അപ്രീയ സത്യങ്ങള്‍ കേള്‍ക്കാന്‍ സോളമന് ഇഷ്ടമല്ല .. അപ്പോള്‍ അവന്‍ അല്ഷിമെര്ഴ്സ് ബാധിച്ചവനെ പോലെ വെറുതെ കയ്യും കാലുമിട്ടിളക്കുക , തല ചൊറിഞ്ഞ് ഇരുന്നു കൊടുക്കുക, പരസ്പര ബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പറയുന്നവനെ ബോറടിപ്പിക്കുക , താനേ അവന്റെ വായ് അടക്കുന്നത് നോക്കി ചിരിക്കുക ,എന്നീ പതിവ് കര്മ്മങ്ങളിലേക്ക് നീങ്ങും . മൂന്നാം നിലയിലുള്ള തന്റെ ഫ്ലാറ്റിന്റെ ജനല്‍ പാളികള്‍ തുറന്നു അവന്‍ പുറത്തേക്ക് നോക്കി. രാത്രിയാകാന്‍ കാത്തിരിക്കുന്ന വവ്വാലുകളെ പോലെ ദൂരെ തെരുവിലെ കോളനി സജീവമാകുകയാണ് . അന്തിച്ചമയങ്ങളില്‍ അവരുടെ കടുത്ത വര്‍ണ്ണങ്ങളിലുള്ള വസ്ത്രങ്ങള്‍ തെരുവുവിളക്ക് പോലെ തിളങ്ങി. എരുമചാണകത്തിന്റെയും വസാനാ പൌഡറിന്റെയും വാടയുമായി വന്ന കാറ്റ് അവന്റെ മൂക്കില്‍ അരിച്ചു കയറി .മറ്റുള്ളവരുടെ രാത്രികളെ പകലാക്കാന്‍ വെമ്പല്‍ കൊള്ളുന്ന അവരുടെ മനസ്സ് സോളമന്‍ വായിച്ചെടുത്തു.
നീണ്ടു മെലിഞ്ഞ ആ ബംഗാളി പെണ്ണിനെ അവനിഷ്ടമാണ്. അധികം ഒച്ചവെക്കാതെ കുണുങ്ങിയുള്ള അവളുടെ ചിരി , നീണ്ട നാസികയില്‍ വിടരുന്ന വിയര്‍പ്പു കണങ്ങള്‍ , നെറ്റിയിലേക്ക് വീണുകിടക്കുന്ന ചുരുണ്ട മുടി . അവളുടെ വിയര്‍പ്പില്‍ ഒട്ടിക്കിടന്ന ഏതോ ഒരു രാത്രിയില്‍ സോളമന്‍ അവളുടെ കാതില്‍ പേര് ചോദിച്ചു . വെറുതേ.. പേരില്‍ വലിയ കാര്യമൊന്നും ഉണ്ടായത് കൊണ്ടല്ല . റിയാറോസ് ..എന്നവള്‍ മറുപടി കൊടുത്തു . എരുമചാണകത്തിന്റെയും വാസനാപൌഡറിന്റെയും വാടയ്ക്കപ്പുറം അവളുടെ മുടിയില്‍ തിരുകിയ റോസിന്റെ മണം പടര്‍ന്നു. സോളമന്‍ മൂക്ക് വിടര്‍ത്തി അത് ആവോളം ആസ്വദിച്ചു.
തിരകളുടെ ആവേശവും തിരകളുടെ പിന്മാറ്റവും മാത്രമാണ് അവനെ സംബന്ധിച്ചടത്തോളം ജീവിതം. മനസ്സില്‍ സന്തോഷങ്ങള്‍ വരുന്നതും പോകുന്നതും തിരവേഗത്തിനും അപ്പുറമാണ് .
തന്റെ വിയര്‍പ്പ് പങ്കുപറ്റിയവരുടെ കണക്കെടുക്കാന്‍ റിയാറോസ് വെറുതേ ഒരു ശ്രമം നടത്തിനോക്കി .. കുറെ നിഴലുകള്‍ ഓടിമറയുന്നു എന്നല്ലാതെ , മുഖങ്ങള്‍ കൃത്യമായി വരച്ചെടുക്കാന്‍ അവള്‍ക്കാവുന്നില്ല . അതിനു തന്നെ തേടി വന്നവര്‍ക്ക് മുഖങ്ങള്‍ ഉണ്ടായിട്ടു വേണ്ടേ . ഉള്ളില്‍ പടര്‍ന്ന ചിരിയുടെ രസവാക്യം അവള്‍ക്കിഷ്ടപ്പെട്ടു . രാത്രിയാവാന്‍ കാത്തിരിക്കുന്ന പൊയ്ക്കോലങ്ങള്‍ ഇരുളില്‍ വെറിപൂണ്ട അവരുടെ കാമം ആടിത്തീര്‍ക്കുകയാണ് . തന്റെ വിയര്‍പ്പില്‍ ചുരുണ്ടുറങ്ങുന്ന നിഴലുകളുടെ പിന്‍ബലം പോലുമില്ലാത്ത ആ പൊയ്ക്കോലങ്ങളോട് അവള്‍ക്കു വെറുപ്പാണ് .. സഹതാപമാണ്.
