എന്റെ മൂത്ത ജ്യേഷ്‌ഠന്റെ സ്‌ഥാനത്ത് ഞാൻ കരുതിയിരുന്ന പരേതനായ ജോർജിന്റെ മൂത്ത മകൾ എൽസി അത്യധികമായ ആഹ്ലാദത്തോടെയാണ് ഫോൺ ചെയ്‌ത് അവളുടെ ഇളയ സഹോദരി എമിലിയുടെ വിവാഹത്തെക്കുറിച്ച് പറഞ്ഞത്. എമിലിക്ക് 32 വയസ് പ്രായം കഴിഞ്ഞിരുന്നു. ജോർജ് ചേട്ടന് മൂന്നു പെൺമക്കളാണുള്ളത്. സാമ്പത്തികമായി വലിയ തെറ്റൊന്നുമില്ലാത്ത കുടുംബം. പക്ഷേ, പെൺമക്കളുടെ വിവാഹം സമയത്തിനു നടന്നില്ല. ഓരോ കാരണങ്ങൾകൊണ്ട് അതങ്ങനെ നീണ്ടുനീണ്ടു പോയി.
സാമാന്യം ഭേദപ്പെട്ട രീതിയിൽ തന്നെ എൽസിയുടെയും തൊട്ടുതാഴെയുള്ള എഡിന്വയുടെയും വിവാഹം സമയമെടുത്താണെങ്കിലും നടന്നു. എന്നാൽ, എമിലിയുടെ വിവാഹം എത്രയായിട്ടും ശരിയാകുന്നില്ല. എമിലിക്കാണെങ്കിൽ ബാങ്കിൽ നല്ല ജോലിയുമുണ്ട്. കുടുംബത്തിന്റെയും ജോർജ് ചേട്ടന്റെ സുഹൃത്തുക്കളുടെയുമൊക്കെ ചെറുക്കൻ അന്വേഷണം നിഷ്‌ഫലമായി. അങ്ങനെ എല്ലാവരും നിരാശരായി കഴിയുമ്പോഴാണ് മേൽസൂചിപ്പിച്ച ഫോൺ കോൾ വരുന്നത്. പയ്യൻ സർക്കാർ കോളേജിൽ അദ്ധ്യാപകൻ. നല്ല കുടുംബം എല്ലാവരും ആഹ്ലാദത്തിന്റെ കൊടുമുടിയിലായി.
നോമ്പ് കഴിഞ്ഞ്് കല്യാണം നിശ്ചയിച്ചു. ദിവസങ്ങൾ വളരെവേഗം പറന്നുനീങ്ങി. അച്ചാരക്കല്യാണം ഭംഗിയായി കഴിഞ്ഞു. പുതിയ പെണ്ണും ചെറുക്കനും നിരന്തരം മൊബൈൽ ഫോണിലൂടെ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുകയും പരസ്‌പരം അടുപ്പത്തിലാകുകയും ചെയ്‌തു. വയസ്സു കുറച്ചു ജാസ്‌തി ആയെങ്കിലും എമിലി ഒരു പതിനെട്ടുകാരിയുടെ പരുവത്തിലായി. മനസ്സമ്മതം എല്ലാവരെയും അറിയിച്ച് അതിനുള്ള ഒരുക്കങ്ങളും കഴിഞ്ഞ് ഇരിക്കുമ്പോഴാണ് എമിലി ചെറുക്കനെ കോളേജിൽ വിളിച്ച് “നമ്മൾ തമ്മിൽ ശരിയാകില്ല, ചേരില്ല. അതിനാൽ ഈ വിവാഹത്തിന് എനിക്കു സമ്മതമല്ല” എന്നു പറയുന്നത്.
ഇടിത്തീപോലെയാണ് ഈ വാർത്ത എമിലിയുടെ വീട്ടുകാർ കേട്ടത്. ചെറുക്കന്റെ അച്ഛൻ ജോർജ് ചേട്ടന്റെ സഹോദരനെ വിളിച്ച് മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നു വരെ ഭീഷണിപ്പെടുത്തി. എമിലിയുടെ അമ്മ ബോധരഹിതയായി വീണു. കുടുംബക്കാരും സുഹൃത്തുക്കളും അക്ഷരാർത്ഥത്തിൽ സ്‌തംഭിച്ചുപോയി.
എമിലിക്ക് ഒരു കുലുക്കവുമില്ല. “എന്നെ ജീവനോടെ വേണമെങ്കിൽ ഈ കല്യാണം നടക്കാൻ പാടില്ല. മനസ്സമ്മതം നടന്നാൽ ഞാൻ ആത്മഹത്യ ചെയ്യും”. ഇതാണ് ഭാഷ്യം.
