മാർജ്ജാര ലോകം

കട്ടിലിനുമുകളിൽ കൂടാരംപോലെ ഉയർത്തിക്കെട്ടിയ വെളുത്ത തുണിക്കുളളിൽ അഗ്രചർമ്മം ഛേദിക്കപ്പെട്ട ലിംഗമൊളിപ്പിച്ച്‌ കുട്ടി മേല്പോട്ടു നോക്കിക്കിടന്നു.

വീടിനു മുമ്പിലെ ഇടവഴിയിലൂടെ സ്‌കൂൾ വിട്ട്‌ കുട്ടികൾ പോകുന്ന സമയമാണ്‌. എന്നും ഈ സമയങ്ങളിൽ ഇടവഴിയിലേക്കു കടക്കുന്ന മരപ്പടിയിൽ പിടിച്ച്‌ കുട്ടി നിൽക്കാറുണ്ട്‌. ഇടവഴിയിലൂടെ പോകുന്ന കുട്ടികളിൽ ചിലർ കടലമിഠായിയോ അരിനുറുക്കോ പുളി അച്ചാറോ നിലക്കടല വറുത്തതോ അവന്‌ കൊടുക്കും. അവൻ സന്തോഷത്തോടെ ചിരിച്ചുകൊണ്ട്‌ അവയൊക്കെ സ്വീകരിക്കും.

മാർക്കക്കല്ല്യാണം കഴിഞ്ഞതുകൊണ്ട്‌ കട്ടിലിൽ ഏകാകിയായി കിടക്കേണ്ടി വന്നതിനാൽ മിഠായിയോ കടലയോ മറ്റോ നഷ്‌ടപ്പെടുന്നതും ആ കുട്ടികളെ കാണാനാകാത്തതും അവനിൽ വിഷാദഭാവമുണർത്തി.

മൂത്രമൊഴിക്കാൻ വേണ്ടി മാത്രമേ കട്ടിലിൽ നിന്നിറങ്ങാനുളള അനുവാദമുളളൂ, അതും ഉമ്മച്ചിയുടെ സഹായത്തോടെ മാത്രം. വികൃതി കാണിച്ചാൽ സൂചി കുത്തുമെന്ന്‌ ഡോക്‌ടർ പറഞ്ഞിട്ടുണ്ട്‌. ഈ കിടത്തം കൊണ്ട്‌ എത്ര കടലമിഠായിയാണ്‌, പുളി അച്ചാറാണ്‌, അരിനുറുക്കാണ്‌, നിലക്കടലയാണ്‌ തനിക്ക്‌ കിട്ടാതെ പോകുന്നതെന്ന്‌ അവൻ നഷ്‌ടബോധത്തോടെ ഓർത്തു.

മ്മച്ച്യേ… പാത്താൻ ണ്ട്‌..

മൂത്രമൊഴിക്കാനായി കുട്ടിയെ ഉമ്മച്ചി ഇറയത്ത്‌ ഇരുത്തിയെങ്കിലും മൂന്നോ നാലോ തുളളികൾ മാത്രമേ ഇറ്റുവീണുളളൂ. അതും വളരെ നീറ്റലും വേദനയും അനുഭവിപ്പിച്ചുകൊണ്ടാണ്‌ ലിംഗത്തിനു പുറത്തേക്ക്‌ വന്നത്‌.

ഇടവഴിയിലൂടെ കടന്നുപോകുന്ന സ്‌കൂൾ കുട്ടികളിൽ ആരും ഇറയത്തേക്ക്‌ നോക്കിയില്ല. കുട്ടിക്ക്‌ സങ്കടം വന്നു.

കുട്ടിയെ താങ്ങിയെടുത്ത്‌ ഉമ്മച്ചി കട്ടിലിൽ കൊണ്ടുപോയി കിടത്തി. വെളളത്തുണികൊണ്ട്‌ വീണ്ടും കൂടാരം പണിതു. ഒരു കുപ്പിയിൽ നിന്ന്‌ സ്‌പൂണിലേക്ക്‌ മരുന്നെടുക്കുന്നത്‌ കണ്ടപ്പോൾ അവൻ തലയണയിൽ മുഖം പൂഴ്‌ത്തി.

മരുന്ന്‌ ഒരല്പം അകത്തായാൽ ഉടനെ മയക്കമാണെന്ന്‌ കുട്ടി ഇതിനകം മനസ്സിലാക്കിയിട്ടുണ്ട്‌.

