ദിനവൃത്താന്തം

യശോദാമ്മ വിളിച്ചു ചോദിച്ചു .. ഉണ്ണി ,നിയവിടെ എന്തെടുക്കുവാ ?വികൃതി കാട്ടല്ലേ കുട്ടാ , അടങ്ങിയിരുന്നു കളിക്കണം .. ?

ചിറകുകളില്‍ ‍ വര്‍‍ണ്ണ കുത്തുകളുള്ള പൂമ്പാറ്റയെ പിടിച്ചു കൈവെള്ളയിലിട്ടു ഞെരിക്കുകയാണ് ഉണ്ണി. കെട്ടുപാടുകളില്ലാതെ പൂന്തോട്ടത്തില്‍ പറന്നു കളിക്കുന്ന പൂമ്പാറ്റകളോട് അവന് അരിശമാണ് . കെട്ടിയിടപ്പെട്ട ബാല്യത്തോടുള്ള വെറുപ്പ്‌ അവന്‍ അങ്ങിനെ തീര്‍ക്കുകയാണ്.

മോനേ .. ഹോം വര്‍ക്കെല്ലാം തീര്‍ത്തോ നീയ് , വാസുദേവന്‍‌ ചോദിച്ചു. അവന്‍ തലയാട്ടി . ക്ലാസ്സില്‍ ‍ എല്ലാ വിഷയങ്ങളിലും ഒന്നാമാനാകണം . ഇന്ന് എട്ടാമത്തെ തവണയാണ് അച്ഛന്‍ ‍ ഇത് ഓര്‍മ്മപ്പെടുത്തുന്നത്‌. കണക്കു കൂട്ടലുകളുടെ ലോകത്ത് നിന്നും ഒരു ദിവസത്തെ അവധിയെങ്കിലും കൊടുത്തൂടെ ന്റെ ദൈവമേ ഇവര്‍ക്ക് ?, കുറച്ചു കാലമായി അവന്റെ ചോദ്യങ്ങളെല്ലാം ദൈവത്തിനോടാണ്‌ . ദൈവത്തെ അവനിഷ്ടമാണ് , എന്തും ചോദിക്കാന്‍ പറ്റുന്ന ഒരേ ഒരാള്‍ ദൈവമാണ് .. ഒന്നിനും കൃത്യമായ ഒരു ഉത്തരം നല്‍കാത്തതില്‍ ‍ ചെറിയ ദ്വേഷ്യം അവന് ദൈവത്തോടുണ്ട്.

ക്ളാസു മുറിയില്‍ ‍ , ഷേക്സ്പീരിയന്‍ ലാംഗ്വേജില്‍ ‍ അംഗ വിക്ഷേപങ്ങളോടെ ട്രീസ ടീച്ചര്‍ ‍ ചോദ്യങ്ങള്‍ എറിയുകയാണ് . പൊയറ്റിക്കല്‍ ‍ വേര്‍‍ഷനിലുള്ള അവരുടെ ആക്സന്റ് അവനു ഇഷ്ടമാണ്. മുറിയുടെ ചുവരുകളില്‍ ‍ കറങ്ങി ചോദ്യം അവനു നേരെ വന്നു.

ഉണ്ണി എഴുന്നേറ്റു . ഉത്തരമല്ല മറുചോദ്യമാണ് അവന്റെ മനസ്സില്‍ ‍ഉയര്‍‍ന്നത് . ഒന്നും മിണ്ടാതിരുന്ന അവനോട് ആ കിളിനാദം അല്‍പം സ്വരമുയര്‍ത്തി പറഞ്ഞു . ഉണ്ണി … കേട്ടില്ലേ ? യാതൊരു അനുസരണശീലവുമില്ലാതെ വെട്ടുപോത്തു പോലെ താനെന്താ ഇങ്ങിനെ തുറിച്ചു നോക്കുന്നേ ? അവന്‍ പൂമ്പാറ്റയെ കുറിച്ച് ആലോചിക്കുകയായിരുന്നു. ട്രീസ ടീച്ചര്‍ പൂമ്പാറ്റയായി മാറുന്നു. കടുത്ത വര്‍ണ്ണത്തില്‍ വലിയ പൂക്കളുള്ള ഷിഫോണ്‍ സാരി വര്‍ണ്ണ കുത്തുകളുള്ള ചിറകുകളായി മാറുന്നു . ക്ലാസുമുറിയില്‍ പറന്നു നടക്കുന്ന ആ പൂമ്പാറ്റയോട് അവനു കുറുമ്പ് തോന്നി. ട്രീസയുടെ കയ്യില്‍ നിന്നുമുയര്‍ന്ന ചോക്ക് കഷണം മുകളില്‍ പറന്നു അവന്റെ ഉച്ചിയില്‍ ചെന്നു പതിച്ചു. .

വാക്കുകളേക്കാള്‍ തന്റെ വടിവൊത്ത ശരീരം ചലിപ്പിച്ചുകൊണ്ട് ട്രീസ ടീച്ചര്‍ തുടര്‍ന്നു .. One of Einstein’s great insights was to realize that matter and energy are really different forms of the same thing. Matter can be turned into energy, and energy into matter.

