പ്രളയം കഴുകിത്തുടച്ച ഭൂമിപോലെയാണ്
വിധവകളുടെ മനസ്സ്
അവരുടെ കണ്ണീരിൽ വിരിയുന്ന ചെമ്പരത്തി-
പ്പൂവുകൾക്ക് വെളുത്തുളളിയുടെ ഗന്ധമാണ്.
(2)
ഓരോ പ്രളയത്തിന് ശേഷവും
നോഹയുടെ പെട്ടകത്തിൽ ജീവന്റെ തുടിപ്പുകൾ
ബാക്കിയാവുന്നത് കണ്ണീർക്കടലിൽ മുങ്ങി
താഴേണ്ട ഒരു ഭൂമിയ്‌ക്ക് വേണ്ടിയാണ്.
(3)
അംലമഴ പെയ്‌ത രാത്രിയുടെ തലേന്നാണ്
പൊട്ടിയ ഒരു കയറേണിയുടെ തുമ്പിലൂടെ
എന്റെ സ്വപ്‌നങ്ങൾ
ഓർമ്മകളുടെ കടൽ ദുരന്തങ്ങളിലേക്ക് രക്ഷപ്പെട്ടത്.
(4)
പ്രണയം ജ്വലിപ്പിച്ച മനസ്സുമായി ആണൊരുത്തൻ
പെരുമഴയിലൂടെ ഒലിച്ചുപോയതും
അതേ രാത്രിയിലാണ്.
പൊട്ടിയ കയറേണിയുടെ തുമ്പിലൂടെ ഇനിയെന്നാണ്
ഇവ മരുഭൂമികൾ മാത്രമുളെളാരിടത്തേക്ക് യാത്രയാവുന്നത്.
(5)
എല്ലാ കലാപങ്ങൾക്ക് ശേഷവും ബാക്കിയാവുന്നത്
ചിലരുടെ ചിരിയാണ്.
എറിഞ്ഞുടക്കപ്പെട്ട ഒരു പളുങ്ക് പാത്രത്തിന്റെ
നിറത്തെച്ചൊല്ലിയാവും കലാപങ്ങൾ ആരംഭിക്കുക.
(6)
തകർന്ന് പോയ ഒരു പളുങ്ക് പാത്രത്തെക്കുറിച്ച്
ആരും ഓർക്കുന്നേയില്ല.
ആകാശത്തോളം വിസ്‌തൃതമായൊരു മനസ്സ്
എവിടെയോ നഷ്‌ടപ്പെട്ട നിന്നെയോർത്ത്
ആരും ദുഃഖിക്കുന്നേയില്ല.
(7)
എവിടെനിന്നാണൊന്നു തുടങ്ങുക…?
ഞാനിപ്പോൾ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കുളള
ദൂരമളക്കാൻ ശ്രമിക്കുകയാണ്.
Generated from archived content: poem-feb18-05.html Author: t_sanjaynathilappikulam