സ്വാമിയേ ശരണമയ്യപ്പാ.
കലിയുഗവരദാ, ശരണമയ്യപ്പാ
ശരണം വിളികൾ ചെവികളിൽ അലയടിക്കുന്നു. കുമാർ അയ്യപ്പനാമം ഭക്തിയോടെ മനസ്സിൽ ഉരുവിട്ടുകൊണ്ട് ആകാശത്തേയ്‌ക്കു നോക്കി ഡോളിയിൽ ഇരിയ്‌ക്കുകയായിരുന്നു.
മനസിൽ മറ്റൊരു ചിന്തയ്‌ക്കും സ്ഥാനമില്ലാത്ത അപൂർവനിമിഷങ്ങൾ. സർവത്ര അയ്യപ്പമയം. വലുപ്പചെറുപ്പഭേദമന്യേ എല്ലാവരും നടന്നു നീങ്ങുന്നു. ഇതാണ് ഭഗവാന്റെ മായാവിലാസം. എത്രയോ തവണ ഈ മഹാസന്നിധാനത്തിൽ വന്നിരിക്കുന്നു. എന്നിട്ടും അടുത്ത വർഷം നട തുറക്കുമ്പോൾ വീണ്ടും ഇങ്ങോട്ട് പറന്നെത്താൻ മോഹം. ഭഗവദ്‌ദർശനത്തിൽ സായൂജ്യമടയാൻ മനസ്സു മന്ത്രിക്കുന്നു.
കുമാറിനെ ചിന്തയിൽ നിന്നുണർത്തിയത് ‘ഹലോ ഹലോ’ ഉച്ചത്തിലുളള ശബ്ദമാണ്. ശരണം വിളികൾക്കിടയിലൂടെ തനിക്കടുത്തു നിന്ന് ഇത്തരം ഒരു വിളി എവിടെനിന്നാണ് വരുന്നതെന്നറിയാൻ കുമാർ ചെവി കൂർപ്പിച്ചു. ഇവിടെ ഈ ശബരിമലയിൽ ആരാണ് മൊബൈൽഫോണിൽ സംസാരിക്കുന്നത്? ഒരെത്തും പിടിയും കിട്ടിയില്ല. അപ്പോൾ തന്നെ അനുഗമിക്കുന്ന അച്യുതനോടു ചോദിച്ചു.
അച്ചുതാ, ആരാ ഈ മൊബൈൽ ഫോണിലൂടെ സംസാരിക്കുന്നത്?
സാർ, ഡോളി ചുമക്കുന്ന സദാനന്ദനാണ്,
അപ്പോൾ സദാനന്ദന്റെ ശബ്ദം വീണ്ടും മുഴങ്ങി.
ഹലോ ഞാൻ തിരക്കിലാണ്. ഡോളി ചുമലിലുണ്ട്. ഞാൻ പിന്നെ വിളിക്കാം.
കുമാറിന് ചിരി അടക്കാൻ കഴിഞ്ഞില്ല. ഡോളി ചുമന്നു നടക്കുമ്പോഴും മൊബൈൽ ഫോണുമായിട്ടാണ് യാത്ര. കാലം പോയ പോക്ക്. ഇപ്പോൾ എല്ലാം മൊബൈൽ മയം തന്നെ. അടുത്തുകൂടി നടന്നുപോയ ഒരു ഭക്തൻ ആരോടെന്നില്ലാതെ പറയുന്നു.
ഇങ്ങിനെ ആയാൽ മൊബൈലില്ലാതെ ആർക്കും ജീവിക്കാൻ പറ്റുകയില്ല.
അയ്യപ്പൻ തന്നെ ഇവരെയെല്ലാം രക്ഷിക്കട്ടെ.
സദാനന്ദൻ ഞാനൊന്നുമറിഞ്ഞില്ലേ, രാമനാരായണാ, എന്ന മട്ടിൽ മറ്റുളളവർക്കൊപ്പം ഡോളിയുമേന്തി യാത്ര തുടർന്നു.
Generated from archived content: story1_dec28_06.html Author: t_dhamu