എല്ലാം കീഴ്മേല്‍ മറിയുകയാണ്

അപ്പോള്‍ അയാളുടെ ചിന്തകളെ അലട്ടിയിരുന്നത് വലിയ ഒരു ദുരന്തത്തെ ഒഴിവാക്കലായിരുന്നു , നഗരം കത്തിയെരിയുകയാണ് , ആളുകകള്‍ ഷോക്കേറ്റു പിടയുന്നു , കരിഞ്ഞ മാംസത്തിന്‍റെ മണം മൂക്കില്‍ അടിച്ചു കയറി . രണ്ടു കൈകളും ചുമലും താങ്ങാക്കി അയാള്‍ ഇലക്ട്രിക് പോസ്റ്റിനെ വീഴാതെ നോക്കി.

ആളുകള്‍ ചുറ്റും കൂടി, ദൈന്യതയാര്‍ന്ന അയാളുടെ കണ്ണുകള്‍ അവരുടെ അമ്പരപ്പിനെ മാറ്റിയില്ല . നാലുഭാഗത്തേക്കും ഒരുപാട് കേബിളുകള്‍ വഴിപിരിയുന്ന ഇലക്ട്രിക് പോസ്റ്റ് ഒരു വശത്തേക്ക് ചെരിയുകയാണ് , ഇതെങ്ങാനും പൊട്ടി വീണാല്‍ ഉണ്ടാകുന്ന സ്ഥിതി. ആലോചിക്കാനേ വയ്യ , എന്നിട്ടും ഇവറ്റകള്‍ ചുറ്റും കൂടി നിന്നു കഴുതകളെ പോലെ ചിരിക്കുകയാണല്ലോ ? ഇതുങ്ങള്‍ക്ക് എന്ത് പറ്റി , അയാള്‍ പിറുപിറുത്തു.

രാഘവാ , കുമാരാ ഒന്ന് താങ്ങെടോ ? ആരെങ്കിലും കറണ്ടാപ്പീസില്‍ വിളിച്ചു പറയൂ , എല്ലാം കത്തിചാമ്പലാകുന്നതിനു മുമ്പ് ഫ്യൂസ് ഒന്നൂരിയിടാന്‍ പറ . കൈ വേദനിക്കുന്നു , ചുമല് വേദനിക്കുന്നു , ആര്‍ക്കും ഒരു കുലുക്കവുമില്ലല്ലോ ? ഇതിനു മുടിഞ്ഞ ഭാരമാ .. ഉടുമുണ്ടഴിച്ച് അയാള്‍ ചുമലില്‍ തെരിക കൂട്ടി , വേദന അല്‍പ്പം കുറയുമല്ലോ.

മഴ ചാറി , കൂടി നിന്നവര്‍ കൂട്ടം പിരിഞ്ഞു .. കാറ്റ് വന്നു , തലയ്ക്കകത്ത് വെളിവ് വന്നു , ശക്തമായി പെയ്ത മഴയില്‍ ലഹരി തോര്‍ന്നിറങ്ങി . കണ്മുന്നില്‍ കണ്ണീരൊലിപ്പിച്ചു നില്‍ക്കുന്ന മകളുടെ പകല്‍ചിത്രം തെളിഞ്ഞൂ , അച്ഛാ .. വാ , നമുക്ക് വീട്ടിലേക്കു പോകാം . ഉടുമുണ്ടിനായി തളം കെട്ടി നില്‍ക്കുന്ന ചെളിക്കൂനയില്‍ അയാളുടെ വിരലുകള്‍ അമര്‍ന്നു .. മദ്യം അവശേഷിപ്പിച്ച കണ്ണീര് ചെളിവെള്ളത്തില്‍ കലര്‍ന്നില്ലാതായി. മകളുടെ വിരല്‍ത്തുമ്പ് പിടിച്ചു അയാള്‍ എഴുന്നേല്‍ക്കാന്‍ ഒരു വിഫല ശ്രമം നടത്തി. ഇല്ല , മനസ്സ് പോകുന്ന ദൂരത്തെ താണ്ടാന്‍ ശരീരത്തിനാവുന്നില്ല.

ബാറിലെ വാച്ച്‌മാന്‍ സഹായിച്ചു . ദൈവപുത്രന്‍റെ ചുമലില്‍ താങ്ങി അയാള്‍ വേച്ചുവേച്ച്‌ നടന്നു. മദ്യം നിറഞ്ഞ കുപ്പികള്‍ മാടി വിളിച്ചു. അവ മാലാഖമാരെ പോലെ ചുറ്റും നൃത്തമാടുന്നതായി തോന്നി. ആനന്ദ ലഹരിയിലേക്കുള്ള ആ ക്ഷണം കേള്‍ക്കാതിരിക്കാന്‍ അയാള്‍ക്കായില്ല . അകതാരിലെ സന്തോഷം ഗ്ലാസ്സില്‍ നുരഞ്ഞു പൊന്തി.

ഭൂമി ഉരുളുകയാണ്. മനസ്സ് കീഴ്മേല്‍ മറിയുകയാണ്, ലോകം ഇല്ലാതാവുന്നു. കണ്ണുകളില്‍ ഇരുട്ട് പടര്‍ന്നു . ദുരന്തങ്ങള്‍ക്കായി കാതോര്‍ത്ത് , കണ്ണെറിഞ്ഞു കാത്തിരുന്നു നഗരം . അയാള്‍ക്ക് ഒഴിഞ്ഞു നില്‍ക്കാനായില്ല.

ചിരിയും കരച്ചിലും . സമാന്തരമായൊഴുകുന്ന രണ്ടു സമസ്യകള്‍ . താഴോട്ടു വലിക്കുന്ന കാന്തിക ശക്തിയില്‍നിന്നും രക്ഷ നേടാന്‍, അയാള്‍ കൈകാലിട്ടടിച്ചു , ആയാസപ്പെട്ട്‌ പൊങ്ങുകയും അതിനേക്കാള്‍ വേഗത്തില്‍ മുങ്ങുകയും ചെയ്യുന്ന ഒരു നൈരന്തര്യത്തില്‍ അയാള്‍ അടുത്ത പെഗ്ഗും കാലിയാക്കി.

മകള്‍ കെട്ടുപാടായി , വലിയ വലിയ കാര്യങ്ങള്‍ അയാളുടെ ചെറുതലയില്‍ ചൂട്ടു തെളിച്ചു . വലിയ ചിന്തകള്‍ക്കിടം കൊടുക്കാതെ തലച്ചോറിനെ തരിശായി ഇടണമെന്ന് ആരാണ് പറഞ്ഞത് , ഓര്‍ത്തെടുക്കാന്‍ അയാള്‍ പാടുപെട്ടു.

ഒഴിഞ്ഞ ഗ്ലാസുകള്‍ക്ക് മുന്നില്‍ മുഖം പൂഴ്ത്തി , ലോകം കീഴ്മേല്‍ മറിയുകയാണ് .. എന്തു ചെയ്യണമെന്നറിയാതെ ഇടക്കിടയ്ക്ക് കഴുത്തുയര്‍ത്തി അയാള്‍ കരയുകയും ചിരിക്കുകയും ചെയ്തു .

Generated from archived content: story1_oct23_13.html Author: t_c_v_satheesan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English