ബലപ്രയോഗത്തിലൂടെ മരുന്ന്‌ കുട്ടിയുടെ വായിലേക്ക്‌ ഒഴിച്ചപ്പോൾ അവൻ കുതറി. പകുതിയിലധികം കുട്ടിയുടെ വായിലേക്ക്‌ ഒഴിക്കാൻ കഴിഞ്ഞതിലുളള ആശ്വാസം ഉമ്മച്ചിയുടെ മുഖത്ത്‌ തെളിഞ്ഞു.

അടുത്തയാഴ്‌ച ദുബായിയിൽ നിന്ന്‌ കുട്ടിയുടെ ഉപ്പച്ചി വരും. അപ്പോൾ കുട്ടിക്ക്‌ കുറെ മിഠായികളും കളിക്കോപ്പുകളും പുതിയ വസ്‌ത്രങ്ങളും കൊണ്ടുവരും. ഉപ്പച്ചിയുടെ കൈപിടിച്ച്‌ അവൻ മടപ്പളളി നേർച്ച കാണാൻ പോകും.

ഉറക്കത്തിന്റെ തൊട്ടിലിലാണു താനെന്നും ആരോ ഈ തൊട്ടിൽ ആട്ടുന്നുണ്ടെന്നും കുട്ടി അറിഞ്ഞു.

തെക്കേപ്പറമ്പിലെ കുളത്തിന്റെ കരയിൽ വെറുതെയിരുന്ന്‌ വെളളത്തിലേക്ക്‌ കല്ലുകളെറിയുന്ന തന്നെ പിറകിൽ നിന്ന്‌ ആരോ മാന്തുന്നുണ്ടെന്ന്‌ തോന്നിയപ്പോൾ അവൻ ഞെട്ടിത്തിരിഞ്ഞു. തന്നെ മാന്തുന്നത്‌ ഒരു പൂച്ചയാണെന്ന്‌ കുട്ടി കണ്ടു. ഇടയ്‌ക്കിടെ മുരളുകയും വിറയ്‌ക്കുകയും ചെയ്യുന്ന പൂച്ചയ്‌ക്ക്‌ ഒരു പരിചിതമുഖമാണെന്നവനു തോന്നി.

ഉടൻ പാതി കറുത്തും പാതി വെളുത്തുമിരിക്കുന്ന പൂച്ചയെ എവിടെയാണു താൻ കണ്ടിട്ടുളളതെന്ന്‌ കുട്ടി ഓർക്കാൻ ശ്രമിച്ചു. ഓർമ്മയുടെ ചപ്പിലക്കൂമ്പാരങ്ങളിൽ ആ പൂച്ചയെ അവൻ തിരഞ്ഞു.

മഴ തിമിർത്തു പെയ്തൊരു ദിവസം തെങ്ങിൻ തടങ്ങളിലും പറമ്പിലുളള ചെറിയ കുഴികളിലും ചെളിവെളളം തളംകെട്ടിക്കിടന്നു. കൂട്ടുകാരൻ അബ്‌ദുവിനോടൊപ്പം വെളളം തേവിത്തെറിപ്പിച്ച്‌ കളിച്ച്‌ മേലാകെ ചെളി പറ്റിയപ്പോൾ തെക്കേപ്പറമ്പിലെ കുളത്തിനടുത്തേക്ക്‌ കുട്ടി പോയി. ആ ദിവസം ഇന്നുമോർക്കുന്നത്‌ ഉമ്മച്ചിയുടെ കൂടെയല്ലാതെ കുളത്തിനടുത്തേക്ക്‌ പോകാൻ അനുവാദമില്ലാത്തതിനാൽ അന്ന്‌ ഉമ്മച്ചിയോട്‌ പൊതിരെ തല്ലുകിട്ടിയതിനാലാണ്‌.

ചെളിവെളളത്താൽ നനഞ്ഞ്‌ രോമങ്ങൾ ഒട്ടിപ്പിടിച്ച്‌ നിൽക്കുന്ന പൂച്ചയെ അന്ന്‌ അബ്‌ദു കഴുത്തിൽ കയറിട്ട്‌ കുളത്തിനടുത്തേക്ക്‌ വലിച്ചുകൊണ്ടുവന്നു. ഏതോ വികാരത്താൽ ആവേശിച്ചിട്ടെന്നപോലെ അവൻ കയറിന്റെ അറ്റം പിടിച്ച്‌ പൂച്ചയെ പലതവണ കുളത്തിലെ വെളളത്തിൽ മുക്കിയെടുത്തു. വെളളത്തിൽ നിന്ന്‌ കയറിന്മേൽ തൂങ്ങി പൊങ്ങുമ്പോൾ ശരീരത്തോടൊട്ടിപ്പിടിച്ച രോമങ്ങളെ കുടഞ്ഞുകൊണ്ട്‌ പൂച്ച ജീവനുവേണ്ടി ദൈന്യമായ യാചനാഭാവത്തോടെ അവനെ നോക്കി. അവൻ പിന്നെയും ഒരാവേശത്തോടെ പൂച്ചയെ വെളളത്തിൽ മുക്കിക്കൊണ്ടിരുന്നു. വെളളത്തിൽ മുങ്ങുമ്പോഴും കഴുത്തിലെ കയർ മുറുകുമ്പോഴും പൂച്ച പിടയുന്നത്‌ കുട്ടി കണ്ടു.

