നിധിയുടെ സൗഭാഗ്യം തേടി…..

നിധിയുടെ സൗഭാഗ്യം ലഭിച്ചിട്ടും അനുഭവ ഭാഗ്യം അന്യമായ യുവാവ്‌ ജീവിക്കുന്നതിനു വേണ്ടി തെങ്ങുകയറുന്നു.

വാണിയംകുളം പഞ്ചായത്തിലെ മാന്നന്നൂർ-ത്രാങ്ങാലി പ്രദേശങ്ങളിൽ മുത്തശ്ശിക്കഥയിലെ ദുരന്തനായകൻ തോപ്പിൽ കോളനിയിൽ പരേതനായ കാളിയുടെ മകൻ രാമചന്ദ്രനാണ്‌ അത്ഭുത നിധി ലഭിച്ചിട്ടും വിധിയുടെ വിളയാട്ടം മൂലം തെങ്ങ്‌ കയറി അഷ്ടിക്ക്‌ വക കണ്ടെത്തുന്നത്‌.

ദവസ1

നിധിയുടെ അവകാശം തേടിയുളള രാമചന്ദ്രന്റെ യാത്രയ്‌ക്ക്‌ വ്യാഴവട്ടങ്ങളുടെ പഴക്കമുണ്ട്‌. നിധികുംഭം ലഭിച്ചിട്ടും അനുഭവഭാഗ്യം അന്യമായ തലവരയാണ്‌ രാമചന്ദ്രനെ ചതിച്ചത്‌. സൗഭാഗ്യസ്വപ്നങ്ങൾ തകർന്നുപോയ രാമചന്ദ്രന്റെ മനസ്‌ ഇപ്പോൾ ശൂന്യമാണ്‌. കൈവന്ന ഭാഗ്യത്തെ എത്തിപ്പിടിക്കാൻ സാധിച്ചുവെങ്കിലും വിധിയുടെ രൂപത്തിൽ കടന്നുവന്ന പ്രശ്‌നങ്ങളെ അതിജീവിച്ച്‌ കൈവിട്ടുപോയ മഹാഭാഗ്യത്തെ സ്വന്തമാക്കാൻ സപര്യപോലെ രാമചന്ദ്രൻ കഴിച്ചുകൂട്ടിയത്‌ രണ്ടരപതിറ്റാണ്ടിലേറെ കാലമാണ്‌. നിധി സ്വപ്നങ്ങൾക്ക്‌ വിട നൽകി വിധിക്ക്‌ കീഴടങ്ങി ജീവിക്കുന്ന രാമചന്ദ്രന്റെ മനസിൽ ഇപ്പോഴും പ്രതീക്ഷയുടെ ഇത്തിരിവെട്ടം കനലെരിയുന്നുണ്ട്‌. നിധികുംഭം ലഭിച്ചതിന്റെ അവകാശം തെളിയിക്കാനാവാതെ വന്നതൊന്നും ഈ പ്രത്യാശയ്‌ക്ക്‌ മേൽ കരിനിഴൽ വീഴ്‌ത്താൻ കാരണമാവുന്നില്ല. നാടോടിപാട്ടുപോലെ ഉയർന്നുകേട്ട നിധിക്കഥയിലെ നായകനിന്ന്‌ ഒരു പിടി അന്നത്തിനു വേണ്ടി യാചിക്കുകയാണ്‌. രാമചന്ദ്രന്റെ 20-​‍ാമത്തെ വയസിൽ 1978 ജൂൺ 5നാണ്‌ ചരിത്രമുറങ്ങുന്ന കവളപാറ കൊട്ടാരത്തിന്റെ അധീനതയിലുളള മാന്നന്നൂർ ചെണ്ണമ്പറ്റ ശിവക്ഷേത്രത്തിന്റെ മുറ്റത്തു നിന്ന്‌ സ്വർണ്ണനാണയങ്ങളടങ്ങിയ അത്ഭുത നിധികുംഭം കണ്ടുകിട്ടിയത്‌. ക്ഷേത്രമുറ്റത്ത്‌ കാലികളെ മേയ്‌ക്കുമ്പോൾ കൈയ്യിലുണ്ടായിരുന്ന വടികൊണ്ട്‌ വെറുതെ കുത്തി കുഴിക്കവേയാണ്‌ നിധികുംഭം അത്ഭുതമായി മണ്ണിനടിയിൽ നിന്നും പൊന്തിവന്നത്‌. നിധി കണ്ടെത്തിയതിന്റെ അമ്പരപ്പ്‌ വിട്ടുമാറും മുമ്പുതന്നെ രാമചന്ദ്രന്‌ നിധി കിട്ടിയ വാർത്ത പുറംലോകമറിഞ്ഞു. ദൈവം നൽകിയാലും ശനിയൻ അനുഭവിപ്പിക്കില്ലെന്ന വാമൊഴി രാമചന്ദ്രന്റെ കാര്യത്തിൽ അന്വർത്ഥമായി. വിവരമറിഞ്ഞ്‌ പോലീസും റവന്യു ഉദ്യോഗസ്ഥൻമാരും പുരാവസ്‌തുവധികൃതരും സ്ഥലത്തെത്തി. നിധികുംഭം രാമചന്ദ്രനിൽ നിന്നും കണ്ടുകെട്ടി. നിധി കിട്ടിയ വാർത്തയറിഞ്ഞ പലരും പിന്നീട്‌ നിധിയുടെ അവകാശികളായി അരങ്ങത്തെത്തി. ഒന്നര കിലോവിനടുത്ത്‌ തൂക്കംവരുന്ന പഞ്ചലോഹ നിർമ്മിതമായ കിണ്ടിയിലാണ്‌ നിധിയുണ്ടായിരുന്നത്‌. 1635 സ്വർണ്ണനാണയങ്ങൾ ഇതിലുണ്ടായിരുന്നു. മുത്തും പവിഴവും വൈഢൂര്യവും രത്നങ്ങളും അടങ്ങുന്ന സങ്കൽപ്പങ്ങളിലെ നിധിഭാവന രാമചന്ദ്രനെ കൂടാതെ മറ്റ്‌ പലരെയും നിധിയുടെ അവകാശികളാക്കി തീർത്തു. രാമചന്ദ്രൻ പറയുന്ന നിധിക്കഥയിൽ ചെറുപഴത്തോളം വലുപ്പവും വരുന്ന സ്വർണ്ണക്കട്ടികളും മുത്തുകളും, കല്ലുകളും. മൂവായിരത്തിനടുത്ത്‌ നാണയങ്ങളുമുണ്ട്‌. എന്നാൽ റവന്യു വകുപ്പ്‌ രേഖകളിൽ ആദ്യം പറഞ്ഞ സ്വർണ്ണനാണയങ്ങൾ മാത്രമാണ്‌ രേഖപ്പെടുത്തിയിട്ടുളളത്‌.

