർ പഴയ സൗഹൃദംവച്ച്‌ പലതവണ പത്തംകുളത്തെ വീട്ടിൽവന്ന്‌ സൗഹൃദം പുതുക്കിയിട്ടുണ്ട്‌. എന്നാൽ യേശുദാസ്‌ പിന്നീട്‌ ഒരിക്കലും നമ്പിയത്തിനെക്കുറിച്ച്‌ ഓർക്കുകപോലും ഉണ്ടായില്ലെന്നാണ്‌ അദ്ദേഹത്തിന്റെ പരിദേവനം. ഒരിക്കൽ യേശുദാസിനെ നമ്പിയത്ത്‌ വിളിച്ചു. കാണാൻ ആഗ്രഹവും പ്രകടിപ്പിച്ചു. എന്നാൽ യേശുദാസിന്‌ സമയമുണ്ടായിരുന്നില്ല. യേശുദാസ്‌ എന്ന ഗായകനെ ലോകത്തിനു സമ്മാനിച്ച ചിത്രം ഒടുങ്ങാത്ത ജീവിതക്ലേശങ്ങളും ദുരിതവുമാണ്‌ നമ്പിയത്തിന്‌ സമ്മാനിച്ചതെങ്കിലും യേശുദാസ്‌ രക്ഷപ്പെട്ടു. 85 വയസായ പ്രായമുളള നമ്പിയത്ത്‌ തന്റെ ജീവിതാനുഭവങ്ങൾ ചെയ്‌ത്‌ ആത്മകഥ രചിക്കുകയാണ്‌. മനസിൽ അലയടിക്കുന്ന നന്ദികേടിന്റെ മനുഷ്യരൂപത്തിനു നേർക്കുളള തീതുപ്പുന്ന വരികളിലൂടെ………!

Generated from archived content: essay1_dec7_06.html Author: t_vishnunarayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English