ആ പൂച്ച ചത്തുപോയെന്ന്‌ പിറ്റേന്നു കണ്ടപ്പോൾ അബ്‌ദു പറഞ്ഞു.

അബ്‌ദുവിന്‌ എന്തും ചെയ്യാം. അവൻ വലിയ കുട്ടിയാണ്‌. ഇക്കൊല്ലം അവനെ സ്‌കൂളിലും മദ്‌റസയിലും ചേർക്കും. അവന്റെ ഉമ്മാക്ക്‌ അവൻ മാത്രമേയുളളൂ. അവൻ എന്തുചെയ്‌താലും അവനെ അവന്റെ ഉമ്മ അടിക്കില്ല. കുട്ടിയുടെ കാര്യം അങ്ങനെയാണോ?

ഉപ്പച്ചി മാത്രമാണ്‌ കുട്ടിയെ അടിക്കുകയോ ചീത്ത പറയുകയോ ചെയ്യാത്ത ഒരേ ഒരാൾ. മറ്റുളളവരെല്ലാം അടിക്കുകയും ശകാരിക്കുകയും ചെയ്യും. അടിയുടെ വേദനയിൽ അവൻ കരയുമ്പോൾ നല്ല കുട്ടിയാവാനാണ്‌ അടിക്കുന്നതെന്ന്‌ പറയും. നല്ല കുട്ടിയാവാൻ അടിക്കണോ?

അബ്‌ദു പൊട്ടിത്തെറിച്ച പയ്യനാണ്‌, അവന്റെ കൂടെ നടക്കരുതെന്ന്‌ ഉമ്മച്ചി എപ്പോഴും പറയും. അബ്‌ദുവിന്റെ ഉമ്മയോ കുട്ടിയെ കൂടെക്കൂട്ടരുതെന്ന്‌ ഇതുവരെ അവനോട്‌ പറഞ്ഞിട്ടില്ല.

അന്ന്‌ ചത്തുപോയ പൂച്ച പിന്നെ ഇപ്പോൾ എങ്ങനെ വന്നു? അത്‌ തന്നെ മാന്തുന്നതെന്തിനെന്ന്‌ അവൻ ആശ്ചര്യപ്പെട്ടു. അബ്‌ദുവാണ്‌ അതിനെ കൊന്നത്‌. അവൻ അതിനെ കുഴിച്ചിട്ടിട്ടില്ലായിരിക്കും. എന്നാലും ചത്തുപോയ പൂച്ച പിന്നെ എഴുന്നേറ്റ്‌ വരില്ലല്ലോ.

മരിച്ചുപോയ മനുഷ്യന്മാർ പിന്നെ എഴുന്നേറ്റ്‌ വരില്ല എന്ന്‌ വല്ല്യുമ്മ പറഞ്ഞിട്ടുണ്ട്‌. പൂച്ചകൾ ചിലപ്പോൾ വരുമായിരിക്കും. നാളെ അബ്‌ദുവിനോടു തന്നെ ചോദിക്കണം.

ഇപ്പോഴത്തെ മാന്തൽ അസഹ്യമാണെന്നു തന്നെ കുട്ടിക്കു തോന്നി. നഖം കോറിയ പാടുകൾ ധാരാളമായി ശരീരത്തിൽ ഉണ്ടെന്നും കുട്ടിക്കു തോന്നി. പൂച്ചയെ എത്ര തട്ടിമാറ്റിയിട്ടും പോകുന്നില്ലല്ലോ.