നാണക്കേടിന്റെ നടുമുറ്റത്ത് നടുക്കത്തോടെ ആ കുടുംബം നിൽക്കുകയാണ്, എന്തു ചെയണമെന്നറിയാതെ.
വിജയൻ, 25 വയസ്സുകാരനായ എം.ബി.എക്കാരൻ. ഒരു മൾട്ടിനാഷണൽ കമ്പനിയിൽ 40,000 രൂപയ്‌ക്കുമേൽ പ്രതിമാസ ശമ്പളം വാങ്ങുന്ന ആറടി പൊക്കമുള്ള വെളുത്തു സുമുഖനായ എലിജിബിൾ ബാച്ചിലർ. തൃശൂർ ജില്ലയിലെ അതിപ്രശസ്‌തമായ ഒരു നായർ തറവാട്ടിലെ ഒറ്റ സന്തതി. ഇട്ടുമൂടാനുള്ള സ്വത്ത് പാരമ്പര്യമായിത്തന്നെയുണ്ട്. ഈ അടുത്തയിടെ വിജയന് വിവാഹം ആലോചിക്കാൻ അമ്മ തീരുമാനിച്ചു (വിജയന്റെ അച്ഛൻ രണ്ടു വർഷം മുമ്പ് മരിച്ചുപോയിരുന്നു)
വല്യച്ഛൻമാരും കൊച്ചച്ഛന്മാരുമായി പത്തുപന്ത്രണ്ടുപേരുണ്ട്. അവരും അരയും തലയും മുറുക്കി രംഗത്തിറങ്ങി. പെണ്ണുകാണലുകളുടെ പൊടിപൂരം ചെറുക്കനിഷ്‌ടപ്പെട്ടാൽ വല്യമ്മമാർക്കും കൊച്ചച്ഛൻമാർക്കും ഇഷ്‌ടപ്പെടില്ല. അവർക്കിഷ്‌ടപ്പെട്ടാൽ പയ്യനും അമ്മയ്‌ക്കും ഇഷ്‌ടപ്പെടില്ല. കൂടുതൽ സെലക്‌ഷനുവേണ്ടി മാര്യേജ് ബ്യൂറോകളിലും അപേക്ഷ എഴുതി രജിസ്‌റ്റർ ചെയ്‌തു. ഒടുവിൽ, എറണാകുളത്ത് പനമ്പിള്ളി നഗറിൽ താമസിക്കുന്ന, ദീർഘകാലം അമേരിക്കയിൽ ജോലി ചെയ്‌ത് നാട്ടിൽ വന്നു സെറ്റിൽ ചെയ്‌ത ഒരു മേനോന്റെ മകളെ എല്ലാവർക്കും ഇഷ്‌ടമായി. മകൾ ബാംഗ്ലൂരിൽ പഠിച്ചു വളർന്നവൾ. നല്ല അടക്കവും ഒതുക്കവുമൊക്കെയുള്ള സുന്ദരിയായ മേനോൻ ഗേൾ 23 വയസ് പ്രായം. അമേരിക്കകാരൻ മേനോൻ രണ്ടു ഡിറ്റക്‌റ്റീവ് ഏജൻസികളെക്കൊണ്ട് പയ്യനെക്കുറിച്ച് അന്വേഷിപ്പിച്ചു എല്ലാം ഓകെ. ഔദ്യോഗിക പെണ്ണുകാണൽ ചടങ്ങും ചെറുക്കൻ കാണാൻ ചടങ്ങും കഴിഞ്ഞ് മുഹുർത്തം കുറിപ്പിച്ചു. തൊട്ടടുത്ത മാസമാണ് കല്യാണമെങ്കിലും ഇപ്പോഴത്തെ ഫാഷനായ കല്ല്യാണച്ചടങ്ങ് നിർബന്ധമായതിനാൽ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഹാൾ ബുക്ക് ചെയ്‌തു – എറണാകുളത്ത് ‘ വിനായക’യിൽ നിശ്ചയം.
തൃശൂരു നിന്ന് രണ്ടു ബസ്സിലും കുറേ കാറിലും വരന്റെ പാർട്ടി നിശ്ചയത്തിനു വരാൻ നിശ്‌ച്ചയിച്ചു. അതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. നിശ്ചയത്തിന്റെ തലേദിവസം പെണ്ണിന്റെ അച്ഛൻ ചെറുക്കന്റെ വല്യച്ഛനെ ഫോണിൽ വിളിച്ചു പറയുന്നു. “നിശ്ചയം നാളെ നടക്കില്ല. ഒന്നുകൂടി ആലോചിക്കണം. ബയോഡേറ്റയിൽ ചെറുക്കൻ സോഷ്യൽ ഡ്രിങ്കർ എന്ന് എഴുതിയിട്ടുള്ളത് മോളെ ഭയപ്പെടുത്തുന്നു…. സോഷ്യൽ ഡ്രിങ്കർ എന്ന് എഴുതണമെങ്കിൽ അവൻ ഫുൾടൈം ഡ്രിങ്കർ ആയിരിക്കുമോ എന്ന് മോൾക്കുപേടി…..”