രാമചന്ദ്രനിൽ നിന്ന്‌ നിധി കണ്ടെടുത്തതുമായി ബന്ധപ്പെട്ട്‌ അധികൃതർ ചില രേഖകൾ രാമചന്ദ്രന്‌ നൽകിയിരുന്നതാണെങ്കിലും സൂക്ഷിക്കാൻ ആവശ്യമായ സുരക്ഷിത കേന്ദ്രങ്ങളില്ലാത്തതിനാൽ ഇവ നശിച്ചുപോയതായി രാമചന്ദ്രൻ പറയുന്നു. ഇതുകൊണ്ടു തന്നെ ജില്ലാ കലക്ടർക്ക്‌ മുമ്പിൽ പലതവണ ഹിയറിംങ്ങിന്‌ ഹാജരായ രാമചന്ദ്രന്‌ നിധി ലഭിച്ചത്‌ തനിക്ക്‌ തന്നെയാണെന്ന്‌ തെളിയിക്കാൻ കഴിഞ്ഞില്ല. തർക്കംമൂലം വർഷങ്ങളോളം തീരുമാനമാകാതെ കിടന്ന നിധിക്കഥയ്‌ക്ക്‌ അടുത്തകാലത്താണ്‌ അന്ത്യമായത്‌. നിധി കവളപ്പാറ കൊട്ടാരത്തിന്‌ നൽകികൊണ്ട്‌ ജില്ലാ കലക്ടർ ഉത്തരവ്‌ പുറപ്പെടുവിച്ചു. ഈ തീരുമാനം വന്നതോടെ രാമചന്ദ്രൻ വർഷങ്ങളോളം മനസിലിട്ട്‌ താലോലിച്ച്‌ നടന്നിരുന്ന സൗഭാഗ്യ സങ്കൽപ്പങ്ങൾക്ക്‌ കൂടി അന്ത്യമാവുകയായിരുന്നു. വിധി നിയമത്തിന്റെ രൂപത്തിലെത്തി ഒരിക്കൽക്കൂടി രാമചന്ദ്രനെ പരാജയപ്പെടുത്തി. കൗമാരവും യൗവ്വനവും രാമചന്ദ്രൻ പിന്നിട്ടത്‌ നിധിസ്വപ്നങ്ങളുടെ മാസ്‌മരികതകൊപ്പമായിരുന്നു. കൈവിട്ടുപോയ സൗഭാഗ്യം മാത്രമല്ലാ സ്വന്തം മാതാവിനെയും വിധി രാമചന്ദ്രനിൽ നിന്നകത്തി. നെഞ്ചുരുകി അമ്മ കാളി മനോരോഗിയായി തീർന്നു. സ്വന്തം മകന്റെ ദുർവിധിയെ ശപിച്ച്‌ വേദന വിങ്ങുന്ന മനസുമായി കാളി മരിച്ചു. എല്ലാം രാമചന്ദ്രനിൽ നിന്നും അകന്നുപോവുകയായിരുന്നു. ഭാര്യയും കുഞ്ഞുങ്ങളുമടക്കം എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട രാമചന്ദ്രൻ ദുരന്തകഥാപാത്രമായി ഒറ്റപ്പെട്ടു. നാട്ടുകാരുടെ സഹതാപവും സഹായവും മാത്രമാണ്‌ രാമചന്ദ്രനിന്ന്‌ കൂട്ടുളളത്‌.