പൂച്ചയെ കൊന്നാൽ കൈ വിറയ്‌ക്കുമെന്ന്‌ സാബിത്താത്ത പറയാറുണ്ട്‌. ഒരു ദിവസം കുട്ടി പൂച്ചയെ എറിയുന്നതു കണ്ടപ്പോഴാണ്‌ ഇത്താത്ത അങ്ങനെ പറഞ്ഞത്‌. അവൾ സ്‌കൂൾ വിട്ട്‌ വരുമ്പോൾ കൊണ്ടുവരുന്ന നൊട്ടങ്ങയും വാളൻ പുളിയും കാളാന്തട്ടയുടെ കുരുവും പഴുത്ത ചീനിക്കയും ഉമ്മച്ചി കാണാതെ ഒറ്റയ്‌ക്കിരുന്ന്‌ തിന്നും. കുട്ടി ചോദിച്ചാൽ കൊടുക്കില്ല. ചെറ്യേ കുട്ട്യേള്‌ തിന്നാൻ പാടില്ലാന്ന്‌ പറയും. ഉമ്മച്ചി കണ്ടാൽ ഇത്താത്തയെ തെണ്ടിപ്പെറുക്കി എന്ന്‌ വിളിച്ച്‌ ചീത്ത പറയും.

പൂച്ച കുട്ടിയെ ക്രൂദ്ധമായി ഒന്നു നോക്കി. അവൻ ഭയത്താൽ കണ്ണുകളടച്ചു. അപ്പോൾ പൂച്ചയുടെ എഴുന്നു നിൽക്കുന്ന മീശരോമങ്ങൾ മുഖത്ത്‌ ഉരസുന്നതായി അവന്‌ തോന്നി. അവൻ കണ്ണുകൾ തുറന്നു. തന്റെ കണ്ണിലേക്കു തന്നെ തുറിച്ചു നോക്കുന്ന പൂച്ചയെക്കണ്ട്‌ അവൻ ഉച്ചത്തിൽ നിലവിളിച്ചു.

മ്മച്ച്യേ… ഒരു പൂച്ച.

കുട്ടി നിലവിളിച്ചത്‌ ഉമ്മച്ചി കേട്ടില്ല.

കുട്ടിക്ക്‌ ഇപ്പോൾ ശരീരമാസകലം വേദനിക്കുന്നുണ്ട്‌. അവൻ കൈകാലുകൾ കുടഞ്ഞു. വെളളത്തുണിയുടെ കൂടാരത്തിനുളളിൽ കിടക്കുന്ന ലിംഗത്തിന്റെ ഓർമ്മപോലും നിദ്രയുടെ കയത്തിൽ ആഴ്‌ന്നു കിടക്കുന്ന അവന്റെ മനസ്സിലില്ല. അവിടെ ഒരു പൂച്ചയുടെ രൂപം മാത്രമേയുളളൂ.

ഇപ്പോൾ പൂച്ച എന്തോ പറയാൻ ശ്രമിക്കുകയാണ്‌. പൂച്ചയുടെ ശബ്‌ദം അവൻ കേൾക്കുന്നുണ്ട്‌. അതിന്റെ ചുണ്ടുകളിലേക്ക്‌ അവൻ സൂക്ഷിച്ചു നോക്കി. ഒന്നും മനസ്സിലാകുന്നില്ല.

കുട്ടിയുടെ പുഷ്‌ഠഭാഗത്ത്‌ എന്തോ വളർന്നുവരുന്നുണ്ടെന്നവൻ അറിഞ്ഞു.

കുട്ടിയോട്‌ സംസാരിച്ചു കൊണ്ടുനിന്ന പൂച്ച പെട്ടെന്ന്‌ അപ്രത്യക്ഷനായി.

അവന്റെ ദേഹം വിറയ്‌ക്കാൻ തുടങ്ങി. അവന്റെ രോമകൂപങ്ങളിലൂടെ പൂച്ചയുടേതു പോലുളള നേർത്ത രോമങ്ങൾ വളർന്നു വരുന്നുണ്ട്‌. മുഖത്ത്‌ കൊലുന്നനെയുളള അഞ്ചോ ആറോ രോമങ്ങൾ ഉണ്ടെന്ന്‌ അവൻ അറിഞ്ഞു. പിറകിൽ വളഞ്ഞു കിടക്കുന്ന വാലും കൂടി കണ്ടപ്പോൾ അവൻ ആകെ വ്യാകുലനായി.

മ്മമ്മ്യോ…. ബേം വരീൻ…ഞാൻ പൂച്ചായി…..

കുറെനേരം വിളിച്ചപ്പോൾ ഉമ്മച്ചിയുടെ മുഖസാദൃശ്യമുളള ഒരു പൂച്ച വന്ന്‌ അവന്റെയരുകിൽ കിടന്നു.

ആ പൂച്ച വാൽകൊണ്ട്‌ അവന്റെ ശരീരത്തെ തഴുകി.

പടച്ചോനെ, മ്മച്ച്യും പൂച്ചായിപ്പോയാ?