ട്രീസ ഊര്‍ജ്ജമായി .. ആ കണ്ണുകളില്‍ അവന്റെ കണ്ണുകള്‍ തറച്ചു നിന്നു . അവന്‍ പൂമ്പാറ്റയില്‍ നിന്നും ടീച്ചറിലേക്ക് വന്നു . മടക്കി പിടിച്ച വിരലുകള്‍ കൈപ്പടത്തില്‍ നിന്നും അയഞ്ഞു . വശ്യമായ അവളുടെ ചുണ്ടുകളെ നോക്കി അവനിരുന്നു. അതില്‍ നിന്നുമുതിരുന്ന വാക്കുകള്‍ക്കായി .. matter can be turned into energy , and energy into matter .. അവന്‍ ഐന്‍സ്റ്റീന് നന്ദി പറഞ്ഞു ..

ഉണ്ണിക്ക് പൂമ്പാറ്റകളോടുള്ള വെറുപ്പ്‌ ഇല്ലാതായി . പൂമ്പാറ്റകളെയും ട്രീസ ടീച്ചറെയും അവന്‍ ഇഷ്ടപ്പെട്ടു . അവന്റെ മനസ്സില്‍ കടുത്ത വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ വിരിഞ്ഞു. ട്രീസ പൂമ്പാറ്റയായി . പരാദ സസ്യം പോലെ അവന്‍ ട്രീസയില്‍ ഒട്ടിനിന്നു . അവള്‍ക്കു വേണ്ടി ഇളം പിങ്ക് നിറത്തിലുള്ള പൂക്കളായി . ചുറ്റുമുള്ള ചെറു മന്ദാരങ്ങള്‍ കാറ്റിലുലഞ്ഞു . അവള്‍ ചിത്ര വര്‍ണ്ണ ചിറകുകളുള്ള പൂമ്പാറ്റയായി .. മധു നുകര്‍ന്നു . കിളിര്‍ത്തു വരുന്ന മീശ രോമങ്ങള്‍ അവനില്‍ സ്വപ്നങ്ങളെ ഉണ്ടാക്കി. വാസുദേവനും യശോദാമ്മയും ആകുലരായി. കണക്കു കൂട്ടലുകള്‍ തെറ്റുകയാണോ ..? പറന്നകലുന്ന കിളി അവരില്‍ ആശങ്ക ഉണ്ടാക്കി.

യദുവിനു ഡൌട്ട് ക്ലിയര്‍ ചെയ്തു കൊടുക്കുമ്പോള്‍ ഉണ്ണി ട്രീസയെ കുറിച്ച് ആലോചിച്ചു . ഭൂമിയുടെ ഏതെങ്കിലും ഒരു കോണില്‍ അവള്‍ ഉണ്ടാകും . തന്നെ കുറിച്ച് ഓര്‍ക്കുന്നുണ്ടാകുമോ ആവോ ?

തിയറം എക്സ്പ്ലെയിന്‍ ചെയ്തു കൊടുക്കുമ്പോള്‍ അവന്‍ വികാരാധിനനായി .മാറ്ററും എനര്‍ജിയും മാറി മാറി അവന്റെ മനസ്സിലേക്ക് വന്നു . a tiny mass indeed. But in everyday quantities of matter there are a lot of atoms … അച്ഛന്റെ ആകുലതകള്‍ക്കു മുന്നില്‍ യദു കൃഷ്ണന്‍ പകച്ചു നിന്നു .. അവന്‍ തിയറം ആവര്‍ത്തിച്ചു പറഞ്ഞു “… ചെറു വള്ളികളായി അവളുടെ ശരീരം ആസകലം പടരണം . അവള്‍ക്കിഷ്ടപ്പെട്ട ഗന്ധം പൊഴിച്ച് ഇഷ്ടമുള്ള പൂവായി തീരണം .ഏഴു ഭാവങ്ങളില്‍ , ഏഴു വര്‍ണ്ണങ്ങളില്‍ അവന്‍ ട്രീസയെ വരച്ചെടുത്തു അവന്റെ ആകാശത്ത്‌ അവള്‍ സപ്ത വര്‍ണ്ണങ്ങളിലുള്ള മാരിവില്ലായി .. അച്ഛന്റെ മുഖത്തെ രൂപമാറ്റങ്ങള്‍ യദുവില്‍ കൌതുകമുണര്ത്തി . തിയറം അവന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു ഉരുവിട്ടു. അത് ഉണ്ണിയില്‍ ചെറിയ അസ്വസ്തത ഉണ്ടാക്കി. ഇനി നമുക്ക് ന്യുട്ടന്റെ ഗ്രാവിറ്റേഷന്‍ തിയറിയിലേക്ക് പോകാം .. രക്ഷപ്പെടുവാനായി ഉണ്ണി പറഞ്ഞു .

Newton’s law of universal gravitation states that every point mass in the universe attracts every other point mass with a force that is directly proportional to the product of their masses and inversely proportional to the square of the distance between them.

ട്രീസ ഗ്രാവിറ്റെഷനല്‍ കോണ്‍സ്റ്റന്റായി നിറഞ്ഞു നില്‍ക്കുന്നു .. എല്ലാം ട്രീസയില്‍ ചെന്ന് പതിക്കുന്നു . അവളുടെ ആകര്‍ഷണ വലയത്തില്‍ നിന്നും പുറത്തു പോകാനാവാതെ അവന്‍ കറങ്ങി കൊണ്ടേയിരുന്നു .

Generated from archived content: story2_mar12_12.html Author: t_c_v_satheesan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English