അഷ്ടിക്ക്‌ വകയില്ലാതെ ദുരിത പർവ്വം പേറിയതോടെ പലരുടെയും പ്രേരണയിൽ കവളപാറ കൊട്ടാരത്തിന്റെ ഇന്നത്തെ അവകാശികളിൽ ഒരാളായ പാലക്കാട്ടെ കവളപാറ കൊട്ടാരം തമ്പുരാട്ടി വത്സല നേത്യാരമ്മയുടെ മുമ്പിൽ രാമചന്ദ്രൻ കാരുണ്യം തേടിയെത്തി. അമ്മയുടെ സാന്ത്വനിപ്പിക്കുന്ന വാക്കുകൾ തേൻതുളളികളായി മനസിൽ നുകർന്ന്‌ നിറം ചാലിച്ച നിധി സ്വപ്നങ്ങളുമായി വീണ്ടും ദിനരാത്രങ്ങൾ പിന്നിട്ട രാമചന്ദ്രന്‌ അമ്മയുടെ വാക്കുകൾ ഇനിയും തുണയായി തീർന്നിട്ടില്ല. സഹായിക്കാമെന്ന നേത്യാരമ്മയുടെ വാക്കുകൾ അവരറിയാതെ തന്നെ ലംഘിക്കപ്പെടുകയായിരുന്നു. നിധിയുടെ സഹായംകൊണ്ട്‌ ലഭിക്കുന്ന പണംകൊണ്ട്‌ 10 ദിവസമെങ്കിലും സുഭിക്ഷമായി രാജകീയപ്രൗഡിയോടെ കഴിയണമെന്നതാണ്‌ രാമചന്ദ്രന്റെ ഏറ്റവും വലിയ സ്വപ്‌നം. ഈ സ്വപ്‌നവും പേറി പാലക്കാട്ടെ കൊട്ടാരപ്പടി രാമചന്ദ്രൻ കയറിചെന്നത്‌ 4 തവണയാണ്‌. ഭയഭക്തി ബഹുമാനങ്ങളോടെ പ്രാർത്ഥനാപൂർവ്വം അപേക്ഷമന്ത്രം ഉരുക്കഴിച്ച രാമചന്ദ്രനു മുമ്പിൽ ഇനിയും കവളപാറ കൊട്ടാരക്കെട്ടിന്റെ കൃപാകടാക്ഷം ചൊരിഞ്ഞിട്ടില്ല.

വിധി ഏൽപ്പിച്ച ആഘാതത്തിൽ നിന്ന്‌ കരകയറാനാവാതെ വിശക്കുന്ന വയറുമായി ദിനരാത്രങ്ങൾ പിന്നിടുന്ന രാമചന്ദ്രൻ സഹതാപപാത്രമായി തീരുകയാണിന്ന്‌. രാമചന്ദ്രന്‌ യാദൃശ്ചികമായി മണ്ണിനടിയിൽ നിന്നും ലഭിച്ച നിധികുംഭം കവളപാറ കൊട്ടാരത്തിന്റെ നേരവകാശികൾ വീതിച്ചെടുത്തപ്പോഴും രാമചന്ദ്രന്റെ സ്ഥാനം പടിക്ക്‌ പുറത്തായിരുന്നു. ശാരീരികമായി ബലക്ഷയം നേരിട്ട രാമചന്ദ്രന്‌ തെങ്ങുകയറാനും ആരോഗ്യസ്ഥിതി അനുവദിക്കുന്നില്ല. രോഗപീഡനങ്ങളും, വാതവും രാമചന്ദ്രനെ നിരന്തരം വേട്ടയാടുന്നു. ഒരു പണിയും ചെയ്യാനുളള ആരോഗ്യം ഇപ്പോൾ രാമചന്ദ്രനില്ല. ദുരന്തമായ ജീവിതത്തിൽ ദുരിതത്തിന്റെ പ്രതീകമായി ശിലാഹൃദയരെപ്പോലും വേദനിപ്പിക്കുന്ന രൂപവും രോഗിയുമാണിന്ന്‌ രാമചന്ദ്രൻ. പണിക്ക്‌ പോയില്ലെങ്കിൽ പട്ടിണിയാണ്‌ കൂട്ട്‌. ഇതുകൊണ്ടു തന്നെ തകർന്ന മനസും തളർന്ന ശരീരവുമായി രാമചന്ദ്രൻ തെങ്ങുകയറാൻ നിർബന്ധിതനാവുന്നു. നിയമപരമായി നിധികുംഭത്തിൽ രാമചന്ദ്രനെന്ന ഹതഭാഗ്യവാന്‌ അവകാശമില്ലെങ്കിലും ധാർമ്മികമായി രാമചന്ദ്രന്‌ അതിൽ അവകാശമുണ്ട്‌.

Generated from archived content: essay1_dec29_06.html Author: t_vishnunarayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here