വേറെയും ആരൊക്കെയോ തന്റെ മുമ്പിൽ നിൽക്കുന്നത്‌ കുട്ടി അപ്പോഴാണ്‌ ശ്രദ്ധത്‌. സാബിത്താത്തയുടെ മുഖമുളള പൂച്ചയ്‌ക്ക്‌ തവിട്ടുനിറമാണ്‌. വല്ല്യുമ്മയുടെ മുഖമുളള പൂച്ചയ്‌ക്ക്‌ നിവർന്നു നിൽക്കാൻ വയ്യ.

എല്ലാ പൂച്ചകളും കൂടി കുട്ടിയെ നോക്കി ചിരിക്കുകയാണ്‌. എല്ലാവരെയും മർജ്ജാരരൂപത്തിൽ കണ്ടപ്പോൾ താനും ഒരു പൂച്ചയാണെന്നത്‌ അവൻ മറന്നുപോയിരുന്നു.

ഇതിനിടയിലേക്ക്‌ ഒരു മനുഷ്യമുഖം തെളിഞ്ഞുവന്നു. അബ്‌ദുവാണത്‌. അവന്റെ കൈയ്യിൽ ഒരറ്റത്ത്‌ കുരുക്കുളള ഒരു കയറുമുണ്ട്‌. അവൻ എന്താണ്‌ ഇനി ചെയ്യുകയെന്ന്‌ കുട്ടിക്ക്‌ അറിയാം. ഭയം ഗ്രസിച്ച കുട്ടിയുടെ ഭാവഭേദങ്ങൾ നിർണ്ണയിക്കാനാകാത്തതായി.

പാതി കറുത്തും പാതി വെളുത്തുമിരുന്ന ഒരു പൂച്ചയെ കയറിട്ട്‌ കുരുക്കി കുളത്തിലെ വെളളത്തിൽ മുക്കിക്കൊന്നവൻ ഇപ്പോൾ വന്നിരിക്കുന്നതും അതിനു തന്നെയായിരിക്കണം. കുട്ടി നിലവിളിച്ചു.

മ്മച്ച്യേ… അബ്‌ദു കൊല്ലാൻ വെര്‌ന്ന്‌….

അബ്‌ദു കയറുമായി അടുത്തേക്ക്‌ വരികയാണ്‌. മാർജ്ജാരരൂപിയായ കുട്ടിയുടെ കഴുത്തിൽ കുരുക്കിടുന്നു. കുട്ടി വീണ്ടും വീണ്ടും ഉച്ചത്തിൽ അലറിക്കരഞ്ഞു. അബ്‌ദു കയർ വലിച്ചപ്പോൾ കുട്ടിയുടെ കഴുത്തിൽ കയർ മുറുകി. വേദനയുടെയും ഭീതിയുടെയും ശക്തമായ തിരതളളലിൽ കുട്ടി പിടഞ്ഞു. ആ പിടച്ചിലിൽ രണ്ടുതുളളി മൂത്രം ബഹിർഗമിച്ചത്‌ കുട്ടി അറിഞ്ഞില്ല.

ലിംഗത്തിനുന്മേലുളള നീറ്റലിന്റെയും വേദനയുടെയും അസഹ്യതയോടെയാണ്‌ കുട്ടി ഉറക്കം വിട്ടുണർന്നത്‌.

മുൻപിൽ മനുഷ്യരൂപികളായി ഉമ്മച്ചിയും സാബിത്താത്തയും വല്ല്യുമ്മയും.

ആകെ വിയർത്തൊലിച്ച കുട്ടിയുടെ ശരീരം നനഞ്ഞ തോർത്തുകൊണ്ട്‌ തുടക്കുകയാണ്‌ സാബിത്താത്ത.

കുട്ടിയുടെ തലയണയ്‌ക്കടുത്തിരുന്നുകൊണ്ട്‌ മുടിയിഴകളിലൂടെ വിരലോടിക്കുകയും എന്തോ മന്ത്രം ജപിച്ച്‌ തലയിൽ ഊതുകയും ചെയ്യുന്നു വല്ല്യുമ്മ.

കൂടാരത്തിനുളളിൽ ഇറ്റുവീണ മൂത്രത്തുളളികൾ തുടച്ചെടുത്ത തുണിയുടെ മറുഭാഗം കൊണ്ട്‌ ലിംഗാഗ്രത്തിലുളള തുന്നലിന്മേൽ പൊടിഞ്ഞ രക്തകണങ്ങൾ ഉമ്മച്ചി ഒപ്പിയെടുക്കുന്നത്‌ കുട്ടി കണ്ടില്ല.

Generated from archived content: story2_may27.html Author: t_haroonrasheed

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here