കടും പിങ്ക് നിറത്തിലുള്ള ഒരു റോസാപ്പൂ റിയായ്ക്കായി സോളമന്‍ കരുതിവെച്ചു . രാത്രിയില്‍ അത് അവളുടെ മുടിയില്‍ ചൂടണം .മൂന്നാം നിലയിലെ ഫ്ലാറ്റില്‍ സോളമന് അഭിമുഖമായി റിയ നിന്നു . ഉടുവസ്ത്രങ്ങള്‍ ഉരിഞ്ഞ അവളുടെ മേനിയഴക് നോക്കി അവന്‍ ചാരുകസേരയില്‍ ഇരുന്നു .നഗ്നമായ അവളുടെ വക്ഷസ്സുകളില്‍ അവന്റെ കണ്ണുകള്‍ ഉടക്കി നിന്നു.
നൂറുമേനി വിളയുന്ന പുഞ്ചപ്പാടങ്ങളില്‍ ഓരുവെള്ളം കയറി ചതുപ്പാകുന്നതിനെകുറിച്ച് റിയ പറഞ്ഞപ്പോള്‍ സോളമന്‍ നീനാറാണിയെ കുറിച്ചോര്‍ത്തു . അവള്‍ക്കു മുമ്പേ വിളഞ്ഞു നിന്ന കാമാക്ഷിയെ കുറിച്ചോര്‍ത്തു. നഞ്ചു കയറിയ പാഴ് നിലങ്ങളെ കുറിച്ചോര്‍ത്തു . മുളയ്ക്കാതെ പോയ പരശ്ശതം വിത്തുകളെ കുറിച്ചോര്‍ത്തു. റിയ ചാരുകസേരയ്ക്കു മുന്നില്‍ കുനിഞ്ഞിരുന്നു. മൂന്നാം നിലയിലുള്ള ഈ ഫ്ലാറ്റില്‍ തന്നെ കുടിയിരുത്തുമോ ? വിറയാര്‍ന്ന ആ ചുണ്ടുകള്‍ അവനോട് അതു പറഞ്ഞിരിക്കണം . മറ്റാരെക്കാളും അവള്‍ സോളമനെ ഇഷ്ടപ്പെട്ടിരുന്നു.
സോളമന്‍ തന്റെ കയ്യിലിരുന്ന റോസാപ്പൂ അവളുടെ അഴിഞ്ഞിട്ട മുടിയില്‍ തിരുകി .. അവളുടെ കാതില്‍ പറഞ്ഞു.. ചതുപ്പ് നിലമാകാതെ നോക്കുക , ഓരുവെള്ളം തടയണയിട്ട് തടഞ്ഞു നിര്‍ത്തുക .അവള്‍ അവന്റെ നെഞ്ചിലെക്കമര്‍ന്നു . ജനല്‍കമ്പികള്‍ക്കിടയിലൂടെ സോളമന്‍ ആകാശത്തേക്ക് നോക്കി , സമസ്യാപൂരണത്തിനായി അഗാധതയിലേക്ക് അവന്‍ കണ്ണ് നട്ടു .ചതുപ്പുകള്‍ ഇല്ലാത്ത ഭൂമിയെ അവന്‍ ആഗ്രഹിച്ചു . റിയയുടെ അതിചാലകതയെ വിശേഷിപ്പിക്കാന്‍ പുതിയ ക്വാണ്ടത്തിനായി അവന്റെ മനസ്സ് പറന്നു. അവളുടെ അരക്കെട്ടില്‍ ,കറുത്ത ചരടില്‍ തൂങ്ങിയ ഏലസ്സിലെ രക്ഷാകുടുക്കുകളെ അവന്‍ അഴിച്ചെടുത്തു. ഇഴയുന്ന മനസ്സ് പ്രകാശ വേഗത്തെ മറികടന്നു. പുതിയ പകലുകളും പുതിയ രാത്രികളും ഉണ്ടായി .
Generated from archived content: story2_mar20_12.html Author: t_c_v_satheesan