ചെറുക്കനും വീട്ടുകാരും ഞെട്ടിത്തരിച്ചുപോയി. ചെറുക്കൻ കമ്പനി ആവശ്യത്തിന് ഒരു ഗ്ലാസ് സോഡായിൽ ഒരു സ്‌പൂൺ മദ്യം ചേർത്ത് സിപ്പ് ചെയ്യുന്ന ‘സോഷ്യൽ ഡ്രിങ്കർ’ ആണെന്ന് അവർക്കുമറിയാം. ബയോഡേറ്റയിൽ കോളമുള്ളതിനാൽ പൂരിപ്പിച്ചനാണ്. ചെറുക്കൻ കള്ളുകുടിയനാണെന്ന പ്രചാരണമാണ് പെണ്ണുവീട്ടുകാർ നടത്തുന്നത്. പ്രശ്‌നം ഇത്രത്തോളമായപ്പോൾ ചെറുക്കനും മനസ്സു തുറന്നു. ആദ്യകാഴ്‌ചയ്‌ക്കുശേഷം നിരന്തരം ഇവർ മൊബൈൽ ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. മണിക്കൂറുകളോളം.
നിശ്‌ചയത്തിനു മൂന്നു ദിവസം മുമ്പു മുതൽ വിജയന്റെ നമ്പർ കണ്ടാൽ അവൾ ഡിസ്‌കണക്‌ട് ചെയ്യും മറ്റൊരു സുഹൃത്തിന്റെ ഫോണിൽ വിളിച്ചപ്പോൾ അവൾക്ക് ഒരു ഫോൺ വരാനുണ്ടെന്നും അതിനാൽ വിളിച്ച് ശല്യപ്പെടുത്തരുതെന്നും പറഞ്ഞുപോൽ. അതെങ്ങിനെയുമാകട്ടെ ആ കല്യാണവും നടക്കില്ല എന്ന് ഉറപ്പായിക്കഴിഞ്ഞു….
ഒരു അറുപതു വർഷം മുമ്പ്, മൂന്നാമത്തെ ചെക്കനെ പ്രസവിച്ചശേഷമാണ് ഞാൻ അതിയാന്റെ മുഖം കാണുന്നതും മിണ്ടുന്നതുമെന്ന് പെണ്ണുങ്ങൾ തങ്ങളുടെ അടക്കവും ഒതുക്കവും ഉറപ്പിക്കാൻ പറയാറുണ്ടുപോൽ. അത്തരം “പച്ചവെള്ളം ചവച്ചു കുടിച്ചില്ലെങ്കിലും മൊബൈൽ ഫോണിലൂടെ മണിക്കൂറുകൾ സംസാരിച്ച് ഫോൺ കമ്പനികളെ നന്നാക്കാനുള്ള യത്‌നത്തിൽ തന്റെ വായിൽ നിന്നു വീഴുന്നത് എന്തെല്ലാമെന്ന് ആലോചിക്കാനെങ്കിലും ആണും പെണ്ണും തയ്യാറായില്ലെങ്കിൽ മാതാപിതാക്കന്മാർ സമൂഹത്തിന്റെ മുന്നിൽ പലപ്പോഴും ചോദ്യചിഹ്നമായി മാറുകയും ചിലരെങ്കിലും ഉത്തരത്തിനും കയറിനും ബലമുണ്ടോയെന്നു നോക്കേണ്ട അവസ്ഥയിൽ എത്തേണ്ടിവരുകയും ചെയ്യുമെന്ന് ഒരു സത്യം മാത്രമാണ്.
കേരളത്തിലെ കാമ്പസ്സുകളിൽ 18 വയസ് കഴിഞ്ഞ പെൺകുട്ടിയും 21 വയസ് കഴിഞ്ഞ ആൺകുട്ടിയും സബ് രജിസ്‌ട്രാറുടെ മുമ്പിൽ വച്ച് വിവാഹിതരായിക്കഴിഞ്ഞ് അവരവരുടെ വീട്ടിൽ കഴിയുകയും കല്ല്യാണനിശ്ചയത്തിന്റെ തലേന്നാൾ വരെ ഈ വിവരം വെളിപ്പെടുത്താതിരിക്കുകയും ചെയ്യുന്ന സംഭവങ്ങൾ അനുദിനം വർധിച്ചുവരികയാണ്. വിവാഹമോചനങ്ങൾ വർധിച്ചുവരുന്നതുപോലെ തന്നെ. ജാഗ്രതൈ! ജാഗ്രതൈ!!
Generated from archived content: essay1_nov3_08.html Author: t_jayachandran