ഇരുകണ്ണുകളുടെയും കാഴ്‌ചശക്തി ചെറുപ്പത്തിലെ നഷ്ടപ്പെട്ട വേലായുധൻ വാർദ്ധക്യത്തിന്റെ അവശതകൾ വകവെക്കാതെ ജീവിക്കാനായി ഇന്നും തെങ്ങുകയറുകയാണ്. 13-ാം വയസിൽ തുടങ്ങിയ അനുഷ്‌ഠാനമാണ് ഈ തൊഴിൽ. ബസിൽ പാട്ടുപാടാതെ…..ഭിക്ഷ യാചിക്കാതെ…… വേലായുധനെന്ന ഈ മനുഷ്യൻ ജീവിതയാഥാർഥ്യങ്ങളിൽ വേറിട്ട കാഴ്‌ചയാവുകയാണ്. ഭൂമിയുടെയും, ആകാശത്തിന്റെയും, പക്ഷിമൃഗാദികളുടെയും മനുഷ്യന്റെയുമൊക്കെ സ്‌പന്ദനങ്ങളല്ലാതെ രൂപം ദർശിക്കാൻ വിധിവൈപരീത്യം വേലായുധനെ അനുവദിച്ചില്ല. ചന്ദ്രകളഭം ചാർത്തിയുറങ്ങുന്ന ഈ മനോഹരതീരത്തിന്റെ വർണ്ണങ്ങളുടെ മനോഹാരിതയെ നിഷേധഭാവത്തോടുകൂടി തന്നെയാണ് വേലായുധൻ നോക്കിക്കാണുന്നതും. ഒന്നരവയസിൽ ബുദ്ധിയുറയ്‌ക്കാത്ത പ്രായത്തിൽ തന്നെ വേലായുധന്റെ കാഴ്‌ച്ചയുടെ വെളിച്ചം അന്യമായി. കാഴ്‌ച്ചയില്ലാത്ത വലംകണ്ണ് നീക്കം ചെയ്‌ത് ഇടംകണ്ണുമായിട്ടാണ് ‘കൊച്ചു’ വേലായുധൻ ജീവിതയാത്രയ്‌ക്ക് ഇറങ്ങിത്തിരിച്ചത്. കണ്ണിൽ പഴുപ്പ് വർദ്ധിച്ചതോടെ ഇടംകണ്ണും നീക്കം ചെയ്‌തു. ഈ സമയത്തു തന്നെയാണ് വിധി മറ്റൊരു അശനിപാതം കൂടി വേലായുധന്റെ ശിരസിൽ പതിപ്പിച്ചത്. വേലായുധന്റെ അമ്മയുടെ മരണമായിരുന്നു അത്. അനാഥമായ ബാല്യം. ഇതിനിടയിലാണ് വിശപ്പിന്റെ തീയണയ്‌ക്കാൻ വേലായുധൻ കൂലിപ്പണിയ്‌ക്കായി ഇറങ്ങിയത്. ചില്ലറ പണികൾ ചെയ്‌ത് മുമ്പോട്ടുപോകവേ 13-ാം വയസിലാണ് പനകയറ്റം വശമാക്കിയത്. പുലർച്ചെ 5ന് ജോലി ആരംഭിച്ചാൽ ഉച്ചയ്‌ക്ക് 12 മണിയാവുമ്പോഴേയ്‌ക്കും അമ്പതിലേറെ കരിമ്പനകൾ വേലായുധൻ കയറിയിരിക്കും. പിന്നീടാണ് തെങ്ങുകയറ്റം ആരംഭിച്ചത്. അന്ധത ഒരു ജോലി ചെയ്യാനും തടസ്സമല്ലെന്ന് സ്വന്തം ജീവിതചരിത്രംകൊണ്ട് തെളിയിക്കുകയായിരുന്നു വേലായുധൻ. തെങ്ങുകയറ്റം കൂടാതെ പരിസരവാസികളുടെ വൈദ്യുതി, കുടിവെളള, ഫോൺ ബില്ലുകൾ അടക്കാനും കടയിൽ ചെന്ന് സാധന സാമഗ്രികൾ വാങ്ങിക്കുന്നതിനും വേലായുധൻ സമയം കണ്ടെത്തുന്നു. ഇതിൽ നിന്നും ചെറിയ ആദായം വേലായുധന് ലഭിക്കും. നഗരത്തിലെ തിരക്കുകൾക്കിടയിൽ കൂടിയുളള യാത്രയ്‌ക്കും ഉൾക്കാഴ്‌ച വേലായുധന് വഴിയൊരുക്കുന്നു.
20വർഷം മുമ്പാണ് വേലായുധൻ വിവാഹം കഴിച്ചത്. വധുവായ ലീലയ്‌ക്കും കാഴ്‌ച്ചശക്തിയില്ലായിരുന്നു. എന്നാൽ നേരിയ പ്രകാശം ഈ കണ്ണുകളിൽ അവശേഷിച്ചിരുന്നുവെന്നും പിന്നീടതും ഇല്ലാതാവുകയായിരുന്നുവെന്നും ലീല പറയുന്നു. ഇപ്പോൾ ലീലയും പരിപൂർണ്ണമായി അന്ധയാണ്. ചെർപ്പുളശ്ശേരിയിലെ സ്വന്തം വീട് വിട്ട് ഇവർ പുറത്തിറങ്ങാറില്ല. ഒറ്റപ്പാലത്തേയ്‌ക്ക് ലീലയെ വിവാഹംകഴിച്ചു കൊണ്ടുവരുമ്പോൾ അവർക്ക് മറ്റൊരു ബന്ധത്തിലുണ്ടായ അഞ്ചുവയസുളള ആൺകുട്ടിയുണ്ടായിരുന്നു. ഈ കുട്ടി വളർന്ന് വലുതാവുകയും ഇപ്പോൾ വേലായുധനെ ശാരീരികമായി ബുദ്ധിമുട്ടിച്ചുകൊണ്ടും ഇരിക്കുകയാണ്. മദ്യപിച്ച് ബോധരഹിതനായി വന്ന് വേലായുധനെ ഇയാൾ ദേഹോപദ്രവവും ഏൽപ്പിക്കാൻ തുടങ്ങിയതോടെ വേലായുധൻ സ്വന്തം വീട്ടിൽ നിന്നും രക്ഷനേടാൻ പുറത്തു ചാടി. ഇപ്പോൾ വേലായുധൻ റോഡരികിലുളള ചായക്കടയിൽ ആണ് അന്തിയുറക്കം. രാത്രി വൈകി ഉറങ്ങിയാൽ രാവിലെ 4 മണിയ്‌ക്ക് കട തുറക്കുമ്പോൾ പുറത്തിറങ്ങണം. വേലായുധന് ലീലയിൽ ഒരു മകനുണ്ട്. 16 വയസുളള രതീഷ്. ഈ കുട്ടിയും വേലായുധന് താങ്ങാവുന്നില്ല. തെങ്ങുകയറ്റം തൊഴിലാക്കി 52വർഷം കഴിഞ്ഞുവെങ്കിലും ഒരിക്കലെ വേലായുധന് കാലിടറിയിട്ടുളളൂ. 10 വർഷം മുമ്പായിരുന്നു അത്. തെങ്ങിൽ നിന്ന് വീണ് 10 ദിവസം സർക്കാർ ആശുപത്രിയിൽ കിടന്നു.
വാർദ്ധക്യത്തിന്റെ നെറുകയിൽ എത്തി നിൽക്കുമ്പോഴും വേലായുധൻ തെങ്ങ് കയറിതന്നെയാണ് ജീവിക്കുന്നത്. എന്നാൽ പലരും തന്നെ തെങ്ങ് കയറാൻ വിളിക്കുന്നില്ലെന്ന പരാതി വേലായുധനുണ്ട്. ഇതിനിടെ കൂനിൻമേൽ കുരു എന്നപോലെ നീക്കം ചെയ്‌ത കണ്ണുകളുടെ സ്ഥാനത്തുനിന്നും പഴുപ്പുവരുന്നതും പ്രശ്‌നമായിരിക്കുകയാണ്. അതികഠിനമായ വേദനയും ഇതിനോടൊപ്പമുണ്ട്. ചികിത്സയ്‌ക്ക് പണവും കൈയ്യിലില്ല. സർക്കാരിൽ നിന്നും വല്ലപ്പോഴും 140 രൂപ പെൻഷൻ ലഭിക്കുന്നതാണ് വേലായുധന്റെ ജീവിതത്തിൽ ലഭിക്കുന്ന വലിയ സംഖ്യ. ജോലികളില്ലാത്തപ്പോൾ വേലായുധനെ കാണുക ഈസ്‌റ്റ് ഒറ്റപ്പാലത്തെ കുന്നത്ത് വീട്ടിൽ ഉമ്മറിന്റെ വീട്ടിലാണ്. 50വർഷത്തെ ദൃഢമായ ബന്ധമാണ് ഈ വീട്ടിൽ വേലായുധന്. ഇതു കൊണ്ടു തന്നെ പലപ്പോഴും പട്ടിണി കിടക്കാതിരിക്കാനും ഈ ബന്ധം തുണയാവുന്നു. അഹങ്കാരത്തിന്റെയും ദാർഷ്ട്യത്തിന്റെയും തിമിരം ബാധിച്ച ലോകത്തിൽ നേർക്കാഴ്‌ചയുടെ ഉൾവെളിച്ചവുമായി വേലായുധനെന്ന മനുഷ്യൻ ജീവിതത്തോട് പടപൊരുതുകയാണ്. ഒരു നിയോഗം പോലെ……..
Generated from archived content: essay1_dec22_06.html Author: t_vishnunarayanan